"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു... കാക്ക കൊത്തി കടലിലിട്ടു."
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തെ പിടിച്ചുകുലുക്കിയ നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക പിടിയിലായതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഇന്ന് കോക്കസ് വിശകലനം ചെയ്യുന്നത്. ഈ ചര്‍ച്ചയില്‍ നമ്മോടൊപ്പം കണ്ണൂര്‍ സ്റ്റുഡിയോയില്‍ ഭരണ കക്ഷിയുടെ ഉജ്ജ്വല നേതാവ് ശ്രീ ഉപ്പന്‍, കൊച്ചി സ്റ്റുഡിയോയില്‍ പ്രതിപക്ഷത്തിന്റെ പ്രമുഖ നേതാവ് ശ്രീ പൂവന്‍ കോഴി, കോഴിക്കോട് സ്റ്റുഡിയോയില്‍ ഭാരതീയ പക്ഷിജന പാര്‍ട്ടി നേതാവ് ശ്രീ ചെമ്പരുന്ത് എന്നിവര്‍ പങ്കെടുക്കുന്നു. ശ്രീ കുയിലിനെ ഞങ്ങള്‍ ലൈനില്‍ പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്കും ഈ തല്‍സമയ ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണ്. (സിംബലോട് കൂടിയ ഉഗ്രതാളം)
നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക, ആഫ്രിക്കന്‍ വനാന്തരങ്ങളില്‍വച്ചു സൈന്യത്തിന്റെ പിടിയിലായി. ..... കോടാങ്കി ന്യൂസ് എഫ്ഫക്റ്റ്.!!!! (കത്തിപ്പടരുന്ന തീയുടെ ശബ്ദം ബാക്ക്ഗ്രൗണ്ടില്‍)
ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെ നടുവില്‍ ഒളിച്ചു ആഫ്രിക്കന്‍ വനങ്ങളിലേക്ക് നുഴഞ്ഞു കയറുന്നതിനിടയിലാണ് കാക്ക പിടിയിലായത്. ...... കഴിഞ്ഞ ദിവസം കോടാങ്കിവിഷനില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കാക്കയെ അറസ്റ്റു ചെയ്തത്. സൈന്യം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നെയ്യപ്പം കേസിലെ പ്രധാന പ്രതിയാണ് താനെന്നു കാക്ക സൈന്യത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കാക്ക വിവിധ പ്രദേശങ്ങളില്‍ നടന്ന പല കേസുകളിലെയും പ്രധാന പ്രതിയാണെന്ന് മനസ്സിലായി. ഇപ്പോള്‍ കാക്കയെ സംസ്ഥാനപോലീസിന് കൈമാറിയിരിക്കുകയാണ്. നമുക്ക് കിട്ടിയിരിക്കുന്ന വിവരം അനുസരിച്ച് പത്തു ദിവസം മുന്‍പാണ് കാക്ക സൈന്യത്തിന്റെ പിടിയിലായത്. മൂന്നു ദിവസത്തെ സൈനിക ചോദ്യംചെയ്യലിന് ശേഷം കാക്ക പ്രതിയായിട്ടുള്ള നെയ്യപ്പം കേസിന്റെ അന്വേഷണത്തിന് വേണ്ടി കാക്കയെ സംസ്ഥാന പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് കാക്കയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് കാക്കയില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. കാക്ക ഉള്പെട്ടിട്ടുള്ള കേസുകളില്‍ കേവലം ഒന്നു മാത്രമാണ് നെയ്യപ്പം കടലിലെറിഞ്ഞ സംഭവം എന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിന്റെ ത്രീവ്രത കണക്കിലെടുത്ത് പ്രതിയെ ചോദ്യം ചെയ്യുന്ന പോലീസുകാര്‍പോലും കാണാതിരിക്കാന്‍ വേണ്ടി പ്രതിയുടെ മുഖം പ്ലാസ്റ്റിക് ചാക്കിട്ടു മൂടിയാണ് ചോദ്യം ചെയ്യുന്നത്. അത്രയ്ക്ക് ഭീകരമാണ് പ്രതിയുടെ മുഖം എന്നാണു മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിനു പുറത്തു നിന്നു നമ്മുടെ റിപ്പോര്‍ട്ടര്‍ മൈന കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
മാടപ്രാവ്: മൈനാ... കേള്‍ക്കാമോ. ഇപ്പോള്‍ അവിടെ എന്താണ് നടക്കുന്നത്. എന്തൊക്കെ വിവരങ്ങളാണ് നല്കാന്‍ കഴിയുക..
മൈന: ക്ളാ ക്ളാ ക്ളീ ക്ളീ ... മാടാ... ഇപ്പോള്‍ ഞാന്‍ നില്ക്കുന്നത് പോലീസ് കാക്കയെ ചോദ്യം ചെയ്യുന്ന രഹസ്യകേന്ദ്രത്തിനു തൊട്ടുമുന്‍പിലാണ്. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. തിരിച്ചറിയല്‍ പരേഡും മറ്റും നടക്കാനുള്ളതുകൊണ്ട് മാധ്യമങ്ങള്‍ യാതൊരു കാരണവശാലും പ്രതിയുടെ ഫോട്ടോ പുറത്തു വിടരുതെന്നാണ് കേസന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യുന്ന പോലീസുകാര്‍ പോലും കാണാതിരിക്കാന്‍ വേണ്ടി പ്രതിയുടെ മുഖം പ്ലാസ്റ്റിക് ചാക്കിട്ടു മൂടിയിയാണ് ചോദ്യം ചെയ്യുന്നത് എന്നാണു അറിയാന്‍ കഴിയുന്നത്. ചോദ്യംചെയ്യല്‍ ഇന്ന് എഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാക്ക ഉള്പെട്ടിട്ടുള്ള നിരവധി കേസുകള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്. ക്ളാ ക്ളാ....
മാട: നെയ്യപ്പം കേസ് കൂടാതെ വേറെ ഏതെല്ലാം കേസുകളാണ് കാക്കെയെ പ്രതി ചേര്‍ത്തു പോലീസ് പുറത്തു വിട്ടിരിക്കുന്നത്? വിശദീകരിക്കാമോ... മൈന...
മൈന: ക്ളാ ക്ളാ... മാടാ.. അനവധി കേസുകളെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അധികവും തീവ്രവാദസ്വഭാവമുള്ളവ ആയതു കൊണ്ട് മുഴുവന്‍ വിശദവിവരങ്ങളും പുറത്തു വിട്ടിട്ടില്ല.. ക്ളീ ക്ളീ. എങ്കിലും നമുക്ക് കിട്ടുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്.. ക്ളാ ക്ളാ.. നെയ്യപ്പം കേസ് കൂടാതെ, കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്കു മുകളില്‍ കാഷ്ടിച്ച കേസിലും കാക്ക പ്രധാന പ്രതിയാണ്. കൂടാതെ, മലപ്പുറത്ത് ഒരു കാമുകന്‍ കാത്തു സൂക്ഷിച്ച കസ്തൂരിമാമ്പഴം കൊത്തിക്കൊണ്ടു പോയ കേസിലും, കോട്ടയത്ത് ഒരു പിഞ്ചു കുട്ടിയെ പാട്ടുപാടിത്തരാമെന്നു വ്യാമോഹിപ്പിച്ചു നെയ്യപ്പം തട്ടിയെടുത്ത കേസിലും കാക്ക പ്രതിയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.
മാട: മൈന.... എങ്ങനെയാണ് സൈന്യം കാക്കയെ അറസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയുണ്ടായോ...?
മൈന : മാട.... ക്ളീ ക്ളീ കാക്കയുടെ പക്ഷത്തു നിന്നുണ്ടായ ഒരു പിഴവാണ് കാക്കയെ കുടുക്കിയത്. ഇവിടെനിന്നും ആഫ്രിക്കയിലേക്ക് ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെ ഇടയില്‍ കയറിപ്പറ്റി നാടുകടക്കാനാണ് കാക്ക ശ്രമിച്ചത്. സാധാരണയായി ദേശാടനപ്പക്ഷി കരയാറില്ല എന്നാണല്ലോ. എന്നാല്‍ കാക്ക ഉച്ചത്തില്‍ കരഞ്ഞതാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടതും കാക്കയെ പിടികൂടാന്‍ ഇടയായതും. ക്ലൂ ക്ലൂ മാട...
മാട: വളരെ നന്ദി മൈന... ദയവുചെയ്തു ലൈനില്‍ തുടരുക.... ദേശാടനപ്പക്ഷികളൊടോപ്പം നാടു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കരഞ്ഞു പോയതാണ് കാക്കയെ സൈന്യത്തിന്റെ പിടിയിലാകാന്‍ ഇടയാക്കിയത് എന്നാണറിയുന്നത്. കാക്കയെ ഇപ്പോള്‍ പോലീസ് കസ്റ്റടിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോ കേസുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്നവിവരം. ശ്രീ ഉപ്പന്‍ താങ്കള്‍ കാക്കയുമായി വളരെക്കാലമായി അടുപ്പത്തിലാണെന്ന് കേള്‍ക്കുന്നല്ലോ... കാക്കയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെപ്പറ്റി താങ്കള്‍ക്കു നേരത്തെ അറിയില്ലായിരുന്നോ.
ഉപ്പന്‍: എനിക്ക് കാക്കയുമായി ബന്ധമുണ്ടായിരുന്നു എന്നത് വെറും തെറ്റായ ആരോപണമാണ്. കാക്കയുടെ പോക്ക് ശരിയല്ല എന്നു ആദ്യം പറഞ്ഞതുതന്നെ ഞാനല്ലേ. കാക്കയുമായി എന്റെ ബഹുമാനപ്പെട്ട സുഹൃത്ത് ശ്രീ കോഴിക്കുള്ള അടുപ്പം മറച്ചുപിടിക്കാന്‍വേണ്ടി കോഴിയുടെ ആള്‍ക്കാര്‍ വെറുതെ കെട്ടിച്ചമച്ച കഥയാണ് ഇതൊക്കെ.
മാട: ശ്രീ കോഴിപ്പൂവന്‍.... ഉപ്പന്‍ പറഞ്ഞത് താങ്കള്‍ കേട്ടുകാണും.... എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്....?
കോഴി: എന്റെ മാടെ.... ഉപ്പന്റെ അവസരവാദപരമായ പ്രതികരണം മാത്രമാണിത്. ഉപ്പനും കാക്കയും തമ്മിലുള്ള ബന്ധം ഈ നാട്ടില്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. രണ്ടുപേരെയും കണ്ടാല്‍ ഏകദേശം ഒരുപോലെയല്ലേ ഇരിക്കുന്നതുതന്നെ . കോട്ടയത്ത് ഒരു പിഞ്ചു കുഞ്ഞിന്റെ കയ്യില്‍നിന്നു കാക്ക നെയ്യപ്പം തട്ടിപ്പറിച്ചപ്പോള്‍ കാക്കയെ നാട്ടുകാരില്‍ നിന്നും രക്ഷപെടുത്തിയത് ശ്രീ ഉപ്പനാണെന്ന് ഈ നാട്ടില്‍ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. കൂടാതെ ഇപ്പോള്‍ കാക്ക ഉള്‍പ്പെട്ട നെയ്യപ്പം കടലില്‍ എറിഞ്ഞ കേസില്‍ കാക്കയെ രക്ഷിക്കാന്‍ ഉപ്പന്‍ എന്തെല്ലാം വൃത്തികെട്ട ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്...?
മാട: ശ്രീ ഉപ്പന്‍.... കേള്‍ക്കാമോ....? എന്താണ് താങ്കളുടെ പ്രതികരണം...? ഈ ആരോപണങ്ങള്‍ക്ക് താങ്കള്‍ എന്തു
മറുപടി പറയുന്നു... ശ്രീ ഉപ്പന്‍ താങ്കളിലേക്ക് തിരിച്ചു വരാം... ഇപ്പോള്‍ സൗദി അറേബ്യയിലെ റിയാദില്‍ നിന്നു തത്ത എന്നൊരു പ്രേക്ഷകന്‍ ലൈനിലുണ്ട്.... ശ്രീ തത്ത.... പറഞ്ഞുകൊള്ളൂ.
തത്ത: ഹല്ലോ... ഹല്ലോ... ഉപ്പന്‍ പറയുന്നത് വളരെ തെറ്റായ കാര്യങ്ങളാണ്. കാക്കയുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് ആര്‍ക്കാണ് അറിയില്ലാത്തത്. കാക്കയുടെ തീവ്രവാദപരമായ പ്രവര്‍ത്തനങ്ങള്‍മൂലം ഇവിടെ റിയാദില്‍ കാക്കകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പത്തു വര്‍ഷമായി ഞാന്‍ ഇവിടെ ഒരു കാക്കയെപ്പോലും കണ്ടിട്ടില്ല.
മാട: വളരെയധികം നന്ദി ശ്രീ തത്ത... റിയാദില്‍ കാക്കകളില്ലെന്നാണ് ശ്രീ തത്ത പറയുന്നത്. ശ്രീ ഉപ്പന്‍.... കോഴിയുടെ ആരോപണങ്ങള്‍ക്ക് താങ്കള്‍ എന്തു മറുപടി പറയുന്നു.
ഉപ്പന്‍: മാടെ... ശ്രീ കോഴിയുടെ ജല്‍പ്പനങ്ങള്‍ മറുപടി അര്‍ഹിക്കുന്നേയില്ല.. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അല്ലെങ്കില്‍ ഈ നാട്ടിലെ പക്ഷികള്‍ പറയട്ടെ... കഴിഞ്ഞ വര്ഷം മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂമ്പാരത്തിന് മുകളില്‍ കോഴിയും കാക്കയും ഒന്നിച്ചു നിന്നു ചികഞ്ഞുപെറുക്കുന്നത് ഈ നാട്ടിലെ എല്ലാ പത്രങ്ങളിലും ഫോട്ടോ വന്നതല്ലേ.... തന്നെയുമല്ല... കുറച്ചുനാള്‍മുമ്പ് ഒരു വീട്ടിലെ അടുക്കളവശത്ത് കോഴിയും കാക്കയും ഒന്നിച്ചു നിന്നത് എന്തിനാണ്....? ചായ കുടിക്കാനായിരുന്നോ...?
മാട: ശ്രീ കോഴിപ്പൂവന്‍ താങ്കളെക്കുറിച്ച് വലിയ ഒരു ആരോപണം തന്നെയാണ് ശ്രീ ഉപ്പന്‍ ഉന്നയിച്ചിരിക്കുന്നത്. എന്താണ് താങ്കള്‍ക്ക് പറയാന്നുള്ളത്. ..?
കോഴി: ഞാന്‍ ഒരിക്കലും കാക്കയെ മാലിന്യകൂമ്പാരത്തിലേക്ക് വിളിച്ചിട്ടില്ല. ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാക്ക അവിടെ സ്വമേധയാ പറന്നു വന്നിരിക്കുകയാണുണ്ടായത്. മുനിസിപ്പാലിറ്റിയുടെ മാലിന്യത്തില്‍ വന്നിരിക്കരുതെന്നു കാക്കയോടു ഞാന്‍ എന്തിനു പറയണം. കാക്ക എന്തു ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. പക്ഷെ... ഈയിടക്ക് കാക്കയും ശ്രീ ഉപ്പനും ഒരേ വേലിയില്‍ ഒന്നിച്ചിരിക്കുന്നത് എല്ലാവരും കണ്ടതല്ലേ. ആജന്മ സുഹൃത്തുക്കളെപ്പോലെ രണ്ടുപേരും കൊക്കുരിമ്മിയിരിക്കുന്ന ഫോട്ടോ എല്ലാവരും പത്രങ്ങളില്‍ കണ്ടതല്ലേ.
മാട: ഞാന്‍ താങ്കളിലേക്ക് തിരിച്ചുവരാം.... ഇപ്പോള്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഒട്ടകപ്പക്ഷി ലൈനില്‍ ഉണ്ട്.... ശ്രീ ഒട്ടകപ്പക്ഷി പറഞ്ഞുകൊള്ളൂ...
ഒട്ട: ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി എന്താ ഞാന്‍ പറയുക. ഇവിടെ ഇത്രയേറെ വൃത്തികേടുകള്‍ കാണിച്ച ഒരു പക്ഷി ഞങ്ങളുടെ നാട്ടിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ തന്നെ ശ്രീ ഉപ്പനും ശ്രീ കോഴിയും പറയുന്നത് എന്താണ്. രണ്ടുപേരും പരസ്പരം ചെളിവാരിയെരിയുകയല്ലാതെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്നോ അതിന്റെ പ്രതിവിധി എന്താണെന്നോ അന്വേഷിക്കുകയല്ലല്ലോ ചെയ്യുന്നത്.
മാട: ശ്രീ ഉപ്പന്‍ ഈ ആരോപണത്തെ താങ്കള്‍ എങ്ങനെ നേരിടുന്നു....
ഉപ്പന്‍: ഞാനും കാക്കയും ഒരിക്കലും കൊക്കുരുമ്മി ഇരുന്നിട്ടില്ല. പിന്നെ ആ ഫോട്ടോയുടെ സത്യാവസ്ഥ ഇതാണ്. വേലിയില്‍ ഞാന്‍ ഇരുന്നതിന്റെ വളരെ അകലെയാണു കാക്ക ഇരുന്നിട്ടുള്ളത്. പക്ഷെ ഒരു വശത്ത് നിന്നു ഫോട്ടോ എടുക്കുമ്പോള്‍ രണ്ടുപേരും കൊക്കുരുമ്മി ഇരിക്കുന്നതായിട്ടേ തോന്നുകയുള്ളൂ... ഇതു തെറ്റായ തരത്തില്‍ പ്രസിദ്ധീകരിച്ചു എനിക്ക് പക്ഷികള്‍ക്കിടയിലുള്ള ഇമേജ് തകര്‍ക്കാന്‍ വേണ്ടി ശ്രീ കോഴിയുടെ പിന്തുണയോടെ ചില മാധ്യമ സിണ്ടിക്കേറ്റുകള്‍ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ ഇവിടുത്തെ സാധാരണക്കാരായ പക്ഷികള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
മാട: ഇപ്പോള്‍ ശ്രീ കുയില്‍ ലൈനില്‍ ഉണ്ട്.... അദ്ദേഹം യാത്രയിലാണ് ശ്രീ കുയില്‍... കാക്ക ചോദ്യം ചെയ്യലില്‍ താങ്കളുടെ പേര് പറഞ്ഞുവെന്നാണല്ലോ കേള്‍ക്കുന്നത്. താങ്കളും കാക്കയും തമ്മില്‍ പണ്ട് മുതലേ ബന്ധമുണ്ട് എന്നാണല്ലോ പറയപ്പെടുന്നത്. താങ്കളുടെ ആളുകള്‍ കാക്കയുടെ കൂട്ടിലാണ് മുട്ടയിടുന്നതെന്ന് കേള്‍ക്കുന്നു. ഇതിലെന്തെങ്കിലും യാഥാര്ത്യമുണ്ടോ...?
മാട: ശ്രീ കുയിലുമായുള്ള ടെലിഫോണ്‍ ബന്ധം തടസ്സപ്പെട്ടിരിക്കുന്നു. അദ്ദേഹം യാത്രയിലാണ്.... ശ്രീ ചെമ്പരുന്ത്, ഉപ്പന്റെയും കോഴിയുടെയും കുയിലിന്റെയും നിലപാടുകള്‍ വ്യക്തമാണ്... എന്താണ് താങ്കളുടെ പ്രതികരണം...
ചെമ്പരുന്ത്: ഞാന്‍ എല്ലാവരുടെയും പ്രസ്താവനകള്‍ ശ്രദ്ധിക്കുകയായ്രിന്നു. ഇവിടെ സമാധാനം നിലനിര്‍ത്താനല്ല ശ്രീ ഉപ്പനും, കോഴിയും കുയിലും ശമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാക്കയെ ഇത്രയും വളരാന്‍ അനുവദിച്ചത് ശ്രീ കോഴിയും ശ്രീ ഉപ്പനും തന്നെയല്ലേ... രണ്ടുപേരും അവരവരുടെ കാര്യസാധ്യത്തിനായി കാക്കയെ ഉപയോഗിച്ചു എന്നുള്ളത് വ്യക്തമാണ്. കാക്ക തട്ടിയെടുത്ത നെയ്യപ്പവും മാമ്പഴവുമെല്ലാം ഉപ്പനും കോഴിയുമായി പങ്കുവക്കുകയായിരുന്നു. അതെപ്പറ്റി ഏതെങ്കിലും ഒരു കേന്ദ്ര എജെന്സിയെക്കൊണ്ട് ശക്തമായ അന്വേഷണം നടത്തണം എന്നു ഞാന്‍ ആവശ്യപ്പെടുകയാണ്. എന്നെ അകറ്റിനിര്‍ത്താന്‍ വേണ്ടി മൂവരും ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. പരസ്പരമുള്ള ഈ ആരോപണങ്ങളെല്ലാം വെറും പുകമറ മാത്രമാണ്. ഞാന്‍ എപ്പോഴെങ്കിലും ഭക്ഷണം തേടി നാട്ടിന്‍പുറത്തേക്കിറങ്ങിയാല്‍ ഉപ്പനോ കോഴിയോ കാക്കയെ വിവരം അറിയിച്ചു നാട്ടിലുള്ള കാക്കകളെല്ലാംകൂടി എന്നെ കൊത്തി പറപ്പിച്ചു നാടുകടത്തുകയല്ലേ ചെയ്യാറുള്ളത്.....
മാട: ശ്രീ ചെമ്പരുന്ത് താങ്കളുടെ നിലപാട് വ്യക്തമാണ്.... ഞാന്‍ താങ്കളിലേക്ക് തിരിച്ചുവരാം... ഇപ്പോള്‍ വയനാട്ടില്‍നിന്നും വാനമ്പാടി എന്നൊരു പ്രേക്ഷക ലൈനില്‍ ഉണ്ട്.... ശ്രീമതി വാനമ്പാടി പറഞ്ഞുകൊള്ളൂ....
വാനമ്പാടി: ഹലോ.... ഹലോ.... ഞാന്‍.... ഹലോ....
മാട: ഹല്ലോ ..... ആ ലൈന്‍ കട്ടായെന്നു തോന്നുന്നു.. ഹലോ... ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നു തൂക്കണാംകുരുവി എന്നൊരു പ്രേക്ഷകന്‍ ലൈനില്‍ ഉണ്ട്. ശ്രീ തൂക്കണാംകുരുവി.... പറഞ്ഞോളൂ.....
തൂക്ക: ഹലോ....നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു. എന്താണ് ഈ കോഴിയും ഉപ്പനും കുയിലും ചെമ്പരുന്തുമെല്ലാം പറയുന്നത്. നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന് ഇവര്‍ക്ക് അല്പം പോലും ആഗ്രഹമില്ല. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടികൂടാന്‍ മാത്രമല്ലെ ഇവര്‍ക്ക് സമയമുള്ളൂ. അതിനുവേണ്ടി എന്തു വൃത്തികേട് ചെയ്യാനും ഇവര്‍ക്ക് മടിയില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരസ്പരം കുറ്റം പറയാന്‍ മാത്രമല്ലെ സമയമുള്ളൂ... നാട്ടിലെ സാധാരണക്കാരായ പക്ഷികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടോ... നാടുവിട്ട് മറുനാട്ടില്‍ ചേക്കേറിയ ഞങ്ങളെപ്പോലുള്ള പക്ഷികള്‍ക്ക് നമ്മുടെ നാട്ടില്‍ നടക്കുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ നാണക്കേട് കൊണ്ട് തല കുനിഞ്ഞുപോവുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പ്രതിപക്ഷം ഭരണകൂടത്തെ ഭരിക്കാന്‍ അനുവദിക്കുന്നു. എന്തെങ്കിലും തെറ്റുണ്ടായാല്‍ നിയമസഭയിലും കോടതിയിലുമായി അതിനെ നേരിടുന്നു. അല്ലാതെ അവിടുത്തെപ്പോലെ മുട്ടിനുമുട്ടിനു ഹര്‍ത്താല്‍ നടത്തിയും പൊതുമുതല്‍ നശിപ്പിച്ചുമല്ല പക്ഷികള്‍ പ്രതികരിക്കുന്നത്. അന്യ സംസ്ഥാനങ്ങളെപ്പോലെ നമ്മുടെ നാട്ടില്‍ എന്താ ചില്ലുള്ള ബസ്സുകള്‍ ഇല്ലാത്തതു. അവിടെയൊന്നും കല്ലില്ലാത്തതുകൊണ്ടല്ല. നേരെമറിച്ച്, അവിടുത്തെ പക്ഷികള്‍ അധ്വാനിച്ചു ജീവിക്കുന്നവരായതുകൊണ്ട് എന്തെങ്കിലും നശിപ്പിക്കാന്‍ അവര്‍ മുതിരില്ല. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തേണ്ടത് ജനജീവിതം തടസ്സപ്പെടുത്തിയും പൊതുമുതല്‍ നശിപ്പിച്ചുമല്ലെന്നു അവര്‍ക്ക് നന്നായറിയാം. നമ്മുടെ നാട്ടില്‍ നേതാക്കന്മാര്‍ക്ക് അധ്വാനത്തിന്റെ വില എന്തെന്ന് അറിയില്ല. വെറുതെയിരുന്നു തിന്നു മുടിച്ചു സാധാരണക്കാരെ തമ്മിലടിപ്പിച്ചു അവരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങളെ നാടുകടത്തണമെന്നാണ് എന്റെ അഭിപ്രായം. സ്വന്തം കടമകളെക്കാളേറെ അവകാശങ്ങളെക്കുറിച്ചുമാത്രം സംസാരിച്ചു അധ്വാനിക്കുന്ന ജനങ്ങളെ വഴി തെറ്റിക്കുന്നവരാണ് ഈ നേതാക്കള്‍. നമ്മുടെ നാട്ടില്‍ ഒരു പണിയും ചെയ്യാന്‍ മുതിരാത്ത അഭിമാനികള്‍ പുറം നാട്ടില്‍ ചെന്നാല്‍ ഏതു എച്ചിലും കൊത്തിവലിക്കാന്‍ തയ്യാറാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അധ്വാനത്തിന്റെ വില മനസ്സിലാകുന്നത്. ഈ കോഴിയെയും ഉപ്പനെയും പോലുള്ള വിഷങ്ങളെ വളര്‍ത്തി വലുതാക്കുന്ന നിങ്ങളെപ്പോലുള്ള മാധ്യമങ്ങളെയാണ് ആദ്യം കുറ്റിച്ചൂലിനടിക്കേണ്ടത്. അടിയന്തരപ്രാധാന്യമുള്ള എന്തെല്ലാം കാര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയൊന്നും പുറത്തു കൊണ്ടുവരാന്‍ ചാനലുകള്‍ക്ക് സമയമില്ല. ഇത്തരം ദുഷിച്ച രാഷ്ട്രീയവ്യവസ്ഥ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം നമ്മുടെ നാടു ഒരിക്കലും രക്ഷപ്പെടില്ല. അതുകൊണ്ടു...
മാട: വളരെയധികം നന്ദി ശ്രീ തൂക്കണാംകുരുവി.... ശ്രീ ഉപ്പന്‍ താങ്കള്‍..... ഉപ്പന്‍ ലൈനിലില്ലെന്നു തോന്നുന്നു... ശ്രീ കോഴി.... കേള്‍ക്കാമോ.... ക്ഷമിക്കണം... കോഴിയും ലൈനിലില്ല... ശ്രീ ചെമ്പ.... സോറി..... അദ്ദേഹത്തെയും ലഭിക്കുന്നില്ല... മൈന... താങ്കളെങ്കിലും ലൈനില്‍ ഉണ്ടെന്നു കരുതുന്നു. എന്തെല്ലാമാണ് പുതിയ വിവരങ്ങള്‍....
മൈന: ക്ളാ ക്ളാ... ക്ളീ ക്ളീ.. ആ പ്രേക്ഷകന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കും വളരെയധികം ലജ്ജ തോന്നുന്നു. എങ്കിലും ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഒന്നും പറയാതെ പോകുന്നത് ശരിയല്ല എന്നു തോന്നിയത് കൊണ്ട് പറയുകയാണ്. ഇത്തരം ഒരു ചര്‍ച്ചയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്യുന്നത് ഞാന്‍ ഇന്ന് മുതല്‍ നിര്‍ത്തുകയാണ്. അതിനു മുന്‍പ് ഇപ്പോള്‍ കിട്ടിയ ഒരു വിവരം ഞാന്‍ അറിയിച്ചുകൊള്ളട്ടെ. പോലീസുകാര്‍ ഇത്രയും ദിവസമായി തല മൂടിയിട്ട് ചോദ്യം ചെയ്തിരുന്നത് യഥാര്‍ത്ഥത്തില്‍ കാക്കയായിരുന്നില്ല. ഒരു കാക്കത്തമ്പുരാട്ടിയായിരുന്നു എന്നാണു ഇപ്പോള്‍ കിട്ടുന്ന വിവരം. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും പുറത്തു തന്നെയാണെന്നാണ് അനുമാനിക്കേണ്ടത്. ഇനി ഈ കേസില്‍ റിപ്പോര്ട്ടിങ്ങിനു എന്നെ പ്രതീക്ഷിക്കണ്ട... വളരെയധികം നന്ദി... നമസ്ക്കാരം. ക്ളാ.. ക്ളാ.. ക്ളീ ക്ളീ...
മാട: നമ്മുടെ ചര്‍ച്ച വിചാരിക്കാത്ത ഒരു നിലയിലേക്ക് എത്തിചേര്‍ന്നിരിക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം ചര്‍ച്ച തുടരാമെന്നാണ് കരുതിയിരുന്നത്. ഇനി ഇതു തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു ഇടവേളയില്ലാതെതന്നെ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. വളരെയധികം നന്ദി ശ്രീ കോഴി, ശ്രീ ഉപ്പന്‍, ശ്രീ ചെമ്പരുന്ത് ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന്. പ്രേക്ഷകര്‍ക്കും നന്ദി.
കുറിപ്പ്: ഈ പോസ്റ്റിന്റെ ആശയവിപുലീകരണത്തിന് ബര്ളിത്തരങ്ങളിലെ ഒരു പോസ്റ്റിനോട് കടപ്പാട്.
- വെണ്ണിയോടന്‍
No comments:
Post a Comment