May 22, 2016

അസമയത്തെ അതിഥികൾ

രണ്ടു ദിവസമായിട്ടു റിയാദിൽ മഴയായിരുന്നു. ഇന്നലെയും ഇന്നും രാവിലെ ഓഫീസിൽ പോയതും തിരിച്ചു റൂമിലെത്തിയതും ചാറ്റൽമഴ നനഞ്ഞുകൊണ്ടായിരുന്നു.നാട്ടിലേക്കു വിളിച്ചപ്പോൾ അവിടെയും ഇതേ കാലാവസ്ഥ തന്നെയാണ് എന്നാണ് ഭാര്യ പറഞ്ഞത്. എന്തായാലും തണുപ്പും മഴയും എല്ലാംകൂടി ചേർന്ന് നല്ല സുഖമുള്ള കാലാവസ്ഥയാണ്.

വൈകിട്ട് റൂമിലെത്തിയിട്ടു ഒരു ചൂട് കട്ടൻ ചായ ഉണ്ടാക്കി കുടിച്ചു. എന്നിട്ട് പതിവുപോലെ നെറ്റ്ഫോണിൽ നാട്ടിലേക്കു വിളിച്ചു. മക്കളുടെ സ്കൂൾ വിശേഷങ്ങളും, ഭാര്യയുടെ ജോലിസ്ഥലത്തെ തിരക്കും, തിരിച്ചു വരുമ്പോൾ മഴ നനഞ്ഞു സ്കൂട്ടർ ഓടിച്ചു പോന്നതും, പാലും പച്ചക്കറികളും വാങ്ങിയതും വീട്ടിലെത്തിയപ്പോഴേക്കും സ്കൂട്ടറിലെ പെട്രോൾ തീർന്നതും. പിന്നെ നടന്നു പോയി പെട്രോൾ വാങ്ങിക്കൊണ്ടു വന്നതും തുടങ്ങി പൊട്ടും പൊടിയുമായ എല്ലാ വിശേഷങ്ങളും  പറഞ്ഞു കേൾപ്പിച്ചിട്ടാണ് ഭാര്യ ഫോണ്‍ വിളി അവസാനിപ്പിച്ചത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ വിസ്തരിച്ചുള്ള ഫോണ്‍വിളി ഒരു ദിനചര്യയാണ്‌.

ഫോണ്‍വിളി കഴിഞ്ഞു ന്യൂസ്‌ ചാനലിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ  വക്താകൾ പരസ്പരം തെറി വിളിക്കുകയും കടിച്ചുകീറുകയും ചെയ്യുന്ന ദിവസേനയുള്ള ന്യൂസ്‌ ചർച്ച കുറെ നേരം ആസ്വദിച്ചു. സത്യത്തിൽ, ഇരുന്നു ആസ്വദിച്ച് കാണാൻ പറ്റിയ ഏറ്റവും നല്ല കോമഡി പ്രോഗ്രാമാണ് ഈ ന്യൂസ്‌ ചര്ച്ച. ചാനലുകള്ക്ക് ദിവസവും എന്തെങ്കിലും ഒരു വിഷയം കിട്ടും. അതിനെപ്പറ്റി വായിൽ വരുന്നതൊക്കെ വിളിച്ചുപറയാൻ നല്ല തൊലിക്കട്ടിയുള്ള കുറച്ചു നേതാക്കളും. യഥാർഥത്തിൽ വിഷയത്തിന്റെ കാലിക പ്രസക്തിയെപ്പറ്റിയോ പ്രശ്നത്തെ എങ്ങനെ നേരിടണമെന്നോ എന്നല്ല ചർച്ച പോവുക. മറിച്ചു, മുൻകാലങ്ങളിൽ ഇത്തരം വിഷയങ്ങളിൽ എതിർ പാർട്ടികൾ സ്വീകരിച്ച നിലപാടുകളെ കുറ്റപ്പെടുത്തുകയും പരസ്പരം ചെളി വാരിയെറിയുകയുമാണ് ചാനൽ ചർച്ചയിൽ നേതാക്കൾ സ്ഥിരം നടത്തുന്ന കലാപരിപാടി. മുട്ടാടുകളെ തമ്മിലിടിപ്പിക്കുന്ന കുറുക്കൻറെ റോളാണ് ചാനലിലെ ന്യൂസ്‌ അവതാരകന്.

ചാനൽ ചർച്ച കഴിഞ്ഞപ്പോഴാണ് മൊബൈലിൽ ഭാര്യയുടെ മിസ്ഡ് കാൾ കണ്ടത്. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ഭാര്യ മിസ്ഡ് കാൾ ചെയ്യാറുള്ളൂ. നേരിയൊരു ടെൻഷനോടെ തിരിച്ചു വിളിച്ചു. 

"എന്തിനാണ് മിസ്ഡ് കാൾ വിട്ടത്?", ഞാൻ.

"അതേയ്... ഇവിടെ ഒരു പ്രശ്നമുണ്ട്"... ഭാര്യ.

"എന്താ?... എന്ത് പറ്റി ?..." എനിക്ക് ടെൻഷനായി...

"അത്..... ഒരു തള്ളയും മൂന്നു മക്കളും കൂടെ വീട്ടിൽ വന്നു കയറി.  മഴയത്താണ് വന്നത്.
ഇപ്പോൾ മഴ മാറി. പക്ഷെ അവർ പോകുന്നില്ല.."

"അവരെ വേഗം ഇറക്കി വിടാൻ നോക്ക്... സന്ധ്യയായില്ലേ?.." എന്റെ ടെൻഷൻ കൂടി...

"ഞാൻ ഇറക്കിവിടാൻ നോക്കി.. പക്ഷെ അമ്മയും മക്കളും ഭയങ്കര കരച്ചിലാണ്... ആ ചെറിയ കുഞ്ഞുങ്ങളുടെ കരച്ചിൽ  കണ്ടിട്ട് ഇരുട്ടിലേക്ക് ഇറക്കി വിടാൻ തോന്നുന്നില്ല."

"എന്നാൽ നീ അവരെ സ്വീകരിച്ചു സദ്യയൊരുക്കി വീട്ടില് കിടത്തിയുറക്ക്‌..." എനിക്ക് ദേഷ്യം വന്നു... "ആരാ... എന്താ... എന്നൊന്നും അറിയില്ല...കാലം അത്ര നന്നല്ല.... ഓര്മ്മ വേണം..."

"എന്നാലും ആ ചെറിയ മക്കളെ എങ്ങനെയാ ഈ ഇരുട്ടിലേക്ക് ഇറക്കി വിടുന്നത്... പുറത്താണെങ്കിൽ തെരുവ് നായ്ക്കൾ ധാരാളമുണ്ട്... അവ ഈ കുഞ്ഞുങ്ങളെ കടിച്ചുകീറും..."

"അതൊന്നും നമ്മൾ നോക്കേണ്ട.... നീ അവരെ പുറത്താക്കി ഗേറ്റടക്ക്.. വേണമെങ്കിൽ അപ്പുറത്തെ വീട്ടിൽനിന്ന് ആരെയെങ്കിലും സഹായത്തിനു വിളിക്ക്.." ഞാൻ എന്റെ കർക്കശ നിലപാട് വ്യക്തമാക്കി.

"അവരൊക്കെ നേരത്തേ കതകടച്ചു.... എന്തായാലും ഈ രാത്രി ഞാൻ അവരെ ഇറക്കി വിടുന്നില്ല... നാളെ എന്താ വേണ്ടതെന്നു നോക്കാം.."

"അതൊന്നും പറ്റില്ല... അവരെ ഇറക്കി വിടണം...." ഞാൻ 

"ആ കുഞ്ഞുങ്ങളുടെ കരഞ്ഞു തളര്ന്ന  മുഖം കണ്ടിട്ട്   ബലം പ്രയോഗിച്ചു ഇറക്കി വിടാൻ എനിക്ക് സാധിക്കുന്നില്ല... എന്റെ സ്ഥാനത്തു നിങ്ങളാണെങ്കിലും അത് ചെയ്യില്ല... ഞാൻ വാട്ട്സ്ആപ്പിൽ  അവരുടെ ഒരു ഫോട്ടോ അയച്ചുതരാം.  അത് കണ്ടിട്ട് നിങ്ങൾ പറ നിരാലംബരായ ആ അമ്മയെയും മക്കളെയും ഞാൻ എന്താണ് ചെയ്യേണ്ടതെന്ന്..."

ഭാര്യ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു. ഒരു മിനറ്റു കഴിഞ്ഞപ്പോൾ വാട്ട്സ്ആപ്പിൽ ഫോട്ടോ വന്നു. ഫോട്ടോ നോക്കിയിട്ട് ഞാൻ വീണ്ടും ഭാര്യക്ക്‌ വിളിച്ചു. 

"നീ വേഗം ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും കഴിക്കനെന്തെങ്കിലും കൊടുക്ക്‌... പാലുണ്ടെങ്കിൽ കുറച്ചു ചൂടാക്കി ആ മക്കൾക്ക്‌ കൊടുക്ക്.... പാവങ്ങൾ.... അവർക്ക്  നല്ല ക്ഷീണമുണ്ടാകും..." എന്റെ മനസ്സില്  മനുഷ്യഭാവം മാറി മൃഗനന്മ തളിരിടാൻ തുടങ്ങി...

"ഇവരെ എന്ത് ചെയ്യണമെന്നു ചോദിക്കാനാണോ നീ  മിസ്ഡ് കാൾ ചെയ്തത്..? "

"അല്ല... നാളെ കരണ്ടു ബില്ല അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ്. അത് ഓണ്‍ലൈൻ ആയി അടക്കണമെന്ന് ഓർമ്മപ്പെടുത്താനാ വിളിച്ചത് .."