Dec 20, 2009

കോടാങ്കി വിഷന്‍ - കോക്കസ് വാര്‍ത്താ വിശകലന പരിപാടി


നമസ്കാരം, ഞാന്‍ മാടപ്രാവ്,  ഇന്നത്തെ കോടാങ്കിവിഷന്‍   ന്യൂസ്‌ കോക്കസിലേക്ക്  സ്വാഗതം.
"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു... കാക്ക കൊത്തി കടലിലിട്ടു."  
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന  രാഷ്ട്രീയാന്തരീക്ഷത്തെ പിടിച്ചുകുലുക്കിയ  നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക പിടിയിലായതുമായി  ബന്ധപ്പെട്ട വാര്‍ത്തയാണ് ഇന്ന് കോക്കസ് വിശകലനം ചെയ്യുന്നത്.   ഈ ചര്‍ച്ചയില്‍ നമ്മോടൊപ്പം കണ്ണൂര്‍  സ്റ്റുഡിയോയില്‍ ഭരണ കക്ഷിയുടെ ഉജ്ജ്വല നേതാവ്  ശ്രീ ഉപ്പന്‍, കൊച്ചി സ്റ്റുഡിയോയില്‍ പ്രതിപക്ഷത്തിന്റെ പ്രമുഖ  നേതാവ് ശ്രീ  പൂവന്‍ കോഴി, കോഴിക്കോട്  സ്റ്റുഡിയോയില്‍ ഭാരതീയ പക്ഷിജന പാര്‍ട്ടി നേതാവ് ശ്രീ  ചെമ്പരുന്ത്  എന്നിവര്‍ പങ്കെടുക്കുന്നു.   ശ്രീ കുയിലിനെ ഞങ്ങള്‍ ലൈനില്‍ പ്രതീക്ഷിക്കുന്നു.   പ്രേക്ഷകര്‍ക്കും  ഈ തല്‍സമയ ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണ്.  (സിംബലോട് കൂടിയ  ഉഗ്രതാളം)

 നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക,  ആഫ്രിക്കന്‍  വനാന്തരങ്ങളില്‍വച്ചു സൈന്യത്തിന്റെ പിടിയിലായി. ..... കോടാങ്കി   ന്യൂസ്‌ എഫ്ഫക്റ്റ്‌.!!!! (കത്തിപ്പടരുന്ന തീയുടെ ശബ്ദം ബാക്ക്ഗ്രൗണ്ടില്‍)


ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെ നടുവില്‍ ഒളിച്ചു ആഫ്രിക്കന്‍ വനങ്ങളിലേക്ക് നുഴഞ്ഞു കയറുന്നതിനിടയിലാണ് കാക്ക പിടിയിലായത്. ...... കഴിഞ്ഞ ദിവസം കോടാങ്കിവിഷനില്‍  വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കാക്കയെ അറസ്റ്റു ചെയ്തത്. സൈന്യം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നെയ്യപ്പം കേസിലെ പ്രധാന പ്രതിയാണ് താനെന്നു കാക്ക സൈന്യത്തോട് വെളിപ്പെടുത്തിയത്.  തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കാക്ക വിവിധ പ്രദേശങ്ങളില്‍ നടന്ന പല കേസുകളിലെയും  പ്രധാന പ്രതിയാണെന്ന് മനസ്സിലായി. ഇപ്പോള്‍ കാക്കയെ സംസ്ഥാനപോലീസിന് കൈമാറിയിരിക്കുകയാണ്.  നമുക്ക് കിട്ടിയിരിക്കുന്ന വിവരം അനുസരിച്ച് പത്തു ദിവസം മുന്‍പാണ്‌ കാക്ക സൈന്യത്തിന്റെ പിടിയിലായത്.  മൂന്നു ദിവസത്തെ സൈനിക ചോദ്യംചെയ്യലിന് ശേഷം കാക്ക പ്രതിയായിട്ടുള്ള നെയ്യപ്പം കേസിന്റെ അന്വേഷണത്തിന് വേണ്ടി കാക്കയെ സംസ്ഥാന പോലീസ് കസ്റ്റഡിയില്‍   വാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് കാക്കയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്   പോലീസിന് കാക്കയില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. കാക്ക ഉള്പെട്ടിട്ടുള്ള കേസുകളില്‍ കേവലം ഒന്നു  മാത്രമാണ് നെയ്യപ്പം കടലിലെറിഞ്ഞ സംഭവം എന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിന്റെ ത്രീവ്രത കണക്കിലെടുത്ത് പ്രതിയെ ചോദ്യം ചെയ്യുന്ന പോലീസുകാര്‍പോലും കാണാതിരിക്കാന്‍  വേണ്ടി പ്രതിയുടെ മുഖം പ്ലാസ്റ്റിക്‌ ചാക്കിട്ടു മൂടിയാണ് ചോദ്യം ചെയ്യുന്നത്. അത്രയ്ക്ക് ഭീകരമാണ് പ്രതിയുടെ മുഖം എന്നാണു മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിനു പുറത്തു നിന്നു  നമ്മുടെ റിപ്പോര്‍ട്ടര്‍ മൈന കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.

മാടപ്രാവ്: മൈനാ... കേള്‍ക്കാമോ.  ഇപ്പോള്‍ അവിടെ എന്താണ് നടക്കുന്നത്. എന്തൊക്കെ വിവരങ്ങളാണ് നല്കാന്‍ കഴിയുക..

മൈന:  ക്ളാ ക്ളാ ക്ളീ ക്ളീ ...  മാടാ... ഇപ്പോള്‍ ഞാന്‍ നില്ക്കുന്നത് പോലീസ് കാക്കയെ ചോദ്യം ചെയ്യുന്ന രഹസ്യകേന്ദ്രത്തിനു തൊട്ടുമുന്‍പിലാണ്. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. തിരിച്ചറിയല്‍ പരേഡും മറ്റും നടക്കാനുള്ളതുകൊണ്ട് മാധ്യമങ്ങള്‍ യാതൊരു കാരണവശാലും പ്രതിയുടെ ഫോട്ടോ പുറത്തു വിടരുതെന്നാണ് കേസന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യുന്ന പോലീസുകാര്‍ പോലും കാണാതിരിക്കാന്‍ വേണ്ടി പ്രതിയുടെ മുഖം പ്ലാസ്റ്റിക്‌ ചാക്കിട്ടു മൂടിയിയാണ് ചോദ്യം ചെയ്യുന്നത് എന്നാണു അറിയാന്‍ കഴിയുന്നത്‌. ചോദ്യംചെയ്യല്‍ ഇന്ന് എഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാക്ക ഉള്പെട്ടിട്ടുള്ള നിരവധി കേസുകള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്‌. ക്ളാ ക്ളാ....

മാട:  നെയ്യപ്പം കേസ് കൂടാതെ വേറെ ഏതെല്ലാം കേസുകളാണ് കാക്കെയെ പ്രതി ചേര്‍ത്തു പോലീസ് പുറത്തു വിട്ടിരിക്കുന്നത്? വിശദീകരിക്കാമോ... മൈന...

മൈന:  ക്ളാ ക്ളാ... മാടാ.. അനവധി കേസുകളെപ്പറ്റി  പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അധികവും തീവ്രവാദസ്വഭാവമുള്ളവ ആയതു കൊണ്ട് മുഴുവന്‍ വിശദവിവരങ്ങളും പുറത്തു വിട്ടിട്ടില്ല.. ക്ളീ ക്ളീ.  എങ്കിലും നമുക്ക്  കിട്ടുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്.. ക്ളാ ക്ളാ.. നെയ്യപ്പം കേസ് കൂടാതെ, കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്കു മുകളില്‍ കാഷ്ടിച്ച കേസിലും കാക്ക പ്രധാന പ്രതിയാണ്. കൂടാതെ, മലപ്പുറത്ത്‌ ഒരു കാമുകന്‍  കാത്തു സൂക്ഷിച്ച കസ്തൂരിമാമ്പഴം കൊത്തിക്കൊണ്ടു പോയ കേസിലും,  കോട്ടയത്ത്‌  ഒരു പിഞ്ചു കുട്ടിയെ  പാട്ടുപാടിത്തരാമെന്നു വ്യാമോഹിപ്പിച്ചു നെയ്യപ്പം തട്ടിയെടുത്ത കേസിലും കാക്ക പ്രതിയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്‌.

മാട:  മൈന.... എങ്ങനെയാണ് സൈന്യം കാക്കയെ അറസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയുണ്ടായോ...?
മൈന :  മാട.... ക്ളീ ക്ളീ കാക്കയുടെ പക്ഷത്തു നിന്നുണ്ടായ ഒരു പിഴവാണ് കാക്കയെ കുടുക്കിയത്.  ഇവിടെനിന്നും ആഫ്രിക്കയിലേക്ക് ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെ ഇടയില്‍ കയറിപ്പറ്റി നാടുകടക്കാനാണ് കാക്ക ശ്രമിച്ചത്. സാധാരണയായി ദേശാടനപ്പക്ഷി കരയാറില്ല എന്നാണല്ലോ.  എന്നാല്‍ കാക്ക ഉച്ചത്തില്‍ കരഞ്ഞതാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടതും കാക്കയെ പിടികൂടാന്‍ ഇടയായതും.  ക്ലൂ ക്ലൂ മാട...

മാട: വളരെ നന്ദി മൈന... ദയവുചെയ്തു ലൈനില്‍ തുടരുക.... ദേശാടനപ്പക്ഷികളൊടോപ്പം നാടു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കരഞ്ഞു പോയതാണ് കാക്കയെ സൈന്യത്തിന്റെ പിടിയിലാകാന്‍ ഇടയാക്കിയത് എന്നാണറിയുന്നത്. കാക്കയെ ഇപ്പോള്‍ പോലീസ് കസ്റ്റടിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോ കേസുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്നവിവരം.  ശ്രീ ഉപ്പന്‍ താങ്കള്‍ കാക്കയുമായി വളരെക്കാലമായി അടുപ്പത്തിലാണെന്ന് കേള്‍ക്കുന്നല്ലോ... കാക്കയുടെ തീവ്രവാദ  പ്രവര്‍ത്തനങ്ങളെപ്പറ്റി  താങ്കള്‍ക്കു നേരത്തെ അറിയില്ലായിരുന്നോ.

ഉപ്പന്‍: എനിക്ക് കാക്കയുമായി ബന്ധമുണ്ടായിരുന്നു എന്നത് വെറും തെറ്റായ ആരോപണമാണ്. കാക്കയുടെ പോക്ക് ശരിയല്ല എന്നു ആദ്യം പറഞ്ഞതുതന്നെ ഞാനല്ലേ. കാക്കയുമായി എന്റെ ബഹുമാനപ്പെട്ട സുഹൃത്ത്‌ ശ്രീ കോഴിക്കുള്ള അടുപ്പം മറച്ചുപിടിക്കാന്‍വേണ്ടി കോഴിയുടെ ആള്‍ക്കാര്‍ വെറുതെ കെട്ടിച്ചമച്ച കഥയാണ്‌ ഇതൊക്കെ.
മാട: ശ്രീ  കോഴിപ്പൂവന്‍....  ഉപ്പന്‍ പറഞ്ഞത് താങ്കള്‍ കേട്ടുകാണും....  എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്....?
കോഴി: എന്റെ മാടെ.... ഉപ്പന്റെ അവസരവാദപരമായ പ്രതികരണം മാത്രമാണിത്. ഉപ്പനും കാക്കയും തമ്മിലുള്ള ബന്ധം ഈ നാട്ടില്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. രണ്ടുപേരെയും കണ്ടാല്‍ ഏകദേശം ഒരുപോലെയല്ലേ ഇരിക്കുന്നതുതന്നെ . കോട്ടയത്ത് ഒരു പിഞ്ചു കുഞ്ഞിന്റെ കയ്യില്‍നിന്നു കാക്ക നെയ്യപ്പം തട്ടിപ്പറിച്ചപ്പോള്‍ കാക്കയെ നാട്ടുകാരില്‍ നിന്നും രക്ഷപെടുത്തിയത് ശ്രീ  ഉപ്പനാണെന്ന് ഈ നാട്ടില്‍ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. കൂടാതെ ഇപ്പോള്‍ കാക്ക ഉള്‍പ്പെട്ട നെയ്യപ്പം കടലില്‍ എറിഞ്ഞ കേസില്‍ കാക്കയെ രക്ഷിക്കാന്‍ ഉപ്പന്‍ എന്തെല്ലാം വൃത്തികെട്ട ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്...?
മാട: ശ്രീ ഉപ്പന്‍.... കേള്‍ക്കാമോ....?  എന്താണ് താങ്കളുടെ പ്രതികരണം...? ഈ ആരോപണങ്ങള്‍ക്ക്  താങ്കള്‍  എന്തു
 മറുപടി പറയുന്നു... ശ്രീ ഉപ്പന്‍ താങ്കളിലേക്ക്‌ തിരിച്ചു വരാം... ഇപ്പോള്‍ സൗദി അറേബ്യയിലെ റിയാദില്‍ നിന്നു തത്ത എന്നൊരു പ്രേക്ഷകന്‍ ലൈനിലുണ്ട്.... ശ്രീ തത്ത.... പറഞ്ഞുകൊള്ളൂ.

തത്ത:  ഹല്ലോ... ഹല്ലോ... ഉപ്പന്‍ പറയുന്നത് വളരെ തെറ്റായ കാര്യങ്ങളാണ്. കാക്കയുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് ആര്‍ക്കാണ് അറിയില്ലാത്തത്. കാക്കയുടെ തീവ്രവാദപരമായ പ്രവര്‍ത്തനങ്ങള്‍മൂലം ഇവിടെ റിയാദില്‍ കാക്കകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പത്തു വര്‍ഷമായി ഞാന്‍ ഇവിടെ ഒരു കാക്കയെപ്പോലും കണ്ടിട്ടില്ല.

മാട:  വളരെയധികം നന്ദി ശ്രീ തത്ത...  റിയാദില്‍ കാക്കകളില്ലെന്നാണ് ശ്രീ തത്ത പറയുന്നത്. ശ്രീ ഉപ്പന്‍.... കോഴിയുടെ ആരോപണങ്ങള്‍ക്ക് താങ്കള്‍ എന്തു മറുപടി പറയുന്നു.

ഉപ്പന്‍: മാടെ... ശ്രീ കോഴിയുടെ ജല്‍പ്പനങ്ങള്‍ മറുപടി അര്‍ഹിക്കുന്നേയില്ല.. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അല്ലെങ്കില്‍ ഈ നാട്ടിലെ പക്ഷികള്‍ പറയട്ടെ... കഴിഞ്ഞ വര്ഷം മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂമ്പാരത്തിന് മുകളില്‍ കോഴിയും കാക്കയും ഒന്നിച്ചു നിന്നു ചികഞ്ഞുപെറുക്കുന്നത് ഈ നാട്ടിലെ എല്ലാ പത്രങ്ങളിലും ഫോട്ടോ വന്നതല്ലേ.... തന്നെയുമല്ല... കുറച്ചുനാള്‍മുമ്പ് ഒരു വീട്ടിലെ അടുക്കളവശത്ത്‌ കോഴിയും കാക്കയും ഒന്നിച്ചു നിന്നത് എന്തിനാണ്....? ചായ   കുടിക്കാനായിരുന്നോ...?

മാട: ശ്രീ കോഴിപ്പൂവന്‍ താങ്കളെക്കുറിച്ച് വലിയ ഒരു ആരോപണം തന്നെയാണ് ശ്രീ ഉപ്പന്‍  ഉന്നയിച്ചിരിക്കുന്നത്.  എന്താണ് താങ്കള്‍ക്ക്  പറയാന്നുള്ളത്. ..?

കോഴി: ഞാന്‍ ഒരിക്കലും കാക്കയെ മാലിന്യകൂമ്പാരത്തിലേക്ക് വിളിച്ചിട്ടില്ല.  ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാക്ക അവിടെ സ്വമേധയാ  പറന്നു വന്നിരിക്കുകയാണുണ്ടായത്. മുനിസിപ്പാലിറ്റിയുടെ മാലിന്യത്തില്‍ വന്നിരിക്കരുതെന്നു കാക്കയോടു ഞാന്‍ എന്തിനു പറയണം.  കാക്ക എന്തു ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. പക്ഷെ... ഈയിടക്ക് കാക്കയും ശ്രീ ഉപ്പനും ഒരേ വേലിയില്‍ ഒന്നിച്ചിരിക്കുന്നത് എല്ലാവരും കണ്ടതല്ലേ. ആജന്മ സുഹൃത്തുക്കളെപ്പോലെ രണ്ടുപേരും കൊക്കുരിമ്മിയിരിക്കുന്ന ഫോട്ടോ എല്ലാവരും പത്രങ്ങളില്‍ കണ്ടതല്ലേ.
മാട:  ഞാന്‍ താങ്കളിലേക്ക്‌ തിരിച്ചുവരാം....  ഇപ്പോള്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഒട്ടകപ്പക്ഷി ലൈനില്‍ ഉണ്ട്.... ശ്രീ ഒട്ടകപ്പക്ഷി പറഞ്ഞുകൊള്ളൂ...
ഒട്ട:  ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി എന്താ ഞാന്‍ പറയുക.   ഇവിടെ ഇത്രയേറെ വൃത്തികേടുകള്‍ കാണിച്ച ഒരു പക്ഷി ഞങ്ങളുടെ നാട്ടിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു.  അല്ലെങ്കില്‍ തന്നെ ശ്രീ ഉപ്പനും ശ്രീ കോഴിയും പറയുന്നത് എന്താണ്. രണ്ടുപേരും  പരസ്പരം ചെളിവാരിയെരിയുകയല്ലാതെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്നോ അതിന്റെ പ്രതിവിധി എന്താണെന്നോ അന്വേഷിക്കുകയല്ലല്ലോ ചെയ്യുന്നത്.
മാട:  ശ്രീ ഉപ്പന്‍ ഈ ആരോപണത്തെ താങ്കള്‍ എങ്ങനെ നേരിടുന്നു....
ഉപ്പന്‍: ഞാനും കാക്കയും ഒരിക്കലും കൊക്കുരുമ്മി ഇരുന്നിട്ടില്ല.  പിന്നെ ആ ഫോട്ടോയുടെ സത്യാവസ്ഥ ഇതാണ്. വേലിയില്‍ ഞാന്‍ ഇരുന്നതിന്റെ വളരെ അകലെയാണു കാക്ക ഇരുന്നിട്ടുള്ളത്. പക്ഷെ ഒരു വശത്ത്‌ നിന്നു ഫോട്ടോ എടുക്കുമ്പോള്‍ രണ്ടുപേരും കൊക്കുരുമ്മി ഇരിക്കുന്നതായിട്ടേ തോന്നുകയുള്ളൂ... ഇതു തെറ്റായ തരത്തില്‍ പ്രസിദ്ധീകരിച്ചു എനിക്ക് പക്ഷികള്‍ക്കിടയിലുള്ള ഇമേജ് തകര്‍ക്കാന്‍ വേണ്ടി ശ്രീ കോഴിയുടെ പിന്തുണയോടെ  ചില മാധ്യമ സിണ്ടിക്കേറ്റുകള്‍ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്.  ഇതിനെ ഇവിടുത്തെ സാധാരണക്കാരായ പക്ഷികള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
മാട: ഇപ്പോള്‍ ശ്രീ കുയില്‍ ലൈനില്‍ ഉണ്ട്.... അദ്ദേഹം യാത്രയിലാണ്  ശ്രീ കുയില്‍... കാക്ക ചോദ്യം ചെയ്യലില്‍ താങ്കളുടെ പേര് പറഞ്ഞുവെന്നാണല്ലോ  കേള്‍ക്കുന്നത്.   താങ്കളും കാക്കയും തമ്മില്‍ പണ്ട് മുതലേ ബന്ധമുണ്ട് എന്നാണല്ലോ പറയപ്പെടുന്നത്‌. താങ്കളുടെ ആളുകള്‍ കാക്കയുടെ കൂട്ടിലാണ് മുട്ടയിടുന്നതെന്ന് കേള്‍ക്കുന്നു. ഇതിലെന്തെങ്കിലും യാഥാര്ത്യമുണ്ടോ...? 


കുയില്‍:   ഞാന്‍ ഇപ്പോള്‍ പറന്നുകൊണ്ടിരിക്കുകയാണ്.  എങ്കിലും വളരെ പെട്ടെന്ന് പറയാം... എന്നെയും എന്റെ ആളുകളെയും നശിപ്പിക്കാന്‍വേണ്ടി ചിലര്‍ നടത്തുന്ന ആസൂത്രിതശ്രമങ്ങളാണ് ഈ ആരോപണങ്ങള്‍ എല്ലാം.... കാക്കയുടെ കൂട്ടില്‍ മുട്ടയിടണമെന്നു കുറെ കാലമായി കാക്ക എന്നെ നിര്‍ബന്ധിക്കുന്നു. കാക്കയുടെ പ്രവര്‍ത്തികള്‍ എന്റെ മനസ്സാക്ഷിക്കു അംഗീകരിക്കാന്‍ പറ്റാത്തവയായതുകൊണ്ട് ഞാന്‍ ഒരിക്കലും കാക്കയുടെ കൂട്ടില്‍ മുട്ടയിടുവാന്‍ സമ്മതിച്ചിട്ടില്ല. അതിന്റെ പ്രതികാരമായിട്ടാണ് കാക്ക ഇപ്പോള്‍ തന്റെ പ്രവര്‍ത്തികള്‍ക്ക് ഞാന്‍ കൂട്ടുനിന്നു എന്നു പോലീസിനോട് മൊഴി കൊടുത്തിരിക്കുന്നത്‌.   ഇതിനൊന്നും എന്റെ മനോവീര്യത്തെ തകര്‍ക്കാന്‍ സാധിക്കില്ല.. ഞാന്‍ ഇന്നും എന്നും നാട്ടുകാര്‍ക്കുവേണ്ടി  നല്ല പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും.... ഇപ്പോള്‍ ഇവി....
 മാട: ശ്രീ കുയിലുമായുള്ള ടെലിഫോണ്‍ ബന്ധം തടസ്സപ്പെട്ടിരിക്കുന്നു. അദ്ദേഹം യാത്രയിലാണ്.... ശ്രീ ചെമ്പരുന്ത്,  ഉപ്പന്റെയും കോഴിയുടെയും കുയിലിന്റെയും നിലപാടുകള്‍ വ്യക്തമാണ്... എന്താണ് താങ്കളുടെ പ്രതികരണം...
ചെമ്പരുന്ത്:  ഞാന്‍ എല്ലാവരുടെയും പ്രസ്താവനകള്‍ ശ്രദ്ധിക്കുകയായ്രിന്നു.  ഇവിടെ സമാധാനം നിലനിര്‍ത്താനല്ല ശ്രീ ഉപ്പനും, കോഴിയും കുയിലും ശമിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ കാക്കയെ ഇത്രയും വളരാന്‍ അനുവദിച്ചത് ശ്രീ കോഴിയും ശ്രീ ഉപ്പനും തന്നെയല്ലേ... രണ്ടുപേരും അവരവരുടെ കാര്യസാധ്യത്തിനായി കാക്കയെ ഉപയോഗിച്ചു എന്നുള്ളത് വ്യക്തമാണ്. കാക്ക തട്ടിയെടുത്ത നെയ്യപ്പവും മാമ്പഴവുമെല്ലാം ഉപ്പനും കോഴിയുമായി പങ്കുവക്കുകയായിരുന്നു. അതെപ്പറ്റി ഏതെങ്കിലും ഒരു  കേന്ദ്ര എജെന്സിയെക്കൊണ്ട് ശക്തമായ അന്വേഷണം നടത്തണം എന്നു ഞാന്‍ ആവശ്യപ്പെടുകയാണ്. എന്നെ അകറ്റിനിര്‍ത്താന്‍ വേണ്ടി മൂവരും ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. പരസ്പരമുള്ള  ഈ ആരോപണങ്ങളെല്ലാം വെറും പുകമറ മാത്രമാണ്. ഞാന്‍ എപ്പോഴെങ്കിലും ഭക്ഷണം തേടി നാട്ടിന്‍പുറത്തേക്കിറങ്ങിയാല്‍ ഉപ്പനോ കോഴിയോ കാക്കയെ വിവരം അറിയിച്ചു നാട്ടിലുള്ള കാക്കകളെല്ലാംകൂടി എന്നെ കൊത്തി പറപ്പിച്ചു നാടുകടത്തുകയല്ലേ ചെയ്യാറുള്ളത്.....

മാട: ശ്രീ ചെമ്പരുന്ത് താങ്കളുടെ നിലപാട് വ്യക്തമാണ്.... ഞാന്‍ താങ്കളിലേക്ക്‌ തിരിച്ചുവരാം... ഇപ്പോള്‍ വയനാട്ടില്‍നിന്നും  വാനമ്പാടി എന്നൊരു പ്രേക്ഷക ലൈനില്‍ ഉണ്ട്.... ശ്രീമതി  വാനമ്പാടി പറഞ്ഞുകൊള്ളൂ....
വാനമ്പാടി: ഹലോ.... ഹലോ.... ഞാന്‍....   ഹലോ....
മാട: ഹല്ലോ ..... ആ ലൈന്‍ കട്ടായെന്നു തോന്നുന്നു.. ഹലോ... ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നു തൂക്കണാംകുരുവി എന്നൊരു പ്രേക്ഷകന്‍ ലൈനില്‍ ഉണ്ട്.   ശ്രീ തൂക്കണാംകുരുവി.... പറഞ്ഞോളൂ.....

തൂക്ക: ഹലോ....നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു. എന്താണ് ഈ കോഴിയും ഉപ്പനും കുയിലും  ചെമ്പരുന്തുമെല്ലാം പറയുന്നത്. നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന് ഇവര്‍ക്ക് അല്പം പോലും ആഗ്രഹമില്ല.  അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടികൂടാന്‍ മാത്രമല്ലെ ഇവര്‍ക്ക് സമയമുള്ളൂ.  അതിനുവേണ്ടി എന്തു വൃത്തികേട്‌  ചെയ്യാനും  ഇവര്‍ക്ക് മടിയില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരസ്പരം കുറ്റം പറയാന്‍ മാത്രമല്ലെ സമയമുള്ളൂ...  നാട്ടിലെ സാധാരണക്കാരായ പക്ഷികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടോ... നാടുവിട്ട് മറുനാട്ടില്‍ ചേക്കേറിയ ഞങ്ങളെപ്പോലുള്ള പക്ഷികള്‍ക്ക് നമ്മുടെ നാട്ടില്‍ നടക്കുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ നാണക്കേട്‌ കൊണ്ട് തല കുനിഞ്ഞുപോവുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പ്രതിപക്ഷം ഭരണകൂടത്തെ ഭരിക്കാന്‍ അനുവദിക്കുന്നു.   എന്തെങ്കിലും തെറ്റുണ്ടായാല്‍ നിയമസഭയിലും കോടതിയിലുമായി അതിനെ നേരിടുന്നു. അല്ലാതെ അവിടുത്തെപ്പോലെ മുട്ടിനുമുട്ടിനു ഹര്‍ത്താല്‍ നടത്തിയും പൊതുമുതല്‍ നശിപ്പിച്ചുമല്ല പക്ഷികള്‍ പ്രതികരിക്കുന്നത്. അന്യ സംസ്ഥാനങ്ങളെപ്പോലെ നമ്മുടെ നാട്ടില്‍ എന്താ ചില്ലുള്ള ബസ്സുകള്‍ ഇല്ലാത്തതു. അവിടെയൊന്നും കല്ലില്ലാത്തതുകൊണ്ടല്ല.  നേരെമറിച്ച്, അവിടുത്തെ പക്ഷികള്‍ അധ്വാനിച്ചു ജീവിക്കുന്നവരായതുകൊണ്ട് എന്തെങ്കിലും നശിപ്പിക്കാന്‍ അവര്‍ മുതിരില്ല.  പ്രതിഷേധ പ്രകടനങ്ങള്‍ നടത്തേണ്ടത് ജനജീവിതം തടസ്സപ്പെടുത്തിയും പൊതുമുതല്‍ നശിപ്പിച്ചുമല്ലെന്നു അവര്‍ക്ക് നന്നായറിയാം. നമ്മുടെ നാട്ടില്‍ നേതാക്കന്മാര്‍ക്ക് അധ്വാനത്തിന്റെ വില എന്തെന്ന് അറിയില്ല.  വെറുതെയിരുന്നു തിന്നു മുടിച്ചു സാധാരണക്കാരെ തമ്മിലടിപ്പിച്ചു അവരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങളെ നാടുകടത്തണമെന്നാണ് എന്റെ അഭിപ്രായം. സ്വന്തം കടമകളെക്കാളേറെ  അവകാശങ്ങളെക്കുറിച്ചുമാത്രം സംസാരിച്ചു  അധ്വാനിക്കുന്ന ജനങ്ങളെ വഴി തെറ്റിക്കുന്നവരാണ് ഈ നേതാക്കള്‍.    നമ്മുടെ നാട്ടില്‍ ഒരു പണിയും ചെയ്യാന്‍ മുതിരാത്ത അഭിമാനികള്‍ പുറം നാട്ടില്‍ ചെന്നാല്‍ ഏതു എച്ചിലും കൊത്തിവലിക്കാന്‍ തയ്യാറാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക്  അധ്വാനത്തിന്റെ വില മനസ്സിലാകുന്നത്‌. ഈ കോഴിയെയും ഉപ്പനെയും പോലുള്ള വിഷങ്ങളെ വളര്‍ത്തി വലുതാക്കുന്ന നിങ്ങളെപ്പോലുള്ള മാധ്യമങ്ങളെയാണ് ആദ്യം കുറ്റിച്ചൂലിനടിക്കേണ്ടത്. അടിയന്തരപ്രാധാന്യമുള്ള  എന്തെല്ലാം കാര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയൊന്നും പുറത്തു കൊണ്ടുവരാന്‍ ചാനലുകള്‍ക്ക് സമയമില്ല. ഇത്തരം ദുഷിച്ച രാഷ്ട്രീയവ്യവസ്ഥ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം നമ്മുടെ നാടു ഒരിക്കലും രക്ഷപ്പെടില്ല. അതുകൊണ്ടു...
മാട: വളരെയധികം നന്ദി ശ്രീ തൂക്കണാംകുരുവി.... ശ്രീ ഉപ്പന്‍ താങ്കള്‍..... ഉപ്പന്‍ ലൈനിലില്ലെന്നു തോന്നുന്നു... ശ്രീ കോഴി.... കേള്‍ക്കാമോ.... ക്ഷമിക്കണം... കോഴിയും ലൈനിലില്ല... ശ്രീ ചെമ്പ.... സോറി..... അദ്ദേഹത്തെയും   ലഭിക്കുന്നില്ല... മൈന... താങ്കളെങ്കിലും ലൈനില്‍ ഉണ്ടെന്നു കരുതുന്നു.   എന്തെല്ലാമാണ് പുതിയ വിവരങ്ങള്‍....
മൈന:   ക്ളാ ക്ളാ... ക്ളീ ക്ളീ.. ആ പ്രേക്ഷകന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കും വളരെയധികം ലജ്ജ തോന്നുന്നു. എങ്കിലും ചാനലിന്റെ  ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഒന്നും പറയാതെ പോകുന്നത് ശരിയല്ല എന്നു തോന്നിയത് കൊണ്ട് പറയുകയാണ്‌. ഇത്തരം ഒരു ചര്‍ച്ചയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്യുന്നത്  ഞാന്‍ ഇന്ന് മുതല്‍ നിര്‍ത്തുകയാണ്.  അതിനു മുന്‍പ് ഇപ്പോള്‍ കിട്ടിയ ഒരു വിവരം ഞാന്‍ അറിയിച്ചുകൊള്ളട്ടെ. പോലീസുകാര്‍ ഇത്രയും ദിവസമായി തല മൂടിയിട്ട് ചോദ്യം ചെയ്തിരുന്നത് യഥാര്‍ത്ഥത്തില്‍ കാക്കയായിരുന്നില്ല.  ഒരു കാക്കത്തമ്പുരാട്ടിയായിരുന്നു  എന്നാണു ഇപ്പോള്‍ കിട്ടുന്ന വിവരം. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും പുറത്തു തന്നെയാണെന്നാണ് അനുമാനിക്കേണ്ടത്.   ഇനി ഈ കേസില്‍ റിപ്പോര്ട്ടിങ്ങിനു എന്നെ പ്രതീക്ഷിക്കണ്ട... വളരെയധികം നന്ദി...  നമസ്ക്കാരം. ക്ളാ.. ക്ളാ.. ക്ളീ ക്ളീ...

മാട:  നമ്മുടെ ചര്‍ച്ച വിചാരിക്കാത്ത ഒരു നിലയിലേക്ക് എത്തിചേര്‍ന്നിരിക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം ചര്‍ച്ച തുടരാമെന്നാണ് കരുതിയിരുന്നത്.  ഇനി ഇതു തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു ഇടവേളയില്ലാതെതന്നെ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്.  വളരെയധികം നന്ദി  ശ്രീ കോഴി, ശ്രീ ഉപ്പന്‍, ശ്രീ ചെമ്പരുന്ത് ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന്. പ്രേക്ഷകര്‍ക്കും നന്ദി.

കുറിപ്പ്:  ഈ പോസ്റ്റിന്റെ ആശയവിപുലീകരണത്തിന് ബര്ളിത്തരങ്ങളിലെ ഒരു പോസ്റ്റിനോട് കടപ്പാട്.
- വെണ്ണിയോടന്‍

Dec 2, 2009

ബൂലോകസമ്മേളനം

അല്ല കൂട്ടരേ,  ആങ്കാരന്നല്ലാണ്ട്   എന്താ ഇതിനൊക്കെ പറയ്യാ... ദുഫായീല് ബൂലോഗമ്മാര് രണ്ടാമത്തെ പ്രാവശീം സമ്മേളനം കൂട്വാത്രേ... ഞമ്മളെപ്പോലെ ഓരോ പാവങ്ങള് ഈ ദുനിയാവില് ബെള്ളിയാഴ്ചപോലും പൊറത്ത് ഏറങ്ങാണ്ട് പെരെന്റുള്ളിത്തന്നെ കുത്തിരിക്കുമ്പോ ഇങ്ങള് പിന്നേം പിന്നേം സമ്മേളനം കൂട്വാ..? ഞമ്മക്കിതത്ര പിടിക്കണില്ല പുള്ളെ... അല്ലെങ്കി ബേണ്ട... ഇങ്ങള് സമ്മേളനം നടത്തീ... ഞമ്മക്കും കൂടി ഒരു ബിസ അയച്ചുതരീന്ന്.  ഞമ്മളുംകൂടി കാണട്ടേന്നു ഇങ്ങള് നടത്തണ പുകില്.

ഈ ബാര്‍ത്ത കേട്ടപ്പം മൊതല് ഞമ്മള മനസ്സില് ചെല സംശീങ്ങള് ബരാന്‍ തോടങ്ങ്യെതാണ്.  ഇങ്ങള ഈ പരിപാടി ശരിക്കും നടക്ക്വോ..? ഇങ്ങള് ഈ തീവ്രവാദികളെല്ലാംകൂടി അവിടുത്തെ പൂന്തോട്ടത്തില്‍  കേറാന്‍ ആടുത്തെ പോലീസ്സാര് സമ്മയിക്കോ...? എല്ലാത്തിനീംകൂടി തൂക്കി അകത്തക്കൂല്ലേന്ന്...? അത് തന്ന്യേല്ലാ ഇപ്പൊ ആടെ രണ്ടാമതും  സാമ്പത്തികമാന്ദ്യംകൊണ്ട്   പൊറുതിമുട്ടീട്ടു എല്ലാരും ബേജാറായിട്ടിരിക്കുമ്പം ഇങ്ങളെങ്ങനിയാ പഹയമ്മാരെ പാര്കില്കേറി ബിരിയാണി ബയ്ക്ക്വാ? സര്ക്കാര് പോലും ബെറും കുബ്ബുസല്ലേ കയിക്കണേ...?

 എന്തായാലും ഇങ്ങള ഈ പരിപാടിക്ക് നല്ല പബ്ലിക്കിറ്റി  ആണല്ലോ മക്കളെ... നാട്ടില്‍ ഈയിടക്ക് ഒരു ചങ്ങല പരിപാടി നടന്നൂന്നു കേട്ടല്ലോ....   അതിനെക്കാളും ബലിയ സംഭവം ആവ്വോ ചങ്ങായിമാരെ...? ചാനലുകളൊക്കെ ലൈവ് പിടിക്കാന്‍ നടക്കണൂന്നാണല്ലോ കേക്കണേ.      ഇങ്ങളൊക്കെ ആടെ  ശരിക്കും മേളിക്കുന്ബം എല്ലാരടേം കൂടി ഒരു ഫോട്ടോ പടം പിടിച്ചു  എല്ലാര്ക്കും  അയച്ചുതരീന്നു. മ്മളും കാണട്ടേ ആരൊക്കെയാണ് ആളുകളെന്നു. ഓരോര്ത്തരുടെം പേര് വെക്കാന്‍ മറക്കണ്ടാട്ടോ.   ഈടെ സൌദീലും ഇണ്ട്‌ കൊറേ എയ്തുകാര്. പക്കേങ്കി ഇവ്ട പാര്‍ക്കിലോന്നും കൂടാന്‍ പറ്റൂല്ലാന്ന്. ബ്ടെത്തെ കാനൂനെല്ലാം ഇമ്മ്ണി കട്ടിയാണെന്ന് ഇങ്ങക്കും അറിയാല്ലോ. ന്നാലും ഞാളും നോക്കണണ്ട്   ഇബടേം എന്തേലും തട്ടികൂട്ടാന്‍ പറ്റ്വോന്ന്.

നേതാക്കന്മാരോട് ഒരു അപേക്ഷേംകൂടീണ്ട്.    എടക്കൊക്കെ ഇമ്മാതിരി ഓരോ പരിപാടികള് തട്ടിക്കൂട്ടണേ. ബയസ്സാംകാലത്ത് നമ്മള് ഗള്‍ഫുകാര്ക്ക്  ഓര്‍ക്കാന്‍ ഇതൊക്കെ തന്നേ
 ബാക്കീണ്ടാവൂ.. പടച്ചോന്റെ കൃപകൊണ്ട് എല്ലാം ബിശാരിച്ചപോലെ തന്നെ നടക്കട്ടെ.

വെണ്ണിയോടന്‍

Nov 25, 2009

ഇന്‍റര്‍നെറ്റില്‍ ഭൂതം - ഫോര്‍വേഡെഡ് മെയില്‍സ്.


  എന്റെ കര്‍ത്താവേ... ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കത്തില്ല അല്ലിയോ...?... ഇതിപ്പോ എത്ര ദിവസ്സമായി ഇങ്ങനെ...?... കയ്യും കാലും വിറച്ചിട്ട്‌ വയ്യല്ലോ..  പണ്ട് കള്ളുകുടി നിര്‍ത്തിയപ്പോള്‍പോലും ഇങ്ങനെ കൈ വിറച്ചിരുന്നില്ല.. കൊച്ചാപ്പിക്കു ഇരുന്നിട്ട് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. എത്ര ദിവസ്സമായി നാല് മെയില്‍ ഫോര്‍വേഡ് ചെയ്തിട്ടു.... ഇന്റര്‍നെറ്റും മെയില്‍ ഫോര്‍വേഡ് ചെയ്യുന്നതും ഒരു തരം അഡിക്ഷന്‍ പോലെ ആയിത്തീരുമെന്നു കൊച്ചാപ്പി സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ദിവസവും  പത്തു മെയില്‍ ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ കയ്യും കാലും വിറക്കുന്നത്‌ എന്തെങ്കിലും അസുഖമാണോ ഡോക്ടര്‍?...... കൊച്ചാപ്പി തന്റെ മെയില്‍ ബോക്സ്‌ നിരാശയോടെ വീണ്ടും ക്ലോസ് ചെയ്തു.  കേരളയ്റ്റ്സ് മെയില്‍ ഫോര്‍വെര്‍ഡിംഗ് ഗ്രൂപ്പില്‍ നിന്നും വേള്‍ഡ് മെയില്‍  ഫോര്‍വെര്‍ഡിംഗ് ക്ലബ്ബില്‍ നിന്നും ദിവസവും എത്ര മെയിലുകള്‍ വന്നുകൊണ്ടിരുന്നതാ... രാത്രി മുഴുവന്‍ ഉറക്കമിളച്ചു മെയിലുകള്‍ അപ്പ്രൂവ്  ചെയ്തിരുന്ന ഗ്രൂപ്പ് മോഡരറ്റര്മാര്‍  ഇപ്പോള്‍ ഉറക്കം വരാന്‍ വേണ്ടി ഉറക്കഗുളികകള്‍ കഴിക്കാന്‍ തുടങ്ങി. ആ മെയിലുകള്‍ എല്ലാം   ഫോര്‍വേഡ് ചെയ്തു നിര്‍വൃതി അടഞ്ഞിരുന്ന നല്ല നാളുകളെ കൊച്ചാപ്പി നെടുവീര്‍പ്പോടെ ഓര്‍ത്തു. ഇപ്പോള്‍ ദൈവങ്ങളുടെ പേരിലുള്ള ചെയിന്‍ മെയിലുകള്‍ പോലും വരുന്നില്ല.  സൈബര്‍ സെല്ലും രാഷ്ട്രീയ നേതാക്കളുമൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ പാവപ്പെട്ട കൊച്ചാപ്പിമാര്‍ എന്തു ചെയ്യും..

ഹേ പോലീസുകാരെ, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങളുടെ ജീവാത്മാവും പരമാത്മാവുമാണ് ഫോര്‍വേഡെഡ് മെയിലുകള്‍.  മുന്‍പൊക്കെ ഞങ്ങള്‍ക്ക് രാവിലെ ഓഫീസിലെത്തിയാല്‍ ജോലി തുടങ്ങുന്നതിനു മുന്‍പ് ഒരു ചായയോ കാപ്പിയോ ആയിരുന്നു വേണ്ടത്.  എന്നാല്‍ ഇന്ന്, രാവിലെ തന്നെ നാല് മെയില്‍ ഫോര്‍വേഡ് ചെയ്താലേ അന്നത്തെ ദിവസം ചൊവ്വാകൂ...  അതാണ്‌ നിങ്ങള്‍ ഇല്ലതാക്കിയിരിക്കുന്നത്. പകല്‍ മുഴുവന്‍ മെയിലുകള്‍ നോക്കിയിരുന്നാലെ വൈകിട്ട് ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ ഓവര്‍ടൈം ചെയ്യാന്‍ പറ്റുകയുള്ളൂ.  അങ്ങനെയല്ലേ ഞങ്ങള്‍ ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ത്തിരുന്നത്‌.  അതുകൊണ്ടു ഞങ്ങള്‍ക്ക് കിട്ടിയിരുന്നത് മൂന്നു മണിക്കൂറിനുള്ള ഇരട്ടിവേതനം മാത്രമല്ല.  ഡിന്നറും രാത്രി വണ്ടിക്കൂലിയുമായിരുന്നു.   എല്ലാം നശിപ്പിച്ചില്ലേ..? തന്നെയുമല്ല
 മെയില്‍ ഫോര്‍വേഡ് ചെയ്യുന്നവരെ അറസ്റ്റു ചെയ്യുമെന്ന  നിങ്ങളുടെ പ്രസ്താവന മൂലം ഗള്‍ഫില്‍  നിന്നും  റംസാന്‍, ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കു വരാനിരുന്ന എത്രയോ പേര്‍ തങ്ങളുടെ അവധി ക്യാന്‍സല്‍ ചെയ്തു എന്നു നിങ്ങള്‍ക്കറിയാമോ..? ഇതുമൂലം എയര്‍ ഇന്ത്യക്ക് എത്ര കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.


 ഞങ്ങള്‍ക്ക് ഒരു യുണിയന്‍ ഇല്ലാത്തതു കൊണ്ട് ഇതിനെതിരെ ആരും ശബ്ദിക്കില്ല എന്നല്ലേ നിങ്ങള്‍ കരുതിയത്‌.  എന്നാല്‍ ഞങ്ങള്‍ ഇന്റര്‍നാഷണല്‍  മെയില്‍ ഫോര്‍വേ‍ഡര്‍സ് അസോസിയേഷന്‍ (IMFA) എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു കഴിഞ്ഞു.  ഞങ്ങളുടെ രണ്ടു  സജീവ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. കൂടാതെ  ഒരുലക്ഷത്തിഒന്ന് പേരുടെ ഒപ്പ് ശേഖരിച്ചു മൈക്രോസോഫ്ട്‌ ചെയര്‍മാന്‍  ബില്‍ ഗേറ്റ്സിനും ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഇ. ഷ്മിറ്റിനും  നിവേദനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്.     അതുകൊണ്ടു  ഫോര്‍വേഡ് മെയിലുകള്‍ പോസ്റ്റാനുള്ള  ഞങ്ങളുടെ സ്വാതന്ത്ര്യത്തില്‍  വെറുതെ പാസ്സ്‌വേര്‍ഡ്‌ ഇടാന്‍ നോക്കല്ലേ...


ഈ കോലാഹലമെല്ലാം പത്തു ദിവസ്സത്തെക്കെ ഉണ്ടാവുകയുള്ളൂ എന്നു  ഞങ്ങള്‍ക്കറിയാം.  ഇതിനു മുമ്പും എത്ര ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്..? തന്ത്രി, മന്ത്രി, സ്വാമികള്‍, ടോട്ടല്‍, പോള്‍, തേക്കടി ഇതൊക്കെ  ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. മറവിയുടെ കാര്യത്തില്‍ മലയാളികള്‍ മുന്പന്തിയിലാണല്ലോ.. അതുകൊണ്ടു  ഇതും മാഞ്ഞുപോകും... എന്നിട്ടുവേണം ഈ കൊച്ചാപ്പിക്കും അവധിക്കു നാട്ടിലേക്കു വരാന്‍.

മുന്‍‌കൂര്‍ജാമ്യം (disclaimer) : ഈ മെയില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ എഴുതിപ്പോയതാണ്.   ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല... എന്നു പേടിപൂര്‍വ്വം കൊച്ചാപ്പി. (വെറുതെ ഒരു ആന്റി വൈറസ്‌ കിടക്കട്ടെ.)

Nov 18, 2009

വിദ്യാഭ്യാസ കലണ്ടര്‍ (സമ്പൂര്‍ണ്ണ ശാച്ചരതാ മാമാങ്കം)

വിദ്യാഭ്യാസ കലണ്ടര്‍
 

  തിരുവനന്തപുരം:  സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു. തിരുവന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ പ്ലസ്‌ 2 പരീക്ഷ, അടുത്ത വര്‍ഷത്തെ അഡ്മിഷന്‍ എന്നിവ താഴെ പറയും പ്രകാരം നടക്കുന്നതാണ്.

2010 ജനുവരി 10 മുതല്‍ 15 വരെ: പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ചോദ്യക്കടലാസുകള്‍ കേരളത്തിലെ വിവിധ ദേശീയ പാതകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭ്യമാകും. തുടര്‍ന്നുള്ള അഞ്ചു ദിവസത്തേക്ക്, KSU , ABVP എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താവുന്നതാണ്. ഇവരുടെ പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ SFI , DYFI എന്നീ സമാധാന പാലകരായ സംഘടനകളെ ചുമതലപ്പെടുത്തുന്നതായിരിക്കും.
2010 ജനുവരി 16 : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിനു സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കും.
2010 ഫെബ്രുവരി 15 : പുതിയ ചോദ്യ പേപ്പര്‍ അച്ച്ചടിക്കണമെന്ന ശുപാര്‍ശയോടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിക്കും. .
2010 ഫെബ്രുവരി 16  മുതല്‍ മാര്‍ച്ച് 10 വരെ : പുതിയ ചോദ്യ പേപ്പറുകള്‍ അച്ചടിക്കും
2010 മാര്‍ച്ച് 11 മുതല്‍ 15 വരെ പുതിയ ചോദ്യ പേപ്പറുകള്‍ അതീവ സുരക്ഷയോടെ  KSRTC ബസ്സുകളില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ചോദ്യ പേപ്പര്‍ കഞ്ഞിപ്പുരയിലോ വിറകുപുരയിലോ സൂക്ഷിക്കാവുന്നതാണ്. അവിടങ്ങളില്‍ പട്ടിയോ പൂച്ചയോ പ്രസവിച്ചു കിടക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ശല്യമുണ്ടാവാത്ത വിധം ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്.
2010 മാര്‍ച്ച് 20  മുതല്‍ 30 വരെ പരീക്ഷ ദിവസങ്ങള്‍ ആയിരിക്കും. ചോദ്യക്കടലാസുകള്‍ മാറിപ്പോകാന്‍ ഇടയുള്ളതുകൊണ്ട്‌ വിദ്യാര്‍തികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഉത്തരമെഴുതാന്‍ തയ്യാറായി വേണം പരീക്ഷക്ക്‌ ഹാജരാകാന്‍.
2010 ഏപ്രില്‍ 1 മുതല്‍ 15 വരെ അവധിയായിരിക്കും.
2010 ഏപ്രില്‍ 16 മുതല്‍ മെയ്‌ 15 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടക്കുന്നതായിരിക്കും. മൂല്യനിര്‍ണയത്തിനു ഹാജരാകാന്‍ കഴിയാത്ത അധ്യാപകര്‍  മുന്‍കൂട്ടി അറിയിച്ചാല്‍ ഉത്തരക്കടലാസുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കും. മൂല്യനിര്‍ണയത്തിന് പങ്കെടുക്കുന്ന ഓരോ അധ്യാപകര്‍ക്കും  ബിവരെജസ് കോര്‍പറേഷന്‍ സ്പോണ്സര്‍ ചെയ്യുന്ന അഞ്ചു കുപ്പി വിദേശമദ്യം (Teacher's  Special) ഏറ്റവും അടുത്തുള്ള ചില്ലറ വില്‍പന ശാലയില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന കൂപ്പണുകള്‍ കൊടുത്തു കൈപ്പറ്റാവുന്നതാണ്
2010 മെയ്‌ 25 : പരീക്ഷഫലപ്രഖ്യാപനം. ഈ വര്ഷം പരീക്ഷക്ക്‌ ഹാജരാകുന്ന മുഴുവന്‍ വിദ്യാര്തികളും വിജയിക്കുന്നതാണ്. 100% വിജയമെന്ന ലക്‌ഷ്യം കൈവരിക്കാന്‍ ഈ സര്‍ക്കാരിനു ഇനി അവസരമുണ്ടാവില്ലാത്തത് കൊണ്ടാണ് ഈ വര്ഷം ഈ പ്രത്യേക പരിഗണന നല്‍കുന്നത്.
2010 ജൂണ്‍ 1 മുതല്‍ പ്രവേശന പരീക്ഷ മാമാങ്കം ആരംഭിക്കുന്നതാണ്.  
2010 ജൂണ്‍ 15 മുതല്‍ സര്‍ക്കാരും സ്വാശ്രയ മാനേജമെന്റുകളും തമ്മിലുള്ള സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതായിരിക്കും. ഈ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും തത്സമയ സംപ്രേക്ഷണം കേരളത്തിലെ എല്ലാ ചാനലുകളും ലഭ്യമാക്കും. ചര്‍ച്ചകളും വെല്ലുവിളികളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ളതാക്കാന്‍  ചാനലുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏകജാലകം, വിവിധ ക്വാട്ടകള്‍, കോര്‍ട്ട് സ്റ്റേ, മുതലായ കലാപരിപാടികള്‍ അരങ്ങേരുന്നതായിരിക്കും.
2010 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ സര്‍ക്കാറും സ്വാശ്രയ മാനേജമെന്റുകളും തമ്മിലുള്ള കേസുകള്‍ക്ക്‌ തീര്‍പ്പ് കല്‍പ്പിക്കാന്‍ കേരളത്തിലെ കോടതികളില്‍ പ്രത്യേക ബഞ്ചുകള്‍ സ്ഥാപിക്കുന്നതായിരിക്കും. സുപ്രീം കോടതിയില്‍ ഒരു പ്രത്യേക ബെഞ്ചിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതായിരിക്കും.
കാര്യങ്ങള്‍ മേല്‍വിവരിച്ച പ്രകാരം മംഗളമായി നടന്നാല്‍ 2010 നവംബര്‍ ഒന്ന് മുതല്‍ ഡിഗ്രീ കോഴ്സുകളുടെ ക്ലാസുകള്‍ ആരംഭിക്കുന്നതായിരിക്കും.

വിദ്യാഭ്യസ കലണ്ടറിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഗസറ്റിലും പ്രമുഖ ദിനപ്പത്രങ്ങളിലും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.  

വാല്‍ക്കഷ്ണം: 2011 ജനുവരിയോടെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രസിദ്ധീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു.

Nov 2, 2009

എങ്കിലും.... എന്റെ ഗോപാലകൃഷ്ണാ.....

ഗോപാലകൃഷ്ണനെ കണ്ടാല്‍ ഒരുവിധപ്പെട്ടവനൊക്കെ ഒരു പ്രാവശ്യമെങ്കിലും ഞെട്ടും.  കീഴ്ജീവനക്കാരെ പേടിപ്പിച്ചു ജോലിചെയ്യിക്കാറുള്ള സുപ്പര്‍വൈസര്‍ പുലിവേലായുധന്‍  ‍പോലും ഗോപാലകൃഷ്ണന്റെ അടുത്ത് എലിയാണ്.  വീരപ്പനെന്നല്ല,  നക്കീരന്‍ പോലും നാണിച്ചുപോകുന്ന മീശയും  ആറരയടി പൊക്കവും അതിനൊത്ത  വണ്ണവും നല്ല നിറവുമുണ്ട് ഗോപാലകൃഷ്ണന്.  കറുപ്പും ഒരു നിറം തന്നെയാണല്ലോ....  പെട്ടെന്ന് കണ്ടാല്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ച രണ്ടു ടാര്‍ വീപ്പകള്‍ക്കുമുകളില്‍ ഒരു കരിക്കലം കമഴ്ത്തി  വച്ചത്  പോലുണ്ട്  ഗോപാലകൃഷ്ണനെന്ന സാധു മനുഷ്യന്‍. ഈ ശാരീരികവിശേഷങ്ങള്‍ മാത്രമല്ല  ഇദ്ദേഹത്തിന്റെ പാമ്പാടി എന്ന വീട്ടുപേരും  ഗോപാലകൃഷ്ണനെ ഒരു തലയെടുപ്പുള്ള കൊമ്പനാനയോളം  വലുപ്പമുള്ളതാക്കുന്നു. എന്നുവെച്ച്‌ ഗോപാലകൃഷ്ണന്‍ ഒരു കാട്ടാളനോന്നുമല്ല. സ്ത്രൈണത കലര്‍ന്ന ശബ്ദവും സംസാരിക്കുമ്പോള്‍ മാത്രമുള്ള വിക്കും ഒഴിച്ചാല്‍ ഗോപാലകൃഷ്ണന്‍ ഒരു പുരുഷകേസരി തന്നെയാണ്.  കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായിട്ട് ദുബായിലെ ഒരു നിര്‍മ്മാണക്കമ്പനിയില്‍ ജോലിക്കാരനായിരുന്നു.


ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിച്ചത് നിര്‍മ്മാണകമ്പനികളെയായിരുന്നു.  ഇതിനുപുറമേ,  കമ്പനിമുതലാളിയുടെ കയ്യിലിരുപ്പും കൂടിയായപ്പോള്‍  തൊഴിലാളികളെ ഓരോരുത്തരെയായി പിരിച്ചുവിടേണ്ട സ്ഥിതിയിലായി കമ്പനിയുടെ സാമ്പത്തിക നില. ഏതാനും മാസ്സങ്ങളായിട്ട് ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല.     ഇരുനൂറോളം ജോലിക്കരുണ്ടായിരുന്ന  ഈ കമ്പനിയില്‍നിന്ന്   കഴിഞ്ഞ രണ്ടു മാസമായിട്ട് ആഴ്ചയില്‍ നാലും അഞ്ചും പേരെ വീതം പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്  താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് ഈ പിരിച്ചുവിടല്‍ ഒരു അനുഗ്രഹം പോലെയായിരുന്നു.  കാരണം കുടിശികയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും കണക്കു തീര്‍ത്തു കയ്യില്‍ കിട്ടും.  


പാലക്കാട്ടുകാരന്‍ ഒരു മോഹനചന്ദ്രന്‍ പിള്ള  ആണ് കമ്പനിയുടെ ജനറല്‍ മാനേജര്‍. ഇദ്ദേഹം ആളൊരു പരമശുദ്ധന്‍.  ആരെന്തു പറഞ്ഞാലും വിശ്വസിക്കും. ഈ ഒരു സ്വഭാവം  തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ കഴിവുകേടിന് പ്രധാന കാരണമായിരുന്നു. കണ്‍ഫ്യൂഷന്‍പിള്ള എന്നാണ് ഇദ്ദേഹം  പൊതുവേ കമ്പനിയില്‍ അറിയപ്പെട്ടിരുന്നത്.   കൂടാതെ ഇയാളുടെ പ്രധാന ഉപദേശി ഫിനാന്‍സ് മാനേജരായിരുന്ന ഒരു ഹിന്ദിക്കാരന്‍ ഗുപ്തയായിരുന്നു. മറ്റുള്ളവര്‍ക്ക് പാരവെക്കുന്നതില്‍ ബിരുദാനന്തരബിരുദമെടുത്ത ആളായിരുന്നു  ശ്രീമാന്‍ ഗുപ്ത. 


പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു. നാട്ടിലേക്കു പോകുന്ന ദിവസം ഗോപാലകൃഷ്ണന്‍ ജനറല്‍ മാനജരെക്കണ്ട് താണുവണങ്ങി വിക്കിവിക്കി ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചു. അദ്ദേഹത്തിന് ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഗോപാലകൃഷ്ണനോട് പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ഉടനെതന്നെ ജനറല്‍ മാനജര്‍ സെക്രെട്ടറിയെ വിളിച്ചു ഒരു സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കികൊണ്ടുവരാന്‍ പറഞ്ഞു. സെക്രട്ടറി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഒപ്പിടീക്കാന്‍ കൊണ്ടുചെന്നപ്പോള്‍ മോഹനചന്ദ്രന്‍പിള്ളയുടെ  റൂമില്‍ ഉപദേശി ഗുപ്തയും ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങി വായിച്ചു നോക്കിയശേഷം ഉപദേശി ഗുപ്ത പിള്ളക്ക് വിലപ്പെട്ട ഒരു ഉപദേശം കൊടുത്തു. ഒരു വര്‍ക്കര്‍ക്ക് അവന്‍ വളരെ നല്ല ജോലിക്കരനനെന്നുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ഒരിക്കലും കൊടുക്കാന്‍ പാടില്ല. അത് കാണിച്ചു അവന്‍ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ ജോലി സമ്പാദിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടു പേരിനൊരു സര്‍ട്ടിഫിക്കറ്റ് മാത്രമേ കൊടുക്കാവൂ. പിള്ള കന്ഫ്യുഷനിലായി. അദ്ദേഹം ഗോപാലകൃഷ്ണനെ വിളിച്ചു സര്‍ട്ടിഫിക്കറ്റ് നാട്ടിലേക്ക് അയച്ചുകൊടുത്തെക്കാമെന്ന് പറഞ്ഞു. അങ്ങനെ ഗോപാലകൃഷ്ണന്‍ ഫ്ലൈറ്റ് കയറി.
മൂന്നുനാല് ദിവസത്തെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുംശേഷം ജനറല്‍ മാനേജര്‍ ഇപ്രകാരം ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗോപാലകൃഷ്ണന് കൊറിയറില്‍ അയച്ചുകൊടുത്തു. "ശ്രീ ഗോപാലകൃഷ്ണന്‍  കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്ന് ജനറല്‍ മാനേജര്‍" (ഒപ്പ്).


ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടില്‍നിന്നു ഗോപാലകൃഷ്ണന്റെ ഒരെഴുത്ത് ജനറല്‍ മാനേജര്‍ക്ക് കിട്ടി. ശുദ്ധമലയാളത്തിലുള്ള കത്ത്  തുറന്നു വായിച്ച പിള്ളയുടെ കണ്ണില്‍ പൊന്നീച്ച പറന്നു. പിള്ളയുടെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്ത് കിട്ടുന്നുത്.


" പ്രിയപ്പെട്ട മോഹനചന്ദ്രന്‍സാറിന്. സാറിനെ കണ്ടപ്പോള്‍ ഞാന്‍ കരുതി അല്പം വിവരവും വിദ്യാഭ്യാസവുമുള്ള ആളാണെന്നു.   കോട്ടും ടൈയ്യും ഇട്ടതുകൊണ്ടുമാത്രം വിവരമുണ്ടാകില്ല സാറേ.... പന്ത്രണ്ടു വര്ഷം ജോലിചെയ്ത ഒരാള്‍ക്ക് ഇങ്ങനെയാണോ സാറേ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുന്നത്?  ഇത് സാറ് തന്നെ വച്ചോ... എനിക്കിതിന്റെ ആവശ്യമില്ല.... എന്റെ പഴയ കമ്പനിയില്‍നിന്ന് കിട്ടിയ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കോപ്പി ഇതിന്റെ കൂടെ വക്കുന്നു.  സാറിന് ഭാവിയില്‍ പ്രയോജനപ്പെടും. എന്ന്... വിനയപൂര്‍വ്വം... ഗോപാലകൃഷ്ണന്‍ (ഒപ്പ്) ..."


കത്ത്  വായിച്ചശേഷം പിള്ള ആദ്യം ഒരു ഗ്ലാസ്‌ വെള്ളം വരുത്തി കുടിച്ചു. പിന്നെ സെക്രട്ടറിയെ വിളിച്ചു ആദ്യം ഉണ്ടാക്കിയ നല്ല  എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ ഗോപാലകൃഷ്ണന് കൊറിയറില്‍ അയച്ചുകൊടുത്തു.

Oct 5, 2009

കണിയും കണ്ടകശനിയും

  ഞാന്‍  കേരളം വിട്ടു ആദ്യമായി ചേക്കേറിയ നഗരം ഡല്‍ഹിയായിരുന്നു. ഉഷ്ണ ശൈത്യങ്ങളുടെ പാരമ്യതകളുന്ടെങ്കിലും പ്രൌഡഗംഭീരമായ തലസ്ഥാനനഗരിയിലെ ജീവിതം ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തിലാണ് ജീവിക്കുന്നതെന്ന് അഭിമാനിച്ചിരുന്നു.   ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നം തന്നെയായിരുന്നു. ഭാഷാപ്രാവീണ്യം നിമിത്തം ചിലപ്പോഴൊക്കെ തല്ലുകൊള്ളാതിരിക്കാന്‍ ഓടേണ്ട സ്ഥിതി വരെ എത്തിയിട്ടുണ്ട്. മലയാളത്തിലെ ചില വാക്കുകള്‍ക്ക് ഹിന്ദിയില്‍ വേറെ പല അര്‍ത്ഥങ്ങളും  ഉണ്ടെന്നും ഹിന്ദി സംസാരിക്കുമ്പോള്‍ ഉച്ചാരണശുദ്ധി  അനിവാര്യമാണെന്നും  പില്‍ക്കാലത്ത്   മനസ്സിലാക്കാന്‍  സാധിച്ചു.    അക്കാലത്തെ  ഏതൊരു ആവറേജ് പ്രവാസിമലയാലാളിയേയുംപോലെ  പത്താം ക്ലാസ്സും പി. ഡി.സിയും ഡ്രില്ലും ഗുസ്തിയും കഴിഞ്ഞു നാടുവിട്ട ഞാന്‍  ഉപരിപഠനം പൂര്‍ത്തിയാക്കിയത് ഡല്‍ഹിയിലാണ്. ഡല്‍ഹി നഗരത്തില്‍ പഠിച്ചവനും  പഠിക്കാത്തവനും ഒക്കെ ജോലി കിട്ടും. അതുകൊണ്ടുതന്നെ ഒരു തട്ടാമുട്ടി കോഴ്സ് കഴിഞ്ഞ ഉടനെ എനിക്ക് വീടിനടുത്ത്  ഒരു ഓഫീസില്‍ ജോലിയും കിട്ടി. എന്റെ ഡല്‍ഹി ജീവിതത്തിന്റെ അധികകാലവും ഞാന്‍ എന്റെ മൂത്ത സഹോദരനോടും കുടുംബത്തോടും ഒപ്പമാണ്  താമസ്സിച്ചിട്ടുള്ളത്. ആയതിനാല്‍  വളരെ അച്ചടക്കമുള്ള ഒരു സോഷ്യല്‍ ലൈഫ് ആയിരുന്നു എന്റേത്. എന്നുപറഞ്ഞാല്‍ എന്റെ  പ്രായത്തിലുള്ള മറ്റു പയ്യന്‍സിന്റെ മാതിരിയുള്ള വിളച്ചിലുകള്‍ ഒന്നും നടപ്പില്ല എന്നര്‍ഥം. എന്നിട്ടുപോലും  അവര്‍ക്കൊക്കെ  ഞാനൊരു നോട്ടപ്പുള്ളി ആയിരുന്നു.


അക്കാലത്തു എന്റെ രണ്ടു കസിന്‍സ്‌ ഞങ്ങള്‍ താമസിക്കുന്നതിനടുത്തുള്ള ഒരു മിഷനറി ആശുപത്രിയില്‍ നേഴ്സിങ്ങിനു പഠിച്ചിരുന്നു.  ഒരാള്‍ രണ്ടാം വര്‍ഷവും മറ്റവള്‍ ഒന്നാം വര്‍ഷവും. എന്റെ സഹോദരനായിരുന്നു ഡല്‍ഹിയിലെ ഇവരുടെ ലോക്കല്‍ഗാര്‍ഡിയന്‍.  മിക്കപ്പോഴും ഇവരെ കാണാന്‍ ഞാന്‍ ഇവര്‍ താമസ്സിക്കുന്ന ഹോസ്റ്റലില്‍ പോകുമായിരുന്നു. ആ സന്ദര്‍ശനങ്ങള്‍ക്ക്‌ പെങ്ങന്മാരെ കാണാന്‍ പോകുക എന്ന്നതിലുപരി പ്രസക്തായ ചില ഗൂഡലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷക്കാരി കസിന്റെ ഒരു കൂട്ടുകാരിയോട് എനിക്ക് ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഉണ്ടായിരുന്നു. പക്ഷെ,  എന്റെ മൂത്തസഹോദരിയും സഹോദരന്റെ ഭാര്യയും  അതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്തിരുന്നതുകൊണ്ട് എന്റെ സോഫ്റ്റ്‌കൊര്‍ണരൊക്കെ ഞാന്‍ മനസ്സിന്റെ കോര്‍ണറില്‍തന്നെ വച്ചതേയുള്ളൂ. ഈ കസിന്‍ എന്റെ മനസാക്ഷിസൂക്ഷിപ്പുകാരിയയിരുന്നെന്കിലും അവളോട്‌പോലും ഞാന്‍ ഈ സോഫ്റ്റ്‌കോര്‍ണറിന്റെ  കാര്യം പറഞ്ഞിരുന്നില്ല.  ചേച്ചിമാരെങ്ങാനും അറിഞ്ഞാല്‍ ചാടി  ചാകാന്‍ ഡല്‍ഹിയില്‍ ഒരു സുയിസൈഡ് പോയിന്റ്‌ പോലുമില്ല.  ഇങ്ങനെ മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ച്ചിട്ടു ഇറക്കാനും വയ്യ എന്ന സ്ഥിതിയിലായിരുന്നു കാര്യങ്ങള്‍. 

ഇങ്ങനെയുള്ള ഒരു കാലത്താണ് നമ്മുടെ കഥയ്ക്ക് ആസ്പദമായ സംഭവം നടന്നത്. നമ്മുടെ രണ്ടാം വര്‍ഷക്കാരി കസിന്‍ നാട്ടില്‍ ലീവിന് പോയിട്ട് തിരിച്ചു വരുന്ന ദിവസം. അവളെ റെയില്‍വേസ്റ്റേഷനില്‍ പോയി കൂട്ടിക്കൊണ്ടു വരുന്നതിനായി ഞാന്‍ നിയോഗിക്കപ്പെട്ടു. ഓഫീസില്‍ നിന്ന് ഹാഫ്ഡേ ലീവ് എടുക്കാമെന്ന് തീരുമാനിച്ചു. അന്നുരാവിലെ കുളിച്ചു  കുട്ടപ്പനായി ഓഫീസിലേക്ക് പോകാനായി ഇറങ്ങി.  തലേന്ന് വാങ്ങിയ ഒരു പുത്തന്‍ സ്റ്റോണ്‍ വാഷ്‌ ജീന്‍സും വെളുത്ത ടീഷര്‍ട്ടും ആയിരുന്നു എന്റെ വേഷവിധാനം.  വാതില്‍ തുറന്ന ഞാന്‍ കണി കണ്ടത് എതിര്‍വശത്തെ വീട്ടില്‍ താമസ്സിക്കുന്ന ഒരു വൃത്തികെട്ട മനുഷ്യന്‍,   സോറി ഒരു മാന്യദേഹം, എക്സ്പയറി ഡേറ്റ് തീര്‍ന്ന, അവിടവിടെ വെന്റിലെഷനുള്ള ഒരു അന്ടെര്‍വെയെര്‍ മാത്രമിട്ടുകൊണ്ട് എനിക്കെതിരെ  പൃഷ്ടം തിരിഞ്ഞു കുനിഞ്ഞു നിന്നുകൊണ്ട്‌ എന്തോ ചെയ്യുന്നു.   നല്ല കണി......  എനിക്ക് ഈ  കണിയിലും മറ്റും വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട്‌ ഞാന്‍ അതത്ര കാര്യമാക്കാതെ ഓഫീസിലേക്ക് പോയി.  കോളനിയില്‍നിന്ന്  പുറത്തെക്കിറങ്ങുന്ന  ഭാഗത്തുകൂടി സാമാന്യം വലിയ ഒരു  അഴുക്കുചാല്‍
 പോകുന്നുണ്ട്. ഏതാണ്ട് ഒരു മീറ്റര്‍ വീതിയും അത്രതന്നെ ആഴവുമുള്ള ഈ അഴുക്കുചാല്‍ മൂടിയിരിക്കുന്നത് കല്‍പ്പലകകള്‍ കൊണ്ടായിരുന്നു ഈ അഴുക്കുചാല്‍ കടന്നുവേണം ഞങ്ങള്‍ക്ക് മെയിന്‍ റോഡിലേക്ക് എത്തുവാന്‍.   കാലപ്പഴക്കം കൊണ്ട് ചില കല്ലുകളുടെ മൂലകള്‍ പൊട്ടിയിരുന്നത് എന്തുകൊണ്ടോ ഞാന്‍ മാത്രം കണ്ടില്ല. അതെങ്ങനെയാ നിലത്തുനോക്കി നടന്നാലല്ലേ ഇതൊക്കെ കാണുകയുള്ളൂ... പ്ടും എന്നൊരു ശബ്ദം മാത്രമേ കേട്ടുള്ളൂ... ഞാനിതാ അയഞ്ഞ ചാണകം പോലത്തെ അഴുക്ക് ചാലിനകത്ത് അരക്കൊപ്പം താഴ്ന്നു നില്‍ക്കുന്നതാണ് അപ്പോള്‍ ആവഴിയെ വന്നവര്‍ കണ്ടത്. വീണ്ടുമൊരു പ്ടും.... ഞാന്‍ ചവിട്ടിയപ്പോള്‍ കറങ്ങിപ്പോയ  കല്പ്പലക എന്റെ മുതുകത്തു വന്നു തട്ടിയതാണ് രണ്ടാമത്തെ പ്ടും....   ശബ്ദംകേട്ടു തിരിഞ്ഞു നോക്കിയവര്‍ കരുതിയത് ഞാന്‍ ഓടയുടെ സ്ലാബ്‌ പൊക്കി മുകളിലേക്ക് വരികയാണെന്നാണ്. ഓടയില്‍ വീണതിനെക്കളും എന്നെ സങ്കടപ്പെടുത്തിയത് ആ കോളനിയില്‍നിന്ന് രാവിലെ ജോലിക്ക് പോകുന്ന പരിചയക്കാരായ തരുണീമണികളെല്ലാം ആ കാഴ്ച കണ്ടല്ലോ എന്നതാണ്. അഴുക്കുചാലില്‍നിന്നും ഒരുതരത്തില്‍ വലിഞ്ഞു കയറി നേരെ വീട്ടിലേക്കു  തിരിച്ചുപിടിച്ചു. ജീന്‍സും ഷര്‍ട്ടും ഊരി കളഞ്ഞിട്ടു വീട്ടിനകത്തേക്ക്‌ കയറിയാല്‍  മതിയെന്നായി വീട്ടിലുള്ളവര്‍. പുതിയ ഒരു ജീന്‍സും ടീഷര്‍ട്ടും ഒരു ജോഡി ഷൂസും അന്നുതന്നെ റിട്ടയര്‍ ആയി.  രാവിലെതന്നെ മാനനഷ്ടം, ധനനഷ്ടം, ആരോഗ്യഹാനി..... ഏതായാലും അന്ന് ഓഫീസില്‍ പോകേണ്ടെന്നു തീരുമാനിച്ചു. ഡെറ്റോള്‍ ഒഴിച്ച് വിസ്തരിച്ചു ഒന്ന് കുളിച്ചു.  അതിരാവിലെ  നല്ല ശകുനമല്ലേ കിട്ടിയിരിക്കുന്നത്. പക്ഷെ ഇത് വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമായിരുന്നെന്ന് ആരറിഞ്ഞു?....

ഓഫീസില്‍ പോയില്ല.  ഉച്ചകഴിഞ്ഞു റെയില്‍വേ സ്റ്റേഷനില്‍ പോയി  കസിനെ  വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു. വൈകിട്ട് അവളെ ഹോസ്റ്റലില്‍ കൊണ്ടുവിടണം. ഹോസ്റ്റല്‍ വീടിനു തൊട്ടടുതായതുകൊണ്ട് ഒരു സൈക്കിള്‍റിക്ഷയിലാണ് പോയത്. ഡല്‍ഹിയില് ‍ഒരു കിലോമീറ്ററില്‍ കുറഞ്ഞ യാത്രയ്ക്കു സാധാരയായി  ആളുകള്‍ സൈക്കിള്‍റിക്ഷയെ ആശ്രയിക്കാറുണ്ട്.  ലേഡീസ്ഹോസ്റ്റലിലേക്ക് സൈക്കിള്‍റിക്ഷയില്‍ പോകുന്ന കാര്യം എനിക്ക് ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. എന്നാലും ഒരു റിക്ഷക്കാരന്‍ കരഞ്ഞുകൊണ്ട് പുറകെ കൂടിയപ്പോള്‍ അറിയാതെ കയറിപ്പോയി. കൂടാതെ നേഴ്സിംഗ് സ്കൂളില്‍ ക്ലാസ്സ്‌ സമയമായതുകൊണ്ട്‌ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ആരും ഉണ്ടാവില്ലെന്ന ധൈര്യത്തോടെയാണ്  പോയത്.  ഞങ്ങള്‍ രണ്ടുപേരും  സൈക്കിള്‍റിക്ഷയില്‍ അവളുടെ പെട്ടിയൊക്കെ വച്ചു യാത്രയായി. നാലുമണി  നേരത്തെ  ഇളംവെയിലും പൊടിക്കാറ്റിന്റെ സുഖവും ഏറ്റുകൊണ്ട് നാട്ടിലെ കഥകളും വിശേഷങ്ങളുമൊക്കെ  സംസാരിച്ചു ഞങ്ങള്‍  ഹോസ്പിറ്റലും  കടന്നു  ഹോസ്റ്റലിന്റെ മുന്‍പിലെത്തി.

അവിടെ കണ്ട കാഴ്ച ഞാന്‍ എങ്ങനെ വിവരിക്കും...? ഇങ്ങനെ ഒരബദ്ധത്തില്‍ ചെന്ന് ചാടേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കണ്ടകശനി കൊണ്ടേപോകൂ എന്നാണല്ലോ ചൊല്ല്.... അവരുടെ ഹോസ്റ്റലില്‍ അന്ന് എന്തോ ഫങ്ങ്ഷന്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ അറിയാതെപോയി. പരിപാടികള്‍  തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഞങ്ങള്‍ സൈക്കിള്‍റിക്ഷയില്‍ രാജകീയമായിട്ടു അവിടെ ചെന്ന് ലാന്‍ഡ്‌ ചെയ്യുന്നത്. പുറത്തുനിന്നുള്ള ഏതോ വി ഐ പികളാണ്  അന്നത്തെ  ചീഫ്‌ഗുസ്റ്റുകള്‍. അവരെ സ്വീകരിക്കാന്‍  ഹോസ്റ്റലിന്റെ അമ്പതു മീറ്റര്‍ ഇപ്പുറംവരെ രണ്ടു സൈഡിലും  ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനികള്‍  സെറ്റ്സാരിയുമുടുത്തു താലപ്പൊലിയുമായി നില്‍ക്കുന്നു. മറ്റു കുട്ടികളും ടീച്ചേഴ്സും ഹോസ്റ്റലിന്റെ മുന്‍പില്‍ ചീഫ്‌ഗസ്റ്റുകളെ കാത്തു നില്‍ക്കുന്നു. അവരുടെ മുന്നിലോട്ടാണ്   ഞങ്ങള്‍ സൈക്കിള്‍റിക്ഷയില്‍ ചെന്ന് ചാടുന്നത്. സംഗതി ദൂരത്തുനിന്നു കാണാന്‍ പറ്റാതിരുന്നതുകൊണ്ട്, താലപ്പൊലിക്കാരുടെ മുമ്പില്‍ എത്തിക്കഴിഞ്ഞാണ് ഞാന്‍ കാര്യങ്ങള്‍ വൃത്തിയായിട്ട് കണ്ടത്. രംഗബോധമില്ലാത്ത റിക്ഷക്കാരന്‍ ഒന്ന് നിര്‍ത്തുകയെങ്കിലും ചെയ്യണ്ടേ..  അവനോടു തിരിച്ചു വിടാന്‍ പറയണമെന്നുണ്ടായിരുന്നു. വെപ്രാളത്തിനിടയില്‍ അവനോടു ഭായീ... മേ..... ഹും..... ഹോ..തും...ആപ്... കോപ്പ്..  എന്നൊക്കെ പറഞ്ഞെങ്കിലും  അവന്‍ ഒരു ആപ്പും വകവയ്ക്കാതെ ഈ പെണ്‍പിള്ളേരുടെ നടുവില്‍കൂടി മുമ്പോട്ട്‌തന്നെ പോയി. ഞാന്‍ ആകെ ഉരുകി ഇല്ലാതെ ആയി. ആകാശമോ ഭൂമിയോ പിളര്‍ന്നു എന്നെ അങ്ങ് എടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയ നിമിഷം. ദൈവമേ ശത്രുക്കള്‍ക്കുപോലും ഈ ഗതി വരുത്തല്ലേ. ഇങ്ങനെ  ഒരു ഭീകരാവസ്ഥയില്‍ മുന്നോട്ടു പോകുമ്പോള്‍ ഒന്നാംവര്‍ഷക്കാരിയും അവളുടെ കൂട്ടുകാരിയും ഒരു വശത്ത്നിന്ന് എന്നെ കൈ വീശി കാണിക്കുന്നു.  വേറെ ചിലര്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഭഗവാനെ.... ഭക്തവത്സലാ.... ശക്തി തരണേ.....  നേരെ ഹോസ്റ്റലിന്റെ ഗേറ്റില്‍ചെന്ന്  കസിനെ അവിടെയാക്കി അതേ റിക്ഷയില്‍ തിരിച്ചു പോന്നെക്കാമെന്ന് കരുതി തിരിച്ചപ്പോള്‍ ഇടി വെട്ടിയവനെ പാമ്പുകടിച്ചു എന്ന പോലെയായി കാര്യങ്ങള്‍.  ഇവരെല്ലാം കൂടി കാത്തുനിന്ന വി ഐ പികള്‍ ദേ വരുന്നു....  അവരാണെങ്കില്‍ പൂമാലയും ബൊക്കെയും  പെണ്‍കുട്ടികളുടെ താലപ്പൊലിയുമൊക്കെയായി നടന്നുവരുന്നു.  ഞാന്‍ അവര്‍ക്ക് അഭിമുഖമായി ഒരു സൈക്കിള്‍റിക്ഷയില്‍..... ഒന്ന് വഴിമാറിക്കൊടുക്കാന്‍ പോലും സ്ഥലമില്ല. ഒരുവിധത്തില്‍ ഒരു വശത്തെ താലപ്പൊലിക്കാരുടെ   സൈഡിലേക്കു ഒതുങ്ങിനിന്ന് ഞാന്‍ ഗസ്റ്റുകള്‍ക്ക് വഴി കൊടുത്തു. കോമ്പൌണ്ടില്‍നിന്ന് പുറത്തുകടന്നു ഒരു ടാക്സി പിടിച്ചു ഞാന്‍ ആ ഏരിയയില്‍നിന്ന് സ്കൂട്ടായി...

രാവിലെ കണികാണിച്ച  തെണ്ടിയെ, സോറി മഹാനെ,  ഒന്നുകൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ദിവസവും രാവിലെ കണികാണിക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടി...

Sep 29, 2009

കുമാരന്റെ കുസൃതികള്‍

 കുമാരന്‍ എന്നാല്‍ നാട്ടിലെ ഒരു സാധാരണ സാധാരണക്കാരന്‍.  നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഉപദ്രവമോ ഉപകാരമോ ഇല്ലാത്ത ഒരു ഉത്തമ പൌരന്‍. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന സ്വഭാവം. കള്ളും ചീട്ടുമായിരുന്നു പ്രധാന ബലഹീനതകള്‍. കുടുംബം നോക്കുന്ന കാര്യത്തില്‍ വളരെ ശുഷ്ക്കാന്തിയുള്ള ആളായിരുന്നത് കൊണ്ട്, ചീട്ടുകളി കള്ളുകുടി മുതലായ തിരക്കുകള്‍ക്കിടയിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും  വീട്ടിലെത്തുമായിരുന്നു.  ഒരു വെളുപ്പാന്‍ കാലത്ത് ഇദ്ദേഹത്തിനു ഒരു വെളിപാടുണ്ടായി. പുലരുന്നത്‌ വരെ പിടിച്ചു നില്ക്കാന്‍ പറ്റിയെന്നു വരില്ല. അതിനു മുമ്പ് കക്കൂസില്‍ പോയെ പറ്റൂ. ഈവക കാര്യങ്ങളില്‍ വളരെ സ്വതന്ത്ര ചിന്താഗതി പുലര്‍ത്തിയിരുന്ന കുമാരന്‍  ഒരിക്കലും വീട്ടിലെ കക്കൂസ് ഉപയോഗിച്ചിരുന്നില്ല. വീടിനു സമീപത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴയുടെ ഓരങ്ങളിലുള്ള ഇല്ലിക്കാടുകള്‍ ആണ് അദ്ദേഹം  പതിവായി ഈ ആവശ്യത്തിലേക്കായി ഉപയോഗിച്ചിരുന്നത്. അരണ്ട നിലാവെളിച്ചത്തില്‍ പുഴക്കരയിലെക്കോടിയ കുമാരന്‍ കടവിനടുത്തുള്ള ഒരു ഇല്ലിക്കാട്ടില്‍ കയറി ഒരു ബീഡിയും കത്തിച്ചു പതുക്കെ കാര്യം സാധിച്ചു തുടങ്ങി. പെട്ടെന്നാണ് പുഴയില്‍ നിന്നും ഒരു അനക്കം കേട്ടത്. ഒച്ചയുണ്ടാക്കാതെ കുമാരന്‍ ബീഡി കുത്തിക്കെടുത്തി പുഴയിലേക്ക് ശ്രദ്ധിച്ചു. അവിടെ കണ്ട കാഴ്ചയില്‍ അദ്ദേഹം വന്ന കാര്യം തന്നെ മറന്നു പോയി. പുഴയിലെ മണല്‍പ്പരപ്പില്‍ നാലഞ്ചു പേര്‍ എന്തോ ചെയ്യുന്നു. ഈ സമയത്ത് ഇവര്‍ പുഴയില്‍ എന്താണ് ചെയ്യുന്നത്? കുമാരന്റെ ചിന്തയില്‍ പല പല ചോദ്യങ്ങളും ഉത്തരങ്ങളും മിന്നിമറഞ്ഞു. മണല്‍ വാരലുകാരാണോ? ആകാന്‍ വഴിയില്ല. കാരണം അക്കാലത്ത് മണല്‍ ക്ഷാമമോ മണല്‍ മാഫിയയോ ഉണ്ടായിരുന്നില്ല. പിന്നെന്തിനു മണല്‍ കട്ട് വാരണം? ഇനി പുഴയില്‍ നഞ്ചു കലക്കി മീന്‍ പിടിക്കാന്‍ വന്നവരാണോ? അതാണെങ്കില്‍ ഇത്ര പുലരുന്നത്‌ വരെ അവര്‍ നില്‍ക്കില്ല. ഇത്യാതി ചിന്തകളോടെ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരുന്ന കുമാരനു ഒരു കാര്യം മനസ്സിലായി. അവര്‍ മണലില്‍ എന്തോ കുഴിച്ചിടുകയാണ്. ഇനി ഇവര്‍ പുഴയില്‍ ബോംബ് വയ്ക്കുകയാണോ? സ്വതവേ അല്പം വിറയലുള്ള കുമാരന്‍ കൂടുതല്‍ ശക്തിയായി വിറക്കാന്‍ തുടങ്ങി. ധൈര്യത്തിന് വേണ്ടി ഒരു ഇല്ലിക്കുറ്റിയില്‍ മുറുക്കി പിടിച്ചു. എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ. ഇതങ്ങനെ വിടാന്‍ പറ്റില്ലല്ലോ. ഒരു നാടിന്റെ ജീവനാഡിയായ പുഴയെ ബോംബ് വച്ച് തകര്‍ക്കുയെന്നു വച്ചാല്‍? കുമാരന്റെ പൌരബോധം ഉണര്‍ന്നു. ധൈര്യക്കൂടുതല്‍ കാരണം പുഴയിലുണ്ടായിരുന്നവര്‍ കയറിപ്പോകുന്നതുവരെ കുമാരന്‍ ഇല്ലിക്കാട്ടില്‍ തന്നെ പതുങ്ങിയിരുന്നു. കരയിലേക്ക് കയറിയവര്‍ ഏറെ  ദൂരെ എത്തിയെന്ന് ഉറപ്പായപ്പോള്‍ കുമാരന്‍ പതുക്കെ കടവിലെക്കിറങ്ങി. കത്തിച്ച ബീഡിയുടെ വെളിച്ചത്തില്‍ പതുക്കെ കൈ കൊണ്ട് മണല്‍ മാന്തി നോക്കി. ചാക്കുകെട്ട് പോലെ എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. വലിച്ചു പുറത്തിട്ടു ചാക്കിന്റെ കെട്ടഴിച്ചു നോക്കിയ കുമാരന്‍ ഞെട്ടിപ്പോയി......


നാട്ടില്‍ ചാരായ നിരോധനം നടപ്പാക്കിയ കാലമായിരുന്നു ആദ്യമൊക്കെ ചാരായമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കുടിയന്മാന്‍ വളരെയധികം കഷ്ടപ്പെട്ടു. അല്പസ്വല്പം കള്ളവാറ്റു നടത്തിയിരുന്നവര്‍ അത് പൂര്‍വാധികം ഭംഗിയായി നടത്താന്‍ തുടങ്ങി. ചിലര്‍ പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാന്‍ തുടങ്ങി. ഇനിയും ചിലര്‍ നാടന്‍ വാറ്റുകാരുടെ കയ്യില്‍ നിന്ന് സാധനം വാങ്ങി കട്ടന്‍ ചായ ഒഴിച്ച് കളര്‍ വരുത്തി വിദേശ മദ്യം എന്നരീതിയില്‍ സേവിക്കാന്‍ തുടങ്ങി. ഇതിനൊന്നും നിവൃത്തിയില്ലാഞ്ഞവര്‍ ഒഴിഞ്ഞ പട്ടക്കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് കുടിച്ചു മനസ്സമാധാനം കണ്ടെത്തി. ആന്റണി സര്‍ക്കാര്‍ ആകസ്മികമായി നടത്തിയ അതി ക്രൂരമായ ഈ ഭരണപരിഷ്കാരത്തില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുടിയന്മാര്‍ക്കുവേണ്ടി ചില ജന സ്നേഹികള്‍ കര്‍ണ്ണാടകയില്‍ പോയി പാക്കറ്റ് ചാരായം ചാക്കുകളില്‍ കൊണ്ടുവന്നു വിതരണം ചെയ്തു. ഇങ്ങനെ കൊണ്ടുവരുന്ന ചാക്കുകള്‍ ഒളിപ്പിച്ചിരുന്നത് പ്രധാനമായും സമീപത്തുള്ള പുഴയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയും മണലില്‍ കുഴിച്ചിട്ടുമായിരുന്നു.


കാണുന്നത് സ്വപ്നമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി സ്വന്തം ശരീരത്തില്‍ ഒന്ന് നുള്ളി നോക്കിയിട്ട് വീണ്ടും നോക്കിയ കുമാരന്‍ കണ്ടത് എന്താണെന്നോ ....?  ഒരു ചാക്ക് നിറയെ പായ്കറ്റ് ചാരായം!!! ശരീരത്തിന്റെ വിറയല്‍ നില്ക്കാന്‍ വേണ്ടി കുമാരന്‍ ചാരായ ചാക്കില്‍ പിടിച്ചുകൊണ്ടു കുറച്ചുനേരം നനഞ്ഞ മണലില്‍ കുത്തിയിരുന്നു. എന്നിട്ടും വിറയല് മാറാഞ്ഞിട്ടു ചാക്കില്‍ നിന്ന് ഒരു പാക്കറ്റെടുത്തു അവിടെ വച്ച് തന്നെ വെള്ളം കൂട്ടാതെ അടിച്ചു. പിന്നെ ചില തീരുമാനങ്ങള്‍ എടുത്തു. ആരെങ്കിലും അറിയുന്നതിന് മുന്‍പേ ഇത് മറ്റെവിടെയെങ്കിലും ഒളിപ്പിക്കണം... നനഞ്ഞ ചാക്കുകെട്ടും തലയില്‍ വച്ച് അദ്ദേഹം വീട്ടിലേക്കോടി. അടുക്കളയില്‍ വിറകിനടിയില്‍ ചാക്കൊളിപ്പിച്ചു. കട്ടിലില്‍ വന്നിരുന്നു ഒരു ബീഡി കത്തിച്ചു. അടുക്കള അത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ചാക്കുകെട്ട് മച്ചിനു മുകളില്‍ കയറ്റിവച്ചിട്ടു വീണ്ടും ഒരു ബീഡി കൂടി വലിച്ചു. മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. വീട്ടിനുള്ളില്‍ അത്ര സേഫല്ലെന്നു തോന്നിയ കുമാരന്‍ സംഗതി മറ്റെങ്ങോട്ടെങ്കിലും മാറ്റാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വളരെ സുരക്ഷിതമായ ഒരു സ്ഥലം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു. വീടിനടുത്തുള്ള പഴയ ഇഷ്ടിക കളത്തിലെ കാട് പിടിച്ചു കിടക്കുന്ന ഇഷ്ടിക ചൂളക്കകത്ത് വയ്ക്കാം. ചാക്കുകെട്ട് ഇഷ്ടിക ചൂളയില്‍ വച്ചിട്ട് വീട്ടില്‍ വന്നിരുന്നു സമാധാനത്തോടെ ഒരു ബീഡിയും കൂടി വലിച്ചപ്പോഴേക്കും നേരം നന്നായി പുലര്‍ന്നിരുന്നു.  അപ്പോഴാണ്‌ താന്‍ പുഴക്കരയിലേക്ക് പോയ കാര്യം മുഴുവനാക്കിയില്ലല്ലോ എന്ന കാര്യം കുമാരന്‍ ഓര്‍ത്തത്.


അടുത്ത രണ്ടു ദിവസത്തേക്ക് കുമാരന്‍ ശാന്തനായിരുന്നു കാര്യങ്ങള്‍ വീക്ഷിച്ചു. ചാക്കുകെട്ട് മണലില്‍ കുഴിച്ചിട്ടവര്‍ വിറളി പിടിച്ചു നടക്കുന്നത് കുമാരന്‍ കൂളായിട്ടു കണ്ടു കൊണ്ടിരുന്നു. ഒരു നിഷ്കളങ്കനെപ്പോലെ എന്ത് പറ്റിയെന്നു അവരോടു ചോദിക്കുക കൂടി ചെയ്തു കുമാരന്‍. രംഗം അല്പം തണുത്തെന്നു ഉറപ്പായപ്പോള്‍ കുമാരന്‍ അടുത്ത പടിയിലേക്ക് കടന്നു. രാത്രി ഇഷ്ടിക ചൂളക്കകത്ത് കയറി നാലഞ്ചു പാക്കെറ്റുമായി വീട്ടില്‍ വരും. പിറ്റേന്ന് മുഴുവന്‍ ഇതും സേവിച്ചു കൊണ്ട് കട്ടിലില്‍ സുഖമായി കിടക്കും. കൂര്‍മ്മ ബുദ്ധിയായ  കുമാരന്‍ ഒരു മുന്കരുതലെന്നപോലെ വൃത്തിയുള്ള ഒരു പയിന്റ്‌ ബ്രണ്ടിക്കുപ്പി സംഘടിപ്പിച്ച് ചുമ്മാ കട്ടിലിന്റെ അടിയില്‍ ഇട്ടു. ആരെങ്കിലും ചോദിക്കുമ്പോള്‍ ഇന്നലെ ടൌണില്‍ നിന്ന് ഒരു പയിന്റ്‌ വാങ്ങിച്ചു.. ഇതാ ഇപ്പോള്‍ തീര്‍ന്നതെ ഉള്ളൂ എന്ന് പറയും. ഇങ്ങനെ രണ്ടു മൂന്നു ദിവസങ്ങള്‍ നീങ്ങിയപ്പോഴേക്കും നമ്മുടെ അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു.


കുമാരന്റെ തൊട്ടയല്‍വാസിയാണ് പപ്പന്‍. നേരത്തെ കുമാരനെപ്പറ്റി പറഞ്ഞ എല്ലാ വിശേഷണങ്ങളും ഇണങ്ങുന്ന മറ്റൊരു മാന്യ ദേഹം. പക്ഷെ എത്ര കള്ളു കുടിച്ചാലും എത്ര വൈകിയാലും സ്വന്തം വീട്ടില്‍ വന്നേ പപ്പന്‍ ഉറങ്ങുകയുള്ളൂ. വീട്ടില്‍ വന്നു ഭാര്യയെ നാല് തെറി പറയുകയും പറ്റിയാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്താലേ പപ്പന് ഉറക്കം വരികയുള്ളു. മൂന്ന് നാല് ദിവസമായി പപ്പന്‍ കുമാരനെ ശ്രദ്ധിക്കുകയായിരുന്നു. കുമാരന്‍ ദിവസവും പകലും രാത്രിയും പൂസ്സായിട്ടു കിടന്നുറങ്ങുന്നു. പകലെങ്ങും കുമാരന്‍ പുറത്തെക്കിറങ്ങുന്നതായും കാണുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം പപ്പന്‍ കുമാരനോട്‌ ഇതേപ്പറ്റി സൂചിപ്പിച്ചപ്പോള്‍ കുമാരന്‍ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പി കാട്ടി സ്ഥിരം ഡയലോഗും കാച്ചി സുഖിച്ചു കിടന്നു. പപ്പനു ഉറക്കം കെട്ടു തുടങ്ങി. കാര്യമായ ഒരു വരുമാനവും ഇല്ലാത്ത കുമാരന്‍ എങ്ങനെ പകലും രാത്രിയും ബ്രാണ്ടി അടിക്കുന്നു?  ഇതിന്റെ ഗുട്ടന്‍സ്‌ കണ്ടു പിടിച്ചിട്ടെയുള്ളൂ എന്ന് പപ്പനും തീരുമാനിച്ചു. പപ്പന്‍ ഒളിഞ്ഞിരുന്നു കുമാരന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ പാതിരാ കഴിഞ്ഞപ്പോള്‍ കുമാരന്‍ വീട്ടില്‍ നിന്ന് പുറത്തു ചാടി. തോര്‍ത്തുകൊണ്ട് തല മൂടി കുമാരന്‍ നേരെ ഇഷ്ടികക്കളത്തിലേക്ക് പോയി പതിവ് ക്വോട്ട എടുത്തുകൊണ്ടു. തിരിച്ചുപോന്നു.

പിറ്റേന്ന് പകല്‍ കടന്നുപോയി. രാത്രി പതിവുപോലെ ഇഷ്ടികചൂളയിലെത്തിയ കുമാരന്‍ ഞെട്ടിപ്പോയി. ചാക്കുകെട്ട് കാണാനില്ല.. കടുവയെ കിടുവ പിടിക്കുന്നോ? ടെന്‍ഷന്‍മൂലം കുമാരനെ വിറക്കാന്‍ തുടങ്ങി. വിറയലിന്റെ ആധിക്യത്തില്‍ കുമാരന്‍ ചൂളക്കകത്തെ പഴയ ചാരത്തില്‍ കുറച്ചുനേരം തളര്‍ന്നു കുത്തിയിരു‌ന്നു. ഏറെ നേരത്തിനു ശേഷം കുമാരന്‍ നഷ്ടപ്പെട്ടുപോയ സൌഭാഗ്യത്തെ ഓര്‍ത്തു വിലപിച്ചു കൊണ്ട് വീടിലേക്ക്‌ തിരിച്ചു പോന്നു.

പിറ്റേന്നുമുതല്‍ പപ്പന്റെ വീട്ടില്‍ പകലും തെറിവിളി കേട്ടുതുടങ്ങി. സംശയം തോന്നിയ കുമാരന്‍ പപ്പന്റെ വീട്ടിലെത്തി. നോക്കിയപ്പോള്‍ പപ്പന്റെ കട്ടിലിനടിയിലും ഒരു പയിന്റ്‌ കുപ്പി...!!!. കുമാരനു കാര്യങ്ങളുടെ ഏകദേശ കിടപ്പ് പിടികിട്ടി. ആ നല്ല അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോന്നു. രാത്രിയാകാന്‍ കാത്തിരുന്നു. പാതിരാ കഴിഞ്ഞപ്പോള്‍ പപ്പന്റെ വീട്ടില്‍ നിന്നും തലയില്‍ മുണ്ടിട്ട ഒരു രൂപം പുഴക്കരയിലേക്ക് നീങ്ങുന്നത്‌ കുമാരന്‍ കണ്ടു. ജെറിയെ പിന്തുടരുന്ന ടോമിനെ പോലെ കുമാരന്‍ ആ രൂപത്തിന്റെ പുറകെ വച്ചുപിടിച്ചു. ആ രൂപം കടവിന് കുറെ മുകളിലായി മണലില്‍ നിന്നും എന്തോ മാന്തിയെടുത്തിട്ടു തിരിച്ചു മണലിട്ടു മൂടി ഒരു അടയാളവും കുത്തിയിട്ട് തിരിച്ചു പോകുന്നത് കുമാരന്‍ ഇല്ലിച്ചുവട്ടിലിരുന്നു കണ്ണിമക്കാതെ നോക്കിക്കണ്ടു.

അടുത്ത ദിവസം പാതിരാത്രിക്ക്‌ മണലില്‍ മാന്താനെത്തിയ പപ്പന്റെ സപ്ത നാഡികളും തളര്‍ന്നു പോയി. കിടുവയെ കടുവ പിടിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചിരിക്കുന്നത് എന്നതിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന പപ്പന്‍ വീട്ടിലേക്കു തിരിച്ചു പോയി. പിറ്റേന്ന് രാത്രി പപ്പന്‍ കുമാരനെ പിന്തുടര്‍ന്നു. അതിന്റെ പിറ്റേന്ന് കുമാരന്‍ പപ്പനെ പിന്തുടര്‍ന്നു.


ഈ ടോം ആന്‍ഡ്‌ ജെറി നാടകം ചാക്കിലെ അവസാനത്തെ പാക്കറ്റും തീരുന്നതുവരെ തുടര്‍ന്നു.  ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുമാരനും പപ്പനും പാക്കെറ്റ്‌ ചാരായം അടിച്ചുകൊണ്ടിരുന്നു. രണ്ടു പേരും എക്സ്ട്രാ ഡീസന്റ് ആയിരുന്നതുകൊണ്ട് ഇക്കാര്യത്തെപ്പറ്റി ഒരിക്കലും പരസ്പരം സംസാരിക്കുകയോ മൂന്നാമാതോരളോട് പറയുകയോ ചെയ്തില്ല.

Sep 9, 2009

കല്യാണവും ബൈബിള്‍ വായനയും

സകലമാന ക്രിസ്ത്യാനികളുടെയും വീട്ടില്‍ നിര്‍ബന്ധമായും ഒരു ബൈബിള്‍ ഉണ്ടായിരിക്കണം എന്നാണ് വിശ്വാസം. പക്ഷെ പലരും ഈ ബൈബിള്‍ തുറന്നു നോക്കുന്നത് പ്രധാനമായും രണ്ടു അവസ്സരങ്ങലിലാണ്. ഒന്നു വീട്ടില്‍ കല്യാണം നടക്കുമ്പോളും രണ്ടാമത്തേത് മരണം നടക്കുമ്പോളും. മറ്റു സമയങ്ങളില്‍ ബൈബിള്‍ പ്രധാനമായും ഉപയോഗിക്കുന്നത് മരുന്നിന്റെ കുറിപ്പടികള്‍ , റേഷന്‍ കാര്ഡ്, മുതലായ അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനാണ്. (ഇതു എല്ലാ വിശാസികളുടെയും കാര്യമല്ല കേട്ടോ.). കല്യാണത്തിന് വരനോ വധുവോ പള്ളിയിലേക്ക് തിരിക്കുന്നതിനു മുന്പ് ബൈബിള്‍ വായിക്കുക എന്നൊരു ചടങ്ങുണ്ട്. ചിലര്‍ ഏതെങ്കിലും നല്ല ഭാഗങ്ങള്‍ നേരത്തെ തന്നെ എടുത്തു വച്ചിരിക്കും ആ സമയത്തു വായിക്കാന്‍. എന്നാല്‍ മറ്റു ചിലര്‍ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്തു കണ്ണടച്ച് ഏതെങ്കിലും ഒരു ഭാഗം തുറന്നു വായിക്കും. വായിക്കുന്ന ഭാഗം ഭാവി ജീവിതത്തെ കുറിച്ചുള്ള സൂചനയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.

ഇത്രയും പറഞ്ഞതു മുഖവുര. ഇനി സംഭവത്തിലേക്ക് കടക്കാം. ഞങ്ങള്‍ അഞ്ചു സഹോദരന്മാരും രണ്ടു സഹോദരികളുമാണ്. ഞാന്‍ അബു ദാബിയില്‍ നിന്നു ലീവിന് വന്നതേ പല കല്യാണ ആലോചനകളും എത്തിത്തുടങ്ങി. അതില്‍ പെരിക്കല്ലൂര്‍ എന്ന സ്ഥലത്തു നിന്നു വന്ന ഒരു ആലോചന ഫൈനലില്‍ കലാശിച്ചു. ക്രിസ്തീയ വിവാഹങ്ങളില്‍ സാധാരണ രണ്ടു പ്രധാന ചടങ്ങുകള്‍ ആണുള്ളത്. ഒന്നു മനസ്സമ്മതം അഥവാ ഒത്തുകല്യണം. ചെക്കനും പെണ്ണും കുടുംബക്കാരോടൊപ്പം പള്ളിയില്‍ ചെന്നു വൈദികന്റെ മുമ്പാകെ വിവാഹ വാഗ്ദാനം നടത്തുന്ന ചടങ്ങാണിത്‌. ഇതിന് ശേഷം രണ്ടു പേരുടേയും ഇടവകകളില്‍ മൂന്നു ഞായറാഴ്ച വിവാഹം പരസ്യപ്പെടുത്തും. രണ്ടാമത്തേത് കെട്ട് കല്യാണം. ഈ രണ്ടു ചടങ്ങുകളും അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാവരും കേമാമാക്കാറുണ്ട്. ഈ രണ്ടു ചടങ്ങുകള്‍ക്ക് വേണ്ടിയും പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുന്പ് ആദ്യം വിവരിച്ച പ്രകാരം ബൈബിള്‍ വായിക്കും. എന്റെ കല്യാണത്തിനും ഈ ബൈബിള്‍ വായന നടന്നു. ഒത്തു കല്യാണത്തിന്റെ ചടങ്ങുകള്‍ നടന്നത് എന്റെ ഭാര്യയുടെ ഇടവകപ്പള്ളിയില്‍ വച്ചായിരുന്നു. രാവിലെ അങ്ങോട്ട് പുറപ്പെടുന്നതിനു മുന്പ് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടി ചെറിയ പ്രാര്ത്ഥന ചൊല്ലി. ബൈബിള്‍ വായിച്ചതു എന്റെ പിതൃ സഹോദര പുത്രനാണ്. ബൈബിളിലെ പഴയ നിയമത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് അദ്ദേഹത്തിന് വായിക്കാന്‍ കിട്ടിയത്. അത് ഏകദേശം ഇപ്രകാരമായിരുന്നു. " ഇന്നു ഈ മനുഷ്യനെ നിങ്ങള്‍ അവന്റെ സര്‍വ മഹത്വത്തോടും കൂടി കാണുന്നു. എന്നാല്‍ അവന്റെ നാശം അടുത്തിരിക്കുന്നു. അല്‍പ നാളുകള്‍ക്കുള്ളില്‍ അവന്‍ ഈ ദേശത്ത് നിന്നുതന്നെ മറഞ്ഞുപോകും. അവന്‍ ജീവിച്ചിരുന്നതായി തന്നെ ആരും ഓര്‍ക്കുകയില്ല." എങ്ങനെയുട് വചനം? എന്റെ ജീവിതം കൊഞ്ഞാട്ടയാകാന്‍ പോകുകയാണോ ദൈവമേ...

മനസമ്മത ചടങ്ങുകള്‍ ഭംഗിയായി നടന്നു. കല്യാണത്തിന്റെ സ്വപ്നങ്ങളുമായി ദിവസങ്ങള്‍ നീങ്ങി. ആ വര്ഷത്തെ ഓണത്തിന്റെ പിറ്റേന്നായിരുന്നു എന്റെ വിവാഹം. കെട്ടുകല്യാണം ഞങ്ങളുടെ ഇടവക പള്ളിയില്‍ വച്ചായിരുന്നു. കല്യാണ ദിവസം രാവിലെ പള്ളിയിലേക്ക് പുറപ്പെടുകയായി. വീട്ടില്‍ പ്രാര്ത്ഥന, മുതിര്‍ന്നവര്‍ക്ക് സ്തുതി ചൊല്ലി ആശിര്‍വാദം വാങ്ങല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കൊപ്പം ആദ്യം പറഞ്ഞ ബൈബിള്‍ വായനയും നടന്നു. ഞാന്‍ തന്നെയാണ് ബൈബിള്‍ വായിച്ചത്. ബൈബിള്‍ തുറന്നപ്പോള്‍ എനിക്ക് കിട്ടിയത് വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 50 മുതലുള്ള വാക്യങ്ങള്‍ ആയിരുന്നു. അതിപ്രകാരമായിരുന്നു.

" ഭൂമിയില്‍ സമാധാനം കൊണ്ടുവരാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ കരുതുന്നുവോ? . എന്നാല്‍ സമാധാനമല്ല തീയാണ് ഞാന്‍ കൊണ്ടുവരുന്നത്‌. ഇനിമേല്‍ ഒരു കുടുംബത്തില്‍ അഞ്ചു പേരുണ്ടെങ്കില്‍ രണ്ടുപേര്‍ മൂന്നുപെര്‍ക്കെതിരായും മൂന്നു പേര്‍ രണ്ടു പെര്‍ക്കെതിരായും തിരിയും. അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും അമ്മ മകള്‍ക്കെതിരായും, മകള്‍ അമ്മക്കെതിരായും, അമ്മായിയമ്മ മരുമകള്‍ ക്കെതിരായും, മരുമകള്‍ അമ്മായി അമ്മക്കെതിരായും തിരിയും. " എങ്ങനെയുണ്ട് എനിക്ക് കിട്ടിയ വചന ഭാഗം?....

കുറിപ്പ്: ദൈവാനുഗ്രത്താല്‍ കഴിഞ്ഞ പതിനൊന്നു വര്ഷമായി ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ യാതൊരു വിധ അശാന്തിയും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് പ്രത്യാശിക്കുന്നു.

Sep 8, 2009

ഒരു വാര്ത്ത...

ഉടനെ പത്രങ്ങളില്‍ വരാന്‍ സാധ്യതയുള്ള ഒരു വാര്ത്ത...

തൊഴിലാളി ആത്മഹത്യ ചെയ്തു

റിയാദ്: സാമ്പത്തിക പരാധീനതയും കടക്കെണിയും മൂലം റിയാദില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. വളരെക്കാലമായി സ്വന്തം തൊഴിലില്‍ നിരന്തരമായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന ഇദ്ദേഹം പലരില്‍നിന്നും കടം വാങ്ങിയാണ് തൊഴില്‍ ചെയ്തുകൊണ്ടിരുന്നത്. കുറെനാളായി കടം വാങ്ങി തൊഴിലില്‍ പണം മുടക്കികൊണ്ടിരുന്ന അദ്ദേഹത്തെ വിജയത്തിന്റെ വക്കിലെത്തുംപോഴേക്കും വിധി തോല്പ്പിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇദ്ദേഹത്തിനു സ്വന്തം തൊഴിലില്‍ സര്‍ക്കാരില്‍നിന്നും മറ്റു സ്ന്ഘടനകളില്‍നിന്നും വളരെയേറെ പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണം അമേരിക്കന്‍ ചാര സംഘടനയുടെ ഗൂടാലോചാനയാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്യാണം ഈ തൊഴില്‍ മേഖലയില്‍ വലിയ ഒരു നഷ്ടമായി വിലയിരുത്തപെടുന്നു. കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലമാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് സി പി എം ജനറല്‍ സെക്രടറി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാം മുന്നണി സര്‍ക്കാരിനു മാത്രമെ ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കാനാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ തക്കതായ നഷ്ടപരിഹാരം നല്കി പരേതന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് ഈ മേഖലയിലെ തൊഴില്‍ സംഘടനകള്‍ ആവശ്യമുന്നയിച്ച്ച്ചു.

പരേതന്‍ ചെയ്തിരുന്ന തൊഴില്‍: ചീട്ടുകളി. (റമ്മി, പന്നിമലര്‍ത്തല്‍, മുച്ചീട്ട് മുതലായവ)

ഞാനും ഒരു പട്ടിയും

ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലം. ഞാന്‍ എന്റെ  മൂത്ത സഹോദരനോടൊപ്പം    ജൈത്പുര്‍ എന്ന സ്ഥലത്ത്തയിരിന്നു ആയിടക്കു താമസ്സിച്ചിരുന്നത്. ഡല്‍ഹി-ആഗ്ര റോഡില്‍ ബദര്‍പൂരില്‍ നിന്നും അകത്തേക്ക് തിരിഞ്ഞു ഒരു ചെറിയ കോളനിയാണ് ജൈത്പുര്‍. ഞാന്‍ ജോലി ചെയ്തിരുന്നത് ഗ്രെയ്ട്ടര്‍ കൈലാഷിലായിരുന്നു വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു മസിഗഡില്‍ താമസിക്കുന്ന ഞങ്ങളുടെ ബന്ധുവിന്റെ വീട്ടില്‍ പോകും. കുറെ കഴിയുമ്പോള്‍ നോയിഡയില്‍ നിന്നു ജോലി കഴിഞ്ഞു എന്റെ സഹോദരനും  അവിടെയെത്തും. അവിടെ നിന്നു ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു സ്കൂട്ടറില്‍ ജൈത്പുരിലേക്ക് പോകും. ഇവിടെ നിന്നു ജൈത്പുരിലേക്ക് പോകാന്‍  സരിത വിഹാരിന്റെ  പുറകിലെ വലിയ അഴുക്കു ചാലിന്റെ ഓരത്തുകൂടി ഒരു എളുപ്പ വഴിയുണ്ട്. രാത്രിയായാല്‍ ആ വഴി മിക്കവാറും വിജനമായിരിക്കും. സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും ശല്യമുള്ളതുകൊണ്ട് രാത്രികാലങ്ങളില്‍ ആ വഴിക്ക് ആരും ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. കൂടാതെ സമീപവാസികള്‍ റോഡിന്റെ രണ്ടു സൈഡും പകല്‍പോലും കക്കൂസായി ഉപയോഗിച്ചിരുന്നു. രാത്രിയായാല്‍ പറയുകയും വേണ്ട.  ഒരു കുപ്പിയില്‍ വെള്ളവുമായെത്തി  ഈ റോഡു വക്കത്താണ്  പ്രദേശവാസികള്‍  കാര്യം സാധിക്കുന്നത്. .

ഒരു ദിവസം രാത്രി പതിവുപോലെ ഈ വഴിയില്‍ക്കൂടി ഞങ്ങള്‍ ജൈത്പുരിലേക്ക് വരികയായിരുന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു. എന്റെ സഹോദരന്‍ സ്കൂട്ടര്‍  ഓടിക്കുന്നു (അദ്ദേഹത്തെ ഞാന്‍ ചേട്ടായി എന്നാണ് വിളിക്കുന്നത്‌). ഞാന്‍ പുറകില്‍ ഇരിക്കുന്നു. അഴുക്കുചാല്‍ ഒരു വളവു തിരിയുന്ന ഭാഗത്ത് റോഡിന്റെ അരികില്‍ ഒരു പട്ടി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത് കനാലിന്റെ ചെരിവില്‍ ഒരു ചെടിയില്‍ അള്ളിപ്പിടിച്ചിരുന്നു കാര്യം സാധിക്കുന്ന  ഒരാള്‍ക്ക് കാവലിരിക്കുകയായിരുന്നു ആ പട്ടി എന്ന്. ഞങ്ങള്‍ അടുത്ത് എത്തിയപ്പോള്‍ പട്ടിക്കു എന്തോ കുസൃതി തോന്നിയിട്ടാവാം അത് കുരച്ചുകൊണ്ടു ഞങ്ങളുടെ പുറകെ ഓടാന്‍ തുടങ്ങി. ചെറുപ്പം മുതലേ എനിക്ക് പട്ടികളെ അത്ര പേടിയില്ലായിരുന്നു. എന്റെ നേരെ കുരച്ചുചാടി വരുന്ന പട്ടികളെ പേടിപ്പിച്ചു ഓടിക്കുന്നത് എന്റെ  ഒരു വിനോദമായിരുന്നു. ഞാന്‍  ചേട്ടായിയോടു സ്കൂട്ടര്‍ സ്ലോ ചെയ്യാന്‍ പറഞ്ഞു. അപ്പോഴേക്കും പട്ടി ഞങ്ങളുടെ ഒപ്പം എത്തിയിരുന്നു. ഞാന്‍ സ്കൂട്ടറില്‍ ഇരുന്നുകൊണ്ട്‌ തന്നെ പട്ടിക്ക്  ഒരു ചവിട്ടു കൊടുത്തു. പട്ടി അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള ആക്രമണത്തില്‍ പട്ടി ഞെട്ടിപ്പോയി. അപ്പോഴേക്കും ഞാന്‍ സ്കൂട്ടറില്‍ നിന്നു താഴെയിറങ്ങി. ഇതു പട്ടി തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു. പട്ടിയുടെ ധൈര്യമെല്ലാം ചോര്‍ന്നു തുടങ്ങി. അവന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കാം. അവന്‍ പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങി. ഞാന്‍ വിടുമോ. അത് രക്ഷിക്കണേ എന്ന് മോങ്ങിക്കൊണ്ട് അതിന്റെ ഉടമസ്ഥന്റെ അടുത്തേക്ക് ഓടി. അദ്ദേഹം കനാലിന്റെ സ്ലോപ്പില്‍ ഒരു ചെറിയ ചെടിയില്‍ പിടിച്ചുകൊണ്ടു നല്ല സുഖത്തിനു കാര്യം സാധിക്കുകയായിരുന്നു. പട്ടി പേടിച്ചോടി നേരെ അയാളുടെ ദേഹത്തേക്ക് ചെന്നു കയറി. പട്ടി ദേഹത്ത് വന്നിടിച്ച ആഘാതത്തില്‍ അയാള്‍ ചെടിയില്‍ നിന്നു പിടിവിട്ടു പോയതാണോ അതോ ചെടി പറിഞ്ഞു പോയതാണോ എന്നറിഞ്ഞില്ല ആ പാവപ്പെട്ടവന്‍ പട്ടിയോടുകൂടെ തന്നെ പുറകോട്ടു മറിഞ്ഞു. മറിഞ്ഞു വീണത്‌ നല്ല സാധനത്തിലായതുകൊണ്ട് ശ്രീമാന്‍ നല്ല വേഗത്തില്‍ തെന്നി കനാലിലെ അഴുക്കു വെള്ളത്തിലേക്ക്‌ വീണു. ഒരു വിധത്തില്‍ അയാളും പട്ടിയുംകൂടെ കനാലിനു മുകളിലേക്ക് കയറി വന്നു. അപ്പോള്‍ അയാള്‍ ഞങ്ങളെ പൂത്ത തെറി പറയുന്നുടയിരുന്നു. ഞാനും വിട്ടില്ല. മേലാല്‍ ഇതു പോലത്തെ പട്ടികളെയും കൊണ്ടു റോഡില്‍ വന്നിരുന്നാല്‍ കാണിച്ചു തരാമെടാ എന്ന് ഞാനും പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാള്‍ റോഡിലെത്തിയാല്‍ സംഗതി പന്തിയല്ലെന്ന് എനിക്കും തോന്നി. തന്നെയുമല്ല ആ അവസ്ഥയില്‍ അവനെങ്ങാനും എന്റെ ദേഹത്ത് തൊട്ടാല്‍ ഒരാഴ്ച്ച വെള്ളത്തില്‍ തന്നെ കിടന്നാലും നാറ്റം പോവില്ല. ഞാന്‍ വേഗം സ്കൂട്ടറില്‍ കയറി. വണ്ടി വിട്ടോ... ചേട്ടായീ എന്ന് പറഞ്ഞു അവിടെ നിന്നു സ്കൂട്ടായി...

Jul 12, 2009

വെണ്ണീയോടന്റെ ബ്ലോഗിലേക്ക് സ്വാഗതം

Join Keralites, Have fun & be Informed.

ഞാന്‍ സല്യുട്ട് ചെയ്യാന്‍ പഠിച്ചു.



Join Keralites, Have fun & be Informed.

കൈ വേദനിക്കുന്നു സാറേ.....



Join Keralites, Have fun & be Informed.

ആന്റണി സാറേ മോഹന്‍ലാലിനോട് ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൂടി തരാന്‍ പറ... പ്ലീസ്



Join Keralites, Have fun & be Informed.

ഒരു പ്രാവശ്യം കൂടി മാത്രം... വേദനിപ്പിക്കാതെ പിടിക്കണം കേട്ടോ..



Join Keralites, Have fun & be Informed.


മോനെ.. ലാലേ.. ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൂടി കൊടുക്കെടാ..



Join Keralites, Have fun & be Informed.

സാറേ... ഇയാളെന്റെ കൈ പിടിച്ചു ഒടിക്കും...



Join Keralites, Have fun & be Informed.

ഇല്ല... ഞാന്‍ കൈ തരൂല്ല...



Join Keralites, Have fun & be Informed.


കൊടുക്കെടാ മോനെ.. അയാളുടെ ഒരു ആശയല്ലേ..



Join Keralites, Have fun & be Informed.


ഈശ്വരാ... ഇവന്‍ എന്റെ കൈ ഓടിക്കാതെ കാത്തു കൊള്ളനെ....



Join Keralites, Have fun & be Informed.


കൈ കൊടുക്കട്ടോ സാറേ..?



Join Keralites, Have fun & be Informed.

ലാല്‍: സാറെ... എനിക്ക് പേടിയാകുന്നു...
ആന്റണി: കൊടുക്കെടാ മോനെ..



Join Keralites, Have fun & be Informed.


കൈ കൊടുക്കാതെ രക്ഷയില്ലെന്നാ തോന്നുന്നേ.. കൊടുക്കാം അല്ലെ..?



Join Keralites, Have fun & be Informed.


ആന്റണി സാറേ... ഞാന്‍ പതുക്കയെ പിടിച്ചിട്ടുള്ളൂ...



Join Keralites, Have fun & be Informed.

ഇനി ഈ പാവത്തിനോട് ഷേക്ക്‌ ഹാന്‍ഡ്‌ ചോദിക്കല്ലേ..




Join Keralites, Have fun & be Informed.

പൊയ്ക്കോ.. ഇനി ആര്‍ക്കും ഷേക്ക്‌ ഹാന്‍ഡ്‌ ഇല്ല....



Join Keralites, Have fun & be Informed.

നന്ദിയുണ്ട് സാറേ... സലാം...



Join Keralites, Have fun & be Informed.

ആ സാറിനും സലാം...




Join Keralites, Have fun & be Informed.

പതുക്കെ പിടിക്കണേ സാറേ... കൈ ഒരു പരുവത്തിലയിരിക്കുവാ...



Join Keralites, Have fun & be Informed.
സാരമില്ലെടാ മോനെ...



Join Keralites, Have fun & be Informed.


എങ്കില്‍.... വരട്ടെ സാറേ...



Join Keralites, Have fun & be Informed.
ഈശ്വരാ.... രക്ഷപെട്ടു....



Join Keralites, Have fun & be Informed.

വലതു കൈ പോയി.... ഇനി ഇതേയുള്ളൂ രക്ഷ...