Nov 29, 2011

സൈക്കിള്‍ പഠനം - ഒരു ഫ്ലാഷ് ബാക്ക്


ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. അക്കാലത്തെ ഏതൊരു ആണ്‍കുട്ടിയെയുംപോലെ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുക എന്നത് എന്റെയും ഒരു വലിയ സ്വപ്നമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ വളയം ഉരുട്ടിക്കൊണ്ടാണ് എവിടെക്കെങ്കിലും പോവുകയും വരുകയുമൊക്കെ ചെയ്തിരുന്നത്. കിണറ്റില്‍ വെള്ളം കോരുന്ന  പഴയ ഇരുമ്പ് ബക്കറ്റു ഉപയോഗശൂന്യമാകുമ്പോള്‍ അതിന്റെ കൈപിടി ഊരിയെടുത്തു കൊല്ലനെക്കൊണ്ട് വിളക്കിച്ച് ഒരു റിംഗ് ആക്കി എടുക്കും ഇതാണ് വളയം. ഇത് ഉരുട്ടിക്കൊണ്ട്‌ പോകാന്‍ കുടയുടെ മുട്ടുകമ്പി വളച്ചു ഒരു വടിയില്‍ ഫിറ്റു ചെയ്യും. ഈ വളയം തള്ളിക്കൊണ്ട് പോകുമ്പോള്‍ ഒരു സൈക്കിള്‍ ഓടിക്കുന്ന സംതൃപ്തി ലഭിച്ചിരുന്നു.

സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന സൈക്കിള്‍ഷോപ്പുകള്‍ അന്ന് സാധാരണമായിരുന്നു. ഒരു മണിക്കൂറിനു അമ്പതുപൈസയോ മറ്റോ ആയിരുന്നു ചാര്‍ജ്. അര, മുക്കാല്‍, ഫുള്‍ എന്നിങ്ങനെ പല പൊക്കത്തിലുള്ള സൈക്കിളുകള്‍ ലഭ്യമായിരുന്നു. പൊക്കം കുറഞ്ഞ ഞാന്‍ അരസൈക്കിള്‍തന്നെ കഷ്ടപ്പെട്ടാണ് ഓടിച്ചിരുന്നത്.  അര സൈക്കിളുകള്‍ക്കെല്ലാം ചുവപ്പ് നിറമായിരുന്നു.   എങ്ങനെയെങ്കിലും അമ്പതു പൈസയുണ്ടാക്കി രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് സൈക്കിള്‍ വാടകക്കെടുക്കും. നന്നായി ഓടിക്കാന്‍ അറിയാവുന്നവന്‍ ടൌണില്‍ നിന്ന് സൈക്കിള്‍ വാടകയ്ക്ക് എടുത്തുകൊണ്ടുവരും. കൂടുതല്‍ സമയവും അവന്‍ തന്നെയായിരിക്കും സൈക്കിള്‍ ഓടിക്കുന്നതും. ഇടയ്ക്കു ഞങ്ങളെ കയറ്റിയിരുത്തി അല്‍പസമയം തള്ളിത്തരും. വാടക തുല്യമായി പിരിക്കും.  ഇങ്ങനെ കുറേക്കാലം സൈക്കിള്‍ പഠിച്ചു. തനിയെ ചവിട്ടിക്കയറാനൊന്നും ആയില്ല. മൈല്‍ കുറ്റിയില്‍ ചവിട്ടി സൈക്കിളില്‍ കയറി ഇരിക്കും. എന്നിട്ട് മുന്നോട്ടു ആഞ്ഞു ചവിട്ടും, ഒന്നുകില്‍ വലത്തോട്ടു മറിഞ്ഞു വീഴും. അല്ലെങ്കില്‍  വിറച്ചുകൊണ്ട് മുമ്പോട്ട്‌ പോകും, കുറച്ചു ചെല്ലുമ്പോള്‍ മറിഞ്ഞു വീഴും. എത്ര  പ്രാവശ്യം വീണിരിക്കുന്നു. ഒരിക്കല്‍  പാലത്തില്‍നിന്നു തോട്ടിലേക്ക് വീണു. എന്നിട്ടും ചിരിച്ചതല്ലാതെ കരഞ്ഞിട്ടില്ല. ചോര പൊടിഞ്ഞാലും കണ്ണീര്‍ പൊടിയില്ല... അതാണ്‌ സൈക്കിള്‍ പഠിത്തത്തിന്റെ ഒരു ഇത്.... അങ്ങനെ ഒരുവിധം ഓടിച്ചു തുടങ്ങിയ കാലത്താണ്  "മുമ്പിലത്തെ ഒപ്രൂശ്മാ" സ്വീകരണത്തിന് പഠിക്കാന്‍ പോയത്. 

"മുമ്പിലത്തെ ഒപ്രൂശ്മാ"... അതില്‍ "മുമ്പിലത്തെ" എന്നത് മലയാളമാണ്.  "ഒപ്രൂശ്മാ" ഏതു ഭാഷയാണെന്ന് എനിക്കറിയില്ല. എന്തായാലും അങ്ങനെ ഒരു സംഭവം കത്തോലിക്കാസഭയില്‍ ഉണ്ട്. സ്ഥൈര്യലേപനം എന്നാണതിന്റെ മലയാള പരിഭാഷ. കത്തോലിക്കാ സഭയിലെ  ഏഴു കൂദാശകളില്‍ രണ്ടാമത്തേതാണ് ഈ "ഒപ്രൂശ്മാ". എഴില്‍ ആറെണ്ണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി ഓരോ വിശ്വാസിയും സ്വീകരിക്കണമെന്നാണ് സഭയുടെ ചട്ടം. മുമ്പിലത്തെ ഒപ്രൂശ്മ  സ്വീകരണത്തിന്റെ ഒരുക്കത്തിന് വേണ്ടി കുറച്ചകലെയുള്ള  സണ്‍‌ഡേസ്കൂളില്‍വച്ച്  ഒരാഴ്ച രാവിലെ പത്തുമണി മുതല്‍ മൂന്നുമണി വരെ  പ്രത്യേക ക്ലാസുണ്ടായിരുന്നു.

ക്ലാസ്സുകഴിഞ്ഞു വീട്ടിലെത്തുന്നതിനു മുന്‍പ് കുറച്ചുസമയം കിട്ടും. ആ സമയത്ത്  സണ്‍‌ഡേസ്കൂളിനടുത്തുള്ള  കവലയിലെ സൈക്കിള്‍ഷോപ്പില്‍   നിന്ന്  അരമണിക്കൂര്‍ സൈക്കിള്‍ വാടകക്കെടുക്കും. എന്നിട്ട് അടുത്ത  മൈല്‍ക്കുറ്റി വരെ തള്ളിക്കൊണ്ട് പോകും. പിന്നെ സൈക്കിളില്‍ കയറി ആളൊഴിഞ്ഞ ഏതെങ്കിലും റോഡില്‍ക്കൂടി ഓടിക്കും.    നാലഞ്ചു ദിവസം ഇത് തുടര്‍ന്നപ്പോള്‍ അല്പം ധൈര്യം ആയി. അടുത്ത ദിവസം സൈക്കിളില്‍ ഓടിച്ചപ്പോള്‍ ഒരു മോഹം. അത്യാവശ്യം ബാലന്‍സ് ആയി. അടുത്ത ടൌണ്‍ വരെ ഒന്ന് പോയിക്കളയാം. അങ്ങനെ മെയിന്‍ റോഡിന്‍റെ സൈഡ് പിടിച്ചു ടൌണിലേക്ക് വിട്ടു. ഒരു വളവിലെത്തിയപ്പോള്‍ പെട്ടെന്ന് എതിര്‍വശത്തുനിന്നും ഒരു ജീപ്പ് നല്ല സ്പീഡില്‍ വന്നു. പിന്നെന്താണ് നടന്നതെന്നറിയില്ല. ഞാന്‍ ഓടക്കകത്തും സൈക്കിള്‍ എന്റെ മുതുകത്തും.  ഞാന്‍ പതുക്കെ എണീറ്റ്‌ രംഗം ഒന്ന് വീക്ഷിച്ചു. ജീപ്പുകാരന്‍ വണ്ടി നിര്‍ത്താതെ സ്ഥലം വിട്ടിരിക്കുന്നു. എന്റെ ദേഹത്ത് അവിടവിടെ പെയിന്റ് പോയിരിക്കുന്നു. ചിലടത്തൊക്കെ ചുവപ്പ് നിറത്തില്‍ ലീക്കേജും. വലതു കയ്യുടെ മുട്ടിനു താഴെ ഒരു പീസ്‌ തൂങ്ങി നില്‍ക്കുന്നു. പക്ഷെ വേദന തീരെയില്ല. ഒരു വെള്ളമുണ്ടാണ് ഉടുത്തിരുന്നത്. അതാകെ മണ്ണും ചോരയും പറ്റി നാശമായിരിക്കുന്നു. എനിക്കെന്തു സംഭവിച്ചാലും സൈക്കിളിനൊന്നും പറ്റല്ലേ എന്ന പ്രാര്‍ത്ഥനയോടെ   സൈക്കിളിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി. അതിന്റെ മുന്‍ചക്രത്തിന് മലയാളത്തിലെ 'ഭ' എന്ന അക്ഷരവുമായി സാമ്യമില്ലേ എന്നൊരു സംശയം. കര്‍ത്താവേ ഇനി സൈക്കിള്‍ഷോപ്പുകാരനോട് എന്ത് പറയും...?. ആ ജീപ്പ് ഓടിച്ചിരുന്നവനെ പാമ്പ് കടിച്ചതിനു ശേഷം ഇടി വെട്ടണേ... ഞാന്‍ സൈക്കിളിന്റെ ചക്രം കാലുകൊണ്ട്‌ ചവിട്ടിപ്പിടിച്ച് വലിച്ചു നിവര്‍ത്താന്‍ ശ്രമിച്ചു. ഒരുവിധത്തില്‍ "ഭ" യെ "മ' പോലെയാക്കി. പിന്നെ ആ ദ്വിചക്രപാദശകടത്തെ തള്ളിക്കൊണ്ട് തിരിച്ചു നടന്നു. കയ്യില്‍ ആകെക്കൂടി പത്തു രൂപയുണ്ട്. കടക്കാരനോട് എന്ത് പറയും...? "ആ ജീപ്പുകാരന്‍ എവിടെയെങ്കിലും വണ്ടി മറിഞ്ഞു ചാകണേ..." ഒരുവിധത്തില്‍  ആ സാധനം ഞാന്‍ കടയില്‍ എത്തിച്ചു. പക്ഷെ കടക്കാരനെ അവിടെയെങ്ങും കാണാനില്ല. പരിസരത്തെങ്ങും ആരുമില്ല. ഞാന്‍ സൈക്കിള്‍ മറ്റു സൈക്കിളുകളോടൊപ്പം വച്ചിട്ട് ഒന്നുമറിയാത്ത പോലെ സ്ഥലംവിട്ടു. പിന്നീടിന്നുവരെ ആ ഭാഗത്തേക്ക് പോയിട്ടില്ല. എന്നെ  മുന്‍പരിചയമില്ലാത്തതിനാല്‍ സൈക്കിള്‍ഷോപ്പുകാരന്‍ എന്നെ അന്വേഷിച്ചു വന്നതുമില്ല.

ഈ സംഭവം വീട്ടില്‍ അറിയാതിരിക്കുക എന്നതാണ് അടുത്ത പ്രധാന ആവശ്യം. അറിഞ്ഞാല്‍ തല്ലു എപ്പോ കിട്ടിയെന്നു ചോദിച്ചാ മതി.. കുറ്റങ്ങള്‍ പലതാണ്. വീട്ടിലറിയിക്കാതെ സൈക്കിള്‍ വാടക്കക്കെടുത്തു. അത് കേടാക്കി.. എന്നിട്ട് കടക്കാരന് പൈസ കൊടുക്കാതെ മുങ്ങി.   എന്റെ വീട്ടിലെ നീതിന്യായവ്യവസ്ഥയില്‍ തൂക്കിക്കൊല്ലാന്‍ ഇതൊക്കെത്തന്നെ ധാരാളം മതി. ദേഹത്തെ മുറിവുകളും ചോര പുരണ്ട തുണികളും വീട്ടില്‍ കാണാതിരിക്കാന്‍ നന്നേ പണിപ്പെട്ടു. അപ്പോഴും ഒറ്റ പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ. ആ ജീപ്പ് ഡ്രൈവറെ....."

ഒരാഴ്ച കഴിഞ്ഞു എന്റെ ചേട്ടന്‍ ഒരു വലിയ രഹസ്യം എന്നോട് വെളിപ്പെടുത്തി. ഇഷ്ടന്‍ ഇടക്കൊക്കെ വീട്ടിലറിയാതെ ഡ്രൈവിംഗ് പഠിക്കാന്‍ പോകുമായിരുന്നത്രേ... ഒരാഴ്ച മുന്‍പ് ടൌണിന്റെ അടുത്തുള്ള വളവില്‍ വച്ച് ഏതോ ഒരു തെണ്ടി സൈക്കിളുമായി ജീപ്പിനു മുന്‍പില്‍ ചാടി.. ആരും കാണാഞ്ഞതുകൊണ്ട് മൂപ്പന്‍ വണ്ടി നിര്‍ത്താതെ വിട്ടുപോന്നു.  സൈക്കിളുകാരന്‍ ചത്തോ..ജീവിച്ചോ... ഒരു പിടിയുമില്ല...

"എടാ തെണ്ടി ചേട്ടാ.... അപ്പൊ അത് നീയാരുന്നല്ലേ...."

Oct 16, 2011

പുലിവേട്ട

അന്ന് ഞങ്ങളുടെ നാട്ടില്‍  പുലിയിറങ്ങിയതിനുശേഷം പിന്നീടങ്ങോട്ട് രണ്ടാഴ്ചത്തേക്ക് നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാത്രിയില്‍ നാട്ടിലെ പുരുഷന്മാര്‍ അഞ്ചും ആറും പേരുടെ സംഘങ്ങളായി വെട്ടുകത്തി, വടി, ഉലക്ക മുതലായ ആയുധങ്ങളുമായി  അവിടവിടെ കാവലിരുന്നു. നേരംപോക്കാന്‍ ചീട്ടുകളിക്കുകയും ഉറക്കം വരാതിരിക്കാന്‍ കട്ടന്‍ചായയും നാടന്‍ചാരായവും മാറി മാറി അടിക്കുകയും ചെയ്തു.  ചിലര്‍ രണ്ടുംകൂടി കലര്‍ത്തി കൃത്രിമബ്രാണ്ടി ഉണ്ടാക്കി അടിച്ചു. സ്ത്രീകള്‍ വീട്ടിലിരുന്നു ചായയുണ്ടാക്കി കാവലിരിക്കുന്ന പുരുഷന്മാര്‍ക്ക് എത്തിച്ചു കൊടുത്തു. ചുരുക്കത്തില്‍ രാത്രിയില്‍ ആരും ഉറങ്ങാതായി.  പകല്‍ പണിക്കൊന്നും പോകാതെ വീട്ടില്‍ കിടന്നുറങ്ങും.  കള്ളന്മാര്‍ രാത്രിയിലെ ജോലി പകലേക്ക് മാറ്റി. അങ്ങനെ ആ പുലി നാട്ടുകാരുടെ ചര്യകള്‍ തന്നെ മാറ്റിമറിച്ചു.
തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടി പുലി ഇടക്കൊക്കെ അവിടവിടെ പ്രത്യക്ഷപ്പെട്ടു. ആട്, പട്ടി, പശുക്കുട്ടികള്‍ മുതലായ വളര്‍ത്തുമൃഗങ്ങള്‍  സ്ഥിരമായി വീടുകളില്‍ നിന്നു അപ്രത്യക്ഷമാകാന്‍ തുടങ്ങി. പുലിയെ കണ്ടവര്‍ പുലിയുടെ മുന്‍പില്‍നിന്ന് രക്ഷപ്പെട്ട വീരകഥകള്‍ നാട്ടുകാരെ പൊടിപ്പും തൊങ്ങലും വച്ച് വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. ചിലര്‍ പുലിയെ ചവുട്ടി വീഴ്ത്തിയിട്ട് ഓടിയെന്നൊക്കെയായിരുന്നു വീരവാദം. സത്യാവസ്ഥ പുലിക്കും ഓടിയവര്‍ക്കും മാത്രമേ അറിയൂ. ചിലരുടെ പുറകെ ഓടിയ പുലി മലമൂത്രങ്ങളില്‍ തെന്നി വീണെന്നും നാറ്റം സഹിക്കാന്‍ വയ്യാതെ പുലി  തിരിച്ചോടിയെന്നും ചില എതിര്‍ കക്ഷികള്‍ പറഞ്ഞുപരത്തി.  മൂന്നാമതൊരു കൂട്ടര്‍ ജീവിതത്തിലിന്നുവരെ പുലിയെ കണ്ടിട്ടില്ലെങ്കിലും ആനയോളം വലിപ്പമുള്ള പുലിയെ കണ്ട കഥകള്‍ വര്‍ണ്ണിച്ചു നടന്നു. പുലിയിറങ്ങിയതുകൊണ്ട് സന്തോഷിച്ചത്‌ ഞങ്ങള്‍ കുട്ടികളായിരുന്നു. കാരണം പള്ളിക്കൂടങ്ങള്‍ പുലിയുടെ സന്ദര്‍ശനം പ്രമാണിച്ചു അനിശ്ചിതകാലത്തേക്ക് പൂട്ടിയതായി നോട്ടീസിട്ടു.  
അയല്‍വാസിയുടെ റബ്ബര്‍തോട്ടത്തില്‍ അതിരാവിലെ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോയ ഗോപാലനാണ് ആദ്യം പുലിയെ കണ്ടത്. അതിനുശേഷം ഗോപാലന്‍ കാര്യപരിപാടി വീട്ടിലെ കക്കൂസില്‍ തന്നെയാക്കി. എന്നാലും വല്ലവന്റെയും പറമ്പില്‍ സാധിക്കുന്ന ആ സുഖം നഷ്ടമായതില്‍ ഗോപാലന് അതിയായ വിഷമമുണ്ടായിരുന്നു . പിന്നീട് ഒന്നുരണ്ടു പേര്‍ക്ക് കൂടി പുലി ദിവ്യദര്‍ശനം നല്‍കിയതോടെ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപികരിച്ചു. പഞ്ചായത്തില്‍ പരാതി നല്‍കി. പക്ഷെ പഞ്ചായത്തിരാജ്  ആക്ടില്‍ പുലികളെപ്പറ്റി ഒന്നും പ്രതിപാദിക്കുന്നില്ല എന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. പോലീസിനെ സമീപിച്ചു. പുലിയെ പിടിച്ചു കൊടുത്താല്‍ പല്ലും നഖവും അവര്‍ പറിച്ചോളാമത്രേ.. ഒത്തുകിട്ടിയാല്‍ പുലിയെ തല്ലിക്കൊന്നോളാന്‍  അനുവാദവും കൊടുത്തു.  എങ്ങനെയുണ്ട് പോലീസ് .... അങ്ങനെ ജനങ്ങള്‍ തന്നെ പുലിയെ നേരിടാന്‍ തയ്യാറായി.വികാരിയച്ചന്റെ നേതൃത്വത്തില്‍ നാടുകാര്‍ യോഗം കൂടി. കൂലംകക്ഷമായ ചര്‍ച്ചകള്‍ക്കുശേഷം ഒരു തീരുമാനമെടുത്തു. പണ്ട് നാട്ടില്‍നിന്നു കുരങ്ങുകളെ തുരത്തിയ രീതിയില്‍ തന്നെ പുലിയേയും നേരിടുക. 
മുന്‍പൊരു കാലത്ത് ഞങ്ങളുടെ നാട്ടില്‍ കുരങ്ങുശല്യം വളരെ രൂക്ഷമായിരുന്നു. യാതൊരുവക കൃഷിയും വച്ച് വാഴിക്കില്ല. വീടുകളില്‍ കയറി ഉറിയില്‍ സൂക്ഷിച്ച ഭക്ഷണംവരെ എടുത്തുകൊണ്ടു പോകും. ഉണക്കാനിട്ട തുണികള്‍ വലിച്ചു കീറി നശിപ്പിക്കും. ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ വിടാത്ത സ്ഥിതി. ഒടുവില്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഒരു കുരങ്ങിനെ കൂട്ടത്തില്‍നിന്നു ഒറ്റപ്പെടുത്തി തല്ലിക്കൊന്നു. മറ്റു കുരങ്ങുകള്‍ അന്ന് ഞങ്ങളുടെ നാട്ടില്‍നിന്നു പലായനം ചെയ്തു. പിന്നീടിന്നുവരെ കുരങ്ങന്മാര്‍ വഴി തെറ്റിപ്പോലും ഞങ്ങളുടെ നാട്ടില്‍ വന്നിട്ടില്ല. 
പുലിയെപ്പിടിക്കാന്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മസമിതിയുണ്ടാക്കി.  ആരെങ്കിലും പുലിയെ കണ്ടാല്‍ കര്‍മ്മസമിതിയിലുള്ളവരെ അറിയിക്കണമെന്ന് നാടാകെ നിര്‍ദേശം നല്‍കി. രണ്ടുദിവസം കഴിഞ്ഞു അതിരാവിലെ പതിവുപോലെ പുഴവക്കത്തെ ഇല്ലിച്ചുവട്ടില്‍ പ്രാഥമിക കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന കുമാരന്‍ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. പുലി ഒരു ആടിനെയും കടിച്ചു തൂക്കിക്കൊണ്ട്‌ പുഴവക്കത്തേക്കു ചാഞ്ഞു നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ക്കിടയിലേക്ക് കയറുന്നു.  വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ പുക പുറത്തേക്കു വിടുന്നതിനു പകരം അകത്തേക്ക് വിഴുങ്ങിപ്പോയി. പെട്ടെന്ന് കുമാരന്‌ സ്ഥലകാലബോധമുണ്ടായി. അയാള്‍ കാര്യപരിപാടി പകുതിക്ക് നിര്‍ത്തി നേരെ പള്ളിമുക്കിലെ ചായക്കടയിലെക്കോടി. അവിടെ പതിവുപോലെ ചിലര്‍ പുലിമാഹാത്മ്യം ആട്ടക്കഥ തുടങ്ങിയിരുന്നു.  സ്ഥലത്തെ ആസ്ഥാന വായനോക്കിയായ ചെല്ലപ്പന്‍ പണ്ട് തന്റെ അമ്മാവന്‍  ഒറ്റയ്ക്ക് പുലിയെ പിടിക്കാന്‍ പോയ കഥ വിവരിക്കുകയായിരുന്നു.

"അമ്മാവനോട്  ഞങ്ങളും നാട്ടുകാരുമൊക്കെ പറഞ്ഞതാ  ഒറ്റയ്ക്ക് പുലിയുടെ അടുത്തേക്ക് പോകരുതെന്ന്..  പക്ഷെ അമ്മാവന്‍  കേട്ടില്ല..."
"എന്നിട്ടോ..?" ഒരു പുതുതലമുറ പ്രേക്ഷകന്‍.
"എന്നിട്ടെന്താ....  അമ്മാവന്റെ  കടീം തീര്‍ന്നു.  പുലീടെ വിശപ്പും മാറി... അമ്മായിക്ക്  സര്‍ക്കാരിന്റെ നഷ്ടപരിഹാരവും കിട്ടി..."

ചായക്കടയിലേക്ക് ഓടിക്കയറിയ കുമാരന്‍ ഒന്നും മിണ്ടാന്‍ വയ്യാതെ കണ്ണും തള്ളി കുറച്ചു നേരം നിന്നു.  പണ്ടേ ബലഹീനന്‍ പോരെങ്കില്‍ വലിവും. കുമാരന്റെ പരവേശം കണ്ടപ്പോള്‍തന്നെ എന്തോ പന്തികേടുണ്ടെന്നു  ചായക്കടക്കാരന്‍ തോമ്മാച്ചന് മനസ്സിലായി. 
"എന്താടാ കുമാരാ..നിനക്കെന്തു പറ്റി..''
കുമാരന്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആന്ഗ്യം കാണിച്ചു. തോമ്മാച്ചന്‍ ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുമാരന്‌ കൊടുത്തു. 
"ഇതെന്നാടാ നിന്നെ ഒരു നാറ്റം... നീ എവിടുന്നാ ഓടിവരുന്നെ..."
"ഞാന്‍.... അവിടെ..   പുലിയെ.... " കുമാരന്‍ വിക്കി വിക്കി പറയാന്‍ തുടങ്ങി.
" അത് ശരി... അപ്പൊ അതാ കാര്യം.... വെറുതെയല്ല നാറുന്നത്.... അങ്ങോട്ട്‌ പുറത്തേക്കിറങ്ങി നില്ല്..  കഴുകിയിട്ട് അകത്തു കയറിയാ മതി..." 
"സത്യമായിട്ടും ഞാന്‍ കണ്ടു... പുഴവക്കത്തെ ആറ്റുവഞ്ചി മരത്തിന്റെ ചുവട്ടിലുണ്ട്..." 
സംഗതി സത്യമാണെന്ന് എല്ലാവര്ക്കും മനസ്സിലായി. അവര്‍ വിവരം കര്‍മ്മസമിതിയെ അറിയിക്കാനായി പുറപ്പെട്ടു. തോമ്മാച്ചന്‍ ചായക്കടക്കു തല്ക്കാലത്തേക്ക് അവധി പ്രഖാപിച്ചു. 
കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പുഴക്കരയിലേക്ക് നീങ്ങി. കയറുകളും വോളിബോള്‍ നെറ്റുകളും നാടന്‍ വലകളുമൊക്കെയായി കര്‍മ്മസമിതി പുഴക്കരയിലെത്തി. വികാരിയച്ചന്‍ കുരിശുവരച്ചു അവരെ അനുഗ്രഹിച്ചു. കേട്ടവര്‍ കേട്ടവര്‍ പുഴക്കരയിലെക്കോടി. ഒരു മണിക്കൂറുകൊണ്ട് പുഴയുടെ രണ്ടു കരയും ജനങ്ങളെക്കൊണ്ട് നിറഞ്ഞു.   ജനങ്ങളെ നിയന്ത്രിക്കാന്‍ ചില വളണ്ടിയര്‍മാര്‍ സ്വമേധയാ കര്‍മ്മനിരതരായി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. മരത്തിനു ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് കര്‍മ്മസമിതി പുലിയെ പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.   
രാവിലെ അല്പം കട്ടിയായ ബ്രേക്ക്ഫാസ്റ്റിന് ശേഷം സുഖനിദ്രയിലായിരുന്ന പുലിയച്ചന്‍ പുറത്തെ കോലാഹലങ്ങള്‍ കേട്ട് പതുക്കെ കണ്ണ് തുറന്നു. കിടന്ന കിടപ്പില്‍ തന്നെ രംഗം ഒന്ന് വീക്ഷിച്ച അദ്ദേഹം ഞെട്ടിപ്പോയി. നാട്ടുകാര്‍ തന്നെ വളഞ്ഞുകഴിഞ്ഞു. പരവേശം കൊണ്ട് തൊണ്ട വരണ്ട പുലി ആടിന്റെ അവശിഷ്ടങ്ങളില്‍ തങ്ങിനിന്ന ചോര കുടിച്ചു ദാഹം തീര്‍ത്തു. എങ്ങനെ രക്ഷപെടുമെന്നാലോചിക്കുമ്പോഴാണ് ഏതോ ഒരുത്തന്‍ നീളമുള്ള വടികൊണ്ട് പുലി ഇരിക്കുന്ന മാളത്തിലേക്ക് ഒരു കുത്ത് കുത്തിയത്. നല്ല ഉന്നം... വാലിന്റെ അറ്റത്താണ് കൊണ്ടത്‌. പെട്ടെന്ന് അടുത്ത കുത്തും വന്നു. പിന്നെ തുരുതുരെ വാരിക്കുന്തങ്ങള്‍ അകത്തേക്ക് നീണ്ടു. പുലിക്കു ഒഴിഞ്ഞു മാറാന്‍ പറ്റുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ പുലി പുറത്തേക്കു ചാടി. പുറത്തേക്കു ചാടിയതേ ഉലക്കകൊണ്ടുള്ള ആദ്യത്തെ സമ്മാനം മുന്നിരയിലുണ്ടായിരുന്ന പപ്പന്റെ വക.. പിന്നെ പലരുടെ വക. അതില്‍ ചിലതു പപ്പന്റെ മുതുകിലും വീണു. ആദ്യ അടിക്കു തന്നെ പുലിയുടെ ബോധം പോയി. പപ്പന് അഞ്ചാറടി കിട്ടിയതിനു ശേഷമാണ് ബോധം പോയത്. ബോധം പോയ പുലിയുടെമേല്‍ നാട്ടുകാര്‍ കയറി നിരങ്ങി. ചതഞ്ഞരഞ്ഞ പുലിയ ജനങ്ങള്‍ ഒരു ഉലക്കയില്‍ കെട്ടിത്തൂക്കി പള്ളിമുക്കിലെ കവലയിലേക്കു കൊണ്ടുവന്നു. വായനശാലയുടെ മുമ്പില്‍ പുലിയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ചു. 
ഇതിനിടെ പുലിയുടെ ജഡം പോസ്റ്റ്‌ മോര്‍ട്ടം ചെയ്യണമെന്നു ആരോ ആവശ്യപ്പെട്ടു. അത് ന്യായമാണെന്ന് നേതാക്കള്‍ക്കും തോന്നി. അങ്ങനെ ടൗണില്‍നിന്നു പോസ്റ്റ്‌ മോര്‍ട്ടം നടത്താന്‍ ഡോക്ടറെ വരുത്തി. ഡോക്ടര്‍ എത്തുന്നതുവരെ  പൊതുജനങ്ങള്‍ക്കു മൃതശരീരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൌകര്യമുണ്ടായിരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ അനൌണ്സ് ചെയ്തു. അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍  തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ പാടുപെട്ടു. പുലിയുടെ രക്തം കൊണ്ട് കുറി തൊട്ടാല്‍ ഭയം മാറി ധൈര്യം വരുമെന്നുള്ള കേട്ടുകേഴ്വിയനുസരിച്ച്. ഭക്തജനങ്ങള്‍ പുലിയുടെ രക്തം കൊണ്ട് മുലകുടി മറാത്ത കുട്ടികളെ വരെ കുറി തൊടുവിച്ചു. ചില മിടുക്കന്മാര്‍ പുലിയുടെ പല്ലുകളും നഖങ്ങളും പറിച്ചെടുത്തു.  ഉച്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു. ചില ആന്തരികാവയവങ്ങള്‍ വിശദപരിശോധനക്ക് ടൌണിലെ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി വന്ന മൃതദേഹം പോലീസ് ബഹുമതികളോടെ സംസ്ക്കരിച്ചു. പുലിയുടെ സ്മരണാര്‍ത്ഥം പുലി ഒളിച്ചിരുന്ന പുഴക്കരക്ക് പുലിക്കടവെന്നും പള്ളിമുക്കിനു പുലിമുക്കെന്നും പേര് വീണു. 
നാലഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ ഞങ്ങളുടെ നാടിനെയാകെ പിടിച്ചു കുലുക്കി. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുലിക്കു പേവിഷബാധയുണ്ടായിരുന്നതായി തെളിഞ്ഞത്രേ. തിലകം ചാര്‍ത്തിയവരും നഖം പറിച്ചവരുമൊക്കെ അസ്തപ്രജ്ഞരായി തളര്‍ന്നിരുന്നുപോയി. അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാതായി. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൂടെ കിടത്താതായി. പുലിയെ തൊട്ടവര്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ മറ്റു കുടുംബാങ്ങള്‍ ഉപയോഗിക്കാതെയായി. നാട്ടില്‍ ആര്‍ക്കും മിണ്ടാട്ടമില്ലാതായി.  താമസിയാതെ  ആരോഗ്യ വകുപ്പിന്റെ ഒരു ജീപ്പില്‍ മൈക്ക് വച്ച് നാടാകെ ഒരു വിളംബരം നടന്നു.


"പ്രിയപ്പെട്ട നാട്ടുകാരെ, ഈ വരുന്ന ഞായറാഴ്ച മുതല്‍ പത്തു ദിവസത്തേക്ക് വെണ്ണിയോട് അങ്ങാടിയില്‍ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതായിരിക്കും. എല്ലാ നാട്ടുകാരും ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."


അനൌണ്‍സ് മെന്റ് കേട്ടപാതി കേള്‍ക്കാത്തപാതി ചാക്കോനമ്പൂതിരി കവലയിലേക്കോടി. ചായക്കടയിലിരുന്ന ചെല്ലപ്പനെ വിളിച്ചു.
"ചെല്ലപ്പാ ഒരു സ്വകാര്യം ചോദിക്കാനുണ്ട്."
" എന്താ തിരുമേനീ..."
തിരുമേനി ചെല്ലപ്പന്റെ ചെവിയില്‍ ചോദിച്ചു.
" പുലിയെ  തൊട്ട ഒരു എഭ്യന്റെ ഭാര്യയെ നോം സ്പര്ശിക്യണ്ടായി.. നമ്മള്‍ക്കും കുത്തിവപ്പു വേണ്ടി വര്വോ....?
ചെല്ലപ്പന്റെ മനസ്സില്‍ പെട്ടെന്നൊരു 'വൈല്‍ഡ് തോട്ട്.... "ഈശ്വരാ... ആ ഏഭ്യന്‍ ഞാനോ മറ്റോ ആണോ....?..."

Sep 4, 2011

എന്റെ കുഞ്ഞാമി

അനന്തന്‍ നമ്പൂതിരി ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു. കണ്ണടച്ചാല്‍ ആ മുഖം മുന്നില്‍ തെളിയുന്നു. ആമിന.... തന്റെ കുഞ്ഞാമി...   പത്തറുപതു വര്‍ഷമായി തന്റെ മനസ്സില്‍ മായാതെ നിന്ന ആ മുഖം.  ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് അവള്‍  യാത്രയായി. രാവിലെ പാലുമായി ചായക്കടയില്‍ ചെന്നപ്പോഴാണറിഞ്ഞത്. ഇന്നലെ രാത്രി പെട്ടെന്നൊരു നെഞ്ചുവേദനയായിരുന്നത്രേ. ആസ്പത്രിയിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അയാള്‍  ഓര്‍മ്മകളുടെ കൌമാരത്തിലേക്ക് തിരിച്ചുനടന്നു... പാടത്തിന്റെ  അക്കരെയും  ഇക്കരെയും  ആയിരുന്നു തന്റെയും  കുഞ്ഞാമിയുടെയും വീടുകള്‍. മതത്തിന്റെയും സമുദായത്തിന്റെയും  കാര്യത്തില്‍ തികഞ്ഞ യാഥാസ്ഥികരായിരുന്നെങ്കിലും  ഒരു കുടുംബംപോലെ കഴിഞ്ഞവര്‍. തനിക്കു അവളുടെ വീട്ടിലും അവള്‍ക്കു തന്റെ വീട്ടിലും എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നു.  ഗ്രാമത്തിലെ പള്ളിക്കൂടത്തിലേക്ക്  താനും കുഞ്ഞാമിയും ഒരുമിച്ചാണ് പോയിരുന്നത്. താന്‍ മാത്രമായിരുന്നു അവളെ കുഞ്ഞാമി എന്ന് വിളിച്ചിരുന്നത്‌. താന്‍ എഴാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി. അന്നവള്‍ നാലാം ക്ലാസ്സിലായിരുന്നു. അവളുടെ കളിക്കൂട്ടുകാരിയും  സഹപാഠിയുമായിരുന്നവള്‍   പിന്നീട്  തന്റെ അന്തര്‍ജനമായി...എങ്കിലും കുഞ്ഞാമി മനസ്സിന്റെ ഒരു കോണില്‍ മറ്റാരുമറിയാത്ത ദിവ്യപ്രണയമായി വാടാതെനിന്നു.  പാടത്തെ പൂത്തുമ്പിയെ പിടിക്കാനും, ഓണപ്പൂ പറിക്കാനും  ഒരുമിച്ചു ഓടിനടന്ന ആ കുട്ടിക്കാലം മനസ്സില്‍ മായാതെ നില്‍ക്കുന്നു.  പുഴക്കരയിലെ മണലില്‍ എത്ര തവണ കളിവീട് വച്ച് കളിച്ചിരിക്കുന്നു. പിന്നീട്, അവള്‍ വളര്‍ന്നു വലിയ പെണ്ണായപ്പോള് പുഴയിലെ  കുളിക്കടവിന്റെ അക്കരയും ഇക്കരെയും നിന്നു പരസ്പരം കളിയാക്കിയതും  തമാശകള്‍  പറഞ്ഞതും... താഴെക്കടവില്‍ അലക്കിക്കൊണ്ടിരുന്ന അവളെ മുങ്ങാംകുഴിയിട്ടു ചെന്ന്  പേടിപ്പിച്ചതും... അങ്ങനെ എന്തെല്ലാം...  പരസ്പരം തമാശകളിലൂടെയുള്ള സംഭാഷണങ്ങള്‍ പലപ്പോഴും ചെന്നെത്തിയിരുന്നത് അക്കാലത്തെ പ്രശസ്തമായിരുന്ന സിനിമാപ്പാട്ടിന്റെ ഈരടികളിലായിരുന്നു. "പാടില്ലാ.. പാടില്ലാ... നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ...." 

പരസ്പരം പ്രണയിച്ചിരുന്നു. പക്ഷെ അത് തുറന്നു പറയാന്‍ രണ്ടാള്‍ക്കും സാധിച്ചില്ല. അവള്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ മകള്‍. താനോ... സമുദായ ആചാരങ്ങള്‍ മുറുകെപ്പിടിക്കുന ഒരു ഇല്ലത്തെ പ്രജ.. രണ്ടാളും തമ്മിലടുത്താല്‍ അത് നാട്ടില്‍ ഒരു കോളിളക്കംതന്നെ സൃഷ്ടിച്ചേക്കാവുന്ന കാലം. പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളവരായിരുന്നതിനാല്‍ രണ്ടുപേരും തങ്ങളുടെ പ്രണയം ഉള്ളിലൊതുക്കി.  പിന്നീട്, അവള്‍ മറ്റൊരാളുടെ ബീവിയായി. മനസ്സില്‍ നീറ്റലോടെ അവരുടെ നിക്കാഹിനു ഓടിനടന്നു എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അന്നത്തെ അവളുടെ കണ്ണുകളിലെ വിഷാദം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.  തന്റെ കല്യാണത്തിന് കുഞ്ഞാമിയും ഭര്‍ത്താവും വന്നിരുന്നു.  അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ പ്രയാസപ്പെട്ടു അന്ന്. സംഭവിക്കുന്ന കാര്യങ്ങളുടെ ഒഴുക്കിനൊത്ത് നീങ്ങുകയല്ലാതെ മറ്റൊന്നും സാധ്യമല്ലായിരുന്ന കാലം. ഇന്നതൊക്കെ  മാറിയിരിക്കുന്നു. എല്ലാവര്ക്കും സ്വന്തം അഭിപ്രായങ്ങളും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. തന്റെ മക്കളുടെ വിവാഹക്കാര്യങ്ങളില്‍ അവരുടെ തല്പര്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം.   ആ സ്വാതന്ത്ര്യം അന്നുണ്ടായിരുന്നെങ്കില്‍....

മനസ്സ് കടിഞ്ഞാണില്ലാതെ പായുകയാണ്. കുഞ്ഞാമിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആകെക്കൂടി ഒരു തളര്ച്ചപോലെ... അവളെക്കുറിച്ചുള്ള ഓര്‍മകളുമായി   ചാരുകസേരയില്‍ അയാള്‍ അങ്ങനെ കിടന്നു. ഈശ്വരാ.... മനുഷ്യന്‍  എന്തെല്ലാം ആഗ്രഹിക്കുന്നു... അയാള്‍ കുഞ്ഞാമിയുടെ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്തു... പാവം മനുഷ്യന്‍. കുഞ്ഞാമിയെ അയാള്‍ക്ക്‌ ജീവനായിരുന്നു. അവള്‍ അയാളോടൊപ്പം സന്തോഷവതിയായിരുന്നു.  അവരുടെ മക്കള്‍.... ആ കുട്ടികളോട് തനിക്കു പ്രത്യേക വാത്സല്യമായിരുന്നു. ഉമ്മയുടെ മയ്യത്ത് പള്ളിക്കാട്ടിലെക്കെടുത്തപ്പോള്‍ അവരുടെ നിലവിളി......

തൊട്ടടുത്തുനിന്നു ഭാര്യയുടെ നിശ്വാസം അയാളെ ഉണര്‍ത്തി... തന്റെ നിറഞ്ഞ കണ്ണുകള്‍ ഭാര്യ കാണാതിരിക്കാന്‍ അയാള്‍ പ്രയാസപ്പെട്ടു.  അനന്തന്റെ മുടിയില്‍ തലോടിക്കൊണ്ട് അയാളുടെ ഭാര്യ സാന്ത്വനസ്വരത്തില്‍ ചോദിച്ചു... കുഞ്ഞാമിയെ മറക്കാന്‍ കഴിയുന്നില്ലല്ലേ...?

കുഞ്ഞാമി..?... ആ പേര്.... തനിക്കെങ്ങനെ..?.....
എല്ലാം എനിക്ക്  അറിയാം. ആമിന എന്നോട് എല്ലാം പറയുമായിരുന്നു.  അവള്‍ക്കു നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു...

അനന്തന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഇക്കാലമത്രയും ആരുമറിയാതെ താന്‍ മനസ്സില്‍ സൂക്ഷിച്ച ആ രഹസ്യം തന്റെ ഭാര്യക്ക്‌ അറിയാമായിരുന്നത്രേ... നാല്പതു വര്ഷം ഒരുമിച്ചു ജീവിച്ചിട്ടും അതെക്കുറിച്ച് ഒരു സൂചന പോലും തരാത്ത അവള്‍ ഇന്ന് തന്നെ ആശ്വസിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ ആഴങ്ങളെ ആരറിയുന്നു.. പുറമേ കാണിക്കാത്ത ആയിരമായിരം വിചാരങ്ങളും വിഷാദങ്ങളും ആ ആഴങ്ങളില്‍ അടിഞ്ഞുകിടക്കുന്നു.

അയാള്‍ ഒരു തേങ്ങലോടെ ഭാര്യയുടെ കൈകള്‍ സ്വന്തം മുഖത്തോട് ചേര്‍ത്തുപിടിച്ചു...

Aug 7, 2011

ഡ്രൈവിംഗ് ലൈസന്‍സ് - രണ്ടാം യജ്ഞം


ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഈ ക്ലച്ച് അമര്‍ത്തുക.


അടുത്ത ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ ഞരങ്ങിയും മൂളിയും കടന്നുപോയി. വീണ്ടും നിര്‍ണ്ണായക ശനി. പുണ്യവാളന്‍സിനെ എല്ലാവരേയും കാര്യങ്ങള്‍ വേണ്ടവിധം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ചത്തെപ്പോലെ പറ്റിച്ചുകളയരുത്.. രാവിലെ കൃത്യം ഏഴരയ്ക്ക് ദല്ലയില്‍ ഹാജര്‍. സ്ലിപ്പ് കൊടുത്ത് നടപടികള്‍ യഥാക്രമം ആരംഭിച്ചു. റോഡ്‌  ടെസ്റ്റിനുള്ള ക്യൂവിലെത്തി.  എന്റെ നമ്പര്‍ എത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച ടെസ്റ്റെടുത്ത അതേ പോലീസുകാരന്‍ തന്നെ. അവന്റെ മുഖത്തു പുജ്ഞം... എന്റെ മുഖത്ത് ലജ്ഞ... കാര്യങ്ങള്‍ക്ക് വിഘ്നം വരല്ലേയെന്നു വിഘ്നേശ്വരനോട്  ഒരിക്കല്‍ക്കൂടി അപേക്ഷിച്ചു. ഞാന്‍ രണ്ടാമതാണ് കയറിയത്. എന്റെ ഊഴം എത്തി. വണ്ടി മുന്നോട്ടെടുത്തു. ആഹാ.. എത്ര സുന്ദരം.. എത്ര മനോഹരം.. വണ്ടി നന്നായിട്ട് ഓടുന്നു. സാധാരണ ടെസ്റ്റ് എടുക്കുന്നതിലും കൂടുതല്‍ ഓടിച്ചിട്ടും പോലീസുകാരന്‍ ഒന്നും പറയുന്നില്ല. ഞാന്‍ ചരിഞ്ഞൊന്നു നോക്കിയപ്പോള്‍ മൂപ്പില്‍സ് മൊബൈലില്‍ കൂപ്പണ്‍ റീചാര്‍ജ് ചെയ്യുകയാണ്‌. നല്ല തല്‍സ് കൊടുക്കാന്‍ തോന്നി. പിന്നേയും കുറച്ചുദൂരം പോയപ്പോള്‍ അയാള്‍ എന്തോ പറഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കി. വണ്ടി നിന്നു. അയാള്‍ സ്നേഹത്തോടെ എറങ്ങടാ വെളിയില്‍ എന്നു പറഞ്ഞു. ദുഷ്ടന്‍! എന്നെ വീണ്ടും തോല്‍പ്പിച്ചു. ഇനി ക്ലാസ്സിനു പോവുകയേ രക്ഷയുള്ളൂ. അത് വേണ്ട ഏതെങ്കിലും   ബംഗ്ലാദേശിയെ പിടിച്ചു ക്ലാസ്സില്‍ പോകാതെ പറ്റുമോ എന്ന് നോക്കാം. (സൗദി അറേബ്യയിലെ ഏതു തരത്തിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബംഗാളികള്‍ക്ക് കഴിയും എന്നതാണ് ഇവിടുത്തെ ഒരു സെറ്റപ്പ്. എല്ലാ സര്കാരപ്പീസുകളിലും ഈ മാലാഖമാര്‍ തൂപ്പുകാരായി ജോലി ചെയ്യുന്നുണ്ടാകും. ഇവര്‍വഴി ഏതു കാര്യവും പിന്‍വാതിലിലൂടെ  സാധിക്കാം). അങ്ങനെ ആ പരിസരത്ത്  റാകിപ്പറക്കുന്ന ഒരു ബംഗാളിയെ സമീപിച്ചു. ബംഗാളിക്കു റേറ്റ് അല്പം കൂടുതലാണ്. 1500 റിയാല്‍ വേണമത്രേ. അത് വേണ്ട.. എന്നിലെ ഹരിസ്ചന്ദ്രനും ഗാന്ധിജിയും ഉണര്‍ന്നു. ഞാന്‍ ക്ലാസ്സില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. 

തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങി മെയിന്‍ കൗണ്ടറില്‍ ചെന്നു. എത്രയാണാവോ  ഫീസു കെട്ടേണ്ടത്.. സ്ലിപ്പ് കണ്ടതേ കൗണ്ടറിലിരുന്നവന്റെ മുഖം തിളങ്ങി. ഒരുത്തന്‍ വലയില്‍ വീണല്ലോ.. 435 റിയാല്‍ അടയ്ക്കണമെന്ന്‌ അയാള്‍ ഒരുവിധം അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞൊപ്പിച്ചു. ഞാനത് കേട്ടൊപ്പിച്ചു. വേള്‍ഡ് കപ്പ് ഫൈനലിനു പോകുന്ന ടീമുകള്‍ ജയിക്കുമ്പോള്‍ ആഹ്ലാദിക്കാനുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നതുപോലെ തോറ്റാല്‍ ഫീസുകെട്ടാന്‍വേണ്ടി ഞാന്‍ 500 റിയാല്‍ കയ്യില്‍ കരുതിയിരുന്നു. അതെടുത്ത് അവന്റെ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തു. ദുഷ്ടന്‍ അതു വാങ്ങിയിട്ട് 65 റിയാല്‍ തിരിച്ചുതന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ പറഞ്ഞ് പുതിയ സ്ലിപ്പ് തന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ എനിക്കു മനസ്സില്ല നീ എന്തോ ചെയ്യും... നീ നിന്റെ ഇഷ്ടം പോലെ വരുകയോ വരാതിരിക്കുകയോ ചെയ്യ്.. ഞങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടി.... ദേഷ്യം, സങ്കടം, അപമാനം ഇത്യാതി ഭാവപ്രഭാവത്തോടെ ഞാന്‍ ഓഫീസ്സിലേക്ക് പോന്നു. ഇളിഞ്ഞ മോന്തയുമായി ഓഫീസ്സില്‍ വന്നുകയറിയപ്പോള്‍ അവന്മാരുടെ ഒരു ആക്കിയ ചിരി... സാരമില്ല ഏതു ----നും ഒരു ദിവസമുണ്ടല്ലൊ...

അങ്ങനെ ഓപ്പറേഷന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടാം ഘട്ടവും എട്ടുനിലയില്‍ പൊട്ടി. പിന്നെ ഒരാഴ്ച ഡ്രൈവിങ് ലൈസന്‍സിന് ലീവ് കൊടുത്തു. എന്നാലും ഒഫീസ്സിലിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം എന്റെ തലച്ചോറ്‌ ഗിയറുകള്‍ മാറ്റുകയും സ്റ്റിയറിങ് തിരിക്കുകയും ആക്സിലറേറ്റ്ര്‍, ബ്രേക്ക്, ക്ലച്ച് എന്നിവ മാറിമാറി ചവിട്ടിക്കൊണ്ടുമിരുന്നു. ഒരാഴ്ച  കഴിഞ്ഞു. മാനം തെളിഞ്ഞു. മനസ്സു തണുത്തു. ഇനിയെങ്കിലും ക്ലാസ്സില്‍ പോയില്ലെങ്കില്‍ 435 റിയാല്‍ സ്വാഹാ... ശനിയാഴ്ച രാവിലെ ഏഴിനുതന്നെ സ്കൂളിലെത്തി. ട്രഷര്‍ ഹണ്ടിങ് ഗയിമിലെപ്പോലെ ക്ലാസ്സു നടക്കുന്ന ഹാള്‍ കണ്ടുപിടിച്ചു. അവിടേയും തരക്കേടില്ലാത്ത ജനക്കൂട്ടം... മൂന്നു മണിക്കൂറുകൊണ്ട് ഉസ്താദ് എല്ലാവര്‍ക്കും ക്ലാസ്സില്‍ വരേണ്ട സമയം ദിവസം മുതലായവ ക്ലിയറാക്കിക്കൊടുത്തു. ഇന്നത്തെ പഠിപ്പീര് കഴിഞ്ഞു, നാളെമുതല്‍ നാലുദിവസം വണ്ടി ഓടിച്ചുകളിക്കാന്‍ രാവിലെ ഏഴിനെത്തുക.. ഇതായിരുന്നു എന്റെ ടൈംടേബിള്‍.

പിറ്റേന്നു രാവിലെ ട്രയിനിങ് സ്പോട്ടിലെത്തി. ഉദ്ദേശം അറുപത് പേരോളമുണ്ടായിരുന്നു. ഉസ്താദ് ഒരു കാറുമായി വന്ന്‌ നാലുപേരെവീതം കയറ്റിക്കൊണ്ട് റോഡില്‍ ഒരു റൗണ്ടടിപ്പിക്കും നാനൂറ് മീറ്റര്‍ റോഡില്‍ നാലുപേര്‍ ഓടിക്കും ഇതാണ് ഡ്രൈവിങ് ക്ലാസ്സ്. അന്നത്തെ ദിവസം ഉച്ചവരെ ഇരുന്നപ്പോള്‍ രണ്ട് പ്രാവശ്യം വണ്ടി ഓടിക്കാനുള്ള ഭാഗ്യം കിട്ടി. അടുത്തദിവസം രണ്ട് കാറുണ്ടായിരുന്നു. അന്ന്‌ മൂന്നു ചാന്‍സ് കിട്ടി. അതിന്റെ പിറ്റേന്നും കിട്ടി മൂന്നു ചാന്‍സ്. അന്നു അറിയിപ്പ് വന്നു. ക്ലാസ്സ് കഴിഞ്ഞു. ഞായറാഴ്ച വന്നു ടെസ്റ്റ് എടുക്കുക. ദൈവമേ... 800 മീറ്റ്ര്‍ വണ്ടി ഓടിക്കാനാണൊ 435 റിയാല്‍ കൊടുത്തത്...

അങ്ങനെ നിര്‍ണ്ണായകമായ ഞായറാഴചയും എത്തിച്ചേര്‍ന്നു. ഇന്നെങ്കിലും പാസ്സായില്ലെങ്കില്‍ തൂങ്ങിച്ചത്താ മതി. നാട്ടിലായിരുന്നെങ്കില്‍ നാടുവിട്ടുപോകാമായിരുന്നു. ഇവിടെ എങ്ങോട്ട് പോകാന്‍... രണ്ടും കല്‍പ്പിച്ച് സ്കൂളിലെത്തി. പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമെല്ലാം ഒന്നുകൂടി പൊടിതട്ടി മിനുക്കി. ടെസ്റ്റിനുള്ള സ്ലിപ്പ് സബ്മിറ്റ് ചെയ്തു. ആകെക്കൂടി മനസ്സിനൊരു ഉന്മേഷം. ഒരു ശുഭലക്ഷണം പോലെ. ഫയലെല്ലാം റഡിയാക്കി ഏമ്മാന്‍ ഓരോരുത്തരെ വിളിക്കാന്‍ തുടങ്ങി. ഇന്ന്‌ മൂന്നു വണ്ടികള്‍ ടെസ്റ്റിനുണ്ട്. ആദ്യത്തെ രണ്ട് ഏമ്മാന്മാരുടെ കയ്യില്‍ പെട്ടാല്‍ ഇന്നും തോറ്റതുതന്നെ. മൂന്നാമത്തെ ചെറിയ ഏമ്മാനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിച്ചു. എന്റെ നമ്പര്‍ വന്നു. ഭാഗ്യക്കേടിന്‌ എനിക്ക് രണ്ടാമത്തെ വണ്ടിയിലേക്കാണ്‌ നമ്പര്‍ വീണത്... ഞാന്‍ മടിച്ചുമടിച്ചു വണ്ടിയുടെ അടുത്തേക്കു നടന്നു. ഞാന്‍ മനസ്സില്‍ വിലപിച്ചു. ഏലി... ഏലി... ലമാ.. ശബക്താനി... ഞാന്‍ വണ്ടിയുടെ അടുത്തെത്താറായപ്പോള്‍ എന്റെ കണ്ണുകളെ അതിശയിപ്പിച്ചുകൊണ്ട് എവിടെനിന്നോ ഒരുത്തന്‍ ഓടിവന്ന്‌ എനിക്കു മുന്‍പെ ആ വണ്ടിയില്‍ കയറി. രണ്ടാമത്തെ വണ്ടി ഫുള്‍!! എനിക്ക് അടുത്ത വണ്ടിയിലേക്കു ചാന്‍സ്!! ഇനിയും ആരെങ്കിലും ഓടിക്കയറുന്നതിനുമുമ്പ് ഞാന്‍ മൂന്നാമത്തെ വണ്ടിയില്‍ സ്ഥാനം പിടിച്ചു. കുഞ്ഞ് ഏമ്മാന്‍ വന്നു. ആദ്യത്തെ ആളോട് വണ്ടി എടുക്കാന്‍ പറഞ്ഞു.. ഞാന്‍ രണ്ടാമനാണ്‌. മെയിന്‍ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും ആദ്യത്തവനോട് ഇറങ്ങാന്‍ പറഞ്ഞു. ദൈവമെ.. അവന്റെ ചീട്ടുകീറി.. ഇനി എന്റെ ഊഴമാണ്‌. ഞാന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു. എമ്മാന്‌ അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അഭിവാദ്യം അര്‍പ്പിച്ചു. സീറ്റ്ബെല്‍റ്റ് മിറര്‍ മുതലായ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി. ഏമ്മാന്‍ കണ്ണുകാണിച്ചു. ഞാന്‍ പല്ല് കാണിച്ചു. എന്നിട്ട് ശാന്തഗംഭീരമായി ഓടിച്ചുതുടങ്ങി. ഒരു ഇരുപത് മീറ്റര്‍ ഓടിച്ചുകാണും.. ഏമ്മാന്‍ നിര്‍ത്താന്‍ പറഞ്ഞു. ദൈവമേ... ഇന്നും....??.. അങ്ങനെ സമാധാനപരമായി മൂന്നാമത്തെ ടെസ്റ്റും കഴിഞ്ഞു. ഞാന്‍ റിസള്‍ട്ട് കൗണ്ടറിന്റെ അടുത്തുവന്ന്‌ കാത്തിരുപ്പായി. അത്ഭുതങ്ങള്‍ നടക്കാന്‍ ഇനിയും സമയമുണ്ടല്ലോ... ഞായറാഴചയായതുകൊണ്ട് അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധര്‍ക്കൊക്കെ ശക്തി കൂടും. ഞാന്‍ നീട്ടി വിളിച്ചു. അങ്ങനെയിരിക്കുന്ന സമയത്ത് ഒരു ബംഗാളി ദൂതന്‍ പ്രത്യക്ഷനായി മംഗളവാര്‍ത്ത അറിയിച്ചു. ഈ രാജ്യത്തിന്റെ നിരത്തുകളില്‍ വാഹനമോടിക്കാന്‍ യോഗ്യതയുള്ളവരുടെ ഗണത്തിലേക്ക് ഞാനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.... ഞാനിപ്പം മാനത്ത് വലിഞ്ഞുകേറുവേ.... എന്ന സ്ഥിതിയായി.
ലൈസന്‍സ് ഫീ ആയ 75 റിയാല്‍ അടയ്ക്കുകയാണ്‌ അടുത്ത നടപടി. അത് ബാങ്കില്‍ അടയ്ക്കണം. എന്നാല്‍ അതിനും ബംഗാളി മാലാഖയുടെ കയ്യില്‍ മറുമരുന്നുണ്ട്. 100 റിയാല്‍ ആകുമെന്ന്‌ മാത്രം. അവന്റെകൂടെ ചെന്ന്‌ 100  റിയാല്‍ അടച്ചു.  എന്നിട്ട് ലൈസന്‍സ് ഇഷ്യു ചെയ്യുന്ന കൗണ്ടറില്‍ പോയി കൂപ്പണ്‍ വാങ്ങിച്ചു. ഇന്നുതന്നെ ഇതു വാങ്ങിച്ചാല്‍ ഇനി ഇങ്ങോട്ട് കയിലുകുത്തണ്ടല്ലോ... ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ അതും പൂര്‍ത്തിയായി. ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടിയപ്പോള്‍ പത്മഭൂഷന് കിട്ടിയതു പോലെ തോന്നി എനിക്ക്. അന്നത്തെ ദിവസം മുഴുവനും ഞാന്‍ ഈ ദിവ്യ വസ്തുവിനെ ഇടയ്ക്കിടെ കയ്യിലെടുത്തു കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കു ഒന്നുരണ്ടു ഉമ്മയും കൊടുത്തു.

അത്ഭുതപ്രവര്‍ത്തകരായ എല്ലാ പുണ്യവാളന്‍മാര്‍ക്കും നന്ദി....(ഈ അഭ്യാസങ്ങള്‍ക്കായി നടന്ന വകയില്‍ എന്റെ മൂന്നു ദിവസത്തെ ശമ്പളം കട്ടുചെയ്ത മാനേജര്‍ക്കും നന്ദി).

Jul 31, 2011

Love to the Little ones


കുട്ടികളോടുള്ള സ്നേഹം.....



സിംഹങ്ങളുടെ നാട്ടില്‍....




കടുവകളുടെ നാട്ടില്‍....

















പുലിയുടെ നാട്ടില്‍....




ആനകളുടെ നാട്ടില്‍....





ചിമ്പാന്‍സികളുടെ നാട്ടില്‍....





കഴുകന്മാരുടെ നാട്ടില്‍.... 





പരുന്തുകളുടെ നാട്ടില്‍....




മുതലകളുടെ നാട്ടില്‍....





തിമിംഗലത്തിന്റെ നാട്ടില്‍....



ദൈവത്തിന്റെ സ്വന്തം നാട്ടില്‍....
                                     
                                     

                                     
                                   

                                         
                                        
                                        
                                       
                                      



Jul 13, 2011

നിധി കിട്ടിയ കേരളം


നമസ്കാരം ഞാന്‍ ചെല്ലപ്പന്‍.. വെണ്ണിയോട്-വിഷന്‍ വാര്‍ത്താമണിക്കൂറിലേക്ക് സ്വാഗതം. ഇന്നത്തെ പ്രധാനവാര്‍ത്തകള്‍.... ക്ഷമിക്കണം ഇന്ന് ഒരു വാര്‍ത്താ മാത്രമേ ഉള്ളൂ... (കര്‍ണ്ണകഠോര താളം..)

കേരളം സാമ്പത്തിക ഔന്നത്യത്തിലേക്ക്.. ക്ഷേത്രത്തിലെ നിധിവേട്ട അന്‍പത്തിഒന്നാം ദിവസത്തിലേക്ക് കടന്നു.... (വീണ്ടും താളം)

വാര്‍ത്തകള്‍ വിശദമായി...

ക്ഷേത്രത്തിലെ നിധിവേട്ട അന്‍പത്തി ഒന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സുപ്രീം കോടതിയുടെ വിലക്കുമൂലം കണ്ടെടുത്ത നിധിയുടെ വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ നിധിവേട്ട സംഘത്തിനു സാധിക്കുന്നില്ല. എന്നാലും ഇതുവരെ ഏകദേശം കണ്ടെടുത്ത നിധിയുടെ വിലയുടെ പൂജ്യങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജോലിയിലാണ് അധികാരികള്‍ ഇപ്പോള്‍. അവസാനത്തെ കണക്കു പ്രകാരം കാക്കത്തൊള്ളായിരം കോടി രൂപയുടെ നിധി ഇതുവരെ കണ്ടെടുത്തു എന്നാണു കണക്കാക്കുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗണിതശാസ്ത്രജ്ഞന്‍മാര്‍ കോടിക്ക് മുകളില്‍ ഒരു സംഖ്യാനാമം കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്. കേരളത്തിലെ ഈ നിധിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ലോകസാമ്പത്തിക വ്യവസ്ഥയില്‍ തന്നെ  കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.  ഇക്കാര്യത്തെപ്പറ്റി വിശദമായ ചര്‍ച്ചക്ക് ലോകപ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞന്‍ ശ്രീ ഉല്പലാക്ഷന്‍ നമ്മുടെ കൊച്ചി സ്റ്റുഡിയോവില്‍ എത്തിയിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വെണ്ണിയോട്-വിഷന്റെ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്താമണിക്കൂറില്‍ നമ്മോടൊപ്പം ചേരുന്നു.

ശ്രീ ഉല്പലാക്ഷന്‍ വാര്‍ത്താമണിക്കൂറിലേക്ക് സ്വാഗതം. കേരളത്തിലെ ഇപ്പോഴത്തെ നിധിവേട്ട സംബന്ധിച്ച വാത്തകള്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ.. ഇക്കാര്യങ്ങളെക്കുറിച്ചു എന്താണ് പറയാനുള്ളത്.

ശ്രീ ഉല്പ: തീര്‍ച്ചയായും കഴിഞ്ഞ ഒന്നര മാസമായിട്ടു ഞാന്‍ ഇക്കാര്യം സുക്ഷിച്ചു വീക്ഷിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ എങ്ങനെയെകിലും നിധിവേട്ട സംഘത്തില്‍ കയറിപ്പറ്റാനാണ് ഞാന്‍ ശ്രമിച്ചത്‌. അതിനുവേണ്ടി നല്ലൊരു തുക പലര്‍ക്കും ഓഫര്‍ ചെയ്തെങ്കിലും നിര്‍ഭാഗ്യവശാല്‍ എന്റെ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.  ഈ ക്ഷേത്രത്തിന്റെ  തൊട്ടടുത്ത  പുരയിടത്തിലാണ് ഞാന്‍  താമസ്സിക്കുന്നത്‌. എന്നിട്ടും എന്നെ അവര്‍ ടീമില്‍ എടുത്തില്ല.  പക്ഷെ ഉടനെ തന്നെ മറ്റൊരു ക്ഷേത്രത്തില്‍ നിധിവേട്ട ആരംഭിക്കുന്നുണ്ട്, ഒരുപക്ഷെ അതില്‍ എനിക്കൊരു ചാന്‍സ് കിട്ടാന്‍ സാധ്യതയുണ്ട്.

ചെല്ല: തീര്‍ച്ചയായും അതിനുള്ള സൌഭാഗ്യം താങ്കള്‍ക്ക്  ലഭിക്കട്ടെ. ശ്രീ ഉല്പലാക്ഷന്‍, ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ നിധി നമ്മുടെ സമ്പദ്-വ്യവസ്ഥയില്‍ എന്തു പ്രതിഫലനമാണ് ഉണ്ടാക്കുക.

ശ്രീ ഉല്പ: ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് അടുത്ത ഇരുനൂറു വര്ഷം കേരളത്തിലെ ജനങ്ങള്‍ ധൂര്‍ത്തടിച്ചാലും തീരാത്തത്ര സമ്പത്താണ്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇനിയും തുറക്കാത്ത അറകള്‍കൂടി തുറന്നു കഴിഞ്ഞാല്‍ എന്താണ് സ്ഥിതി എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ..

ചെല്ല: ക്ഷമിക്കണം ഇപ്പോള്‍ ക്ഷേത്രപരിസരത്തു നിന്നും നമ്മുടെ പ്രതിനിധി ശ്രീ നീലാണ്ടന്‍ ചേരുന്നു. പറഞ്ഞോളൂ നീലാണ്ടന്‍.

നീലാ: ചെല്ലന്‍ കേള്‍ക്കാമോ. നിധിവേട്ട നടക്കുന്ന ക്ഷേത്രപരിസരം ഒരു പൂരപ്പറമ്പിന് സമാനമാക്കിക്കൊണ്ട് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തട്ടുകടകള്‍ പോലുള്ള അനുബന്ധവ്യവസായങ്ങളും ഇവിടെ പൊടിപൊടിക്കുന്നുണ്ട്. ക്ഷേത്രത്തിനു വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനപോലിസിനെക്കൂടാതെ സൈന്യത്തിന്റെ നാല് ബറ്റാലിയനുകളെ ക്ഷേത്രത്തിന്റെ നാലു മൂലയിലും വിന്യസിച്ചിട്ടുണ്ടു. നിധിവേട്ട സംഘത്തില്‍പ്പെട്ടവരെ മാത്രമേ ക്ഷേത്രതിനുള്ളിലേക്ക് കടത്തിവിടുന്നുള്ളൂ. മാധ്യമങ്ങള്‍ക്കും പൊതുജങ്ങള്‍ക്കും അകത്തേക്ക് പ്രവേശനമില്ല..

ചെല്ല: ശ്രീ നീലാണ്ടന്‍... സാധാരണക്കാരായ ഭക്തന്‍മാര്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണോ. അവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധ്യമാല്ലെന്നാണോ പറയുന്നത്.

നീല: തീര്‍ച്ചയായും. പക്ഷെ ഭക്തജനങ്ങളുടെ സൌകര്യത്തിനായി ക്ഷേത്രത്തിന്റെ പുറംമതിലില്‍ ഒരു എല്‍ സി ഡി ടെലിവിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രധാനപ്രതിഷ്ഠയുടെ ദര്‍ശനം സാധ്യമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ക്ഷേത്രക്കമ്മറ്റീ അഭ്യര്‍ഥിച്ചിരിക്കുകയാണ്.

ചെല്ല: നിധിവേട്ട സംഘത്തിലുള്ളവര്‍ പുറത്തേക്ക് പോകുമ്പോള്‍ പ്രത്യേക പരിശോധന വല്ലതും നടത്തുന്നുണ്ടോ..?

നീല: തീര്‍ച്ചയായും... പ്രത്യേകം സ്ഥാപിച്ച എക്സ്റേ മെഷീനില്‍ കൂടി മാത്രമാണ് അവരെ പുറത്തേക്ക് വിടുന്നത്. കൂടാതെ ചെറിയ സ്വര്‍ണനാണയങ്ങളും മറ്റും വിഴുങ്ങിക്കൊണ്ട് പോകാതിരിക്കാന്‍ വേണ്ടി അവരെ മരുന്ന് നല്‍കി വയറിളക്കിയത്തിനുശേഷം മാത്രമാണ് പുറത്തേക്ക് വിടുന്നത്.

ചെല്ല: നീലന്‍ ഞാന്‍ തിരിച്ചെത്താം... ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും നമ്മുടെ റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍ ലൈനിലുണ്ട്. കുട്ടാ പറഞ്ഞോളൂ.. മന്ത്രിസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണല്ലോ... എന്തൊക്കെയാണ് തീരുമാനങ്ങള്‍ എന്നറിയാന്‍ സാധിക്കുന്നുണ്ടോ.?

കുട്ട: പുതിയ ഗവണ്മെന്റിന്റെ നൂറുദിന കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. ഇത്രവലിയ നിധി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും രക്ഷിക്കുക എന്ന പദ്ധതിയാണ് ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ചെല്ല: എന്തൊക്കെയാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചന വല്ലതും ലഭിക്കുന്നുണ്ടോ..?

കുട്ട: ഇനി പറയുന്ന കാര്യങ്ങളാണ് പ്രധാനമായും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, എല്ലാ ഇന്ത്യക്കാര്‍ക്കും ഓണസമ്മാനമായി ഒരു രൂപയ്ക്കു പെട്രോളും അമ്പതു പൈസക്ക് ഡീസലും പത്തു രൂപയ്ക്കു ഗ്യാസ് സിലിണ്ടറും ലഭ്യമാക്കും. ഇതുമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടവും കേരളസര്‍ക്കാര്‍ നികത്തും. മറ്റൊന്ന്, കൊച്ചി മെട്രോറയില്‍ കേന്ദ്രസഹായമില്ലാതെ കേരള സര്‍ക്കാര്‍ നടപ്പിലാക്കും. മാത്രമല്ല ഇതു കൊച്ചിയില്‍ മാത്രമായി ഒതുക്കാതെ, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌വരെ ദീര്‍ഘിപ്പിക്കും.  കേന്ദ്ര പ്രതിരോധവകുപ്പിന് ആയുധങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കും. കടലാസുകളില്‍ ഒതുങ്ങിപ്പോയ കേരള എയര്‍വേയ്സ്‌ ഉടന്‍ ആരംഭിക്കും. ഇതിനായി അമ്പതു വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒരു ഫ്രഞ്ച് കമ്പനിയുമായി ഒപ്പിട്ടുകഴിഞ്ഞു. കേരളത്തില്‍ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളങ്ങളും സ്മാര്‍ട്ട്‌സിറ്റികളും സ്ഥാപിക്കും. തുടങ്ങിയവയാണ് നൂറുദിനകര്‍മപദ്ധതിയിലെ പ്രധാന പരിപാടികള്‍.

ചെല്ല: താങ്ക്യു കുട്ടാ.. ദയവു ചെയ്തു ലൈനില്‍ തുടരുക.. ഇപ്പോള്‍ നമ്മുടെ അമേരിക്കന്‍ പ്രതിനിധി ഇട്ടൂപ്പ് വാഷിങ്ങ്ടണില്‍ നിന്നു നമ്മോടൊപ്പം ചേരുന്നു... ഹലോ ഇട്ടു.. പറഞ്ഞോളൂ എന്തൊക്കെയാണ് അവിടെ നിന്നുള്ള വിവരങ്ങള്‍..?

ഇട്ടൂ: ഹായ് ചെല്ലന്‍സ്.. കേരളത്തില്‍ നിധി കണ്ടെത്തിയ വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് ഇവിടെ എല്ലാവരും നോക്കിക്കാണുന്നത്. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു പ്രത്യേക പരിഗണനയും ബഹുമാനവും ഇവിടുത്തുകാര്‍ നല്‍കുന്നുണ്ട്. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കേരളത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സാമ്പത്തിക പാക്കേജ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ഭരണകൂടവും മറ്റു നയതന്ത്രപ്രതിനിധികളും. ഇതിനായി ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ ദിവസവും കയറിയിറങ്ങുകയാണ്. കൂടാതെ ഇവിടെ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ എന്തെങ്കിലും ജോലി ലഭിക്കാന്‍ വേണ്ട ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിലേക്ക് ഒരു വര്‍ക്ക്‌വിസക്കുവേണ്ടി അമ്പതിനായിരം ഡോളര്‍ വരെയാണ് ഇവിടുത്തെ ട്രാവല്‍ ഏജന്റ്മാര്‍  ഈടാക്കുന്നത്. ഇന്ത്യന്‍ എംബസ്സിയിലെ വിസ പ്രോസസ്സിംഗ് കണ്ടിഷന്‍സ്   ഇപ്പോള്‍ കൂടുതല്‍  കഠിനമാക്കിയിരിക്കുകയാണ്.  ഇന്ത്യയിലേക്ക്‌ ഒരു വിസ ലഭിക്കുക എന്നത് ഇപ്പോള്‍ വളരെ  ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനോടകം വളരെപ്പേര്‍ കേരളത്തിലെത്തി വിവിധ ജോലികളില്‍ പ്രവേശിച്ചതായി മാധ്യമങ്ങളില്‍ കണ്ടിരിക്കുമല്ലോ...


ചെല്ല: നയതന്ത്രപരമായി മറ്റെന്തെങ്കിലും പ്രതീക്ഷിക്കുണ്ടോ.

ഇട്ടൂ: മറ്റു പ്രധാന വിവരങ്ങള്‍ ഇവയാണ്. ഐക്യരാഷ്ട്രസംഘടനയുടെ സ്ഥിരം അധ്യക്ഷപദവി ഇന്ത്യക്ക് നല്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഒരു മലയാളിയെ നിയമിക്കും. നാസയുടെ ഒരു ലോഞ്ചിംഗ്സ്റ്റേഷന്‍ ഐ എസ് ആര്‍ ഒ  യുടെ മേല്‍നോട്ടത്തില്‍ തുമ്പയില്‍ ആരംഭിക്കുവാനും പദ്ധതിയുണ്ട്.

ചെല്ല: നന്ദി ഇട്ടൂ. ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നും നമ്മുടെ പ്രതിനിധി അശാന്ത് കുരുവംശം ചേരുന്നു.... കേള്‍ക്കാമോ കുരൂ... എന്തൊക്കെയാണ് ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍.

കുരു: ചെല്ലപ്പാ.. ഞാന്‍ ഇപ്പോള്‍ പാലമെന്റ്റ്മന്ദിരത്തിനു മുമ്പിലാണ് നില്‍ക്കുന്നത്. ഇവിടെ കേരളത്തിലെ നിധിനിക്ഷേപത്തെക്കുറിച്ചു കേന്ദ്രമന്ത്രിസഭയുടെ പ്രത്യേകസമ്മേളനം നടക്കുകയാണ്.

ചെല്ല: മന്ത്രിസഭാതീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കഴിയുന്നുണ്ടോ.

കുരു: പ്രധാനമായും കേരളത്തിന്‌ പ്രത്യേക സംസ്ഥാനപദവി നല്‍കി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കാനാണ് തീരുമാനം. കൂടാതെ ഉടനെ നടക്കുന്ന മന്ത്രിസഭാവികസനത്തില്‍ കേരളത്തില്‍നിന്നു പുതിയ അഞ്ചു കാബിനെറ്റ്‌ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ഇവരുടെ വകുപ്പുകള്‍ കെ പി സി സി പ്രസിഡന്റും കേരള മുഖ്യമന്ത്രിയും ചേര്‍ന്നായിരിക്കും തീരുമാനിക്കുക. മറ്റു സംസ്ഥാനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലേക്ക് ഉറ്റുനോക്കുനത്. തമിഴ്നാട് സര്‍ക്കാര്‍ ഇതിനോടകം തന്നെ മുല്ലപ്പെരിയാര്‍ കേസ് പിന്‍വലിച്ചു കഴിഞ്ഞു. തമിഴ്നാട്ടില്‍ എവിടെ വേണമെങ്കിലും ഡാം നിര്‍മ്മിക്കാന്‍ കേരളത്തിനു അധികാരം നല്‍ക്കുന്ന ഒരു പ്രമേയം തമിഴ്നാട്‌ സര്‍ക്കാര്‍ പാസ്സാക്കിക്കഴിഞ്ഞു.

ചെല്ല: വിദേശരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ എന്തെങ്കിലും ലഭ്യമാണോ..?

കുരു: തീര്‍ച്ചയായും. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും ജപ്പാന്‍ കേരളത്തില്‍ ഒരു കാര്‍ നിര്‍മ്മാണ ഫാക്ടറിയും ഒരു ഇലക്ട്രോണിക് ഫാക്ടറിയും കേരളത്തിന്റെ സാമ്പത്തിക സഹായത്തോടെ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഫ്രാന്‍സ് കേരള എയര്‍വേയ്സ്‌നുവേണ്ടി അമ്പതു വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഒരു കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. വത്തിക്കാന്‍ കേരളത്തില്‍നിന്നു പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുനതിനായി ഒരു പ്രതിനിധിയെ കേരളത്തിലേക്ക് അയക്കും. ജര്‍മ്മനി കേരളത്തിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും നെഴ്സുമാരെയും അയക്കാനുള്ള അനുമതിക്കായി വിദേശമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടനില്‍നിന്നും ആസ്ട്രേലിയയില്‍ നിന്നും വളരെയധികം വിദ്യാര്‍ഥികള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ താമസിച്ചു പഠിക്കുന്നതിനുള്ള ഗ്രാന്റ് ലഭിക്കുനതിനുവേണ്ടി കേരളാ വിദ്യാഭ്യാസവകുപ്പിലേക്ക് അപേക്ഷകള്‍ അയക്കുന്നുണ്ട്. ഗ്രീക്ക് വിദേശകാര്യ മന്ത്രി കിരിയക്കോസ് പാപ്പനിക്കൊസിന്റെ നേതൃത്വത്തില്‍ ഒരു സംഘം അടുത്തുതന്നെ കേരളത്തില്‍ എത്തി ഫിഷറീസ് വകുപ്പുമായി ഒരു കരാര്‍ ഒപ്പുവക്കും., കൊറിയയില്‍നിന്നും മലേഷ്യയില്‍നിന്നുമുള്ള നിര്‍മ്മാണകമ്പനികള്‍ കേരളത്തില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്. കൂടാതെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള എല്ലാ ശത്രുതയും മറന്നു പാക്കിസ്ഥാനെ ഇന്ത്യയുടെ ഒരു കോളനിയായി സ്വീകരിക്കണമെന്ന് ഇന്ത്യയോടു അഭ്യര്‍ഥിക്കുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്.

ചെല്ല: കുരൂ... ദയവുചെയ്തു ലൈനില്‍ തുരരുക. ഇപ്പോള്‍ നമ്മുടെ ഗള്‍ഫ് പ്രതിനിധി കുഞ്ഞിപ്പ കല്ലുരുട്ടി ലൈനിലുണ്ട്... അസ്സലമാലെക്കും കല്ലുരുട്ടി . കേരളത്തിലെ നിധിനിക്ഷേപങ്ങളെക്കുറിച്ച് പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ വിവരങ്ങള്‍ എന്തൊക്കെയാണ്. ?

കല്ലു: വാ അലെക്കും ഉസ്സലാം.. കേരളത്തിലെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞപ്പോള്‍ മുതല്‍ ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ ത്രില്ലടിച്ചിരിക്കുകയാണ്. എത്രയും വേഗം ഇവിടുത്തെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇപ്പോള്‍ മലയാളികളാരും തന്നെ അവരുടെ തൊഴില്‍ കൊണ്ട്രാക്ടുകള്‍ പുതുക്കുന്നില്ല. അറബികള്‍ വലിയ വലിയ ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും ആരും തന്നെ അതു സ്വീകരിക്കുന്നില്ല. ചില മലയാളികള്‍ അറബികള്‍ക്ക് ഹൌസ് വര്‍ക്കേര്‍സ് വിസ കൊടുക്കാമെന്നു പറഞ്ഞതായി അറിയുന്നു.

ഈ സാഹചര്യത്തില്‍ ജി സി സി രാജ്യങ്ങളുടെ ഒരു അടിയന്തിര യോഗം സൗദി അറേബ്യയിലെ റിയാദില്‍ ചേരാന്‍ തീരുമാനമായിട്ടുണ്ട്. കേരളവുമായി എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതികളായിരിക്കും ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഗള്‍ഫില്‍ നിന്നും മണല്‍ കൊണ്ടുപോയി കേരളത്തിലെ നദികളില്‍ നിക്ഷേപിക്കാനുള്ള ഒരു വലിയ പദ്ധതിയും ഇതില്‍പെടുന്നു. കൂടാതെ അറബിക്കടലിനടിയിലൂടെ പൈപ്പ് ലൈന്‍വഴി കേരളത്തിലേക്ക് പെട്രോള്‍ എത്തിക്കാനുള്ള ഒരു പദ്ധതിക്ക് കേരളാസര്‍ക്കാര്‍ താല്പര്യം പ്രകടിപ്പിചിട്ടുന്ടെന്നാണ് അറിയുന്നത്.

ചെല്ല: നന്ദി ശ്രീ കല്ലുരുട്ടീ... ഞാന്‍ തിരിച്ചെത്താം... ശ്രീ ഉല്പലാക്ഷന്‍, കേരളത്തിലെ നിധി കണ്ടെത്തല്‍ ലോകമെമ്പാടും പ്രതീക്ഷയുടെ തരംഗങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്‌. എന്തു തോന്നുന്നു താങ്കള്‍ക്കിപ്പോള്‍..?

ശ്രീ ഉത്പ: ഒരു മലയാളി ആണെന്നതില്‍ എനിക്ക് അഭിമാനം തോന്നുകയാണ്. ഇനിയുള്ള കാലം മലയാളിയുടെതാണ്. ഇനി ലോകം മലയാളിയുടെ വിരല്‍ത്തുമ്പില്‍ തിരിയാന്‍ പോകുന്നു.

ചെല്ല: വളരെ നന്ദി ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം നിധിയുടെ കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരാം... റിപ്പോര്‍ട്ടര്‍മാര്‍ ദയവുചെയ്തു ലൈനില്‍ തുടരുക. ടെലഫോണ്‍ ബില്‍ എത്രയായാലും നമുക്ക് അതൊരു പ്രശ്നമല്ല...


ഇടവേള സമയത്ത് ചെല്ലപ്പന്‍ തന്റെ ലാപ്ടോപ് ഹാര്‍മോണിയമാക്കിക്കൊണ്ട് ഒരു വിപ്ലവ ഗാനം പാടി രസിച്ചു. ഉപ്ല്പലാക്ഷന്‍ തന്റെ മൊബൈല്‍ ഓണ്‍ ചെയ്തു.. ദൈവമേ.... മുപ്പതു മിസ്സ്ഡ് കാള്‍ മെസ്സേജ്.... തേങ്ങപറിക്കുന്ന കേശവന്റെ ഫോണില്‍ നിന്നാണല്ലോ... ഉല്പലാക്ഷന്‍ തിരിച്ചു വിളിച്ചു.

"എടാ കേശവാ... എന്താടാ.."

"സാറിതെവിടെയാ..? വിവരമൊന്നും അറിഞ്ഞില്ലേ...?"

"ഞാന്‍ വെണ്ണിയോട്-വിഷന്റെ സ്റ്റുഡിയോവില്‍ വാര്‍ത്താമണിക്കൂറില്‍ പങ്കെടുക്കുവാ.. ക്ഷേത്രത്തിലെ നിധിയെപ്പറ്റി..."

"നിധി.. മാങ്ങാത്തൊലി.... സാറേ ഇവിടെ സുനാമി അടിച്ചു..സാറിന്റെ വീടൊക്കെ ഒഴുകിപ്പോയി..."

"നീയിപ്പം എവിടാ..."

"ഞാന്‍ തെങ്ങിന്റെ മണ്ടേല്‍... അതുകൊണ്ടു കഷ്ടിച്ച് രക്ഷപ്പെട്ടു..."

"അപ്പോ... ക്ഷേത്രം...?"

"ക്ഷേത്രോം നിധിയുമൊക്കെ അങ്ങ് അറബിക്കടലിലെത്തി..."

"ഈശ്വരാ.... എന്റെ കേരളം..." ഉല്പലാക്ഷന്‍ ഉലക്കവിഴുങ്ങിയതുപോലെ അല്‍പനേരം നിന്നു. പിന്നെ ബോധമറ്റു സ്റ്റുഡിയോവിലെ കാമറക്കു മുമ്പിലേക്ക് വീണു.

Jun 22, 2011

ഡ്രൈവിങ് ലൈസന്‍സ്

ഞാന്‍ അല്‍പം കൂടി ഒതുങ്ങി ഇരുന്നു. മുടിയാന്‍ ഇത്ര രാവിലെതന്നെ എന്തൊരു ചൂട്. അറബിയുടെ പിക്കപ്പില്‍ ഏസി പോയിട്ട് ഡീസി പോലുമില്ല. ഞങ്ങള്‍ മൂന്നു സാമാന്യന്മാര്‍ ഇരിക്കുന്ന സീറ്റിലേക്കാണ് നാലാമത്തവന്‍ - അദ്നാന്‍ സ്വാമിയുടെ നേരെ ഇളയവന്‍ കയറിയിരുന്നത്. സീറ്റിന്റെ പകുതിയില്‍ അദ്നാനും ബാക്കി പകുതിയില്‍ ഞങ്ങള്‍‍ മൂന്നുപേരും.ഞാന്‍ അദ്നാന്റെ തൊട്ടടുത്ത്. എന്റെ ഇടത്തുവശത്തു മറ്റു രണ്ട് പേര്‍ - ഒരു പച്ചയും (പാകിസ്ഥാനി)  ഒരു നീഗ്രൊയും. നീഗ്രൊയെ എനിക്കു പേടിയാണ്‌. എപ്പോഴാണു പോക്കറ്റ് അടിച്ചുമാറ്റുന്നതെന്നു പറയാന്‍ പറ്റില്ല. മുന്‍പ് രണ്ട് നീഗ്രൊകള്‍ ഞാനറിയാതെ എന്നെ വഹിച്ചതാണ്. റിയാദ് ഈവര്‍ഷം സൂര്യനോട് 20 കിലോമീറ്റര്‍ അടുത്തെത്തിയെന്നു ആരോ പറയുന്നതുകേട്ടു. മനോരമയിലും ഏഷ്യാനെറ്റിലും വാര്‍ത്ത കണ്ടില്ല. ഏതായാലും രാവിലെ ഏഴുമണിക്കുതന്നെ കഷണ്ടിയേല്‍ ഓംലെറ്റ് അടിക്കാന്‍ പറ്റിയ ചൂട്.

ഇനി ഇത്ര കഷ്ടപ്പെട്ട് രാവിലെതന്നെ എങ്ങൊട്ടാണെന്നല്ലേ. ഡ്രൈവിങ് സ്കൂളില്‍ പോവുകയാണ്. ഒരു ലൈസന്‍സ് എടുക്കണമെന്ന തീക്ഷ്ണമായ ആഗ്രഹം മനസ്സില്‍ വളരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതു വളര്‍ന്നു പടര്‍ന്നുപന്തലിച്ചു മനസ്സിന്റെ അതിര്‍ത്തികള്‍ ഭേദിച്ചു ചെവിയിലൂടെയും മൂക്കിലൂടെയും വായിലൂടെയുമെല്ലാം ഇലകളും പൂക്കളുമെല്ലാമായി ശോഭിക്കാന്‍ തുടങ്ങിയപ്പോഴാണ് സന്തോഷിന് ലൈസന്‍സ് കിട്ടിയെന്ന ദിവ്യസന്ദേശം കിട്ടിയത്. അദ്ദേഹതതിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ലൈസന്‍സ് കിട്ടിയത്രെ. ഞാന്‍ റിയാദില്‍ വന്നു ചാടിയപ്പോള്‍ എന്നെ തന്റെ കമ്പനിയുടെ ക്യാമ്പില്‍ ചെല്ലും ചെലവും തന്നു പാര്‍പ്പിച്ച ദീനാനുകമ്പനാണു ശ്രീമാന്‍ സന്തോഷ്. അദ്ദേഹം ഡ്രൈവിങ് ടെസ്റ്റ്‌ പാസ്സായി, ലൈസന്‍സ് വാങ്ങാന്‍ പോകുന്ന ദിവസം ഞങ്ങള്‍ ഒരുമിച്ചു പോകാമെന്നു തീരുമാനിച്ചുറപ്പിച്ചു. ടിയാനു നാലഞ്ചു ദിവസത്തെ എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ട് ഏതൊക്കെ കൌണ്ടറുകളില്‍ എങ്ങനെയൊക്കെ കയറിയിറങ്ങണമെന്നു എനിക്കു മാര്‍ഗ്ഗനിര്‍ദ്ദേശം തന്നുകൊണ്ട് അദ്ദേഹംതന്നെ മുന്‍കൈയെടുത്ത് എന്റെ ആപ്ലിക്കേഷന്‍ ഫയല്‍ തയ്യാറാക്കി. ആദ്യത്തെ കൗണ്‍ടറില്‍ ഫയല്‍ സബ്മിറ്റ് ചെയ്യാന്‍ ചെന്നപ്പോള്‍  കണ്ണാടിക്കൂട്ടിലിരിക്കുന്ന കാട്ടറബി എന്റെ ഫയലിലെ ഫോട്ടൊയിലേക്കും എന്നേയും മാറിമാറി നോക്കി. പ്ലാവിന്റെ കൊമ്പത്തിരുന്നു ചട്ടിയില്‍ കിടക്കുന്ന മീനിനെ നോക്കുന്ന കാക്കയേപ്പോലെ ഒളിഞ്ഞും ചെരിഞ്ഞും നോക്കി. എന്നിട്ട് ഫയല്‍ തിരിച്ചുതന്നു വേറെ ഫോട്ടോയുമായി വരാന്‍ പറഞ്ഞു. ശുദ്ധഗതിക്കാരനായ എനിക്കു ഒന്നും മനസ്സിലായില്ല. തിരിച്ചെന്തെങ്കിലും ചോദിക്കണമെങ്കില്‍ എനിക്ക് ഇവിടുത്തെ ഭാഷയില്‍ നല്ല പരിജ്ഞാനമല്ലേ. കണ്ണാടിക്കൂട്ടിലെ കറുത്ത പുണ്യാളന്‌ അറബിയല്ലാതെ കയ്യും കലാശവുമാണു ഭാഷ. എനിക്കാണെങ്കില്‍ നാടോടിക്കാറ്റിലെ മാമുക്കോയ പഠിപ്പിച്ച അറബി മാത്രമാണറിയാവുന്നത്. ചോദിക്കാനാഞ്ഞതു മുഴുവനോടെ വിഴുങ്ങി. തിരുവായ്‌ക്കെതിര്‍വായില്ലല്ലോ. ഫോട്ടോയെടുത്ത് വരാം. അടുത്തെവിടെയാണ്‌ സ്റ്റുഡിയോ ഉള്ളതെന്ന്‌ ഗൂഗ്ഗിളില്‍ തപ്പി  നോക്കി. തിരിച്ചും മറിച്ചും ബ്രൗസ്‌ ചെയ്തു. മൂന്നു റിസള്‍ട്ടുകള്‍ കിട്ടി. ഒരെണ്ണം സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയുണ്ട്. നാലു ഫോട്ടോയ്ക്കു മുപ്പതുറിയാല്‍. പിന്നൊന്നു റോഡിനപ്പുറം മലയാളി ഹോട്ടല്‍-കം-സ്റ്റുഡിയോ -  20 റിയാല്‍. മൂന്നാമത്തേത്‌ ടാക്സി പിടിച്ചു ബത്തയില്‍  പോയാല്‍ 10 റിയാലിന് കാര്യം സാധിക്കാം. റോഡിനിപ്പുറം വന്നു 20 റിയാലിനു നാലെണ്ണം കച്ചവടമുറപ്പിച്ചു. ഫോട്ടോഗ്രാഫര്‍-കം-പൊറോട്ട അടിക്കാരന്‍ പത്തു മിനറ്റുകൊണ്ട് നാലു ഫോട്ടോ ചുട്ടു കയ്യില്‍ തന്നു. എന്റെ ഫോട്ടോ കണ്ട് ഞാന്‍ ഞെട്ടി. സന്തോഷന്‍ ഒരു കമ്പനിക്കു കൂടെ ഞെട്ടി. കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടക്കേണ്ടിയിരുന്നതുകൊണ്ട് ഞങ്ങള്‍ വീണ്ടും കൂപ്പണെടുത്ത് ഒന്നാമത്തെ കൗണ്ടറിലെത്തി. ഇത്തവണ കണ്ണാടിക്കൂട്ടിലെ പുണ്യാളനു സന്തോഷമായി. ഒരു രജിസ്റ്റ്റില്‍ എന്തൊ എഴുതി ഫയല്‍ തിരിച്ചു തന്നിട്ട് തെക്കുകിഴക്കു ദിശയില്‍ ആകാശത്തേക്കു കൈ ചൂണ്ടി എന്തോ പറഞ്ഞു. ഞാനും ആകാശത്തേക്കു നോക്കി. ഭിത്തിയില്‍ പറ്റിയിരുന്ന ഒരു പാറ്റയെയല്ലാതെ വേറൊന്നും എനിക്കു ദൃശ്യമായില്ല. പരിചയസമ്പന്നന്‍ കൂടെയുണ്ടല്ലൊ. രണ്ടാം ഘട്ടത്തിലേക്കു പോകാനാണെന്ന്‌ അദ്ദേഹം വിവരിച്ചുതന്നു.

രണ്ടാം ഘട്ടം എന്നത് ലെവെല്‍ ടെസ്റ്റ് ആണ്‌. ഗ്രൌണ്‍ടിന്റെ ഒരു ഭാഗത്ത് ഒരു മിസ്സിരി ഒരു കാറിലിരിക്കുന്നു. അതിനടുത്ത് ആളുകള്‍ ലൈനായി നില്‍ക്കുന്നു. ഞാനും അവസാനം വരിപിടിച്ചു. മേരാ നംബര്‍ കബ് ആയേഗാ? എന്റെ ഊഴമെത്തിയപ്പോള്‍ ചാടിക്കേറി കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുന്നു. എന്റെ കണ്ണുകള്‍ മിസ്സിരിയോടു ചോദ്യം ചോദിച്ചു. മിസ്സിരിയുടെ കണ്ണുകള്‍ ഉത്തരിച്ചു. മുന്‍പോട്ടെടുക്ക്. എടുത്തു. വീണ്ടും കണ്ണുകള്‍ പുറകോട്ടു ആംഗ്യം കാണിച്ചു. ഞാന്‍ പുറകോട്ടെടുത്തു. എന്റെ ഫയലില്‍ മിസ്സിരി എന്തോ ഒന്നു ഇടത്തോട്ടെഴുതി. എന്റെ കണ്ണുകള്‍ വീണ്ടും ചോദിച്ചു. ഇനി? പിരമിഡിന്റെ നാട്ടുകാരന്‍ വടക്കുപടിഞ്ഞാറുഭാഗത്തേക്കു കൈയുയര്‍ത്തി. അതാണു മൂന്നാം ഘട്ടം. ആദ്യമായി ലൈസന്‍സ് എടുക്കാന്‍ ചെല്ലുന്നവന്‍ വണ്ടി ഓടിച്ചു കാണിക്കുന്നത് എന്തിനാണെന്ന്‌ എനിക്കു മനസ്സിലായില്ല. എനിക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ ലോകത്തിലുണ്ട്. അതിന്റെ കൂടെ ഇതുകൂടെ കിടക്കട്ടെ. മൂന്നാം ഘട്ടമായ അടുത്ത കൗണ്ടറില്‍ ചെന്നു. അവിടെയും നീണ്ട ക്യൂ. മേരാ നംബര്‍ കബ് ആയേഗാ? ഒരു വിധത്തില്‍ കണ്ണാടിക്കൂടിനു മുമ്പിലെത്തി. അവിടെ ഒരു പള്ളീലച്ചന്‍ തലയില്‍ തട്ടമിട്ടു  അതിന്റെ മുകളില്‍ ചാട്ടവാര്‍ ചുരുട്ടിവച്ചിരിക്കുന്നു. അവിടേയും കണ്ണുകൊണ്ട് കയ്യാങ്കളി നടത്തി. നൂറു റിയാല്‍ അടക്കാന്‍ അച്ചന്‍ ഉപദേശിച്ചു. അത് അടച്ച് രസീത് വാങ്ങി. അടുത്ത കയ്യാങ്കളിയില്‍ക്കൂടി ഒരു കാര്യം മനസ്സിലായി. വൈകിട്ട് നാലുമണിക്ക് കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ ചെല്ലണം. നേരെ ടാക്സി പിടിച്ച് ഓഫീസില്‍ പോയി.  മാനേജരുടെ മുഖത്ത് പുജ്ഞം നീയെന്തിനാടാ ലൈസന്‍സെടുക്കുന്നത്?

പ്രത്യേകാനുമതിപ്രകാരം മൂന്നുമണിക്ക് ഓഫീസ്സില്‍നിന്നു ചാടി. വീണ്ടും ടാക്സിയില്‍ സ്കൂളിലേക്ക്. അവിടെ ചെന്നപ്പോള്‍ ഈച്ചപോയിട്ട് ഒരു കൊതുക് പോലും എത്തിയിട്ടില്ല. വെറുതെ ഇരുപത് റിയാല്‍ കളഞ്ഞു. ബസ്സിനു വന്നാല്‍ മതിയായിരുന്നു. സ്വതവേ ക്ഷമാശീലനായ ഞാന്‍ സ്കൂളിന്റെ വരാന്തയില്‍  കുത്തിയിരുന്നു. മടുത്തപ്പോള്‍ എഴുന്നേറ്റിട്ട് വീണ്ടും കുത്തിയിരുന്നു. അഞ്ചുമണിവരെ വേരിറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളും പിന്നെ ഉസ്താദും വന്നു. ഉസ്താദ് ഒരു മിസ്സിരിയാണ് (പിരമിഡിന്റെ നാട്ടുകാരന്‍). പിരമിഡന്‍ എല്ലാവരേയും ഹാജര്‍ നോക്കി ഒരു ഹാളില്‍ ഇരുത്തി. അദ്ദേഹം ഒരു മേശയില്‍ കുമ്പിട്ടിരുന്ന്‌ എന്തോ എഴുതിക്കൊണ്ടിരുന്നു. ഞങ്ങള്‍ എന്തോ അത്ഭുതം നടക്കുന്നതുകാണാന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഏറെനേരമായി അദ്ദേഹം കുമ്പിട്ടിരുന്ന്‌ എഴുത്തുതന്നെയാണ്. വ്യഭിചാരിണിയായ സ്ത്രീയെ വിസ്തരിച്ചപ്പോള്‍ ക്രിസ്തുദേവന്‍ ഇരുന്നത് ഓര്‍മ്മവന്നു. പിന്നെ പിരമിഡന്‍ ഇംഗ്ലീഷിലും അറബിയിലുമായി സിഗ്നലുകള്‍ വിവരിച്ചുതന്നു. അവിടെയുണ്ടായിരുന്ന മലയാളികളെ ആനന്ദതുന്ദിലരാക്കിക്കൊണ്ട് അദ്ദേഹം ഒരു പ്രസ്താവനയിറക്കി. കമ്പ്യൂട്ടര്‍ ടെസ്റ്റിലെ പതിനൊന്നു ഭാഷകളില്‍ ഒന്നു മലയാളമാണത്രെ. നമ്മുടെ കൊച്ചുകേരളത്തിന്‌ അഭിമാനിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം. മേരാ കേരള്‍ മഹാന്‍! എന്റെ ചോര ഞരമ്പുകളില്‍ തിളച്ചു. അരമണിക്കൂറുകൊണ്ട് കൊടുത്തകാശിനുള്ള പഠിപ്പീരു കഴിഞ്ഞു. ഇനി പഠിപ്പിക്കണമെങ്കില്‍ കാശു വേറെ കെട്ടണം. കമ്പ്യൂട്ടര്‍ ടെസ്റ്റിനു വരാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ അച്ചടിച്ചത് അവിടെനിന്നു ഫ്രീയായിട്ടു തന്നു. എന്നിട്ട് ഉസ്താദ് ഞങ്ങളെ ആശീര്‍വദിച്ചനുഗ്രഹിച്ച് യാത്രയാക്കി. പിറ്റേന്ന്‌ രാവിലെ കമ്പ്യൂട്ടര്‍ ടെസ്റ്റിന്‌ ഹാജരാവുക. വിജയീഭവ! ശിഷ്യഗണങ്ങള്‍ നിറഞ്ഞമനസ്സോടെ തലക്കകത്തുമുഴുവന്‍ സിഗ്നലുകളുമായി വീടുകളിലേക്കുപോയി. സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം.

പിറ്റേന്നും പതിവുപോലെ ഏഷ്യാനെറ്റില്‍ സുപ്രഭാതം. അഞ്ചരക്ക് എണീറ്റു. രാത്രിയില്‍ തറയില്‍ ഒന്നുപോലെ കിടന്ന ഒരു മുറിമേറ്റ് നേരംവെളുത്തപ്പോള്‍ രണ്ട്പോലെ വളഞ്ഞ് കിടക്കുന്നു. കൈരണ്ടും തിരുക്കുടുംബത്തിലാണ്‌. മുണ്ടിനെ ഡൈവോഴ്സ് ചെയ്തിരിക്കുന്നു. നല്ല കണി! അപ്പോഴാണ്‌ എന്റെ മുണ്ടിന്റെ കാര്യം ഞാനും ഓര്‍ത്തത്‌. സംഗതി കട്ടിലിന്റെ ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു. കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. മാതാവേ... പരിശുദ്ധാത്മാവേ... പിതാവേ... പുത്രാ... ഇന്നത്തെ ടെസ്റ്റ് എളുപ്പമാക്കിത്തരണേ.. പിന്നെ കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടന്നു. പ്രഭാതകര്‍മ്മങ്ങളില്‍ അത്യാവശ്യമുള്ളതുമാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി. ഒരു കട്ടനിട്ടുകുടിച്ചു. വേഗം പുറപ്പെട്ടു. കിഴക്കു വെള്ള കീറുന്ന ശബ്ദം. കൗസല്യാ സുപ്രജാ രാമാ പൂര്‍വ്വസന്ധ്യാ പ്രവര്‍ത്തതേ... ഉത്തിഷ്ട നരശാര്‍ദ്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം ... ടാക്സിസ്റ്റാന്റിലെത്തിയപ്പോള്‍ വണ്ടിക്കാരന്‍ സൗദി നീട്ടിവിളിക്കുന്നുണ്ട്. ദള്ളാ... ദള്ളാ... ദള്ളാ... ഇവന്‍ രാവിലെതന്നെ തള്ളേ വിളി തുടങ്ങി. (ഡ്രൈവിങ് സ്കൂളിന്റെ പേരാണ്‌ ദല്ല എന്നത്) കൃത്യം പതിനഞ്ചു മിനറ്റു വൈകി സ്കൂളിലെത്തി. കമ്പ്യൂട്ടര്‍ ടെസ്റ്റ് സെക്ഷനില്‍ ചെന്നു മുഖം കാണിച്ചു തലയെണ്ണിച്ചു. ഒരു പള്ളിപ്പെരുന്നാളിന്റെ ആള്‍ക്കൂട്ടമാണവിടെ. പത്തും പന്ത്രണ്ടും തവണ കമ്പ്യൂട്ടറിനോടു തോറ്റ മണ്ടന്മാര്‍. ഞാനും ലൈനില്‍ കാത്തിരുന്നു. ടെസ്റ്റിന്‌ ഓരോരുത്തരെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ പ്രാര്‍ഥനയോടെ ലൈനില്‍ നിന്നു. മേരാ നമ്പര്‍ കബ് ആയേഗാ?.. എന്റെ പേരുവിളിച്ചു. ഞാന്‍ ഇക്കാമയും പൊക്കിപ്പിടിച്ച് അകത്തുചെന്നു. നിരയിലുള്ള കമ്പ്യുട്ടറുകളിലൊന്നിലേക്കു പോലീസുകാരന്‍ ഗ്രീന് സിഗ്നലിട്ടു. ഞാന്‍ കമ്പ്യൂട്ടറിനെ ചിരിച്ചുകാണിച്ചു.ദൈവങ്ങളെ വിളിച്ചു. സീനിയോറിറ്റി അനുസരിച്ച് എല്ലാ വിശുദ്ധരേയും വിളിച്ചു. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനെ കാര്യത്തിന്റെ ഗൗരവം പ്രത്യേകം ഓര്‍പ്പിച്ചു. പിന്നെ കാര്യങ്ങള്‍ ചടപടാന്നു നടന്നു. നിങ്ങള്‍ വിജയകരമായി ടെസ്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നു കമ്പ്യൂട്ടര്‍ വെണ്ടക്കാ നിരത്തി. എല്ലാ പുണ്യവാളന്മാര്‍ക്കും നന്ദി. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥന്‌ പ്രത്യേകം നന്ദി. ഇനിയാണു കടുകട്ടിയായ രണ്ടാം ഭാഗം. ഡ്രൈവിങ് ടെസ്റ്റ്!! ഇതുകൂടി പാസ്സായാല്‍ പിന്നെ ഞാനാരാ!! വീണ്ടും നീട്ടി വിളി തുടങ്ങി. കൊന്ത.. മാതാവ്..

കാലം സമാഗതമായപ്പോള്‍ ടെസ്റ്റിനുള്ളവരെ മുറൂറന്‍ (ട്രാഫിക്‌ പോലീസ്) നീട്ടി വിളിക്കാന്‍ തുടങ്ങി. മെത്തിവാ.. താകറല്‍.. ഫ്ലേബ്..  ദൈവമേ.. മനുഷ്യര്‍ക്ക് എന്തെല്ലാംതരം പേരുകളാണ്‌! അയാള്‍ ഉറക്കെ പേരു വീണ്ടും വിളിച്ചു. ആളില്ല..ഇവന്‍ എവിടെ പോയി! ആ ഫയല്‍ അടിയിലേക്കു തള്ളി. അടുത്തവന്റെ പേരുവിളിച്ചു. അയാളുടെ കയ്യിലെ ഫയലുകള്‍ ഒന്നൊന്നായി തീരു‍ന്നു. എന്റെ പേരുമാത്രം  വിളിക്കുന്നില്ല. മേരാ നമ്പര്‍ കബ് ആയേഗാ?.. എല്ലാ ഫയലും തീര്‍ന്നു. അയാളുടെ കയ്യില്‍ ആദ്യത്തെ ഫയല്‍ മാത്രം ബാക്കി. എന്റെ പേരുമാത്രം വിളിച്ചില്ല. ഇനി ഞാന്‍ കമ്പ്യൂട്ടര്‍ ടെസ്റ്റ് പാസ്സായില്ലേ?.. മൂരിക്കുട്ടന്‍ വീണ്ടും നിലവിളിച്ചു. മെത്തിവാ.. താകറല്‍.. ഫ്ലേബ്.. എന്റെ തലക്കകത്ത് ബള്‍ബുകള്‍ കത്തി. ആന്റിനകള്‍ റേഞ്ചുപിടിക്കാന്‍ തുടങ്ങി. മാത്യു തകിടിയില്‍ ഫിലിപ്പ് എന്നതിന്റെ അറബി പരിഭാഷയല്ലേ ആ കേള്‍ക്കുന്നത്? ഞാന്‍ ഇടിച്ചുകേറി. എന്റെ ഫയലതാ പോലീസിന്റെ കയ്യില്‍കിടന്നു പിടയ്ക്കുന്നു! അങ്ങനെ ഒന്നാമനായ ഞാന്‍ അവസാനനായി. മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുന്‍പന്മാരുമാകുമെന്ന സുവിശേഷം ഇതാ അന്വര്‍ത്ഥമായിരിക്കുന്നു. ഞാന്‍ ഡ്രൈവിങ് ടെസ്റ്റിനുള്ള ലൈനിന്റെ അവസാനം വരിപിടിച്ചു. മേരാ നമ്പര്‍ കബ് ആയേഗാ?.. സമയരഥം  ഇഴഞ്ഞു. എന്റെ നമ്പര്‍ വന്നു. ഞങ്ങള്‍ നാലുപേര്‍ ടെസ്റ്റിനായി കയറി... ആദ്യത്തവന്റെ ടെസ്റ്റ് കഴിഞ്ഞു. ഇനി ഞാനാണ്. ഞാന്‍ വലത് കാലുവച്ച് ഡ്രൈവിങ് സീറ്റില്‍ കയറി. സൗദി അറേബ്യയില്‍ ഇടതുവശത്താണ്‌ ഡ്രൈവിങ്സീറ്റ്. അതുകൊണ്ട് എനിക്ക് അനിയന്‍ബാവ ചേട്ടന്‍ബാവയിലെ ജയറാമിനെപ്പോലെ ബുദ്ധിമുട്ടേണ്ടിവന്നില്ല. മനസ്സിലും തലച്ചോറിലും ചെണ്ടമേളവും തായമ്പകയും വെടിക്കെട്ടും നടന്നു. ബെല്‍റ്റിട്ടു, മിറര്‍ നേരെയാക്കി, ഗിയറിട്ടു, ഹാന്‍ഡ്ബ്രേക്ക് മാറ്റി വണ്ടി മുന്നോട്ടെടുത്തു. ശുഭലക്ഷണം! മുന്നോട്ടു നീങ്ങവേ സാത്താന്‍ അറബിയില്‍ ഏന്തൊ പറഞ്ഞു. ഒരു പോലീസുകാരനല്ലേ... കാര്യമെന്താണെന്നറിയാന്‍ ഞാന്‍ അങ്ങോട്ടു തിരിഞ്ഞ് അയാളോട് എന്താണ്‌ പറഞ്ഞതെന്നു ഭവ്യതയോടെ ആരാഞ്ഞു. ഞാന്‍ ഓടിച്ചുകൊണ്ടിരുന്ന കാറിന്‌ എന്റെ പെരുമാറ്റം തീരെ ഇഷ്ടപ്പെട്ടില്ല. കാറ്‌ പതുക്കെ ഒരു സൈഡിലോട്ട് തനിയെ ഓടാന്‍ തുടങ്ങി. കാറിന്റെ പെരുമാറ്റം പോലീസുകാരനും ഒട്ടും പിടിച്ചില്ല. അദ്ദേഹം തിരുവുള്ളമായി കല്‍പ്പിച്ചരുളി. ആരവിടെ?.. ഞാനിവിടെ!... വണ്ടി നില്‍ക്കട്ടെ... ഞാന്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. അഞ്ചു തലകള്‍ ഇടിച്ചുനിന്നു... പോലീസുകാരന്‍ എന്നെ ക്രൂരമായി നോക്കി. ഇറങ്ങി പോടേയ്... ഞാന്‍ ഇറങ്ങി ബാക്ക് സീറ്റില്‍ വന്നിരുന്നു. അടുത്തയാള്‍ വണ്ടിയുടെ കണ്‍ട്രോള്‍ ഏറ്റെടുത്തു. ഞാന്‍ പുറകിലിരുന്ന്‌ ഏന്തിവലിഞ്ഞ് മുന്നോട്ട് നോക്കി. എന്റെ ഫയലില്‍ മുറൂര്‍ എന്താണെഴുതുന്നതെന്ന്‌. അദ്ദേഹം എല്ലാ കോളങ്ങളിലും നീട്ടിവരച്ചു. എന്റെ ചീട്ടുകീറി.. തോല്‍പ്പിച്ചുകളഞ്ഞല്ലോ പിതൃശൂന്യന്‍.... ഫലപ്രഖ്യാപനതിന്റെ സമയമായി. ജയിച്ചവരുടെ കൂട്ടത്തില്‍ എന്റെ പേര്‌ നഹിനഹി... എന്റെ സ്ലിപ്പ് തിരിച്ച് തന്നിട്ട് അടുത്തയാഴ്ച രണ്ടാമതും ചെല്ലാന്‍ അറിയിപ്പുണ്ടായി. സന്ധ്യയായി ഉഷസ്സായി രണ്ടാം ദിവസം.

തുടരാതെ രക്ഷയില്ലാ.....

Jun 6, 2011

മലയാളികളോടു കളിച്ചാല്‍......




കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും എന്റെ സഹോദരിയുംകൂടി ഒരു അവധിക്കാലയാത്രക്കിടയില്‍ ജലന്ധറില്‍നിന്നും അമൃത്സറിലേക്ക് പഞാബിലെ ലോക്കല്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. സുവര്‍ണ്ണ ക്ഷേത്രവും ജാലിയന്‍വാലാബാഗും കാണാന്‍ വേണ്ടിയുള്ള യാത്ര. ജലന്ധറില്‍ താമസിച്ചിരുന്ന പട്ടാളക്കാരനായ കസിന്റെ വീട്ടില്‍ നിന്നും അതിരാവിലെ കഞ്ഞിയും ചമ്മന്തിയും കഴിച്ചാണ് ഞങ്ങള്‍ പുറപ്പെട്ടത്‌. ഏകദേശം എണ്പതു കിലോമീറ്റര്‍ ദൂരമുള്ള യാത്ര ഗ്രാമങ്ങളിലെ ഗോതമ്പു‍വയലുകളിലൂടെയും കരിമ്പിന്‍ പാടങ്ങളിലൂടെയുമൊക്കെയായിരുന്നു. ഉഷ്ണകാലത്തിന്റെ ഊഷരതയിലേക്ക് വഴിമാറുന്നതിനു മുന്‍പുള്ള വഴിയോരത്തെ കാഴ്ചകള്‍ വളരെ സുന്ദരവും ഹൃദ്യവുമായിരുന്നെങ്കിലും ബസ്സിനുള്ളിലെ സ്ഥിതി അത്ര സുന്ദരമായിരുന്നില്ല. വൃത്തിയില്ലാത്ത ബസിലെ യാത്രക്കാരില്‍ അധികവും മുഷിഞ്ഞ വസ്ത്രം ധരിച്ച ഗ്രാമവാസികള്‍ ആയിരുന്നു. മനംമറിയുന്ന ഒരു മണം ബസ്സില്‍ തങ്ങിനിന്നിരുന്നു.

യാത്രക്കാരുമായി ചില്ലറ കശപിശകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് മുന്ഭാഗത്തായി രണ്ടു സീറ്റ് കിട്ടിയത്. അവിടുത്തെ ബസ്സുകളില്‍ പഞ്ചാബികള്‍ക്കു പ്രത്യേക സംവരണം ഉള്ളതുപോലെയാണ് അവരുടെ പെരുമാറ്റം. ഹം ദൂര്‍...ദൂര്‍... കേരളാ സെ ആത്താ ഹേ... ഹൂം.. ഹോ.. പഞ്ചാബ് കാണാന്‍..... അതുകൊണ്ടു ഹംകോ സീറ്റ് വേണം...തെരിയുമാ... ബഹുഭാഷാവിചക്ഷണനായ എന്റെ വായില്‍നിന്നു  അറിയാതെ ഒരു കഷണം തമിഴ് വീണുപോയി.... തും ഹമാരാ മാകോ ബോല്‍ത്താ ഹേ....? കിലുക്കം സിനിമയിലെ സമര്‍ഖാനെപ്പോലെ ഒരു പഞ്ചാബി എഴുന്നേറ്റു നിന്നു. പണി പാളി... ദേഹം മുഴുവന്‍ ബാന്‍ഡേജിട്ടു ആശുപത്രിയില്‍ കിടക്കുന്ന ജഗതിയുടെ രൂപം ഒരു നിമിഷം ഞാന്‍ ഓര്‍ത്തു... അറിയാതെ പറഞ്ഞു പോയതാ പഞ്ചാബീ..നീ ക്ഷമീ... മാപ്പ്... ഇനി മാപ്പിന് വേറെ അര്‍ഥം വല്ലതും...? ഞാന്‍ എളിമയോടെ പഞ്ചാബിയുടെ മുഖത്തേക്ക് നോക്കി.... പെട്ടെന്ന് ബസ്‌ നീങ്ങി.... അതുകൊണ്ടു തല്ക്കാലം രക്ഷപെട്ടു. ഈ പഞ്ചാബികള്‍ക്കിട്ടു ഒരു പണി കൊടുക്കാന്‍ എന്താണൊരു വഴിയെന്നാലോചിച്ചിരിക്കുമ്പോള്‍ പെട്ടെന്നാണതു സംഭവിച്ചത്.

സ്വതവേ ബസ്സില്‍ കയറിയാല്‍ ശര്‍ദ്ദിക്കുന്ന സ്വഭാവക്കാരിയായ എന്റെ സഹോദരിക്ക് ബസ്സിലെ ചുറ്റുപാടുകള്‍ വളരെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. യാത്ര ഏതാണ്ട് പാതിവഴിയെത്തിയപ്പോള്‍ അവള്‍ എന്നോട് തന്റെ ഗുരുതരാവസ്ഥ പറഞ്ഞെങ്കിലും പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍പോലും എനിക്ക് കഴിയുന്നതിനു മുന്‍പേ അവള്‍ പണി പറ്റിച്ചു. വീശിയടിച്ച കാറ്റില്‍ രാവിലെ കഴിച്ച കഞ്ഞിയും ചമ്മന്തിയും പിന്‍സീറ്റുകളിലെ യാത്രക്കാരുടെ മുഖത്ത്.... പഞ്ചാബിയിലുള്ള തെറികള്‍ കുറച്ചൊക്കെ  മനസ്സിലായെങ്കിലും ഞങ്ങള്‍ ഒന്നുമറിയാത്തതുപോലെ ഇരുന്നു. തൊട്ടു പിന്നിലെ സീറ്റിലിരുന്ന ഒരു സിഖുപുരോഹിതന്റെ കാര്യമായിരുന്നു ഏറെ കഷ്ടം. കഞ്ഞിയുടെ നല്ലൊരു ഭാഗം സര്‍ദാര്‍ജിയുടെ നീട്ടിവളര്‍ത്തിയ താടിക്കുള്ളില്‍ കുരുങ്ങിപ്പോയി. അമൃത്സറിലെത്തുന്നതുവരെ അദ്ദേഹം താടിക്കുള്ളില്‍ നിന്നും കഞ്ഞിയും ചമ്മന്തിയും വേര്‍പെടുത്തുന്നത് കാണാമായിരുന്നു.

മലയാളികളോടു കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞങ്ങള്‍ അമൃത്സറില്‍ ബസ്സിറങ്ങി.



Apr 18, 2011

ഇന്‍ ഗോസ്റ്റ് ഹൗസ് റീലോഡഡ്

സത്യത്തില്‍  പ്രേതങ്ങള്‍ ഉണ്ടോ?  ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമായ ഉത്തരം ആര്‍ക്കും ഇല്ല. ആരോ ഒരാള്‍ ഒരിക്കല്‍ പ്രേതത്തെ കണ്ടു... അല്ലെങ്കില്‍ ഒരാളെ പ്രേതം ഓടിച്ചു... എന്നൊക്കെയല്ലാതെ, പ്രേതങ്ങളെ നേരിട്ട് കാണുകയോ, പ്രേതങ്ങളുമായി സംവദിക്കുകയോ ചെയ്തിട്ടുള്ള ആരും തന്നെ ഇല്ലെന്നു തോന്നുന്നു. എന്നാല്‍ പ്രേതങ്ങള്‍ ഇല്ലെന്നു തറപ്പിച്ചു പറയാനോ തെളിയിക്കാനോ ആര്‍ക്കും സാധിക്കുന്നുമില്ല. നമ്മുടെ ചാക്കോ നമ്പൂതിരിക്കും ഉണ്ടായി കുറച്ചുകാലം മുന്‍പ് ഒരു പ്രേതാനുഭവം.  
മതസൗഹാര്‍ദ്ദത്തിനു ഉത്തമോദാഹരണമാണു ഞങ്ങളുടെ ഗ്രാമം. ഹൈന്ദവക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ ദേവാലയങ്ങളും, മുസ്ലിം പള്ളികളും അവയോടനുബന്ധിച്ചുള്ള വിദ്യാലയങ്ങളും ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു. ചാക്കോനമ്പൂതിരിയുടെ ഇല്ലത്തിനു അധികം അകലെയല്ലാതെ ഒരു അമ്പലം, അമ്പലക്കുളം, അല്പം മാറി ആദിവാസികള്‍ ഉപയോഗിക്കുന്ന  കാടുപിടിച്ച ഒരു ശ്മശാനം, അതിന്റെ  നേരെ എതിര്‍വശത്തുള്ള കുന്നിന്‍ചെരുവില്‍ മുസ്ലിം പള്ളി, അതിനോട് 
ചേര്‍ന്ന്  കാടുമൂടി കിടക്കുന്ന പള്ളിക്കാട്‌ എന്നിവ സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു ക്രിസ്ത്യന്‍ പള്ളിയും അതിനു പുറകില്‍ പൂച്ചെടികള്‍ വച്ച് പിടിപ്പിച്ച സെമിത്തേരിയും.  ചുരുക്കത്തില്‍ ഈ മൂന്നു ശ്മശാനങ്ങളിലുമായി ഞങ്ങളുടെ നാട്ടില്‍ മരണപ്പെട്ടവരുടെയെല്ലാം ആത്മാക്കള്‍ സ്വച്ഛന്തം വിഹരിക്കുന്നു. പ്രേതങ്ങളും വളരെ സൌഹൃദത്തിലാണ് കഴിയുന്നത്‌. രാത്രിയുടെ ഭീകരയാമങ്ങളില്‍ ഈ ശ്മാശാനങ്ങളിലെ പ്രേതങ്ങള്‍ പരസ്പരം സൌഹൃദസന്ദര്‍ശനങ്ങള്‍ നടത്തുന്നത് കണ്ടവര്‍ പലരുമുണ്ടത്രേ. പകല്‍ സമയത്ത് പ്രേതങ്ങള്‍ കാടുപിടിച്ച ശ്മശാനങ്ങളില്‍ കുറുക്കന്മാരുടെ രൂപത്തിലാണത്രേ കഴിയുന്നത്‌.  

പണ്ട് ഈ അമ്പലത്തിന്റെയും പള്ളിയുടെയും മുന്പില്കൂടി ഒരു നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴിയുടെ ഓരത്തായി അമ്പലത്തിന്റെയും മുസ്ലിം പള്ളിയുടെയും മുമ്പില്‍ ഓരോ വലിയ കുളങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു കുളങ്ങളിലും വെള്ള, ചുവപ്പ്, നീല നിറങ്ങളിലുള്ള വലിയ ആമ്പല്‍പൂക്കള്‍ എല്ലാ കാലങ്ങളിലും വിരിഞ്ഞു നിന്നിരുന്നു. ഇപ്പോള്‍ ആ നടവഴി ധാരാളം വാഹനങ്ങള്‍ ഓടുന്ന  ഒരു സ്റ്റേറ്റ് ഹൈവേ ആണ്. ഈ റോഡു വന്നപ്പോള്‍ അമ്പലക്കുളത്തിന്റെ പകുതിയും  പള്ളിക്കുളം മുഴുവനും മൂടേണ്ടിവന്നു. പള്ളിക്കുളം 
മൂടിയതോടെ മുസ്ലിം പ്രേതങ്ങളുടെ വെള്ളംകുടി മുട്ടി. അവര്‍ രാത്രി കാലങ്ങളില്‍ റോഡു മുറിച്ചു കടന്നു അമ്പലത്തിന്റെ  പകുതി കുളത്തില്‍ നിന്ന് വെള്ളമെടുക്കാന്‍ തുടങ്ങി. അതോടെ സന്ധ്യ കഴിഞ്ഞാല്‍ നാട്ടുകാര്‍ അതു വഴി നടക്കതെയായി. അസമയങ്ങളില്‍ അതുവഴി പോയ പലരും അമ്പലക്കുളത്തില്‍ വെള്ളം 
കുടിക്കാനെത്തുന്ന പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രേ.  കുളം മൂടിയതിനെതിരെ പള്ളിക്കാട്ടിലെ പ്രേതങ്ങള്‍ ഇന്നും പ്രതികരിക്കുന്നുന്ടെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇന്നും പള്ളിയില്‍ ബാങ്കുവിളി മുഴങ്ങുമ്പോള്‍ കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരിയിട്ടു തങ്ങളുടെ
പ്രതിഷേധം അറിയിക്കാറുണ്ട്. ഇതിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ചുറ്റുവട്ടത്തെ നായ്ക്കളും ഒരു തല്‍സമയസംപ്രേക്ഷണം നടത്തും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.

ചാക്കോനമ്പൂതിരിയുടെ അയല്‍വക്കത്ത് വാടകയ്ക്ക്  താമസിച്ചിരുന്നത് ഞങ്ങളുടെ നാട്ടിലെ ഉന്നതവിദ്യാഭാസ സ്ഥാപനമായ യു പി സ്കൂളിലെ ഒരു മാഷായിരുന്നു. മാഷിന്റെ ഭാര്യ അതേ സര്‍വകലാശാലയിലെ അധ്യാപികയും. അന്യനാട്ടില്‍നിന്നു ജോലിക്കുവേണ്ടി ഇവിടെ എത്തിപ്പെട്ടവരാണ് രണ്ടാളും.വളരെക്കാലം രണ്ടുപേരും തൊട്ടടുത്ത ക്ലാസ്സുകളില്‍ കുട്ടികള്‍ക്ക് കേട്ടെഴുത്ത് പരീക്ഷകള്‍ നടത്തി പരിപോഷിപ്പിച്ചെടുത്ത പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.  പിന്നീട് ആ ദാമ്പത്യവല്ലരിയില്‍ വര്‍ഷാവര്‍ഷം പൂക്കള്‍ വിരിയാന്‍ തുടങ്ങി. വിരിഞ്ഞതെല്ലാം പെണ്പൂക്കള്‍. ഇടക്കൊന്നു ഇരട്ടപ്പൂവും. ഒരു ആണ്പൂവിനു വേണ്ടിയാണ് ശ്രമിച്ചതെങ്കിലും ആറാമത്തെ പൂവോടെ ഇനി റിസ്കെടുക്കാന്‍ വയ്യെന്ന് പറഞ്ഞു മാഷ്‌ സുല്ലിട്ടു സര്‍ക്കാരിന്റെ ബക്കറ്റു വാങ്ങി. കല്യാണം കഴിഞ്ഞതോടെ  ടീച്ചര്‍ക്ക് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം സ്കൂളില്‍ പോയാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രസവാവധിയും  പിന്നെ രണ്ടു മാസം സ്കൂള്‍ അവധിയും. പ്രസവാവധിക്കാലത്ത് ടീച്ചര്‍
അവരുടെ വീട്ടിലേക്കു പോകും  പിന്നെ മാഷ് ഒറ്റക്കാണ് താമസം. ഇടക്കൊക്കെ മാഷ് ടീച്ചറെ കാണാന്‍ അവരുടെ നാട്ടിലേക്കു പോകും. അപ്പോള്‍ വീട്ടിലെ ആട്, കോഴി, പട്ടി, പൂച്ച മുതലായവയുടെ ചുമതല ചാക്കോ നമ്പൂതിരിയെ ഏല്പിക്കും. രാത്രി ചാക്കോച്ചന്‍ മാഷിന്റെ വീട്ടില്‍ പോയി കിടക്കും.

പതിവുപോലെ ഒരു പ്രസവാവധിക്കാലത്ത്  മാഷ് ടീച്ചറെ കാണാന്‍ പോയി. ചാക്കോ നമ്പൂതിരി മാഷിന്റെ വീട്ടില്‍ രാത്രി കാവല്കിടപ്പ് ആരംഭിച്ചു. ആദ്യത്തെ ദിവസം ഏതാണ്ട് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ വീട്ടുപടിക്കല്‍ ഒരു നായ ഓലിയിട്ടു. അല്പസമയത്തിനുള്ളില്‍ ശ്മശാനങ്ങളിലെ കുറുക്കന്മാര്‍ അതിനു കോറസ് പാടി. ശക്തിയായടിച്ച കാറ്റില്‍  മരച്ചില്ലകള്‍ ആടിയുലഞ്ഞു. ജനലരികില്‍ ഏതോ
പാതിരാപ്പക്ഷിയുടെ ചിറകടി ശബ്ദം.....  ആകെക്കൂടി വല്ലാത്ത ഒരു ഭീകരാവസ്ഥ. ചാക്കോ നമ്പൂതിരിയുടെ ധൈര്യം ആവിയായി എവിടെയോ മാഞ്ഞു. പകരം മറ്റൊരു വികാരം ഞരമ്പുകളില്‍ ഉറഞ്ഞുകൂടി.  അതിനെ ഭയമെന്നു വിളിക്കണോ പേടിയെന്ന് വിളിക്കണോ എന്ന് അറിയാത്ത അവസ്ഥയിലായി ചാക്കോച്ചന്‍. രാത്രി ആ വീട്ടില്‍ ഒറ്റയ്ക്ക് കിടക്കാന്‍ വരേണ്ടിയിരുന്നില്ലെന്നു തോന്നി. ആരെയെങ്കിലും കൂട്ടിനു വിളിക്കാമായിരുന്നു.  പെട്ടെന്ന് അടുക്കളഭാഗത്തുനിന്നു നിന്ന് ഒരു നിലവിളി ശബ്ദം..... പിന്നെ പേടിച്ചരണ്ട ഒരു നായയുടെ മുരള്‍ച്ച..... അടുക്കളയുടെ കതകില്‍ എന്തോ ശക്തിയായി  ഉരയ്ക്കുന്നതുപോലെ.... ചാക്കോ നമ്പൂതിരിക്ക് ഒരേ സമയം ഉത്തര്‍പ്രദേശില്‍ കടുത്ത വരള്‍ച്ചയും   മധ്യപ്രദേശില്‍ വലിയ പ്രളയവും  അനുഭവപ്പെട്ടു. പ്രളയക്കെടുതി കട്ടിലിനു താഴെ തളംകെട്ടി നിന്നു.  പിന്നെ
കുറച്ചുനേരത്തേക്ക് അനക്കമൊന്നുമില്ല. പെട്ടെന്ന്  മുന്‍വാതിലില്‍  ആരോ തള്ളുന്നതുപോലെ തോന്നി. നേരത്തെ അടുക്കളവാതിലില്‍
കേട്ടതുപോലെ മുന്‍വാതിലിലും   എന്തോ ഉരയ്ക്കുന്ന ശബ്ദം. പിന്നീടൊരു വരള്‍ച്ചയോ പ്രളയമോ ഉണ്ടായോ എന്നറിയില്ല. പുലര്‍ച്ചെ  ബോധം തെളിഞ്ഞപ്പോഴാണ്‌ ബോധംപോയ വിവരം ചാക്കോച്ചന്‍ അറിഞ്ഞതുതന്നെ. പേടിച്ചരണ്ട കണ്ണുകളോടെ,.... വരണ്ട ചുണ്ടോടെ,.... വിറയ്ക്കുന്ന കാലുകളോടെ,.... നനഞ്ഞ മുണ്ടോടെ.... ചാക്കോച്ചന്‍ പതുക്കെ വാതില്‍ തുറന്നു. പുറത്തു തലേന്ന് രാത്രി എന്തെങ്കിലും സംഭവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ല.  പക്ഷെ വാതിലേക്ക് നോക്കിയ ചാക്കോനമ്പൂതിരി ഞെട്ടിപ്പോയി.... വാതില്പാളികളില്‍ നീളത്തില്‍ എന്തോ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞതുപോലെയുള്ള പാടുകള്‍. അടുക്കളഭാഗത്തെ വാതിലിലുമുണ്ട് സമാനമായ പാടുകള്‍. ചാക്കോച്ചനു ഒരു കാര്യം തീര്‍ച്ചയായി. പ്രേതങ്ങള്‍ ഉണ്ട്.

ചാക്കോ നമ്പൂതിരി നേരെ  വീട്ടില്‍  പോയി നനഞ്ഞ ലുങ്കി മാറി കവലയിലേക്കു തിരിച്ചു. ചെല്ലപ്പനെ കണ്ടു വിവരങ്ങള്‍ പറയണം. ചെല്ലപ്പന്‍ ചാക്കോ നമ്പൂതിരിയുടെ ചെറുപ്പം മുതലേയുള്ള ആത്മസുഹൃത്താണ്. സ്ഥലത്തെ പ്രധാന വായ്നോക്കി. ഓസ്സിനു കിട്ടിയാല്‍ ആസിഡും കുടിക്കും.  ചീട്ടുകളിയാണ് പ്രധാന ഉപജീവനമാര്‍ഗം.  കൂടാതെ ചാക്കോച്ചനെപ്പോലുള്ള ചില തിരുമണ്ടന്‍മാര്‍  ഉള്ളതുകൊണ്ട് വട്ടച്ചിലവ് നടന്നുപോകുന്നു. കൂട്ടിനു ആരെയും കിട്ടിയില്ലെങ്കില്‍ ഒറ്റക്കിരുന്നും ചീട്ടുകളിക്കും. എപ്പോഴും ഒരുപെട്ടി ചീട്ടു കയ്യിലുണ്ടാകും.  താന്‍ മരിക്കുമ്പോള്‍ തന്റെ കുഴിമാടത്തില്‍ ഒരുപെട്ടി ചീട്ടുകൂടി വയ്ക്കണമെന്ന് വേണ്ടപ്പെട്ടവരെ ചെല്ലപ്പന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അത്രയ്ക്ക് ഗാഡമായ ബന്ധമാണ് ചെല്ലപ്പനും ചീട്ടും തമ്മില്‍.

ചെല്ലപ്പന്‍ പതിവുപോലെ ചായക്കടയില്‍ത്തന്നെ ചൊറികുത്തി ഇരുപ്പുണ്ട്‌.
"ചെല്ലപ്പാ... ങ്ങട് വര്വാ...."
"എന്താടേ...."
"വാ ഒരു കാര്യംണ്ട്... പറയാം.."
തിരുമേനി ചെല്ലപ്പനെ വിളിച്ചു ഒരു മരച്ചുവട്ടിലേക്ക് മാറ്റിനിര്‍ത്തി തലേന്നത്തെ സംഭവങ്ങള്‍ വിവരിച്ചു.
"പോടേ... നീ സ്വപ്നം കണ്ടുകാണും..." കണ്ണുകൊണ്ട് കാണുകയും കൈകൊണ്ടു തൊടുകയും ചെയ്യാതെ താന്‍ വിശ്വസിക്കുകയില്ലെന്നായി ചെല്ലപ്പനെന്ന തോമ്മാശ്ലീഹാ. സെമിത്തേരിയില്‍ കിടന്നുറങ്ങിയിട്ടുണ്ട് 
ചെല്ലപ്പന്‍.  തൂങ്ങിമരിച്ച എത്രപേരെ താഴെയിറക്കിയിരിക്കുന്നു. പുഴയില്‍നിന്നു എത്ര ശവങ്ങള്‍
മുങ്ങിയെടുത്തിരിക്കുന്നു. പക്ഷെ ഇന്നോളം ഒരു പ്രേതവും ചെല്ലപ്പന് ദര്‍ശനം നല്‍കിയിട്ടില്ല....

അവസാനം അവര്‍ ഒരു ഒത്തുതീര്പ്പിലെത്തി. അന്ന് രാത്രി രണ്ടുപേരും ഒന്നിച്ചു മാഷിന്റെ വീട്ടില്‍ കിടക്കുന്നു..
"ശരി ശരി നീ ഒരു ചായക്ക്‌ പറ..." ചെല്ലപ്പന്‍ ചാക്കോച്ചനെ ഓസാന്‍  തുടങ്ങി.

 അന്ന് രാത്രി ചാക്കോച്ചനും ചെല്ലപ്പനും ഒരു കുപ്പിയും മാഷിന്റെ വീട്ടില്‍ കര്‍മ്മനിരതരായി. കള്ളും കാന്താരി മുളകും... ബെസ്റ്റ് കോമ്പിനേഷന്‍.... സമയം കടന്നു പോയത് അവര്‍ മാത്രം അറിഞ്ഞില്ല. പെട്ടെന്ന് കാറ്റ് ആഞ്ഞു  വീശി. നായ നിലവിളിച്ചു. കുറുക്കന്മാരുടെ ഗാനമേള... പിന്നെ അടുക്കളഭാഗത്ത്‌ ഒരു ദീനരോദനം.... വാതിലില്‍ തലേന്ന് കേട്ടതുപോലെ ഒരു ശബ്ദം... തലേന്നത്തെതുപോലെയുള്ള പിന്നണി മേളങ്ങള്‍. രണ്ടുപേര്‍ക്കും കെട്ടിറങ്ങി. ചാക്കോച്ചനു വരള്ച്ചയുണ്ടായെങ്കിലും പ്രളയമുണ്ടായില്ല.  ചെല്ലപ്പന്‍ അറിയാതെ ഒരു കാന്താരിമുളക് ഡ്രൈ ആയി കടിച്ചു. കണ്ണില്‍ പൊന്നീച്ച പറന്നു. എരിവു മാറ്റാന്‍ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് ഓണ്‍ ദി റോക്ക് അടിച്ചു.  ചെല്ലപ്പന് കാലിന്റെ പെരുവിരലില്‍ കൂടി ധൈര്യം മുകളിലേക്ക് ഇരച്ചുകയറി. കൂടെ കരുതിയിരുന്ന പിച്ചാത്തി കയ്യിലെടുത്തു ചെല്ലപ്പന്‍ അടുക്കളയിലേക്കു നടന്നു. ഒറ്റക്കിരിക്കാന്‍ ധൈര്യമില്ലഞ്ഞതിനാല്‍ ചാക്കോ നമ്പൂതിരി പുറകെ നടന്നു. 
'വേണ്ട ചെല്ലപ്പാ.... കതകു തുറക്കരുത്... ചാക്കോ നമ്പൂതിരി തടയാന്‍ ശ്രമിച്ചു. 
പക്ഷെ  ചെല്ലപ്പന്‍ വിട്ടില്ല. "ഇന്ന് ഈ .....നെ  ഒന്ന് കണ്ടിട്ടേയുള്ളൂ..." ധീരന്മാര്‍ ഒരിക്കലെ മരിക്കാറുള്ളൂ. വലതുകയ്യില്‍ കത്തിയുമായി ഇടതു കൈ കൊണ്ട് ചെല്ലപ്പന്‍ വാതില്‍ തുറന്നു.അവിടെ കണ്ട കാഴ്ച്ചയില്‍ ചെല്ലപ്പനും ചാക്കോച്ചനും ഒന്നിച്ചു ഞെട്ടി...... പുറത്തു ഇരുട്ടില്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍.....  ചെല്ലപ്പന്റെ ധൈര്യം മുകളിലേക്ക് കയറിയ അതേ സ്പീഡില്‍  തിരിച്ചിറങ്ങി. ചാക്കോച്ചന്‍ ചൂണ്ടുവിരലുകള്‍ കുരിശാകൃതിയില്‍ ഉയര്‍ത്തിപ്പിടിച്ചു.   അല്പധൈര്യം സംഭരിച്ചു ചെല്ലപ്പന്‍ ഇരുട്ടിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ പുറകില് മാഷിന്റെ കറുത്ത നായുടെ വെളുത്ത വാല്‍ ആടുന്നു....‍

ചെല്ലപ്പന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി... രണ്ടു ദിവസമായി ചാക്കോച്ചന്‍ നായക്ക് ഭക്ഷണമൊന്നും കൊടുത്തിട്ടില്ല. വിശപ്പുകൊണ്ട് നായ നടത്തിയ പരാക്രമങ്ങളാണ് രണ്ടു ദിവസമായി അവിടെ നടന്നത്.!!!

ഒരു  ചോദ്യം  വീണ്ടും  ചോദ്യമായി തന്നെ അവശേഷിക്കുന്നു. സത്യത്തില്‍  പ്രേതങ്ങള്‍ ഉണ്ടോ?......

Mar 20, 2011

മൈസൂര്‍ ടൈംസ്

അവതാരപുരുഷന്മാര്‍ ലോകനന്മക്കുവേണ്ടി  അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. കണ്ണ് തള്ളിപ്പോകുന്ന തരത്തിലുള്ള അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച  ആളായിരുന്നു യേശുക്രിസ്തു. ലോകത്തെ സകലമാന കുടിയന്മാര്‍ക്കും അഭിമാനിക്കാം, യേശുക്രിസ്തു തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതു കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിക്കൊണ്ടായിരുന്നല്ലോ..   പക്ഷെ പിന്നീടിതുവരെ ഇങ്ങനെ ഒരു അത്ഭുതം ആരും കാണിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ആധുനിക കാലത്തെ പല അവതാരപുരുഷന്മാരും മറ്റു പല അത്ഭുതങ്ങളും ചെയ്യുന്നുണ്ടെങ്കിലും ഇതു മാത്രം ആര്‍ക്കും സാധ്യമായിട്ടില്ല. ഒരുപക്ഷെ യേശുക്രിസ്തു തന്റെ ആദ്യത്തെ അത്ഭുതം നടത്തിയതിനുശേഷം അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയിട്ടായിരിക്കാം ഈ  അത്ഭുതത്തിന്റെ മാത്രം കോപ്പിറൈറ്റ് ആര്‍ക്കും കൊടുക്കാതിരുന്നത്. എന്നാല്‍  അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വിളമ്പിയ അത്ഭുതത്തിന്റെ മാതൃകയില്‍ അഞ്ചു ലിറ്റര്‍ കള്ള് പത്തും ഇരുന്നൂറും ഇരുനൂറു ലിറ്ററാക്കി മാറ്റുന്ന ചില വിദ്യകള്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഈ അത്ഭുതകള്ളു കുടിച്ചു മലപ്പുറത്ത്‌  രണ്ടു ഡസനില്‍പരം ആള്‍ക്കാര്‍ മരിച്ചിട്ട് അധികമായില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. (പ്രഖ്യാപനം വന്നതുമുതല്‍ പലരും പ്രായംചെന്ന കുടിയനമാരെ നിര്‍ബന്ധിച്ചു ഷാപ്പുകളിലേക്ക് പറഞ്ഞുവിട്ടതായും കേള്‍ക്കുന്നു). 

കാനായിലെ  അത്ഭുതത്തിന്റെ  റിവേഴ്സ് ഇഫ്ഫെക്ടിലുള്ള  ഒരു അത്ഭുതം കുറെനാള്‍ മുമ്പ് എന്റെ വീട്ടില്‍ നടന്നു. ഒരു കുപ്പി വിദേശമദ്യം ഇരുന്ന ഇരുപ്പില്‍ വെള്ളമായി മാറി.  പ്രയ്സ് ദി ലോഡ്.

മൈസൂര്‍ നഗരമാണ് ലൊക്കേഷന്‍. ടിപ്പു സുല്‍ത്താന്റെയും വോഡയാര്‍ രാജകുടുംബത്തിന്റെയും നഗരം. ചാമുണ്ഡിമലയുടെയും വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെയും നാട്.  കാലങ്ങളായി കേരളത്തിലെ സ്കൂളുകളില്‍നിന്നു വര്‍ഷാവര്‍ഷം എക്സ്കര്‍ഷന് പോകുന്ന സ്ഥലം. കര്‍ണ്ണാടകത്തിന്റെ സാംസ്കാരികനഗരം. "കര്‍ണ്ണാടകമെന്നു കേട്ടാല്‍ തിളക്കണം ലഹരി ഞരമ്പുകളില്‍" എന്നതാണ് ഇവിടുത്ത സര്‍ക്കാരിന്റെ മദ്യനയം. ഒരു ക്വാര്‍ട്ടെറിനു ഇരുപതു രൂപമുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അതുകൊണ്ടു തന്നെയാവണം  നമ്മുടെ നാട്ടിലെപ്പോലെ ഇവിടെ വിഷമദ്യദുരന്തങ്ങള്‍ ഉണ്ടാവാത്തത്.    ഇവിടെയാണ്‌ ഞാന്‍ കുഞ്ഞുകുട്ടിപരാധീനങ്ങളുമായി കഴിഞ്ഞു കൂടുന്നത്. ഞാനും ഭാര്യയും ജോലിക്ക് പോകുന്നതിനാല്‍ മക്കളെ നോക്കാന്‍ ഒരു പ്രായംചെന്ന സ്ത്രീയെ നിര്‍ത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഞങ്ങളോടൊപ്പംതന്നെയാണ്  താമസ്സിക്കുന്നത്‌. മലയാളം നന്നായി മനസ്സിലാകുമെങ്കിലും മൊഴിയുന്നത് കന്നടയില്‍ മാത്രം. ഞങ്ങള്‍ അവരെ അജ്ജീ എന്നാണ് വിളിക്കുന്നത്‌. (കന്നടയില്‍ അമ്മൂമ്മ എന്നര്‍ത്ഥം).  പൊതുവേ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ പ്രായംചെന്ന സ്ത്രീകള്‍  അല്പം വലിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ്. മൂലവെട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാക്കറ്റ് ചാരായമാണ് ഇവരുടെ ഇഷ്ട ബ്രാന്‍ഡ്‌. അതാകുമ്പോള്‍ വിലയോ തുച്ഛം ഗുണമോ മെച്ചം... എന്നുവച്ചാല്‍ പത്തു രൂപയ്ക്കു സൂപ്പര്‍ കിക്ക്.  എന്നാല്‍ അജ്ജിക്ക് അത്തരം സ്വഭാവമൊന്നും ഉള്ളതായി ഞങ്ങള്‍ക്കറിയില്ല. തന്നെയുമല്ല അല്പം വൃത്തിയും വെടിപ്പുമൊക്കെയുണ്ടുതാനും .  

വീട്ടില്‍ വിരുന്നുകാര്‍ വരുന്നത് വീടിനു ഐശ്വര്യമാണെന്നു വിശ്വസിച്ചിരുന്ന ആളായിരിന്നു ഞാന്‍. പക്ഷെ ആ വിശ്വാസം തിരുത്തേണ്ടിവന്നത് മൈസൂര് താമസമാക്കിയതിനുശേഷമാണ്. എനിക്ക് വിരുന്നുകാരൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയായിരുന്നു. ഞങ്ങള്‍ക്ക് നാട്ടില്‍ ബന്ധുമിത്രാദികള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ടു മിക്കപ്പോഴും ആരെങ്കിലുമൊക്കെ മൈസൂര്‍ കാണാനായി വരുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഒരു ഫോണ്‍. "എടാ നാളെ ഞങ്ങള്‍ ആങ്ങോട്ടു വരുന്നുണ്ട്". അതായത്  പിറ്റേന്ന് ഒരു വണ്ടി നിറയെ ആളുകള്‍ രാവിലെ എന്റെ  വീട്ടില്‍ ലാന്‍ഡ്‌ ചെയ്യുന്നു. എന്റെ വീട്ടില്‍ കുളിച്ചു ഫ്രഷ്‌ ആയി എന്തെങ്കിലും ബ്രേക്ക്ഫാസ്റ്റ്  കഴിച്ചിട്ട് നഗരം ചുറ്റല്‍. രാത്രി എന്റെ വീട്ടില്‍ ഉറക്കം. ആണ്‍പ്രജകളെ രാത്രി ഒന്ന് സല്കരിക്കണം. അതും തരക്കേടില്ലാത്ത ബ്രാന്‍ഡ്‌ തന്നെ വേണം.  പിറ്റേന്ന് ബാക്കിയുള്ള സ്ഥലങ്ങള്‍ കാണുന്നു. വൈകിട്ട് വീട്ടില്‍ വന്നു ഒരു ചായയും കുടിച്ചു സ്ഥലം വിടുന്നു. ഈ രണ്ടു ദിവസവും ഞാന്‍ ഒരു ടൂറിസ്റ്റ് ഗൈഡായി മാറുന്നു.   ഇതാണ് സാധാരണയായി ഞങ്ങളുടെ വാരാന്ത്യപതിവുകള്‍.  ഇങ്ങനെ പര്യടനത്തിനു വരുന്നവരില്‍ അധികവും നന്നായി 'വീശു'ന്നവരായതിനാല്‍ എപ്പോഴും ഞാന്‍ വീട്ടില്‍ ഒന്നോ രണ്ടോ കുപ്പി വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. കൂടാതെ ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് വിദേശ ബ്രാഞ്ചുകളില്‍നിന്നു സന്ദര്‍ശനത്തിനു വരുന്ന സായിപ്പന്മാര്‍ ഇടക്കൊക്കെ കൊണ്ടുവന്നു തരാറുള്ള "വിദേശികളും" എന്റെ സ്റ്റോക്കില്‍ മിക്കവാറും ഉണ്ടാവും. ആഴ്ചയില്‍ അഞ്ചോ ആറോ തവണ മാത്രം  വെറും ഏഴോ എട്ടോ  പെഗ്ഗ്  വീതം കഴിക്കുന്നതൊഴിച്ചാല്‍ എനിക്ക് മദ്യപിക്കുന്ന ശീലം തീരെയില്ലായിരുന്നു. 

ഒരു ശനിയാഴ്ച എനിക്ക് വളരെ വേണ്ടപ്പെട്ട രണ്ടു ഗ്ലാസ്‌മേറ്റ്സ്  വിരുന്നുവന്നു.  സ്റ്റോക്കിലുള്ള ഒരു  ജോണിക്കുട്ടനെ  പൊട്ടിക്കാമെന്ന് തീരുമാനിച്ചു.   കട്ടിലിന്റെ അടിയില്‍ ഒരു മൂലയിലാണ് സാധാരണയായി ഞാന്‍ കുപ്പികള്‍ സൂക്ഷിക്കാറുള്ളത്. ടച്ചിംഗ്സ്, സോഡാ, മുതലായവയെല്ലാം റെഡിയാക്കിയശേഷം ഞാന്‍ കട്ടിലിനടിയില്‍ കയ്യെത്തിച്ച്  ജോണിക്കുട്ടന്റെ   കഴുത്തിനുപിടിച്ചു .  ലോക്കല്‍ കുട്ടന്മാരെ ഒരു സൈഡിലേക്ക്  മാറ്റിനിര്‍ത്തി. കയ്യിലെടുത്തപ്പോള്‍  ഒരു കനക്കുറവുപോലെ. പുറത്തെടുത്തു നോക്കിയ ഞാന്‍ ഞെട്ടി. കുപ്പിയില്‍ പകുതിയില്‍ താഴെ മാത്രമേ ഉള്ളൂ... ഈശ്വരാ ഇതെങ്ങനെ...? ഒരു പക്ഷെ കഴിഞ്ഞ പ്രാവശ്യം കഴിച്ചപ്പോള്‍  തീര്‍ന്നതായിരിക്കുമെന്നു സമാധാനിച്ചു. ഏതായാലും ആ പകുതികൊണ്ടു വീശു തുടങ്ങി.  കഷ്ടിച്ച് ഈരണ്ടു പെഗ്ഗ് വീതമേ ഉണ്ടായിരുന്നുള്ളൂ.... എന്നാലും ഇവന്‍ കൊള്ളാം... കത്തിപ്പിടിക്കുന്നുണ്ട്... ഗ്ലാസ്‌ കാലിയായപ്പോള്‍ അടുത്ത വിദേശിയുടെ കഴുത്തിനു പിടിച്ചു. ഭാഗ്യം.... ഫുള്‍ ഉണ്ട്.  വലിയ പരിചയമില്ലാത്ത ഒരു ബ്രാന്‍ഡ്‌. ഈസിയായിട്ട് അടപ്പ് തുറന്നു. പില്‍ഫെര്‍പ്രൂഫ്‌ ക്യാപ് ഇല്ല.  ചിലപ്പോള്‍ സായിപ്പിന്റെ നാട്ടിലെ ലോക്കല്‍ സാധനം ആയിരിക്കും. ഓ... എന്തെങ്കിലുമാകട്ടെ.. ദീപസ്തംഭം മഹാശ്ചര്യം.... നമുക്ക് 'കിക്ക്' കിട്ടണം....  ഒരു സിപ്പ് എടുത്തപ്പോള്‍ ഒരാളുടെ കമന്റ്. 
"അളിയന്‍ പൂസാണെന്നു തോന്നുന്നു... എനിക്ക് സോഡാ മാത്രേ ഒഴിച്ചൊള്ളോ....?"
ഞങ്ങളും കുടിച്ചുനോക്കി .. ശരിയാണല്ലോ... ഇതില്‍ സോഡാ മാത്രേ ഒള്ളോ...?. ഞങ്ങള്‍ വീണ്ടും നോക്കി.  കുപ്പിയില്‍ കുറവുണ്ട്.   ഇനി ഒഴിച്ചപ്പോ താഴെ പോയോ..? ഇല്ല... ഒരു അളിയന്‍ കുപ്പിയെടുത്തു പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. 
"അളിയനെ സായിപ്പ് പറ്റിച്ചു.... ദേ ഇതിനു നിറം കുറവാ..... "
"സായിപ്പിനെ പറഞ്ഞാലൊണ്ടല്ലോ.....സായിപ്പ് സത്യമുള്ളവനാ... അവന്‍ പറ്റിക്കത്തില്ല...  ഇതില്‍ മറ്റെന്തോ തിരിമറി നടന്നിട്ടുണ്ട്. "
 "എന്നാ അളിയന്‍ തന്നെ കുടിച്ചിട്ട് വെള്ളം ഒഴിച്ചതായിരിക്കും..."
"എന്റെ കയ്യിലിരിക്കുന്ന സാധനത്തില്‍ ഞാനെന്തിനാ അളിയാ വെള്ളം ചേര്‍ക്കണേ...?"
"ഇതു വെള്ളം ചേര്‍ത്തത് തന്നെയാ...  ദേ പൈപ്പ് വെള്ളത്തിന്റെ ചൊവയാ..." മറ്റേ അളിയന്‍ കുറച്ചു 'ഓണ്‍ ദി റോക്ക്" ടേസ്റ്റ് ചെയ്തു. 
"എങ്കീ അളിയന് ആരോ നല്ല പണി തരുന്നുണ്ട് കേട്ടോ..."
ഞാന്‍ അടുക്കളയിലായിരുന്ന ഭാര്യയുടെനേരെ നോക്കി...  "ഇനി നീയെങ്ങാനും...?" 
അവള്‍ ചട്ടുകം ഉയര്‍ത്തിക്കാണിച്ചു.  ഞാന്‍ പത്തി താഴ്ത്തി.....  
ഇനിയാര്...? അജ്ജീ...? 
ഒരു മൂലയില്‍ ചമ്രംപടിഞ്ഞിരുന്നു എന്തോ പച്ചക്കറി അരിയുകയായിരുന്ന അജ്ജിയെ ഞാന്‍ സംശയദൃഷ്ടിയോടെ നോക്കി. ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടെങ്കിലും 'ഞാനീ നാട്ടുകാരിയേ അല്ല' എന്ന മട്ടില്‍ ഇരിക്കുകയാണ് കക്ഷി. 
ചില ദിവസങ്ങളില്‍ ഞാന്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ അജ്ജി കൂടുതല്‍ ഉന്മേഷത്തോടെ കുഞ്ഞിനെ കളിപ്പിക്കുന്നതും ജോലികള്‍ ചെയ്യുന്നതും ഫ്ലാഷ്ബാക്കായി എന്റെ മണ്ടയില്‍ മിന്നി. അപ്പോള്‍ ഇതാണ് പരിപാടി. കുറേശെ വീശും എന്നിട്ട്  വെള്ളം ഒഴിച്ച് നിറച്ചുവ്ക്കും. അമ്പടീ അജ്ജീ നിന്നെ ഞാന്‍ ശരിയാക്കിത്തരാം...
പീന്നീട് ഞാനും ഭാര്യയും അജ്ജിയെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അജ്ജി കുറ്റം സമ്മതിച്ചില്ല... ഒരു സ്ത്രീയായിപ്പോയി.  അല്ലെങ്കില്‍ കുനിച്ചു നിര്‍ത്തി ഗുണദോഷിച്ചേനെ ഞാന്‍...  ക്ഷമ ആട്ടിന്‍സുപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ...
ഒരു മുന്കരുതലെന്നോണം  ഞാന്‍ സ്റ്റോക്കെല്ലാം അലമാരയില്‍ വച്ചു പൂട്ടി. അതിനുശേഷം എട്ടുപത്തു ദിവസം കൂടുമ്പോള്‍ അജ്ജിക്ക് ഒരു വിറയലും പരവേശവും ഒക്കെക്കൂടി വരും പിന്നെ വീട്ടില്‍ പോകണമെന്ന് പറഞ്ഞു ബഹളമാണ്. അമ്പതു രൂപയും വാങ്ങി ഒരു പോക്ക് പോയാല്‍ അവരുടെ നാട്ടില്‍ ചെന്നു  രണ്ടോ മൂന്നോ പാക്കെറ്റടിച്ചു സുഖമായി കിടന്നുറങ്ങിയിട്ട്  പിറ്റേന്ന് രാവിലെ നല്ല മിടുക്കത്തിക്കുട്ടിയായി തിരിച്ചു വരും. പിന്നെ ഒരാഴ്ചത്തേക്ക് ഒരു പ്രശ്നവുമില്ല. നാട്ടില്‍ പോകുന്നത് കള്ളു കുടിക്കനാണോ എന്നു ഞങ്ങള്‍ ഇടക്കൊക്കെ അജ്ജിയോടു തമാശയായിട്ട് ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ സകല ദേവന്മാരെയും ആണയിട്ടു താന്‍ ജീവിതത്തിലിന്നുവരെ മദ്യം കൈകൊണ്ടു തൊട്ടിട്ടുപോലുമില്ലെന്നും അതിന്റെ മണം തനിക്കു ഇഷ്ടമില്ലെന്നും പറയുമായിരുന്നു.     ഇങ്ങനെ കാര്യങ്ങള്‍ മുമ്പോട്ട്‌ പോകുന്ന കാലത്ത് ഒരു അവധി ദിവസം ഞാനും ഭാര്യയും കൂടി വീട് വൃത്തിയാക്കുന്നതിനിടയില്‍ അജ്ജിയുടെ തലയിണക്കടിയില്‍ ഞങ്ങള്‍ക്ക് കിട്ടി..... രണ്ടു മൂലവെട്ടി....