Sep 29, 2009

കുമാരന്റെ കുസൃതികള്‍

 കുമാരന്‍ എന്നാല്‍ നാട്ടിലെ ഒരു സാധാരണ സാധാരണക്കാരന്‍.  നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഉപദ്രവമോ ഉപകാരമോ ഇല്ലാത്ത ഒരു ഉത്തമ പൌരന്‍. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന സ്വഭാവം. കള്ളും ചീട്ടുമായിരുന്നു പ്രധാന ബലഹീനതകള്‍. കുടുംബം നോക്കുന്ന കാര്യത്തില്‍ വളരെ ശുഷ്ക്കാന്തിയുള്ള ആളായിരുന്നത് കൊണ്ട്, ചീട്ടുകളി കള്ളുകുടി മുതലായ തിരക്കുകള്‍ക്കിടയിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും  വീട്ടിലെത്തുമായിരുന്നു.  ഒരു വെളുപ്പാന്‍ കാലത്ത് ഇദ്ദേഹത്തിനു ഒരു വെളിപാടുണ്ടായി. പുലരുന്നത്‌ വരെ പിടിച്ചു നില്ക്കാന്‍ പറ്റിയെന്നു വരില്ല. അതിനു മുമ്പ് കക്കൂസില്‍ പോയെ പറ്റൂ. ഈവക കാര്യങ്ങളില്‍ വളരെ സ്വതന്ത്ര ചിന്താഗതി പുലര്‍ത്തിയിരുന്ന കുമാരന്‍  ഒരിക്കലും വീട്ടിലെ കക്കൂസ് ഉപയോഗിച്ചിരുന്നില്ല. വീടിനു സമീപത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴയുടെ ഓരങ്ങളിലുള്ള ഇല്ലിക്കാടുകള്‍ ആണ് അദ്ദേഹം  പതിവായി ഈ ആവശ്യത്തിലേക്കായി ഉപയോഗിച്ചിരുന്നത്. അരണ്ട നിലാവെളിച്ചത്തില്‍ പുഴക്കരയിലെക്കോടിയ കുമാരന്‍ കടവിനടുത്തുള്ള ഒരു ഇല്ലിക്കാട്ടില്‍ കയറി ഒരു ബീഡിയും കത്തിച്ചു പതുക്കെ കാര്യം സാധിച്ചു തുടങ്ങി. പെട്ടെന്നാണ് പുഴയില്‍ നിന്നും ഒരു അനക്കം കേട്ടത്. ഒച്ചയുണ്ടാക്കാതെ കുമാരന്‍ ബീഡി കുത്തിക്കെടുത്തി പുഴയിലേക്ക് ശ്രദ്ധിച്ചു. അവിടെ കണ്ട കാഴ്ചയില്‍ അദ്ദേഹം വന്ന കാര്യം തന്നെ മറന്നു പോയി. പുഴയിലെ മണല്‍പ്പരപ്പില്‍ നാലഞ്ചു പേര്‍ എന്തോ ചെയ്യുന്നു. ഈ സമയത്ത് ഇവര്‍ പുഴയില്‍ എന്താണ് ചെയ്യുന്നത്? കുമാരന്റെ ചിന്തയില്‍ പല പല ചോദ്യങ്ങളും ഉത്തരങ്ങളും മിന്നിമറഞ്ഞു. മണല്‍ വാരലുകാരാണോ? ആകാന്‍ വഴിയില്ല. കാരണം അക്കാലത്ത് മണല്‍ ക്ഷാമമോ മണല്‍ മാഫിയയോ ഉണ്ടായിരുന്നില്ല. പിന്നെന്തിനു മണല്‍ കട്ട് വാരണം? ഇനി പുഴയില്‍ നഞ്ചു കലക്കി മീന്‍ പിടിക്കാന്‍ വന്നവരാണോ? അതാണെങ്കില്‍ ഇത്ര പുലരുന്നത്‌ വരെ അവര്‍ നില്‍ക്കില്ല. ഇത്യാതി ചിന്തകളോടെ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരുന്ന കുമാരനു ഒരു കാര്യം മനസ്സിലായി. അവര്‍ മണലില്‍ എന്തോ കുഴിച്ചിടുകയാണ്. ഇനി ഇവര്‍ പുഴയില്‍ ബോംബ് വയ്ക്കുകയാണോ? സ്വതവേ അല്പം വിറയലുള്ള കുമാരന്‍ കൂടുതല്‍ ശക്തിയായി വിറക്കാന്‍ തുടങ്ങി. ധൈര്യത്തിന് വേണ്ടി ഒരു ഇല്ലിക്കുറ്റിയില്‍ മുറുക്കി പിടിച്ചു. എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ. ഇതങ്ങനെ വിടാന്‍ പറ്റില്ലല്ലോ. ഒരു നാടിന്റെ ജീവനാഡിയായ പുഴയെ ബോംബ് വച്ച് തകര്‍ക്കുയെന്നു വച്ചാല്‍? കുമാരന്റെ പൌരബോധം ഉണര്‍ന്നു. ധൈര്യക്കൂടുതല്‍ കാരണം പുഴയിലുണ്ടായിരുന്നവര്‍ കയറിപ്പോകുന്നതുവരെ കുമാരന്‍ ഇല്ലിക്കാട്ടില്‍ തന്നെ പതുങ്ങിയിരുന്നു. കരയിലേക്ക് കയറിയവര്‍ ഏറെ  ദൂരെ എത്തിയെന്ന് ഉറപ്പായപ്പോള്‍ കുമാരന്‍ പതുക്കെ കടവിലെക്കിറങ്ങി. കത്തിച്ച ബീഡിയുടെ വെളിച്ചത്തില്‍ പതുക്കെ കൈ കൊണ്ട് മണല്‍ മാന്തി നോക്കി. ചാക്കുകെട്ട് പോലെ എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. വലിച്ചു പുറത്തിട്ടു ചാക്കിന്റെ കെട്ടഴിച്ചു നോക്കിയ കുമാരന്‍ ഞെട്ടിപ്പോയി......


നാട്ടില്‍ ചാരായ നിരോധനം നടപ്പാക്കിയ കാലമായിരുന്നു ആദ്യമൊക്കെ ചാരായമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കുടിയന്മാന്‍ വളരെയധികം കഷ്ടപ്പെട്ടു. അല്പസ്വല്പം കള്ളവാറ്റു നടത്തിയിരുന്നവര്‍ അത് പൂര്‍വാധികം ഭംഗിയായി നടത്താന്‍ തുടങ്ങി. ചിലര്‍ പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാന്‍ തുടങ്ങി. ഇനിയും ചിലര്‍ നാടന്‍ വാറ്റുകാരുടെ കയ്യില്‍ നിന്ന് സാധനം വാങ്ങി കട്ടന്‍ ചായ ഒഴിച്ച് കളര്‍ വരുത്തി വിദേശ മദ്യം എന്നരീതിയില്‍ സേവിക്കാന്‍ തുടങ്ങി. ഇതിനൊന്നും നിവൃത്തിയില്ലാഞ്ഞവര്‍ ഒഴിഞ്ഞ പട്ടക്കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് കുടിച്ചു മനസ്സമാധാനം കണ്ടെത്തി. ആന്റണി സര്‍ക്കാര്‍ ആകസ്മികമായി നടത്തിയ അതി ക്രൂരമായ ഈ ഭരണപരിഷ്കാരത്തില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുടിയന്മാര്‍ക്കുവേണ്ടി ചില ജന സ്നേഹികള്‍ കര്‍ണ്ണാടകയില്‍ പോയി പാക്കറ്റ് ചാരായം ചാക്കുകളില്‍ കൊണ്ടുവന്നു വിതരണം ചെയ്തു. ഇങ്ങനെ കൊണ്ടുവരുന്ന ചാക്കുകള്‍ ഒളിപ്പിച്ചിരുന്നത് പ്രധാനമായും സമീപത്തുള്ള പുഴയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയും മണലില്‍ കുഴിച്ചിട്ടുമായിരുന്നു.


കാണുന്നത് സ്വപ്നമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി സ്വന്തം ശരീരത്തില്‍ ഒന്ന് നുള്ളി നോക്കിയിട്ട് വീണ്ടും നോക്കിയ കുമാരന്‍ കണ്ടത് എന്താണെന്നോ ....?  ഒരു ചാക്ക് നിറയെ പായ്കറ്റ് ചാരായം!!! ശരീരത്തിന്റെ വിറയല്‍ നില്ക്കാന്‍ വേണ്ടി കുമാരന്‍ ചാരായ ചാക്കില്‍ പിടിച്ചുകൊണ്ടു കുറച്ചുനേരം നനഞ്ഞ മണലില്‍ കുത്തിയിരുന്നു. എന്നിട്ടും വിറയല് മാറാഞ്ഞിട്ടു ചാക്കില്‍ നിന്ന് ഒരു പാക്കറ്റെടുത്തു അവിടെ വച്ച് തന്നെ വെള്ളം കൂട്ടാതെ അടിച്ചു. പിന്നെ ചില തീരുമാനങ്ങള്‍ എടുത്തു. ആരെങ്കിലും അറിയുന്നതിന് മുന്‍പേ ഇത് മറ്റെവിടെയെങ്കിലും ഒളിപ്പിക്കണം... നനഞ്ഞ ചാക്കുകെട്ടും തലയില്‍ വച്ച് അദ്ദേഹം വീട്ടിലേക്കോടി. അടുക്കളയില്‍ വിറകിനടിയില്‍ ചാക്കൊളിപ്പിച്ചു. കട്ടിലില്‍ വന്നിരുന്നു ഒരു ബീഡി കത്തിച്ചു. അടുക്കള അത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ചാക്കുകെട്ട് മച്ചിനു മുകളില്‍ കയറ്റിവച്ചിട്ടു വീണ്ടും ഒരു ബീഡി കൂടി വലിച്ചു. മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. വീട്ടിനുള്ളില്‍ അത്ര സേഫല്ലെന്നു തോന്നിയ കുമാരന്‍ സംഗതി മറ്റെങ്ങോട്ടെങ്കിലും മാറ്റാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വളരെ സുരക്ഷിതമായ ഒരു സ്ഥലം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു. വീടിനടുത്തുള്ള പഴയ ഇഷ്ടിക കളത്തിലെ കാട് പിടിച്ചു കിടക്കുന്ന ഇഷ്ടിക ചൂളക്കകത്ത് വയ്ക്കാം. ചാക്കുകെട്ട് ഇഷ്ടിക ചൂളയില്‍ വച്ചിട്ട് വീട്ടില്‍ വന്നിരുന്നു സമാധാനത്തോടെ ഒരു ബീഡിയും കൂടി വലിച്ചപ്പോഴേക്കും നേരം നന്നായി പുലര്‍ന്നിരുന്നു.  അപ്പോഴാണ്‌ താന്‍ പുഴക്കരയിലേക്ക് പോയ കാര്യം മുഴുവനാക്കിയില്ലല്ലോ എന്ന കാര്യം കുമാരന്‍ ഓര്‍ത്തത്.


അടുത്ത രണ്ടു ദിവസത്തേക്ക് കുമാരന്‍ ശാന്തനായിരുന്നു കാര്യങ്ങള്‍ വീക്ഷിച്ചു. ചാക്കുകെട്ട് മണലില്‍ കുഴിച്ചിട്ടവര്‍ വിറളി പിടിച്ചു നടക്കുന്നത് കുമാരന്‍ കൂളായിട്ടു കണ്ടു കൊണ്ടിരുന്നു. ഒരു നിഷ്കളങ്കനെപ്പോലെ എന്ത് പറ്റിയെന്നു അവരോടു ചോദിക്കുക കൂടി ചെയ്തു കുമാരന്‍. രംഗം അല്പം തണുത്തെന്നു ഉറപ്പായപ്പോള്‍ കുമാരന്‍ അടുത്ത പടിയിലേക്ക് കടന്നു. രാത്രി ഇഷ്ടിക ചൂളക്കകത്ത് കയറി നാലഞ്ചു പാക്കെറ്റുമായി വീട്ടില്‍ വരും. പിറ്റേന്ന് മുഴുവന്‍ ഇതും സേവിച്ചു കൊണ്ട് കട്ടിലില്‍ സുഖമായി കിടക്കും. കൂര്‍മ്മ ബുദ്ധിയായ  കുമാരന്‍ ഒരു മുന്കരുതലെന്നപോലെ വൃത്തിയുള്ള ഒരു പയിന്റ്‌ ബ്രണ്ടിക്കുപ്പി സംഘടിപ്പിച്ച് ചുമ്മാ കട്ടിലിന്റെ അടിയില്‍ ഇട്ടു. ആരെങ്കിലും ചോദിക്കുമ്പോള്‍ ഇന്നലെ ടൌണില്‍ നിന്ന് ഒരു പയിന്റ്‌ വാങ്ങിച്ചു.. ഇതാ ഇപ്പോള്‍ തീര്‍ന്നതെ ഉള്ളൂ എന്ന് പറയും. ഇങ്ങനെ രണ്ടു മൂന്നു ദിവസങ്ങള്‍ നീങ്ങിയപ്പോഴേക്കും നമ്മുടെ അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു.


കുമാരന്റെ തൊട്ടയല്‍വാസിയാണ് പപ്പന്‍. നേരത്തെ കുമാരനെപ്പറ്റി പറഞ്ഞ എല്ലാ വിശേഷണങ്ങളും ഇണങ്ങുന്ന മറ്റൊരു മാന്യ ദേഹം. പക്ഷെ എത്ര കള്ളു കുടിച്ചാലും എത്ര വൈകിയാലും സ്വന്തം വീട്ടില്‍ വന്നേ പപ്പന്‍ ഉറങ്ങുകയുള്ളൂ. വീട്ടില്‍ വന്നു ഭാര്യയെ നാല് തെറി പറയുകയും പറ്റിയാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്താലേ പപ്പന് ഉറക്കം വരികയുള്ളു. മൂന്ന് നാല് ദിവസമായി പപ്പന്‍ കുമാരനെ ശ്രദ്ധിക്കുകയായിരുന്നു. കുമാരന്‍ ദിവസവും പകലും രാത്രിയും പൂസ്സായിട്ടു കിടന്നുറങ്ങുന്നു. പകലെങ്ങും കുമാരന്‍ പുറത്തെക്കിറങ്ങുന്നതായും കാണുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം പപ്പന്‍ കുമാരനോട്‌ ഇതേപ്പറ്റി സൂചിപ്പിച്ചപ്പോള്‍ കുമാരന്‍ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പി കാട്ടി സ്ഥിരം ഡയലോഗും കാച്ചി സുഖിച്ചു കിടന്നു. പപ്പനു ഉറക്കം കെട്ടു തുടങ്ങി. കാര്യമായ ഒരു വരുമാനവും ഇല്ലാത്ത കുമാരന്‍ എങ്ങനെ പകലും രാത്രിയും ബ്രാണ്ടി അടിക്കുന്നു?  ഇതിന്റെ ഗുട്ടന്‍സ്‌ കണ്ടു പിടിച്ചിട്ടെയുള്ളൂ എന്ന് പപ്പനും തീരുമാനിച്ചു. പപ്പന്‍ ഒളിഞ്ഞിരുന്നു കുമാരന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ പാതിരാ കഴിഞ്ഞപ്പോള്‍ കുമാരന്‍ വീട്ടില്‍ നിന്ന് പുറത്തു ചാടി. തോര്‍ത്തുകൊണ്ട് തല മൂടി കുമാരന്‍ നേരെ ഇഷ്ടികക്കളത്തിലേക്ക് പോയി പതിവ് ക്വോട്ട എടുത്തുകൊണ്ടു. തിരിച്ചുപോന്നു.

പിറ്റേന്ന് പകല്‍ കടന്നുപോയി. രാത്രി പതിവുപോലെ ഇഷ്ടികചൂളയിലെത്തിയ കുമാരന്‍ ഞെട്ടിപ്പോയി. ചാക്കുകെട്ട് കാണാനില്ല.. കടുവയെ കിടുവ പിടിക്കുന്നോ? ടെന്‍ഷന്‍മൂലം കുമാരനെ വിറക്കാന്‍ തുടങ്ങി. വിറയലിന്റെ ആധിക്യത്തില്‍ കുമാരന്‍ ചൂളക്കകത്തെ പഴയ ചാരത്തില്‍ കുറച്ചുനേരം തളര്‍ന്നു കുത്തിയിരു‌ന്നു. ഏറെ നേരത്തിനു ശേഷം കുമാരന്‍ നഷ്ടപ്പെട്ടുപോയ സൌഭാഗ്യത്തെ ഓര്‍ത്തു വിലപിച്ചു കൊണ്ട് വീടിലേക്ക്‌ തിരിച്ചു പോന്നു.

പിറ്റേന്നുമുതല്‍ പപ്പന്റെ വീട്ടില്‍ പകലും തെറിവിളി കേട്ടുതുടങ്ങി. സംശയം തോന്നിയ കുമാരന്‍ പപ്പന്റെ വീട്ടിലെത്തി. നോക്കിയപ്പോള്‍ പപ്പന്റെ കട്ടിലിനടിയിലും ഒരു പയിന്റ്‌ കുപ്പി...!!!. കുമാരനു കാര്യങ്ങളുടെ ഏകദേശ കിടപ്പ് പിടികിട്ടി. ആ നല്ല അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോന്നു. രാത്രിയാകാന്‍ കാത്തിരുന്നു. പാതിരാ കഴിഞ്ഞപ്പോള്‍ പപ്പന്റെ വീട്ടില്‍ നിന്നും തലയില്‍ മുണ്ടിട്ട ഒരു രൂപം പുഴക്കരയിലേക്ക് നീങ്ങുന്നത്‌ കുമാരന്‍ കണ്ടു. ജെറിയെ പിന്തുടരുന്ന ടോമിനെ പോലെ കുമാരന്‍ ആ രൂപത്തിന്റെ പുറകെ വച്ചുപിടിച്ചു. ആ രൂപം കടവിന് കുറെ മുകളിലായി മണലില്‍ നിന്നും എന്തോ മാന്തിയെടുത്തിട്ടു തിരിച്ചു മണലിട്ടു മൂടി ഒരു അടയാളവും കുത്തിയിട്ട് തിരിച്ചു പോകുന്നത് കുമാരന്‍ ഇല്ലിച്ചുവട്ടിലിരുന്നു കണ്ണിമക്കാതെ നോക്കിക്കണ്ടു.

അടുത്ത ദിവസം പാതിരാത്രിക്ക്‌ മണലില്‍ മാന്താനെത്തിയ പപ്പന്റെ സപ്ത നാഡികളും തളര്‍ന്നു പോയി. കിടുവയെ കടുവ പിടിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചിരിക്കുന്നത് എന്നതിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന പപ്പന്‍ വീട്ടിലേക്കു തിരിച്ചു പോയി. പിറ്റേന്ന് രാത്രി പപ്പന്‍ കുമാരനെ പിന്തുടര്‍ന്നു. അതിന്റെ പിറ്റേന്ന് കുമാരന്‍ പപ്പനെ പിന്തുടര്‍ന്നു.


ഈ ടോം ആന്‍ഡ്‌ ജെറി നാടകം ചാക്കിലെ അവസാനത്തെ പാക്കറ്റും തീരുന്നതുവരെ തുടര്‍ന്നു.  ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുമാരനും പപ്പനും പാക്കെറ്റ്‌ ചാരായം അടിച്ചുകൊണ്ടിരുന്നു. രണ്ടു പേരും എക്സ്ട്രാ ഡീസന്റ് ആയിരുന്നതുകൊണ്ട് ഇക്കാര്യത്തെപ്പറ്റി ഒരിക്കലും പരസ്പരം സംസാരിക്കുകയോ മൂന്നാമാതോരളോട് പറയുകയോ ചെയ്തില്ല.

No comments:

Post a Comment