സകലമാന ക്രിസ്ത്യാനികളുടെയും വീട്ടില്‍ നിര്‍ബന്ധമായും ഒരു ബൈബിള്‍ ഉണ്ടായിരിക്കണം എന്നാണ് വിശ്വാസം. പക്ഷെ പലരും ഈ ബൈബിള്‍ തുറന്നു നോക്കുന്നത് പ്രധാനമായും രണ്ടു അവസ്സരങ്ങലിലാണ്. ഒന്നു വീട്ടില്‍ കല്യാണം നടക്കുമ്പോളും രണ്ടാമത്തേത് മരണം നടക്കുമ്പോളും. മറ്റു സമയങ്ങളില്‍ ബൈബിള്‍ പ്രധാനമായും ഉപയോഗിക്കുന്നത് മരുന്നിന്റെ കുറിപ്പടികള്‍ , റേഷന്‍ കാര്ഡ്, മുതലായ അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനാണ്. (ഇതു എല്ലാ വിശാസികളുടെയും കാര്യമല്ല കേട്ടോ.). കല്യാണത്തിന് വരനോ വധുവോ പള്ളിയിലേക്ക് തിരിക്കുന്നതിനു മുന്പ് ബൈബിള്‍ വായിക്കുക എന്നൊരു ചടങ്ങുണ്ട്. ചിലര്‍ ഏതെങ്കിലും നല്ല ഭാഗങ്ങള്‍ നേരത്തെ തന്നെ എടുത്തു വച്ചിരിക്കും ആ സമയത്തു വായിക്കാന്‍. എന്നാല്‍ മറ്റു ചിലര്‍ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്തു കണ്ണടച്ച് ഏതെങ്കിലും ഒരു ഭാഗം തുറന്നു വായിക്കും. വായിക്കുന്ന ഭാഗം ഭാവി ജീവിതത്തെ കുറിച്ചുള്ള സൂചനയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.
ഇത്രയും പറഞ്ഞതു മുഖവുര. ഇനി സംഭവത്തിലേക്ക് കടക്കാം. ഞങ്ങള്‍ അഞ്ചു സഹോദരന്മാരും രണ്ടു സഹോദരികളുമാണ്. ഞാന്‍ അബു ദാബിയില്‍ നിന്നു ലീവിന് വന്നതേ പല കല്യാണ ആലോചനകളും എത്തിത്തുടങ്ങി. അതില്‍ പെരിക്കല്ലൂര്‍ എന്ന സ്ഥലത്തു നിന്നു വന്ന ഒരു ആലോചന ഫൈനലില്‍ കലാശിച്ചു. ക്രിസ്തീയ വിവാഹങ്ങളില്‍ സാധാരണ രണ്ടു പ്രധാന ചടങ്ങുകള്‍ ആണുള്ളത്. ഒന്നു മനസ്സമ്മതം അഥവാ ഒത്തുകല്യണം. ചെക്കനും പെണ്ണും കുടുംബക്കാരോടൊപ്പം പള്ളിയില്‍ ചെന്നു വൈദികന്റെ മുമ്പാകെ വിവാഹ വാഗ്ദാനം നടത്തുന്ന ചടങ്ങാണിത്. ഇതിന് ശേഷം രണ്ടു പേരുടേയും ഇടവകകളില്‍ മൂന്നു ഞായറാഴ്ച വിവാഹം പരസ്യപ്പെടുത്തും. രണ്ടാമത്തേത് കെട്ട് കല്യാണം. ഈ രണ്ടു ചടങ്ങുകളും അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാവരും കേമാമാക്കാറുണ്ട്. ഈ രണ്ടു ചടങ്ങുകള്‍ക്ക് വേണ്ടിയും പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുന്പ് ആദ്യം വിവരിച്ച പ്രകാരം ബൈബിള്‍ വായിക്കും. എന്റെ കല്യാണത്തിനും ഈ ബൈബിള്‍ വായന നടന്നു. ഒത്തു കല്യാണത്തിന്റെ ചടങ്ങുകള്‍ നടന്നത് എന്റെ ഭാര്യയുടെ ഇടവകപ്പള്ളിയില്‍ വച്ചായിരുന്നു. രാവിലെ അങ്ങോട്ട് പുറപ്പെടുന്നതിനു മുന്പ് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടി ചെറിയ പ്രാര്ത്ഥന ചൊല്ലി. ബൈബിള്‍ വായിച്ചതു എന്റെ പിതൃ സഹോദര പുത്രനാണ്. ബൈബിളിലെ പഴയ നിയമത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് അദ്ദേഹത്തിന് വായിക്കാന്‍ കിട്ടിയത്. അത് ഏകദേശം ഇപ്രകാരമായിരുന്നു. " ഇന്നു ഈ മനുഷ്യനെ നിങ്ങള്‍ അവന്റെ സര്‍വ മഹത്വത്തോടും കൂടി കാണുന്നു. എന്നാല്‍ അവന്റെ നാശം അടുത്തിരിക്കുന്നു. അല്‍പ നാളുകള്‍ക്കുള്ളില്‍ അവന്‍ ഈ ദേശത്ത് നിന്നുതന്നെ മറഞ്ഞുപോകും. അവന്‍ ജീവിച്ചിരുന്നതായി തന്നെ ആരും ഓര്‍ക്കുകയില്ല." എങ്ങനെയുട് വചനം? എന്റെ ജീവിതം കൊഞ്ഞാട്ടയാകാന്‍ പോകുകയാണോ ദൈവമേ...
മനസമ്മത ചടങ്ങുകള്‍ ഭംഗിയായി നടന്നു. കല്യാണത്തിന്റെ സ്വപ്നങ്ങളുമായി ദിവസങ്ങള്‍ നീങ്ങി. ആ വര്ഷത്തെ ഓണത്തിന്റെ പിറ്റേന്നായിരുന്നു എന്റെ വിവാഹം. കെട്ടുകല്യാണം ഞങ്ങളുടെ ഇടവക പള്ളിയില്‍ വച്ചായിരുന്നു. കല്യാണ ദിവസം രാവിലെ പള്ളിയിലേക്ക് പുറപ്പെടുകയായി. വീട്ടില്‍ പ്രാര്ത്ഥന, മുതിര്‍ന്നവര്‍ക്ക് സ്തുതി ചൊല്ലി ആശിര്‍വാദം വാങ്ങല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കൊപ്പം ആദ്യം പറഞ്ഞ ബൈബിള്‍ വായനയും നടന്നു. ഞാന്‍ തന്നെയാണ് ബൈബിള്‍ വായിച്ചത്. ബൈബിള്‍ തുറന്നപ്പോള്‍ എനിക്ക് കിട്ടിയത് വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 50 മുതലുള്ള വാക്യങ്ങള്‍ ആയിരുന്നു. അതിപ്രകാരമായിരുന്നു.
" ഭൂമിയില്‍ സമാധാനം കൊണ്ടുവരാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ കരുതുന്നുവോ? . എന്നാല്‍ സമാധാനമല്ല തീയാണ് ഞാന്‍ കൊണ്ടുവരുന്നത്. ഇനിമേല്‍ ഒരു കുടുംബത്തില്‍ അഞ്ചു പേരുണ്ടെങ്കില്‍ രണ്ടുപേര്‍ മൂന്നുപെര്‍ക്കെതിരായും മൂന്നു പേര്‍ രണ്ടു പെര്‍ക്കെതിരായും തിരിയും. അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും അമ്മ മകള്‍ക്കെതിരായും, മകള്‍ അമ്മക്കെതിരായും, അമ്മായിയമ്മ മരുമകള്‍ ക്കെതിരായും, മരുമകള്‍ അമ്മായി അമ്മക്കെതിരായും തിരിയും. " എങ്ങനെയുണ്ട് എനിക്ക് കിട്ടിയ വചന ഭാഗം?....
കുറിപ്പ്: ദൈവാനുഗ്രത്താല്‍ കഴിഞ്ഞ പതിനൊന്നു വര്ഷമായി ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ യാതൊരു വിധ അശാന്തിയും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് പ്രത്യാശിക്കുന്നു.
No comments:
Post a Comment