Aug 16, 2010

ഫൂമധ്യരേഗ എന്ന ഭൂമധ്യരേഖ

വളരെ അപ്രതീക്ഷിതമായിട്ടാണ് ചാക്കോനമ്പൂതിരിക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നത്.  അദ്ദേഹത്തിന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടാം വര്ഷം പഠിക്കുമ്പോഴാണ് സ്കൂള്‍ ബഞ്ചുകള്‍ക്ക് ഈ ഭാരത്തില്‍ നിന്നു ശാപമോക്ഷം കിട്ടിയത്.  കൃത്യമായി പറഞ്ഞാല്‍ ചാക്കോച്ചന്റെ ഇരുപത്തൊന്നാം പിറന്നാളിന്റെ തലേന്നാണ് ആ മഹാസംഭവം നടന്നത്.

ചാക്കോച്ചന്‍ സ്കൂളിലെ  ഒരു  മാതൃകാവിദ്യാര്‍ത്ഥി ആയിരുന്നു. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറൂ. സ്നേഹക്കൂടുതല്‍കൊണ്ടു സഹപാഠികളെ ഒന്ന് തട്ടുകയോ തലോടുകയോ ചെയ്താല്‍തന്നെ പരാതിപ്പെടാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കും ചാക്കോനമ്പൂതിരിയോട് ബഹുമാനമായിരുന്നു. അവര്‍  മുമ്പ് ചാക്കോച്ചന്റെ ജൂനിയേഴ്സ്‌ ആയിരുന്നല്ലോ. സ്കൂളിലെ സര്‍വ്വപ്രശ്നത്തിലും ഇടപെടുന്ന ചാക്കോനമ്പൂതിരി  ഏതു പാര്‍ട്ടിയുടെ സമരമായാലും മുന്‍പന്തിയില്‍  ഉണ്ടാകും.  ആദ്യമൊക്കെ അധ്യാപകര്‍ നമ്പൂരിച്ചനെ നന്നാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.

ഒരിക്കല്‍ വീരപ്പന്‍പിള്ളസാര്‍ മലയാളം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. (മീശയുടെ ബാഹുല്യംമൂലം വിദ്യാര്‍ഥികള്‍ നല്‍കിയ ഇരട്ടപ്പേരാണിത്. ഒറിജിനല്‍ പേര് എന്താണെന്നു ആര്‍ക്കും അറിയില്ല, കേരളത്തില്‍ ഇരട്ടപ്പേരില്ലാത്ത അധ്യാപകരുണ്ടോ എന്നറിയില്ല). ക്ലാസ്സില്‍ മുഴുവന്‍ സമയവും ചാക്കോനമ്പൂതിരി  തന്നെ തുറിച്ചുനോക്കുകയല്ലേ എന്ന്  ബാക്ക് ബഞ്ചിലെ കുമാരി കൊച്ചുറാണിക്ക് ഒരു സംശയം.  സംശയം ബലപ്പെട്ടപ്പോള്‍ കൊച്ചുറാണി വീരപ്പന്‍പിള്ളയോട് പരാതി ബോധിപ്പിച്ചു.
"സാര്‍, ആ കുട്ടി എന്നെത്തന്നെ നോക്കുന്നു...."
ക്ലാസ്സിലെ എല്ലാ കുട്ടികളും കൊച്ചുറാണിയെ നോക്കി.
"ഏതു കുട്ടി....?
"ചാക്കോച്ചന്‍.." എല്ലാ കണ്ണുകളും നമ്പൂരിച്ചനിലേക്ക് തിരിഞ്ഞു.
"എന്തിനാടാ നീ അവളെത്തന്നെ നോക്കുന്നത്....?"
"ആ പ്രസ്താവന തെറ്റാണു സാര്‍, അവളാണ് ഇടയ്ക്കിടയ്ക്ക് എന്നെ നോക്കികൊണ്ടിരുന്നത്..."  ചാക്കോനമ്പൂതിരി
"ഇല്ല സാര്‍ ഞാന്‍ നോക്കിയിട്ടില്ല...." കൊച്ചുറാണി.
"വെരി സിമ്പിള്‍ സാര്‍... അവള്‍ എന്നെ നോക്കിയത് കൊണ്ടല്ലേ ഞാന്‍ അവളെ തന്നെ നോക്കുന്ന കാര്യം അവള്‍ക്കു മനസ്സിലായത്‌. അപ്പോള്‍ ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍...."
വിഷയം മാറ്റാനായി മാഷ്‌ ചാക്കൊച്ചനോട്  പാഠസംബന്ധമായ ഒരു ചോദ്യം ചോദിച്ചു.
സീതാസ്വയംവരം എങ്ങനെ നടന്നു എന്നു വിവരിക്കൂ...
നിസ്സാര ചോദ്യം. ചാക്കോച്ചന്റെ ഉത്തരം റെഡി.
"സ്കൂളില്ലാത്ത ഒരു ദിവിസം സീത വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ബോറടിച്ചു. അപ്പോള്‍ അവള്‍ കണ്ണാടിയില്‍ നോക്കി കണ്ണെഴുതി പൊട്ടു തൊട്ടു. പെട്ടെന്ന് അവള്‍ക്കു ഒരു ഐഡിയ തോന്നി. അവള്‍ ഒരു പേപ്പര്‍ എടുത്തു കണ്ണാടിയില്‍ കണ്ട സ്വന്തം മുഖം അതില്‍ വരച്ചു. ഇതാണ് സീതാസ്വയംവരം."
ക്ലാസ്സ്‌ ആര്‍ത്തു ചിരിച്ചു.  കോപാകുലനായ വീരപ്പന്‍പിള്ളസാര്‍ അടുത്ത ചോദ്യം എടുത്തിട്ടു.
"കിംവദന്തി" എന്നത് വാക്യത്തില്‍ പ്രയോഗിച്ചു പറയൂ..."
കിംവദന്തി പോലും....   വേറെ ഒരു വാക്കും കിട്ടിയില്ല...അതിന്റെ ശരിയായ അര്‍ത്ഥമെന്താണെന്ന് ചാക്കോനമ്പൂതിരിക്ക്  വലിയ ഗ്രാഹ്യമില്ലെങ്കിലും തിരുമേനി വിട്ടുകൊടുത്തില്ല.
"കഴിഞ്ഞയാഴ്ച കര്‍ണ്ണാടകപോലീസ് വീരപ്പനെ പിടിക്കാന്‍ ചെന്നപ്പോള്‍ വീരപ്പന്‍ ഒരു കിംവദന്തിയെ  തല്ലിക്കൊന്നു ചുട്ടുതിന്നുകൊണ്ടിരിക്കുകയായിരുന്നു."
മാഷിനെ ഇരട്ടപ്പേര് വിളിച്ചു  അധിക്ഷേപിച്ച ചാക്കോച്ചന്‍  ക്ലാസ്സിനു വെളിയിലായി.  എന്നാല്‍ ചാക്കോച്ചന്‍ പഠിപ്പു നിര്‍ത്താന്‍ ഇതല്ല കാരണമായത്‌. ഈ പുറത്താക്കലുകള്‍ ചാക്കോച്ചനു ഒരു സാധാരണ സംഭവം മാത്രം.

മറ്റൊരിക്കല്‍  ചാക്കോച്ചനെ ഏതോ കുറ്റത്തിന് ക്ലാസ്സില്‍ നിന്നു പുറത്താക്കിയപ്പോള്‍ രക്ഷിതാവിനെ കൂട്ടിക്കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ഹെഡ്മാസ്റ്റര്‍ വിലക്കി.  മുന്‍പ് പലപല രക്ഷിതാക്കള്‍ വന്നിട്ടുള്ളതുകൊണ്ടു സാക്ഷാല്‍ അച്ഛന്‍ തിരുമേനിതന്നെ വരണമെന്നായി  ഹെഡ്മാസ്റ്റര്‍.  ഈവക കാര്യങ്ങളില്‍ അച്ഛന്‍തിരുമേനി ഇടപെടില്ലെന്നറിയാമായിരുന്നത്കൊണ്ടു ചാക്കോച്ചന്‍ പ്രശ്നം വീട്ടില്‍ അറിയിക്കാന്‍ മിനക്കെട്ടില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും പ്രശ്നം ഒതുതീര്‍പ്പാകാതെ  വന്നപ്പോള്‍ സംഗതി വീട്ടില്‍ അറിയിക്കാതെ തരമില്ലെന്നു ചാക്കോച്ചനു മനസ്സിലായി. അങ്ങനെ അമ്മത്തമ്പുരാട്ടി വഴി കാര്യത്തിന്റെ ഗൌരവം പിതൃസമക്ഷത്തില്‍ അവതരിപ്പിച്ചു. വായിലെ മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടി തുപ്പിയിട്ട് കറിയാച്ചന്‍ നമ്പൂതിരി തന്റെ നിലപാട് അറിയിച്ചു.
"കാണണംന്നു  അത്ര നിര്‍ബന്ധാച്ചാ ആ മാഷോട് ഇവ്ടേക്ക്   വന്നോളാന്‍ പറയ്യാ... "
ചാക്കോച്ചന്‍ ചെകുത്താനും കടലിനുമിടയിലായി. ഇനിയെന്ത് ചെയ്യും....?.. മറ്റു മാര്‍ഗമൊന്നുമില്ലാഞ്ഞതിനാല്‍ ചാക്കോച്ചന്‍ അച്ഛന്‍തിരുമേനിയുടെ തീരുമാനം ഹെഡ്മാസ്റ്ററെ  അറിയിച്ചു. അതോടെ ഹെഡ്മാസ്റ്റര്‍ സുല്ലിട്ടു. നമ്പൂരിച്ചനെ ക്ലാസ്സില്‍ കയറ്റി.

അങ്ങനെ ചാക്കോനമ്പൂതിരി സ്കൂളിലെ തന്റെ ജൈത്രയാത്ര  തുടരുന്ന കാലത്താണ് സ്കൂളില്‍ പുതിയ ഒരു മാഷ് ട്രാന്‍സ്ഫര്‍ ആയി വന്നത്. കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടു പട്ടണത്തിലെ സ്കൂളില്‍നിന്നു പിന്നോക്ക ജില്ലയിലെ ഈ സ്കൂളിലേക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നതാണ് ഈ പാലാക്കാരന്‍ നസ്രാണി. ഈ അത്ഭുതജീവിയുടെ ഭാഷയും സമ്പ്രദായങ്ങളും സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കുറച്ചൊന്നുമല്ല ചിരിക്കാന്‍ വക നല്‍കിയത്. പ്രത്യേകിച്ച് "ഭ" എന്നതിന് "ഫ" എന്നുച്ചരിക്കുന്ന മാഷിന്റെ രീതി.  ആദ്യത്തെ ക്ലാസ്സില്‍ തന്നെ മാഷിനു പുതിയ ഇരട്ടപ്പേര് കിട്ടി.  "കിഴുത്ത..!!."  ദ്വാരം എന്നതിന്   മാഷ്‌ കിഴുത്ത എന്നാണു പറയുക..  നാട്ടിന്‍പുറങ്ങളില്‍ തുള, ഓട്ട, ദ്വാരം  എന്നൊക്കെ പറയുന്ന സാധനം..!! അങ്ങനെ അത് അദ്ദേഹത്തിന്റെ ഓമനപ്പേരായി മാറി. ഇംഗ്ലീഷും ജ്യോഗ്രഫിയുമാണ് പുതിയ മാഷ്‌ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങള്‍.

അന്നു ഒമ്പതാം ക്ലാസ്സില്‍ 'കിഴുത്തമാഷ്‌' ഭൂമിശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍   ഒരു ചോദ്യം ചോദിച്ചു.
"എന്നതാടാ ചാക്കോച്ചാ  ഈ ഫൂമധ്യരേഖ..?"
ചാക്കോച്ചന്‍ ജ്യോഗ്രഫിയില്‍ അത്ര മോശമോന്നുമായിരുന്നില്ല.
"പറയട്ടെ സാറേ...?
"എന്നതാന്നാ.... പറയടാ   ഉവ്വെ...." മാഷ്‌.
"ഫൂമിയെ രണ്ടു തുല്യ ഫാഗങ്ങളായി വിഫജിച്ചുകൊണ്ട് ഫൂമിയുടെ മധ്യഫാഗത്തുകൂടി കടന്നു ഫോകുന്ന രേഗയാണ്   ഫൂ...മധ്യരേഗ... !!!..."
പിന്നെ അവിടെ നടന്നതെന്താണെന്ന് മാഷിനോ കുട്ടികള്‍ക്കോ അറിയില്ല. ക്ലാസ് മുഴുവനും അലമുറയിട്ടു ചിരിക്കുന്നു. മാഷ്‌ നിന്നു വിയര്‍ത്തു. ഉരുകി ഉരുകി ഇല്ലാതാകുന്നതുപോലെ തോന്നി മാഷിന്.
കിഴുത്തമാഷ്‌  ചാക്കോച്ചനെയും കൂട്ടി നേരെ ഹെഡ് മാസ്റ്ററുടെ മുമ്പിലെത്തി.
"ഇങ്ങനത്തെ പിള്ളാരെ വച്ചോണ്ട് ക്ലാസ്സെടുക്കാന്‍ എന്നെക്കൊണ്ട് പറ്റുകേല.. ഒന്നുകീ ഞാന്‍ അല്ലെങ്കി ഇവന്‍... ആരെങ്കിലും ഒരാളെ ഇനി ക്ലാസ്സില്‍ പറ്റത്തൊള്ളൂ..".  കിഴുത്തമാഷ്‌ കട്ടായം പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിഫലമായപ്പോള്‍  മറ്റു മാര്‍ഗമൊന്നുമില്ലെന്ന് മനസ്സിലായ ഹെഡ് മാസ്റ്റര്‍ പ്യൂണ്‍വശം അച്ഛന്‍ നമ്പൂതിരിക്ക് ഒരു കത്ത് കൊടുത്തുവിട്ടു. " താങ്കളുടെ മകന്‍ ചാക്കോച്ചന്‍ ഒരു അധ്യാപകനെ ക്ലാസില്‍ അപമാനിച്ചതിനാല്‍ അവനെ ഈ  വിദ്യാലയത്തില്‍ തുടര്‍ന്നു  പഠിപ്പിക്കുവാന്‍ നിര്‍വാഹമില്ല.  ആയതിനാല്‍ എത്രയും വേഗം താങ്കള്‍ നേരിട്ടുവന്നു ചാക്കോച്ചന്റെ ടീസി വാങ്ങിക്കൊണ്ടു പോകേണ്ടാതാണെന്ന് അറിയിക്കുന്നു...."
"ആര്‍ക്കു വേണം അവന്റെ ടീസി.... എന്റെ മകന്‍ ഇനി അങ്ങോട്ട്‌ പഠിക്കാന്‍ വരുന്നില്ല.... "
കറിയാച്ചന്‍ നമ്പൂതിരി അന്നു തന്നെ ടൌണില്‍ നിന്നു മകനുവേണ്ടി ഒരു പുതിയ കൈക്കോട്ടു വാങ്ങിച്ചു..

Jul 27, 2010

പ്രണയകാലത്തെ നൂലാമാലകള്‍

ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്.  എങ്ങനെ ഉറക്കം വരാനാണ്..... ഇന്നവള്‍ ലീവെടുത്ത് എന്നെ കാണാന്‍ വരും.  ഇന്ന് എല്ലാം തുറന്നു സംസാരിക്കണം.  അവള്‍ക്കു എന്നെ ഇഷ്ടമാണെന്നറിയാം, എന്നാലും അത് അവളുടെ നാവില്‍നിന്നു തന്നെ കേള്‍ക്കണം. ഇന്ന് ഞാന്‍ അവളെക്കൊണ്ടത്  പറയിപ്പിക്കും.  ഒമ്പത് മണിക്ക് കണാട്ട് പ്ലേസില്‍ എത്താമെന്നാണ്  ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ പറഞ്ഞത്. റൂമില്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പതിവുപോലെ ഏഴുമണിവരെ  കട്ടിലില്‍തന്നെ കിടന്നു. ക്ലോക്കില്‍ എഴടിച്ചപ്പോള്‍ കണ്ണ് തിരുമ്മി ഉറക്കം നടിച്ചു കൊണ്ടു എണീറ്റു. ബ്രഷും തോര്തുമെടുത്തു ബാത്ത്റൂമിലേക്കോടി. ശ്ശെ.... ആരോ അകത്തുണ്ട്... നാല് റൂമുകാര്‍ക്കു ഒരു കക്കൂസും കുളിമുറിയും.... ഡല്‍ഹിയില്‍ എവിടെ ചെന്നാലും ഇതൊക്കെ തന്നെ സ്ഥിതി... വാതില്‍ ചവിട്ടിപ്പോളിക്കാനാണ്  തോന്നിയതെങ്കിലും ചെറുതായൊന്നു മുട്ടുക മാത്രമേ ചെയ്തുള്ളൂ... നല്ല തല്ലു നാട്ടില്‍ കിട്ടില്ലേ... ഇവിടെ വന്നു വല്ല ഹിന്ദിക്കാരന്റെയും  കയ്യില്‍നിന്നു വാങ്ങണോ?... ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ.. ഞാന്‍ കുഴല്‍ കിണറില്‍ നിന്നു വെള്ളമെടുത്തു പല്ല് തേച്ചുകൊണ്ടു  കക്കൂസിന് മുമ്പില്‍ കാത്തു നിന്നു.. ഇനി മറ്റാരെങ്കിലും വന്നാല്‍ എന്റെ പിന്നില്‍ ക്യൂ നില്‍ക്കട്ടെ... അകത്തുനിന്നു പൊട്ടലും ചീറ്റലുമൊക്കെ കേള്‍ക്കുന്നുണ്ട്... ഉടനെ കഴിയുന്ന ലക്ഷണമൊന്നുമില്ല... രാവിലെ തന്നെ വശപ്പിശകാണല്ലോ കര്‍ത്താവേ... ഒരു വിധത്തില്‍ കുളിച്ചെന്നു വരുത്തി റൂമില്‍ കയറി ഉള്ളതില്‍ ഏറ്റവും നല്ല പാന്റും ഷര്‍ട്ടുമിട്ട്, സഹമുറിയന്റെ പൌഡര്‍ അല്പം എടുത്തു പൂശി സിംപ്ലനായി റൂമില്‍ നിന്നിറങ്ങി...
"ഇന്നെന്താടാ ബ്രെഡും കട്ടന്‍ ചായയും വേണ്ടേ..."
"സമയമില്ല... ഇന്ന് ഓഫീസില്‍ നേരത്തെ എത്തണം... ഇന്നലത്തെ കുറച്ചു പണി തീര്‍ക്കാനുണ്ട്...."
ഓടി ബസ്‌സ്റ്റോപ്പിലെത്തി. നാനൂറാം നമ്പര്‍ ബസ്സാണ് കണാട്ട് പ്ലേസിലേക്ക് പോകുന്നത്. ഒരു ബൈക്കുണ്ടായിരുന്നെങ്കില്‍....  അതൊന്നും ആശിക്കാവുന്ന അവസ്ഥയായിരുന്നില്ല എന്റേത്. ബസ്‌  വരുമ്പോഴേക്കും ടെലഫോണ്‍ ബൂത്തില്‍ കയറി ഓഫീസിലേക്ക് വിളിച്ചു ഇന്ന് ലീവാക്കാന്‍ പറയാം, അല്ലെങ്കില്‍ നാളെ ബോസ്സിന്റെ പഞ്ചാബി  തെറി കേള്‍ക്കേണ്ടി വരും.   ഓഫീസ്ബോയിയെ മാത്രമേ കിട്ടിയുള്ളൂ. ബോസ്സ് വരുമ്പോള്‍ എനിക്ക് വയറിനു സുഖമില്ല.. രാവിലെ നാല് പ്രാവശ്യം കക്കൂസില്‍ പോയി.. അതുകൊണ്ടു ഇന്ന് ഓഫീസില്‍ വരില്ല എന്നു പറയാന്‍ ഏല്പിച്ചു. ചില്ലറയില്ലാത്തതുകൊണ്ട് ബൂത്തുകാര്നനോട്  കടം പറഞ്ഞു.

ബസ്സ് വന്നു.   രാവിലെ തന്നെ ബസ്സില്‍ നല്ല തിരക്ക്... മെഡിക്കല്‍ എത്തിയപ്പോഴാണ് തിരക്ക് അല്പം കുറഞ്ഞു എനിക്കൊരു സീറ്റ് കിട്ടിയത്.  സീറ്റിലിരുന്നു അവളെയും കൊണ്ടു കറങ്ങേണ്ട  സ്ഥലങ്ങളെക്കുറിച്ച് ഒരു ചെറിയ പ്ലാനിംഗ് ഉണ്ടാക്കി. ആദ്യം എന്തെങ്കിലും കഴിക്കണം..  പിന്നെ ജന്തര്‍ മന്തര്‍ കാണാം... പിന്നെ പാലികാബാസാറില്‍  ഒന്ന് കറങ്ങണം. എന്നിട്ട് റീഗല്‍ തീയറ്ററില്‍ ഒരു സിനിമ... മദ്രാസ്‌ ഹോട്ടലില്‍ ലഞ്ച്... എന്നിട്ട് ഒന്നുകില്‍ റെഡ്ഫോര്‍ട്ട്‌-രാജ്ഘാട്ട് ഭാഗത്തു കറങ്ങുക അല്ലെങ്കില്‍ കുത്തബ് മിനാറും ലോട്ടസ് ടെമ്പിളും കാണുക.. അത് അവളുടെ ഇഷ്ടം പോലെ ചെയ്യാം...

അവള്‍ ബസ്‌ സ്റ്റോപ്പില്‍ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ ബസില്‍ നിന്നേ കണ്ടു... ഇന്നവള്‍ അല്പം കൂടുതല്‍ സുന്ദരിയായിട്ടില്ലേ..? അല്ലെങ്കിലും ഇതുപോലുള്ള സമയങ്ങളില്‍  കാണുന്നതെല്ലാം സുന്ദരമായി തോന്നും എന്നാണല്ലോ വലിയ മറ്റവന്‍മാരൊക്കെ പറഞ്ഞു വച്ചിരിക്കുന്നത്.  ഞാന്‍ ബസിറങ്ങി.. അവള്‍ നാണത്തോടെ പുഞ്ചിരിച്ചു കൊണ്ടു അടുത്തുവന്നു. ഞാന്‍ പരിസരമാകെ ഒന്ന് വീക്ഷിച്ചു..  പരിചയക്കാരായ ഏതെങ്കിലും പാരകള്‍  കണ്ടാല്‍ ആകെ കുളമാകും... ഒരു സൈഡിലേക്ക്  നീങ്ങി നിന്നു കൊണ്ടു അവള്‍ ചോദിച്ചു
"എന്താ പ്രോഗ്രാം?..".
"വാ നമുക്ക് അവിടെ പോയിരിക്കാം..." ഞങ്ങള്‍ പാലികാ ബാസാറിന്റെ മുകളിലെ പാര്‍ക്കിലേക്ക്  നടന്നു.
ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെന്നുന്ന   കണാട്ട് പ്ലേസ്. അതിന്റെ  ഒത്തനടുവില്‍  പാര്‍ക്ക്‌. പാര്‍ക്കിനു ചുറ്റും ബ്രിട്ടീഷ്‌ ഭരണ കാലത്തെ നിര്‍മാണചാതുര്യം വിളിച്ചോതുന്ന വെളുത്ത തൂണുകളോടുകൂടിയ ഇരുനില കെട്ടിടങ്ങള്‍.    ഈ കേന്ദ്ര ബിന്ദുവില്‍ നിന്നും ഒരു രഥചക്രത്തിന്റെ  ആരക്കാലുകള്‍പോലെ എട്ടു റോഡുകള്‍ പുറപ്പെടുന്നു.
പാര്‍ക്കില്‍ ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ ഇരുന്നു...  അവിടവിടെയായി റോസ് നിറത്തിലുള്ള പൂക്കളോട് കൂടിയ പേരറിയാത്ത മരങ്ങള്‍. പാര്‍ക്കിന്റെ ഓരങ്ങളില്‍ കുളവാഴ പോലുള്ള  ചെടികള്‍ ചുവപ്പ് പൂക്കളോടെ തലയാട്ടി നിന്നു.   കുറെനേരം അങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നിട്ടു അവള്‍ ചോദിച്ചു...
"രാവിലെ  എന്നാ കഴിച്ചേ...?"
"കഴിക്കാനൊന്നും സമയം കിട്ടിയില്ല...?
"ഞാനും ഒന്നും കഴിച്ചില്ല...."
" എങ്കി വാ... എന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി കാര്യങ്ങള്‍..."
ഞങ്ങള്‍ അടുത്തുള്ള മലയാളി ഹോട്ടലില്‍ കയറി ഓരോ ചായയും  മസാലദോശയും കഴിച്ചു... ചായ എനിക്കെന്തോ അത്ര രുചിയുള്ളതായി തോന്നിയില്ല..പക്ഷെ മസാല ദോശ കിടിലന്‍..
വീണ്ടും ഞങ്ങള്‍ പാര്‍ക്കില്‍ വന്നിരുന്നു.   കടല വില്പനക്കാരന്റെ കയ്യില്‍ നിന്നു കടല വാങ്ങിച്ചു....ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു രസിച്ചങ്ങനെ ഇരുന്നു...
"നമ്മള്‍ക്ക് ഗോള്‍ഡാഖാന  പള്ളിയില്‍ പോയാലോ...?" അവള്‍ ചോദിച്ചു.
"കുറച്ചു നേരം കൂടി ഇവിടെ ഇരുന്നിട്ട് പോകാം... മുഗള്‍ ഗാര്‍ഡന്‍ തുറന്നിട്ടുന്ടെന്നാ കേട്ടത് അതും കാണാം... " ഞാന്‍ പറഞ്ഞു.
അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എനിക്ക് വയറ്റില്‍ എന്തോ അസ്വസ്ഥത പോലെ തോന്നി. എന്തോ ഇളകിമറിയുന്നത് പോലെ.   ആദ്യം ഒന്നിന് പോയാല്‍ കൊള്ളാമെന്നു തോന്നി.. പിന്നെ അത് പോരാ രണ്ടും വേണ്ടി വരുമോ എന്നൊരു സംശയം...
"ഒരു മിനിറ്റ്... ഞാന്‍ ഇതാ വരുന്നേ... " ഞാന്‍ പതുക്കെ എണീറ്റു.
"എന്നാ പറ്റി ഇച്ചായാ...?  ഞാന്‍ ഒന്നിന് പോയിട്ട് വരാമെന്ന് കൈകൊണ്ടു ആന്ഗ്യം കാണിച്ചിട്ട് നേരെ പാലികാ ബാസാറിന്റെ അകത്തേക്ക് പോയി.... അവിടെ മുഴുവന്‍ തിരെഞ്ഞെങ്കിലും ഒരു ടോയ് ലെറ്റ്‌ പോലും കണ്ടില്ല. ഞാന്‍ അസ്വസ്ഥതയോടെ തിരിച്ചെത്തി....
"പോയോ..?"
"അവിടെയെങ്ങും ഇല്ല..."
" ഇനി എന്നാ ചെയ്യും..."
"ഓ... സാരമില്ല..."
ഞാന്‍ കുറച്ചു നേരം അങ്ങനെ ഇരുന്നു. ഇരിപ്പുറക്കുന്നില്ല... ഞാന്‍ വീണ്ടും എണീറ്റു.... അവള്‍ക്കു ഒരു സിഗ്നല്‍ കൊടുത്തിട്ട് നേരെ ഓഡിയന്‍  തീയറ്റര്‍ ലകഷ്യമാക്കി ഓടി... അവിടെ ടോയ് ലെറ്റ്‌ കാണാതിരിക്കില്ല... പക്ഷെ.... അവിടെയും പുറത്തെങ്ങും അങ്ങനെ ഒരു കാര്യം മാത്രം കണ്ടില്ല... ഞാന്‍ തിരിച്ചു പോന്നു.... ഞാന്‍ അവളുടെയടുത്തു മരച്ചുവട്ടില്‍ ഇരിക്കാന്‍ ശ്രമിച്ചു. പക്ഷെ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ അങ്ങോട്ട്‌ നടക്കുന്നില്ല.  പ്രകൃതി ഒരേ സമയം രണ്ടു വിളികള്‍ ഒന്നിച്ചു നടത്തുകയാണ്. എന്നെ ചെറിയ തോതില്‍ വിയര്‍ക്കുന്നുണ്ടോ എന്നു സംശയം.... അവള്‍ സ്നേഹത്തോടെ ഓരോ കാര്യങ്ങള്‍ സംസാരിക്കുകയാണ്.... പക്ഷെ എനിക്കൊന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല... മുടിഞ്ഞ ഒരു.... ഞാന്‍ വീണ്ടും പതുക്കെ എണീറ്റു.... അവള്‍ക്കു ചിരി വന്നെന്നു തോന്നുന്നു... ഒരു ശ്രമം കൂടി നടത്താം... ഞാന്‍ നേരെ റീഗല്‍ സിനിമ ലകഷ്യമാക്കി നടന്നു.... നടക്കുകയായിരുന്നോ അതോ ഓടുകയായിരുന്നോ എന്നു നിശ്ചയമില്ലായിരുന്നു. അവിടെ പുറത്തെങ്ങും ഒരു ടോയ് ലെറ്റ്‌ പോലും കണ്ടില്ല... ടിക്കറ്റ്‌ കൌണ്ടറില്‍  നൂണ്‍ഷോയ്ക്കുള്ള ടിക്കറ്റ്‌ വില്‍ക്കുന്ന ആളോട് അന്വേഷിച്ചപ്പോള്‍ തീയറ്ററിനുള്ളില്‍ ഒരു കക്കൂസ് ഉണ്ടെന്നറിഞ്ഞു..   ഹോ... ആശ്വാസമായി... ഒരു ടിക്കെറ്റെടുത്ത് അകത്തു കയറി.... മൂത്രപ്പുരയുടെ ഭാഗത്തു ചെന്നു നോക്കിയപ്പോള്‍ അവിടെ ആകെയുള്ള ഒരു കക്കൂസ് പൂട്ടിയിട്ടിരിക്കുന്നു. കതകില്‍ ഒരു വെള്ളക്കടലാസ് ഒട്ടിച്ചിട്ടുണ്ട്.. "അണ്ടര്‍ റിപ്പയര്‍".  കര്‍ത്താവേ ഇടി വെട്ടിയവനെ പാമ്പ് കടിച്ചല്ലോ... ഇനി എന്നാ ചെയ്യും... മറ്റെന്തെങ്കിലും ആലോചിക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍... അവിടെ നിന്നു പതുക്കെ പുറത്തേക്കിറങ്ങി... സാവധാനം പാര്‍ക്കിലേക്ക് തിരിച്ചു നടന്നു... കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.... പെട്ടെന്ന് സിഗ്നലില്‍ നാനൂറാം നമ്പര്‍ ബസ്‌ കിടക്കുന്നത് കണ്ടു.  അതില്‍ കയറിയാല്‍ ഒരു മുക്കാല്‍ മണിക്കൂര് കൊണ്ടു വീട്ടിലെത്താം... എന്റെ പ്രിയപ്പെട്ടവള്‍ പാര്‍ക്കില്‍ എന്നെ കാത്തിരിക്കുന്നതും ഗോള്‍ഡാഖാനയും മുഗള്‍ ഗാര്‍ഡനും പ്രേമപ്രഖ്യാപനവും ഒന്നും അപ്പോള്‍ എന്റെ മനസ്സില്‍ ഇല്ലായിരുന്നു.   തലച്ചോറില്‍ മുഴുവന്‍ പ്രകൃതിയുടെ വിളികള്‍ മാത്രം.... ഞാന്‍ ബസില്‍ കയറി.  ഓഖലക്കു ടിക്കറ്റെടുത്തു.  ബസില്‍ വലിയ തിരക്കൊന്നും ഇല്ല.   ഞാന്‍ പിന്‍വാതിലിനടുത്തുള്ള കമ്പിയില്‍ ചാരി നിന്നു.   ബസിനു സ്പീഡ് കുറവുള്ളത് പോലെയോ സിഗ്നലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലുള്ളതു പോലെയോ ഒക്കെ എന്നിക്ക് തോന്നി.   ഐ എന്‍ എ മാര്‍ക്കറ്റ്‌ കഴിഞ്ഞപ്പോഴേക്കും ബസ് ഏകദേശം കാലിയായി. കണ്ടക്ടര്‍ നോക്കുമ്പോള്‍ സീറ്റെല്ലാം കാലിയായി കിടക്കുന്നു.  ഞാന്‍ കമ്പിയില്‍ ചാരി നില്‍ക്കുന്നു. സത്യത്തില്‍ ഞാന്‍ നില്‍ക്കുകയായിരുന്നില്ല. പെരുവിരലില്‍കുത്തി ബസിന്റെ സീലിംഗിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു എന്നു വേണം പറയാന്‍.... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു പരവേശം...
" ബൈഠിയേ  ഭായ്സാബ്" കണ്ടക്ടര്‍...
"കോയീ ബാത്ത് നഹീ...." ഞാന്‍ വിനയാന്വിതനായി....
"ബൈഠോനാ...     സീറ്റ് തോ ഖാലീ ഹേ... "
"ഒവ്വ... ഇവന്‍ ഇരുത്തിയെ അടങ്ങുവൊള്ളല്ലോ   കര്‍ത്താവേ... " എനിക്ക് ശബ്ദം വെളിയിലേക്ക് വരുന്നില്ല.. നിര്‍ബന്ധിക്കരുതെന്നു ഞാന്‍ കൈകൊണ്ടു ആന്ഗ്യം കാണിച്ചു.  അയാള്‍ക്ക്‌ മനസില്ലയോ എന്തോ... എന്തായാലും അയാള്‍ പിന്നെയൊന്നും പറഞ്ഞില്ല.. മറ്റു ബസുകള്‍ ഓവര്‍ടേക്ക് ചെയ്തു പോകുമ്പോള്‍ ഞാന്‍ എന്റെ വിധിയെ പഴിച്ചുകൊണ്ട് പെരുവിരല്‍ കുത്തി നിന്നു.  ഒരു വിധത്തില്‍ വീടിനടുത്ത് ബസിറങ്ങി. ഒരു കൊടുങ്കാറ്റു പോലെ കക്കൂസിന് മുന്‍പിലെത്തിയപ്പോള്‍ അത് അടഞ്ഞു കിടക്കുന്നു. കതകില്‍ ആഞ്ഞൊന്നു മുട്ടി.
"കോന്‍ ഹേ...?"
"നിന്റെ അമ്മായി അപ്പന്‍.... തൊറക്കെടാ...." ഞാന്‍ അലറി.
വാതില്‍ തുറക്കപ്പെട്ടു. എന്റെ മുഖഭാവം കണ്ടിട്ടാവാം അയാള്‍ ഒന്നും മിണ്ടാതെ പോയി..
ഞാന്‍ അകത്തു കയറി...
"അറബിക്കടലിളകി വരുന്നൂ...." എന്ന പഴയ ഒരു പാട്ട് ചുണ്ടില്‍ വന്നപ്പോള്‍ ആശ്വാസമായി...
അപ്പോഴും  എന്റെ പ്രിയപ്പെട്ടവള്‍ പാലികാ ബാസാറിന്റെ മുകളിലെ മരച്ചുവട്ടില്‍ എന്നെയും  കാത്തിരിക്കുകയായിരുന്നു.

Jun 14, 2010

പട്ടിയുണ്ട് സൂക്ഷിക്കുക

പട്ടിയെ പേടിയില്ലാത്തവര്‍  ഉണ്ടോ..?   എന്നാല്‍ ഇങ്ങനെ പട്ടിയെ പേടിയുള്ളവരുണ്ടോ.... ചാക്കോനമ്പൂതിരി രണ്ടാമത്തെ കൂട്ടരുടെ നേതാവാണ്‌.  എവിടെയെങ്കിലും പോകുന്ന വഴി ഒരു പട്ടിയുടെ നിഴല്‍ കണ്ടാല്‍ മതി, ചാക്കോ നമ്പൂതിരിയുടെ ധൈര്യം മുഴുവന്‍ ചോര്‍ന്നു  ചോര്‍ന്നു ധരിച്ചിരിക്കുന്ന വസ്ത്രം ദേഹത്ത് ഒട്ടിപ്പിടിക്കാന്‍ തുടങ്ങും. എന്താണെന്നറിയില്ല ഒരുവിധപ്പെട്ട പട്ടികള്‍ക്കൊക്കെ ചാക്കോ നമ്പൂതിരിയെ കണ്ടാല്‍ ഒന്ന് കടിക്കാനോ അല്ലെങ്കില്‍ മിനിമം  ഒന്ന് പേടിപ്പിച്ചു വിടാനെങ്കിലും  തോന്നിപ്പോകും. നമ്പൂതിരിയുടെ കുട്ടിക്കാലത്ത് അടുത്തൊരു വീട്ടില്‍ ഒരു ഒറ്റക്കണ്ണന്‍  നായ ഉണ്ടായിരുന്നു. കണ്ണുകാണാത്ത സൈഡില്‍ കൂടി പതുങ്ങിച്ചെന്നു പട്ടിയെ തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്നത് ചാക്കോച്ചന്റെ ഒരു ബാല്യകാല ചാപല്യമായിരുന്നു.  ഇതിനായി പട്ടിയുടെ ഉടമസ്ഥനില്‍ നിന്നും അപ്പന്‍  നമ്പൂതിരിയില്‍നിന്നും ചാക്കോച്ചന്‍ തല്ലു കുറച്ചൊന്നുമല്ല വാങ്ങിക്കൂട്ടിയിരുന്നത്. ഓരോ തവണ  തല്ലു കിട്ടുമ്പോഴും ഉണ്ണിനമ്പൂതിരി ഒറ്റക്കണ്ണന്‍നായയെ പൂര്‍വാധികം  വാശിയോടെ കല്ലെറിഞ്ഞു. അങ്ങനെ ഒരു പ്രാവശ്യത്തെ ഏറു എവിടെയോ അസ്ഥാനത്ത്  കൊണ്ടു, പട്ടിയെ തെക്കൊട്ടെടുത്തു. ആ ക്രൂരകൃത്യത്തിനു ദൃക്സാക്ഷികള്‍ ആരും  ഇല്ലാതിരുന്നതിനാല്‍ ചാക്കോച്ചന്‍ നമ്പൂതിരി സംശയത്തിന്റെ ആനുകൂല്യത്തില്‍  കാര്യമായ ശിക്ഷാനടപടികളില്‍ നിന്നും കഷ്ടിച്ചു  രക്ഷപെട്ടു. പക്ഷെ ഒറ്റക്കണ്ണന്റെ ശാപം ചാക്കോച്ചനെ ഗ്രസിച്ചു. ഒരു രാത്രി ചാക്കോച്ചന്‍ ഭീമാകാരനായ ഒറ്റക്കണ്ണന്‍ തന്നെ കടിച്ചുകീറാന്‍ വരുന്നത് സ്വപ്നം കണ്ടു..... പേടിച്ചു നിലവിളിച്ചു.... കിടക്കപ്പായയില്‍ മൂത്രമൊഴിച്ചു..... അന്നുമുതല്‍ ശ്വാനവര്‍ഗം  ചാക്കോച്ചന്റെ ശാശ്വതശത്രുവായി.

സ്കൂളിലും കോളെജിലുമൊക്കെ ചാക്കോച്ചന്‍ അറിയപ്പെടുന്ന ഒരു കായിക താരമായിരുന്നു. ദീര്‍ഘദൂരഓട്ടം, അഥവാ  ക്രോസ്കണ്ട്രി ആയിരുന്നു പ്രധാന ഐറ്റം. ക്രോസ്കണ്ട്രിയില്‍ സംസ്ഥാനതലത്തിലും യുണിവേഴ്സിറ്റി തലത്തിലും ചാക്കോച്ചന്‍ മത്സരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നാട്ടിലെ ക്ലബ്ബുകള്‍ സംഘടിപ്പിച്ചിരുന്ന ക്രോസ്കണ്ട്രി മത്സരങ്ങളില്‍ മിക്കവാറും ചാക്കോനമ്പൂതിരി ആയിരുന്നു ഗപ്പും പ്രൈസ്‌മണിയും നേടിയിരുന്നത്. ഏതെങ്കിലും ഒരു മത്സരത്തില്‍ ചാക്കോച്ചനു സമ്മാനം കിട്ടാതിരുന്നിട്ടുന്ടെങ്കില്‍ അതിനു പിന്നില്‍ ഏതെങ്കിലും ഒരു പട്ടിയുടെ കരിനിഴല്‍ ഉണ്ടാവും. ഒരിക്കല്‍ പത്തു കിലോമീറ്റര്‍  ദൈര്‍ഘ്യമുള്ള ഒരു ക്രോസ്കണ്ട്രിയില്‍ മറ്റു  ഓട്ടക്കാരില്‍  നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ മുന്നിലായി ചാക്കോച്ചന്‍ ലീഡ് ചെയ്യുകയായിരുന്നു. ഫിനിഷിംഗ്പോയിന്റിലേക്ക്  കഷ്ടിച്ച് അര കിലോമീറ്റര്‍ കാണും.  ദാ നില്‍ക്കുന്നു... നമ്രമുഖിയായി  നഖം കടിച്ചു നാണം കുണുങ്ങി ഒരു ശ്വാനസുന്ദരി..  നടുറോഡില്‍.... കര്‍ത്താവേ ഓട്ടത്തിനിടയിലും പരീക്ഷിക്കുകയാണോ...  നമ്പൂരിച്ചന്‍ സഡന്‍ബ്രേക്കിട്ടു ഒറ്റ നില്‍പ്പായി. പുറകെ വന്നവര്‍ ഓടിക്കയറി ഗപ്പും കൊണ്ടുപോയി. മറ്റു പലപ്പോഴും യാത്രക്കിടയില്‍ ശ്വാനഭീതിമൂലം ചാക്കോച്ചനു വഴിമാറി പോകേണ്ടി വന്നിട്ടുണ്ട്.  വേറെ വഴിയില്ലെങ്കില്‍ പട്ടി പോകുന്നതുവരെ ദൂരെ കാത്തുനില്‍ക്കും.  ബസില്‍ നിന്നിറങ്ങുമ്പോള്‍ പട്ടിയെ കണ്ടു ചാക്കോച്ചന്‍ തിരിച്ചു കയറിയിട്ടുമുണ്ട്.

ഒരു ഓണക്കാലത്ത് ഞങ്ങളുടെ അടുത്ത നാട്ടില്‍ നടന്ന  ഒരു ക്രോസ്കണ്ട്രി മത്സരത്തില്‍ ഒന്നാം സമ്മാനമായ സൈക്കിള്‍ ചാക്കോച്ചന്‍ നേടി. തിരുവോണദിവസം ഉച്ചകഴിഞ്ഞായിരുന്നു സമ്മാനദാനം. തിരിച്ചു വീട്ടിലേക്കു സമ്മാനം കിട്ടിയ സൈക്കിളിലാണ് യാത്ര. കൂട്ടിനു സുഹൃത്ത് സണ്ണിച്ചനുമുണ്ട്. അദ്ദേഹവും ഒരു പട്ടിപ്പേടിക്കാരനാണ്.   രണ്ടുപേരുംകൂടി പുത്തന്‍സൈക്കിളിലാണ് യാത്ര.  തളര്‍ച്ച തോന്നുമ്പോള്‍ രണ്ടാളും മാറിമാറി ചവിട്ടി. വീടിനടുത്തുള്ള ടൌണില്‍ എത്തിയപ്പോള്‍ നല്ല ഫ്രഷ്‌ അയല വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടു.സണ്ണിച്ചന്‍ രണ്ടു കിലോ അയല വാങ്ങി ഒരു പ്ലാസ്റ്റിക് കവറില്‍ പിടിച്ചു. അവിടുന്നങ്ങോട്ട് പുറകിലിരുന്ന ആള്‍ കവര്‍ പിടിച്ചു. അങ്ങനെ ആഘോഷമായി കഥകളൊക്കെ പറഞ്ഞു രണ്ടാളുംകൂടി യാത്ര തുടരുമ്പോള്‍ ദാ വരുന്നു അടുത്ത പാര. വഴിയരികിലുള്ള ഒരു വീട്ടില്‍ ഒരു നായ കുരച്ചുകൊണ്ടു ചാടിവീണു. വഴിയരികില്‍ താമസിക്കുന്നവര്‍ നായ്ക്കളെ പൂട്ടിയിടെണ്ടേ..? സാമദ്രോഹികള്‍. ഈ പട്ടിക്കു വഴിയെ വരുന്ന വണ്ടികളുടെ പുറകെ കുരച്ചുകൊണ്ടു ഓടുന്ന ശീലമുണ്ടായിരുന്നു എന്ന ബലഹീനത ഒഴിച്ചാല്‍ ഇവരോട് പ്രത്യേക വെറുപ്പോ താല്പര്യമോ ഒന്നുമില്ലായിരുന്നു. ചാക്കോച്ചന്‍ പ്രാണഭയം കൊണ്ടു ആഞ്ഞുചവിട്ടി. സണ്ണിച്ചന്‍ കാലു രണ്ടും പൊക്കിപ്പിടിച്ച് ഒരു കയ്യില്‍ പ്ലാസ്റ്റിക് കവറുമായി പിന്‍സീറ്റില്‍. ഒപ്പം ഓടിയെത്തിയ പട്ടി സണ്ണിച്ചന്റെ കാലില്‍ കടിക്കാന്‍ ശ്രമിച്ചു. പക്ഷെ കടി കൊണ്ടത്‌ പ്ലാസ്റ്റിക് കവറിന്റെ മൂലയിലാനെന്നു മാത്രം. പച്ചമീനിന്റെ ടേസ്റ്റ് പിടിച്ച പട്ടി കുരച്ചു നേരം കൂടി സൈക്കിളിന്റെ പുറകെ  ഓടി നോക്കിയെങ്കിലും ചാക്കോച്ചന്റെ ഒപ്പം പിടിച്ചു നില്കാനവാതെ ശ്രമം ഉപേക്ഷിച്ചു. കുറെയേറെ പോയിക്കഴിഞ്ഞപ്പോഴാണ്‌ പ്ലാസ്റ്റിക് കവറിന്റെ ഭാരം കുറഞ്ഞു വരുന്ന കാര്യം സണ്ണിച്ചന്‍ മനസ്സിലാക്കിയത്‌.
"എടാ... സൈക്കിള്‍ നിര്‍ത്ത്.... അയല മുഴുവന്‍ ലീക്കായി....
ആര് കേള്‍ക്കാന്‍...!!!..  പട്ടി കടിക്കാന്‍ ഓടിക്കുമ്പഴാ  അവന്റെ ഒരു അയല....!!!

റോഡ്‌ വളവു തിരിഞ്ഞു കുന്നിറങ്ങി ചെല്ലുന്നത് ചെറിയപുഴ പാലത്തിലേക്കാണ്. പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങിയ കാലത്ത് പാലത്തിനു കൈവരി ഉണ്ടായിരുന്നത്രേ. ഞങ്ങള്‍ക്കൊക്കെ അതൊരു കേട്ടറിവ് മാത്രമായിരുന്നു. കാലാകാലങ്ങളില്‍ ജീപ്പ്, ബൈക്ക് മുതലായവ പുഴയിലേക്ക് പറന്നിറങ്ങുന്നത് ഞങ്ങള്‍ക്ക് പരിചിതമായിരുന്നു. പക്ഷെ സൈക്കിളുകള്‍ ഇതുപോലെ വിരളമായിട്ടെ ആകാശയാത്ര നടത്താറുണ്ടായിരുന്നുള്ളൂ. പാലത്തില്‍നിന്നു ആരോ താഴേക്കു ചാടിയ ശബ്ദം കേട്ടു ഓടിക്കുടിയവര്‍ ആദ്യം ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ പൊന്തിവന്നു, പിന്നെ സൈക്കിളിന്റെ താഴെ ചാക്കോച്ചന്റെ തലയും കാണപ്പെട്ടു. പിന്നെ കുറച്ചു മാറി ഒരു പ്ലാസ്റിക് കവറും പിന്നാലെ സണ്ണിച്ചനും പ്രത്യക്ഷനായി.
"ഹല്ലാ... ഇവമ്മാരിപ്പം ക്രോസ്കണ്ട്രി നിര്‍ത്തി നീന്തല്‍ തുടങ്ങിയോ...? "  കാഴ്ചക്കാരില്‍ ഒരുത്തന്റെ കമന്റ്..

ഒരു വിധത്തില്‍ തപ്പിപ്പിടിച്ചു കരക്ക്‌ കയറാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച ചാക്കോച്ചനെ തളര്‍ത്തിക്കളഞ്ഞു.

May 10, 2010

പാവം പാവം അച്ചായന്‍

കാറ്റെടുത്ത മേല്കൂരയോടുകൂടിയ  ആ ബസ്സ്റ്റോപ്പില്‍ എനിക്ക് പോകേണ്ട ബസ്‌ കാത്തു ഞാന്‍ കുറെ നേരം നിന്നു. വരണ്ട വേനല്‍ കാലമാണ്.  പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിന്നും ചുവന്ന പൊടി പറപ്പിച്ചു കൊണ്ട് ബസ്‌ എത്തിയപ്പോള്‍ ഞാന്‍ കൈ കാണിച്ചു. ബസ് നിര്‍ത്തി. ആരൊക്കെയോ ചിലര്‍ ഇറങ്ങി.  കയറാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാഗ്‌ തോളില്‍ തൂക്കി ഞാന്‍ ബസ്സില്‍ പിടിച്ചു കയറി. കുറെ ദൂരം പിന്നിട്ടപ്പോള്‍ എനിക്ക് ഇരിക്കാന്‍ ഒരു സീറ്റ് കിട്ടി. പരിചിതമായ ആ വഴിക്കാഴ്ചകള്‍ കണ്ടു കൊണ്ട് ഞാന്‍ ഇരുന്നു. നാട്ടിന്‍പുറത്തെ വൃക്ഷലതാതികളെ തഴുകിയെത്തുന്ന മന്ദമാരുതന്‍ അനിര്‍വചീയമായ ഒരു അനുഭൂതി പകര്‍ന്നുതന്നു.  ഇടയ്ക്കു പല ചിന്തകളും മനസ്സില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു എങ്കിലും മനസ്സ് വളരെ ശാന്തമായിരുന്നു. കുന്നിന്‍ ചരിവുകളും പാടങ്ങളുമൊക്കെ പിന്നിട്ടു ബസ് ഓടിക്കൊണ്ടിരുന്നു.  കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ ഒരു മയക്കം എന്റെ കണ്ണുകളെ തഴുകി.  ബാഗ്‌ സീറ്റിന്റെ സൈഡില്‍ വച്ചു സൈഡ് കമ്പിയില്‍ തല ചാരി ഞാന്‍ ഉറങ്ങിപ്പോയി. സുഖമായ ഉറക്കം. മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ എനിക്ക് തീരെ പരിചയമില്ലാത്ത ഏതോ സ്ഥലത്ത് കൂടിയാണ് ബസ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി. ഒരു പുഴയുടെ ഇറമ്പില്‍കൂടിയാണ് ബസ് ഓടിക്കൊണ്ടിരിക്കുന്നത്. പുഴയോടൊപ്പം തന്നെ വളഞ്ഞു പുളഞ്ഞൊഴുകുന്ന റോഡ്‌. ഒരുവശത്ത്‌ പച്ചപ്പരവതാനി വിരിച്ച പാടവും മറുവശത്ത്‌ ശാന്തമായൊഴുകുന്ന പുഴയും. കഥകളിലും കവിതകളിലും വര്‍ണിക്കപ്പെടുന്നതുപോലുള്ള മനോഹാരിത.   ഒരു പഴയ പാലത്തിലൂടെ ബസ് പുഴയുടെ മറുവശത്തെത്തി. കുറച്ചു നേരംകൂടി ഓടിയ  ബസ് പെട്ടെന്ന് നിന്നു. ഞാന്‍ ഡ്രൈവറോട് എന്തു പറ്റിയെന്നു അന്വേഷിച്ചു. റോഡ്‌ അവിടെ അവസാനിച്ചുവെന്നും മുമ്പോട്ട്‌ പോകാന്‍ പറ്റുന്നില്ല എന്നും ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവര്‍ വളരെ ദുഖിതനായി കാണപ്പെട്ടു. ഞാന്‍ ബസില്‍നിന്നു പുറത്തിറങ്ങി. ആരോടെങ്കിലും വഴി അന്വേഷിക്കാമെന്ന് കരുതി അല്‍പ്പം മുന്‍പോട്ടു നടന്നു. പെട്ടെന്ന് പിന്നില്‍നിന്നും  ബസിന്റെ ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ബസ് തിരികെ ഓടിച്ചു പോകുന്നതാണ് കണ്ടത്.  ഞാന്‍ കൈ വീശി വിളിച്ചുകൊണ്ട് ബസ്സിന്റെ പുറകെ ഓടിയെങ്കിലും എനിക്ക് ഒപ്പം എത്താനായില്ല. പുഴയുടെ ഇങ്ങേ കരയിലെ കുറുക്കുവഴിയിലൂടെ ഓടിയാല്‍ ബസിനൊപ്പം എത്താന്‍ കഴിയുമെന്ന് ആരോ എന്നോട് പറഞ്ഞു. അത് പ്രകാരം ഞാന്‍ പുഴയുടെ ഇങ്ങേ കരയിലൂടെ കണ്ട വഴിയെ ആവുന്നത്ത്ര വേഗത്തില്‍  ഓടി. കുറെ ഓടിയ ഞാന്‍ ചെന്നെത്തിയത് പുഴയുടെ ഓരത്തുള്ള ഒരു വീടിന്റെ പിന്‍ഭാഗത്താണ്. വീടിന്റെ പിന്നില്‍ കൂട്ടിലടച്ചിരുന്ന  നായ കുരച്ചു ബഹളം വച്ചപ്പോള്‍ വീട്ടുകാര്‍ പിന്ഭാഗത്തെക്ക് വന്നു. എന്നോട് കാര്യങ്ങള്‍ അന്വേഷിച്ച അവരോടു ബസ് വിട്ടു പോയ കാര്യം വിവരിച്ചിട്ടു ബസിനൊപ്പം എത്താന്‍ ഇതിലെ ഉള്ള എളുപ്പ വഴി കാണിച്ചു തരാമോ എന്നു ചോദിച്ചു.  പക്ഷെ അങ്ങനെ ഒരു വഴി ഉള്ളതായി അവര്‍ക്ക് അറിയില്ല എന്നു അവര്‍ പറഞ്ഞു.  അപ്പോഴാണ്‌ ഞാന്‍ തീര്‍ത്തും അപരിചിതമായ ഒരു നാട്ടിലാണ് ചെന്നു പെട്ടിരിക്കുന്നത് എന്നു ബോധവാനായത്. എന്റെ ഗ്രാമമായ വെണ്ണിയോടിനെപ്പറ്റി അവര്‍ക്ക് കേട്ടറിവ്  മാത്രമേ ഉള്ളൂ. പക്ഷെ ഞങ്ങളുടെ അയല്‍ഗ്രാമമായ പള്ളിക്കുന്നൊക്കെ അവര്‍ക്ക് പരിചയമുണ്ട്.  ആ വീടിന്റെ പിന്‍വശത്തുള്ള കടവിലേക്ക്  ഞാന്‍ ഇറങ്ങി.  വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം നന്നേ കുറവായിരുന്നു. മുട്ടിനൊപ്പം വെള്ളം കാണും.  ഞാന്‍ പതിയെ വെള്ളത്തിലേക്കിറങ്ങി.  കുറെ പരല്‍മീനുകള്‍ എനിക്ക് ചുറ്റും നീന്തിക്കളിച്ചു.  പുഴയുടെ അങ്ങേ കരയിലെ മണല്‍ പരപ്പിലൂടെ ഞാന്‍ വെറുതെ മുമ്പോട്ട്‌ നടന്നു. ആ മണല്‍ പരപ്പ് അവസാനിക്കുന്നിടത്ത് കരയിലേക്ക് കണ്ട വഴിയിലുടെ ഞാന്‍ നടപ്പ് തുടര്‍ന്നു. രണ്ടു മൂന്നു കടകളും തറകെട്ടിയ ഒരു ആല്‍മരവും കല്ലു പാകിയ വീതി കുറഞ്ഞ റോഡുമുള്ള ഒരു ചെറിയ വളവിലാണ് ഞാന്‍ ചെന്നെത്തിയത്. കടകളില്‍ ഒരെണ്ണമൊഴികെ മറ്റെല്ലാം അടഞ്ഞു കിടന്നിരുന്നു. തുറന്നിരുന്നത്‌ ഒരു ചായക്കടയാനെന്നു തോന്നുന്നു. ചായക്കടയുടെ നടത്തിപ്പ്കാരനാണെന്ന്  തോന്നിയ ഒരാള്‍ ഒഴികെ അവിടെയെങ്ങും ആരെയും കാണാനില്ല.  ആകെക്കൂടി പേടിപ്പെടുത്തുന്ന നിശബ്ദതയോടു കൂടിയ ഒരു ഇരുണ്ട സ്ഥലം. ചായക്കടയിലേക്ക് ചെന്നു വഴി ചോദിയ്ക്കാന്‍ എനിക്കെന്തോ ഒരു മടി തോന്നി. ഏതെങ്കിലും വണ്ടി ആ വഴി വരികയാണെങ്കില്‍ അതില്‍ കയറി പോകാമെന്ന് കരുതി   ഞാന്‍ ആ ആല്‍ത്തറയില്‍ വെറുതെ അങ്ങനെ ഇരുന്നു. ആ ചായക്കടക്കരനോട് ഇതു ഏതു സ്ഥലമാണെന്ന് ചോദിയ്ക്കാന്‍ പോലും എനിക്ക് തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍  രണ്ടുപേര്‍ എന്റെ അടുത്ത് നിന്നുകൊണ്ട്  പതിഞ്ഞ സ്വരത്തില്‍ എന്തോ കുശുകുശുക്കുന്നത്‌ ഞാന്‍ കണ്ടു. കറുത്ത നിറവും കുറ്റിത്താടിയും മുഷിഞ്ഞ വേഷത്തോടും കൂടിയ രണ്ടുപേര്‍.  അവര്‍ എവിടെനിന്നാണ് വന്നതെന്ന് ഞാന്‍ കണ്ടില്ല. അവരുടെ രൂപഭാവങ്ങള്‍ എനിക്ക് അത്ര സുഖകരമായി തോന്നിയില്ല. അവരുടെ അടക്കിപ്പിടിച്ചുള്ള സംസാരം ശ്രദ്ധിച്ച    എനിക്ക് ഒരു കാര്യം മനസ്സിലായി. എന്നെ പിടിച്ചുപറിക്കാന്‍ വേണ്ടിയാണ് അവര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. എന്റെ പേഴ്സും പണവുമെല്ലാമടങ്ങിയ ബാഗ്‌ ബസ്സില്‍ വച്ചിട്ടാണ് ഞാന്‍ താഴെയിറങ്ങിയത്‌. എന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അവരോടു പറഞ്ഞാലോ എന്നു കരുതിയതാണ്. പിന്നെ വേണ്ടെന്നു വച്ചു. അവര്‍ എന്നെ ആക്രമിച്ചിട്ടൊന്നുമില്ലല്ലോ. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ അവരില്‍ ഒരാള്‍ പെട്ടെന്ന് എന്റെ പിന്നിലൂടെ വന്നു നീണ്ട  ഒരു വടിവാള്‍ എന്റെ കഴുത്തില്‍ വച്ചു. മറ്റെയാള്‍ എന്റെ വലത്തേ തോളില്‍ കൈ വച്ചിട്ടു മുരണ്ടു.   കയ്യിലുള്ളതൊക്കെ വേഗം എടുക്ക്‌.....എന്റെ കയ്യില്‍ ഒന്നുമില്ലെന്ന് ഞാന്‍ വിക്കി വിക്കി പറഞ്ഞു.  ട്ടേ...."കള്ളം പറയുന്നോടാ ചെറ്റേ..."  എന്റെ കണ്ണില്‍ക്കൂടി നക്ഷത്രങ്ങള്‍ വട്ടമിട്ടു പറന്നു.  അയാള്‍ ബലമായി എന്റെ പോക്കറ്റുകള്‍  തപ്പി. "മെനക്കെട്ടത്‌ വെറുതെ ആയല്ലോടാ...ഇവന്റെ കയ്യില്‍ ഒന്നുമില്ല..." ഇപ്പോഴും വടിവാള്‍ എന്റെ തോളില്‍ തന്നെയുണ്ട്‌.... ഞാന്‍ ശ്വാസം പിടിച്ചു നില്‍ക്കുകയാണ്.
"ഇവനെ എന്താ ചെയ്യണ്ടേ...?"
"കയ്യില്‍ കാല്‍ കാശില്ലാതെ തെണ്ടാന്‍ ഇറങ്ങിയെക്കുന്നു... തട്ടിയെര്..."
എനിക്ക് എന്തെങ്കിലും പറയാന്‍ സാവകാശം കിട്ടുന്നതിനു മുമ്പേ മുന്നില്‍ നിന്നവന്‍ ഒരു കഠാര വലിച്ചൂരി എന്റെ ഇടത്തെ അടിവയറ്റില്‍ കുത്തി. എന്റെ ചോര അവന്റെ ദേഹത്തേക്ക്  ചീറ്റിത്തെറിച്ചു. ഹമ്മേ....ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. അവന്‍ കത്തി ഒന്ന് ഇളക്കിയിട്ട് വലിച്ചൂരി ഇടത്തെ കൈ കൊണ്ട് കത്തിയിലെ ചോര തുടച്ചു കളഞ്ഞു. എന്നിട്ട് എന്നെ ആല്‍ത്തറയിലേക്ക്    തള്ളിയിട്ടു.  എന്നിട്ട് രണ്ടുപേരും  അവിടെ നിന്നു അപ്രത്യക്ഷരായി. ഞാന്‍ ആല്‍ത്തറയില്‍ കിടന്നു വേദനകൊണ്ട് പുളഞ്ഞു. ഇടതു കൈകൊണ്ടു മുറിവ് അമര്ത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.
"രക്ഷിക്കണേ...രക്ഷിക്കണേ... എന്നെ കുത്തിയേ.... ഞാനിപ്പോ ചാകുവേ...."
എന്റെ നിലവിളി കേള്‍ക്കാനോ  എന്നെ സഹായിക്കാനോ ആരും വന്നില്ല. പെട്ടെന്ന് എന്റെ ഭാര്യയും മക്കളും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ഓടിയെത്തി. അവരെക്കണ്ട്   ഞാന്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും ആല്‍ത്തറയില്‍ നിന്നു താഴേക്ക്‌ വീഴുകയാണ് ചെയ്തത്. അവര്‍ എന്നെ താങ്ങിയിരുത്തി. വലതുകൈ കൊണ്ട് ഞാന്‍ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.  ഇടതു കൈ കൊണ്ട് ചോര വാര്‍ന്നൊഴുകുന്ന മുറിവ് അമര്‍ത്തിപിടിച്ച്ചു.
ഞങ്ങള്‍ ഇനി എന്തു ചെയ്യുമേ... എന്റെ ഭാര്യ നെഞ്ചത്തടിച്ചു നിലവിളിച്ചു.
ഞാന്‍ അവരെ അടക്കിപ്പിടിച്ചുകൊണ്ട് ഭാര്യയോട്‌ പറഞ്ഞു. "ഞാന്‍ പോകുവാടീ..... മക്കളെ നന്നായിട്ട് വളര്‍ത്തണം..."
"മക്കളെ... അമ്മയെ നോക്കിക്കൊള്ളണേ... എടീ മോളെ... കുഞ്ഞാങ്ങളയെ  നന്നായിട്ട് നോക്കണം കേട്ടോടീ.. മോനെ..... ദൈവമേ.....ഹമ്മേ.....ഹാ..... " അവര്‍ എന്റെ കണ്ണുകളില്‍നിന്നു സാവധാനം മാഞ്ഞു.   ഞാന്‍ അവരുടെ കൈകളിലേക്ക് പതിയെ കുഴഞ്ഞു വീണു. ഒരു കൂട്ടക്കരച്ചില്‍ എന്റെ ചെവികളില്‍ അലിഞ്ഞില്ലാതായി....
പെട്ടെന്ന് അവിടെ ഒരു പ്രകാശം പരന്നു.   ഞാന്‍ ആല്‍ത്തറയുടെ ചുവട്ടില്‍തന്നെ കിടക്കുകയാണ്... എവിടെ എന്റെ ഭാര്യയും മക്കളും..?... ഞാന്‍ ചുറ്റും നോക്കി.
"എന്തുവാ അച്ചായാ രാവിലെ മനുഷ്യനെ പേടിപ്പിക്കുന്നെ....?" അടുത്ത കട്ടിലില്‍ കിടക്കുന്ന  സണ്ണി  ചോദിച്ചു....
"അച്ചായന് ഇന്ന് പുരോഗതി ഉണ്ടല്ലോ... ഇതുവരെ കട്ടിലേല്‍ കിടന്നോണ്ടുള്ള അഭ്യസമേ ഉണ്ടായിരുന്നുള്ളൂ...ഇന്ന് താഴേക്കിറങ്ങിയല്ലോ ..." അടുത്തയാള്‍
"ഇന്നെന്തായിരുന്നു സീന്‍..? ഇറാഖു യുദ്ധമോ അതോ പോലീസ് വെടിവയ്പ്പോ..?.."  മൂന്നാമന്‍
ഞാന്‍ എല്ലാവരെയും നോക്കി ഒരു വെളുത്ത ചിരി പാസ്സാക്കി. എന്നിട്ട് പതിയെ എണീറ്റ്‌ പതിവുപോലെ ബ്രഷും  പേസ്റ്റുമെടുത്തു  ബാത്ത്റൂമിലേക്ക്‌ നടന്നു. അപ്പോഴും ഇടതുകൈ  അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു.....

Apr 7, 2010

ഞങ്ങളുടെ ഹോമിയോ ഡോക്ടര്‍

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഒരു ഹോമിയോ ഡോക്ടര്‍ ഉണ്ടായിരുന്നു. റേഷന്‍കടയുടെ ചാര്‍ത്തിലുള്ള നീണ്ട ഒറ്റമുറിയിലായിരുന്നു  അദ്ദേഹത്തിന്റെ ആസ്പത്രി പ്രവര്‍ത്തിച്ചിരുന്നത്. ആസ്പത്രിക്ക്  മുന്‍പില്‍ കറുപ്പില്‍ വെളുത്ത അക്ഷരങ്ങളോടുകൂടിയ ഒരു നരച്ച ബോര്‍ഡു തൂക്കിയിരുന്നു.    പൊതുപ്രവര്‍ത്തനം, കൃഷി, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങളിലും തല്പരനായ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഡോക്ടര്‍. ആയതിനാല്‍ ഹോമിയോ ആസ്പത്രി ഒരു സ്ഥിരം പ്രവര്‍ത്തനമേഖല ആയിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്രമവേളകള്‍ ആനന്ദകരമാക്കാനുള്ള ഒരു ഉപായം മാത്രമായിരുന്നു ഈ ആസ്പത്രി. വരാന്തയില്‍ മേശയും കസേരയുമിട്ട്‌ ഒരു തടിച്ച പുസ്തകം വായിച്ചുകൊണ്ട് ഡോക്ടര്‍ അങ്ങനെ ഇരിക്കും. വളരെ അപൂര്‍വമായിട്ടേ രോഗികള്‍ അദ്ദേഹത്തെ സമീപിക്കാറുള്ളൂ. അദ്ദേഹത്തിന്റെ വീട്ടിലെ പുറംജോലികള്‍  ചെയ്യുന്ന ഒരു പണിക്കാരന്‍ ആയിരുന്നു  ആസ്പത്രിയിലെ കമ്പോണ്ടര്‍.  ഡോക്ടറുടെ ചികിത്സകൊണ്ട് ആര്‍ക്കും രോഗം കുറഞ്ഞതായി കേട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചികിത്സ തേടിയ ചിലര്‍ വിദഗ്ദ ചികിത്സക്കായി  ടൌണിലുള്ള ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിട്ടുന്ടെന്നും അതിന്റെ ചെലവ് മുഴുവനും ഡോക്ടര്‍ വഹിക്കേണ്ടി വന്നിട്ടുണ്ടെന്നും കേട്ടുകേള്‍വിയുണ്ട്. ചിലപ്പോളൊക്കെ, തന്റെ രോഗികളെ ആദിവാസി ചികിത്സ രീതികള്‍ക്കും അദ്ദേഹം റെഫര്‍ ചെയ്യാറുണ്ടത്രേ (മന്ത്രിച്ചു കെട്ടല്‍, കോഴിച്ചോരയും  ചാരായവും കലര്‍ത്തി പൂജിച്ചു രോഗിയുടെമേല്‍ തളിക്കുക മുതലായ അത്യാധുനിക ചികിത്സ രീതികള്‍ ഇതില്‍പെടും.)   കുമ്പനാട് യുണിവേര്‍സിറ്റിയില്‍നിന്നു കറസ്പോണ്ടന്‍സ് ആയാണത്രേ അദ്ദേഹം ഹോമിയോ ഡോക്ടര്‍ ബിരുദം എടുത്തത്‌. (എന്നാണ് പൊതുജനസംസാരം). എന്തായാലും ഞങ്ങളുടെ ഗ്രാമത്തിലെ ഏക ഭിഷഗ്വരനായിരുന്നു അദ്ദേഹം.
അക്കാലത്തു ഞങ്ങളുടെ കുടുംബത്തില്‍ ഒരു കല്യാണത്തിനു പങ്കെടുക്കുന്നതിനായി ബോംബയില്‍ ജോലിക്കാരനായ ചെറിയച്ഛനും കുടുംബവും വന്നു. ചെറിയച്ഛന്റെ രണ്ടു വയസുകാരി മകളായിരുന്നു കല്യാണവീട്ടിലെ പ്രധാന ആകര്‍ഷണം. വന്നവരും പോയവരുമെല്ലാം കുട്ടിയെ എടുക്കുകയും കളിപ്പിക്കുകയുമൊക്കെ ചെയ്തു. കല്യാണദിവസം സദ്യയൊക്കെ കഴിഞ്ഞു എല്ലാവരും കുശലം പറഞ്ഞിരിക്കുന്നതിനിടെ ചെറിയച്ഛന്‍ കുഞ്ഞിനേയും എടുത്തുകൊണ്ടു പുറത്തേക്കു ഓടുന്നതാണ് ഞങ്ങള്‍ കണ്ടത്. പുറകെ ചെറിയമ്മയും വല്യേട്ടനുമെല്ലാം ഓടുന്നു. വീടിന്റെ പിന്നില്‍ കളിച്ചുകൊണ്ടിരിന്ന ഞങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും മനസ്സിലായില്ല.  എങ്കിലും ഞങ്ങളും പുറകെ ഓടി. ഓടുന്നതിനിടയില്‍ നടത്തിയ അന്വേഷണത്തില്‍, കുഞ്ഞ് പെട്ടെന്ന് തളര്‍ന്നു  വീണതാണെന്നും ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും  മനസ്സിലായി. കൂട്ടയോട്ടം ഹോമിയോ ആസ്പത്രിയുടെ മുമ്പില്‍ സഡന്‍ബ്രേക്കിട്ടു. ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഡോക്ടര്‍  ഒന്ന് ഞെട്ടി. കഴിഞ്ഞ രണ്ടു ദിവസമായിട്ടു താന്‍ ആര്‍ക്കും മരുന്നൊന്നും കൊടുത്തിട്ടില്ലല്ലോ എന്നു മനസ്സിനെ സമാധാനപ്പെടുത്തി.   ധൈര്യം സംഭരിച്ചു ഡോക്ടര്‍ പുറത്തേക്കു വന്നു. കമ്പോണ്ടര്‍ പിന്‍വാതില്‍ തുറന്നു ഓടാന്‍ തയ്യാറായി നിന്നു.  കുട്ടി പെട്ടെന്ന് തളര്‍ന്നു  വീണതാണെന്നും കാരണമെന്താണെന്ന് അറിയില്ലെന്നും ചെറിയച്ഛന്‍ കിതച്ചുകൊണ്ട് ഡോക്ടറോട് വിവരിച്ചു. ഡോക്ടര്‍ മയങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കണ്ണും വായും തുറന്നു നോക്കുകയും മൂക്കില്‍ പെന്‍ടോര്‍ച്ചടിച്ചു നോക്കുകയും ചെയ്തു. എന്നിട്ട് ഇരുത്തി ഒന്ന് നിശ്വസിച്ചു. പരിശോധനയില്‍ ഒരുകാര്യം അദ്ദേഹത്തിന് മനസ്സിലായി.  ടോര്‍ച്ചിന് കുഴപ്പമൊന്നുമില്ല. കുറച്ചുനേരം എന്തോ ആലോചിച്ചിട്ട് ഡോക്ടര്‍ പലകത്തട്ടില്‍ നിരത്തി വച്ചിരുന്ന പ്ലാസ്റ്റിക്‌ ഡബ്ബകളില്‍ ഒന്നില്‍ നിന്നും രണ്ടു വെളുത്ത ഗുളിക എടുത്തു ചെറിയച്ഛന്റെ കയ്യില്‍ കൊടുത്തു.
"പേടിക്കാനൊന്നുമില്ല.... ദൃഷ്ടിദോഷമാണെന്നാണ് തോന്നുന്നതു.... ഈ ഗുളിക കൊടുത്തു നോക്ക്... ശരിയാകേണ്ടതാണ്..."
ഞങ്ങള്‍ സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ചുറ്റും നിന്നു.
ചെറിയച്ഛന്‍ കുഞ്ഞിനെ ഗുളിക കഴിപ്പിച്ചു.... കുറച്ചുനേരമായിട്ടും മാറ്റമൊന്നും കണ്ടില്ല...കുഞ്ഞ് തളര്‍ന്നു കിടപ്പ് തന്നെ...
ചെറിയച്ഛന്‍ ദയനീയമായി ഡോക്ടറെ നോക്കി.
ഡോക്ടര്‍ വേറെ രണ്ടു ഡബ്ബകളില്‍ നിന്നായി നാല് ഗുളികകള്‍ കൂടി പുറത്തെടുത്തു.
"ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണുന്നില്ലെങ്കില്‍ ഈ ഗുളിക രണ്ടെണ്ണം കൊടുത്തുനോക്ക്. വീണ്ടും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇതുകൂടി കൊടുക്ക്‌." ഡോക്ടര്‍ നാല് വെളുത്ത ഗുളിഗകള്‍ ചെറിയച്ഛനെ ഏല്‍പ്പിച്ചു.
എന്നിട്ടും തളര്‍ച്ച മാറുന്നില്ലെങ്കില്‍ കരിക്കിന്‍ വെള്ളത്തില്‍ കുറച്ചു കച്ചോലം ചേര്‍ത്തു കൊടുത്തുനോക്ക്‌... പിന്നെയും തളര്‍ച്ച മാറുന്നില്ലെങ്കില്‍ ടൌണിലെ ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടിവരും....."
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്പോണ്ടര്‍ വല്യേട്ടനെ സ്വകാര്യമായി ആസ്പത്രിയുടെ പിന്നിലേക്ക്‌ വിളിച്ചു ഇപ്രകാരം കുശുകുശുത്തു....
"ചേട്ടാ.. കൊച്ചിനെ സന്ധ്യക്ക്‌മുമ്പ് വല്ല നല്ല ആശുപത്രിയിലും എത്തിക്കാന്‍ നോക്ക്..."

Mar 14, 2010

ഗര്‍ഭാന്വേഷണം

നമ്മുടെ ചാക്കോച്ചന്‍ നമ്പൂതിരി നാട്ടില്‍ അല്പം വ്യത്യസ്തനായ ഒരു വ്യക്തിത്ത്വമാണ്. എപ്പോഴും ചീകി മിനുക്കി ടിപ് ടോപ്പായി  മാത്രമേ നടക്കൂ. ഇല്ലത്തുനിന്നു പുറത്തു പോകണമെങ്കില്‍  വെള്ള ഷര്‍ട്ടും കറുത്ത പാന്റും വെളുത്ത ഷൂസും ധരിച്ചു മാത്രമേ ഇറങ്ങൂ.  അതിപ്പോള്‍ പാടത്തെക്കനെങ്കില്‍ പോലും മറ്റു നിറത്തിലുള്ള യാതൊരു ഡ്രെസ്സും അദ്ദേഹം ധരിക്കില്ല.  ചാക്കോച്ചന്‍ നമ്പൂതിരി ഒരു മടിയനാണെന്ന് പൊതുവേ എല്ലാവരും പറയുമെങ്കിലും  സത്യം  അങ്ങനെയല്ല. എപ്പോഴും  എന്തെന്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹക്കാരനാണ് അദ്ദേഹം. പക്ഷെ ചെയ്യുന്നത് മിക്കപ്പോഴും ആന മണ്ടത്തരമായിരിക്കും എന്നു മാത്രം.
ഒരിക്കല്‍ അപ്പന്‍ നമ്പൂതിരി ഇല്ലത്തെ ഒരു വാല്യക്കരനോട്  മൃഗാശുപത്രിയില്‍ പോയി പശുവിനു  ഗര്‍ഭമുണ്ടോ എന്നു പരിശോധിപ്പിക്കാന്‍ പറഞ്ഞു. ചാക്കോച്ചന്‍ നമ്പൂതിരി ആ ജോലി സ്വയം ചെയ്യാമെന്നായി. ശരി, എങ്കില്‍ അങ്ങനെ.  മകന്‍ നമ്പൂതിരിപ്പാട്‌ രാവിലെ തന്നെ കുളിച്ചൊരുങ്ങി പതിവ് യുണിഫോമില്‍ മൃഗാശുപതിയിലേക്ക് യാത്രയായി. മൃഗാശുപത്രിയുടെ ബോര്‍ഡ് നമ്പൂതിരി കഷ്ടപ്പെട്ടു വായിച്ചു.. " സര്‍ക്കാര്‍ മൃഗശുപത്രി.... കേരളാ സര്‍ക്കാര്‍... ബീജാധ്വാനകേന്ദ്രം..." അതെന്താണാവോ.... ഹാ എന്തെങ്കിലുമാകട്ടെ..
ഭവ്യതയോടെ ചാക്കോച്ചന്‍ ഡോക്ടറുടെ മുമ്പിലെത്തി.
"എന്തൊക്കെയാ തിരുമേനീ..."
"ഗര്ഭമുണ്ടോന്നു നോക്കണം...."
"ആര്‍ക്കു തിരുമേനിക്കോ....?" ഡോക്ടര്‍ ഒന്ന് ആക്കി.
"ഹേയ്... നമുക്കല്ല നമ്മുടെ പശൂന്..."  തിരുമേനി ഭവ്യതയോടെ മൊഴിഞ്ഞു.
"കൊണ്ടുവന്നിട്ടുണ്ടോ...?"
"ണ്ട്... ഇതാ...." നമ്പൂതിരി ഒരു കൊച്ചു കുപ്പി എടുത്തു മേശപ്പുറത്തു വച്ചു.
" എന്താ ഇതു..?" ഡോക്ടര്‍ ചിരി അടക്കിക്കൊണ്ടു ചോദിച്ചു.
"മൂത്രം..."
"എടോ മണ്ടന്‍ നമ്പൂരീ... കന്നുകാലികള്‍ക്ക് ഗര്‍ഭം നോക്കുന്നത് മൂത്രം കൊണ്ടല്ല.... താന്‍ പോയി പശുവിനെയും കൊണ്ടുവാ.."
ആ പുതിയ അറിവുമായി നമ്പൂരി ഇല്ലത്തെക്കോടി.... ഒരു മണിക്കൂറിനുള്ളില്‍ ചാണകത്തില്‍ കുളിച്ച പശുവുമായി ചാക്കോ നമ്പൂതിരിപ്പാട്‌ ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി.
"ഡോക്ടര്‍ സാറേ,  പശൂനെ കൊണ്ടുവന്നിരിക്കണൂ...."
ഡോക്ടര്‍ രജിസ്റ്റെരില്‍ മൃഗത്തിന്റെ വിശദവിവരങ്ങള്‍ എഴുതാന്‍ തുടങ്ങി.
"പേരും അഡ്രസ്സും പറയൂ.."
"അങ്ങനെ പ്രത്യേകിച്ച് പേരോന്നുല്യാ.... പശൂന്നു വിളിക്കും... അഡ്രസ്‌.... നമ്മുടെ ഇല്ലത്തെ അഡ്രസ്‌ തന്നെ എഴുതിക്കോളൂ"
"എടോ തന്റെ പേരാ ചോദിച്ചേ...."
"ചാക്കോച്ചന്‍..."
"എന്തു പ്രായം വരും..... ?"
"ഈ മേടത്തില് മുപ്പതു തെകയും..."
"തനിക്കല്ലടോ... പശൂന്...."
"കഴിഞ്ഞേന്റെ മുമ്പത്തെ വിഷുന്റന്നു ണ്ടായതാ... അപ്പൊ... ഒന്നര വയസ്സ് കഴിഞ്ഞു. "
"ഇതെത്ത്രാമത്തെയാ.....?"
"ഇതു നാലാമത്തെയാ... വേറെ മൂന്നെണ്ണം കൂടീണ്ട് ആലേല്.."
"എടോ.... എത്രാമത്തെ ഗര്ഭമാണെന്ന്....?"
"അതിപ്പോ... ണ്ടോന്നു അറിയില്ലല്ലോ.. ണ്ടെങ്കി ആദ്യത്തെ ആകാനെ തരോള്ളൂ.. "
"ഉം... കമ്പോണ്ടരോട് പശൂനെ പുറകിലേക്ക് കൊണ്ടുവരാന്‍ പറയൂ...."
പശുവിനെ കമ്പോണ്ടര്‍ക്ക് ചെക്കപ്പ് മുറിയിലേക്ക് കൊണ്ടുപോയി.   പ്രസവമുറിക്കു മുമ്പില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനെപ്പോലെ നമ്പൂതിരിപ്പാട്‌ ആകാംക്ഷയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. പത്തുമിനിട്ടിനുശേഷം കമ്പോണ്ടര്‍ പശുവിനെ തിരിച്ചേല്‍പ്പിച്ചു. നമ്പൂതിരി ഡോക്ടറുടെ മുമ്പിലെത്തി....
"തന്റെ പശൂന് വിശേഷം ഒന്നൂല്ലല്ലോ നമ്പൂതിരിപ്പാടെ...  താന്‍ ഒരു കാര്യം ചെയ്യ്.. ഇനി പശു കരയുമ്പോ ഇവിടെ കൊണ്ടുവന്നു കുത്തിവപ്പിക്ക്. .."
നിരാശയോടെ മ്ലാനവദനനായി ചാക്കോ നമ്പൂതിരി പശുവിനെയും  കൊണ്ട്  ഇല്ലത്തേക്ക്  തിരിച്ചുനടന്നു.
"വൃത്തികെട്ട പശു... വരണ വഴിക്ക് മാവിന്റെ മോളിലെ പച്ച മാങ്ങാ കണ്ടു നീ കരഞ്ഞത് വെറുതെ നമ്മെ കളിപ്പിക്കാനായിരുന്നൂ അല്ലെ...?" ചാക്കോച്ചന്‍ നെടുവീര്‍പ്പെട്ടു..
രാവിലെ വെറുതെ കഷ്ടപ്പെട്ടു... ക്യാ ഫലം.... കൊച്ചു നഹീ....
കുറച്ചു  ദൂരം  ചെന്നിട്ടു പശുവിനെ വഴിയരികിലുള്ള ഒരു മരത്തില്‍ കെട്ടിയിട്ടു നമ്പൂതിരി വീണ്ടും ഡോക്ടറുടെ മുമ്പില്‍ പ്രത്യക്ഷനായി. 
"അല്ലാ ഡോക്ടറെ... ഗര്‍ഭം ഒ....ട്ടും   ഇല്യേ...?"   

Feb 14, 2010

ചാക്കോച്ചന്റെ പള്ളിനീരാട്ട്

ഒരു കര്‍ക്കടക മാസത്തിലെ ചാറ്റല്‍മഴയുള്ള മദ്ധ്യാഹ്നം. തറവാടിന്റെ ഉമ്മറത്ത്‌ ചടഞ്ഞുകൂടിയിരുന്നു ചുട്ട ചക്കക്കുരു തിന്നുകയായിരുന്നു ശ്രീ ചാക്കോനമ്പൂതിരിപ്പാട്‌. രാവിലെ മുതല്‍ ചൊറിയുംകുത്തിയുള്ള ഇരിപ്പാണ്.  എന്തെങ്കിലുമൊന്നു ചെയ്യാന്‍ കൈതരിക്കുന്നു. ആരെങ്കിലും തരപ്പടിക്കാരുണ്ടായിരുന്നെങ്കില്‍ കുറച്ചുനേരം ചീട്ടുകളിക്കാമായിരുന്നു. അനുജന്‍ നമ്പൂതിരി പാടത്ത് പോയിരിക്കുകയാണ്.  പുഴയില്‍ പോയി വലവീശിയാലോ?... കഴിഞ്ഞ പ്രാവശ്യം മുള്ളുടക്കി കീറിയ വല ഇനിയും നന്നാക്കിയിട്ടില്ല.  അതുകൊണ്ടു അക്കാര്യം നടക്കില്ല. വൈകിട്ട് അനുജന്‍ നമ്പൂതിര്‍പ്പാടുമൊത്തു തവള പിടിക്കാന്‍ പോകാമെന്ന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.  തല്ക്കാലം സമയംകൊല്ലാന്‍ എന്താ ഒരു മാര്‍ഗം...?    അപ്പോഴാണ്‌ അദ്ദേഹത്തിന്‍റെ അന്തര്‍ജ്ജനം മറിയാമ്മത്തമ്പുരാട്ടി ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി എത്തിയത്.
"അതേയ്.... ആരെങ്കിലും വാല്യക്കാരെ കിട്ട്വോ..."
"എന്തിനാ  ഇപ്പൊ വാല്യക്കാരെ അന്വേഷിക്കണേ...."
"തൊഴുത്തിന്റെ പുറകിലെ പ്ലാവില്‍ നല്ല മൂത്ത ചക്കയുണ്ട്.  ഇട്ടിരുന്നെങ്കില്‍ വൈകിട്ട് ചക്കകൂട്ടാന്‍ ണ്ടാക്കാം.... വേണോച്ചാ ഇത്തിരി വറക്ക്വേം ആവാം..."
"അതിനിപ്പോ എന്തിനാ വാല്യക്കാര്... നോം കേറാല്ലോ..." ചാക്കോനമ്പൂതിരി താറുടുത്തു പ്ലാവില്‍ കയറാന്‍ തയ്യാറായി.
"ഹെന്താ ഈ കാട്ടണേ.. ഈ മഴയത്ത് മരത്തെലൊന്നും കേറണ്ട... വാല്യക്കാര് ആരെങ്കിലും വരുമ്പം മതി."
"മിണ്ടാതിരിക്യാ... നോം എത്ര മരം കേറീട്ടുള്ളതാ... പിന്ന്യാ ഈ ചെറിയ പ്ലാവ്."...
"അബദ്ധായല്ലോ ഭഗവാനേ... തിരുമേനി ഞാന്‍ പറയണ...." തിരുമേനി മുറ്റത്തിറങ്ങിക്കഴിഞ്ഞു.
വീടിന്റെ പടിഞ്ഞാറുവശത്ത് പശുത്തൊഴുത്ത്. കറവയുള്ള നാല് ബ്ലോക്ക്‌ പശുക്കളുണ്ട് തൊഴുത്തില്‍. ചാണകക്കുഴിയോടു ചേര്‍ന്നാണ് നമ്പൂതിരിപ്പാട്‌ കയറാന്‍ പോകുന്ന വരിക്കപ്ലാവ്. കത്തി അരയില്‍ തിരുകി വഴുക്കലുള്ള പ്ലാവില്‍ തിരുമേനി വലിഞ്ഞുകയറി. രണ്ടാള്‍ പൊക്കത്തില്‍ തൊഴുത്തിന് മുകളിലേക്കുള്ള കൊമ്പിലാണ് ചക്കയുള്ളത്. ചക്കയുടെ ഞെട്ട് മുറിക്കുന്നതോടൊപ്പം  ചെറുതായൊന്നു തള്ളിക്കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ചക്ക ചാണകക്കുഴിയില്‍ വീണേക്കാം...  തിരുമേനി ഒരു അഭ്യാസിയെപ്പോലെ മരക്കൊമ്പില്‍ കുനിഞ്ഞിരുന്നു ചക്കയുടെ ഞെട്ട് മുറിച്ചു. മുറിച്ചുതീര്ന്നതോടൊപ്പം ചക്കക്കു  ഒരു തള്ളും കൊടുത്തു.   പ്ടും... പ്ലും... ചക്ക കരയ്ക്കും തിരുമേനി ചാണകക്കുഴിയിലും  വീണു. ആറടിയോളം താഴ്ചയുള്ള കുഴിയില്‍ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു കിടക്കുന്ന  ബ്ലോക്ക് പശുക്കളുടെ അയഞ്ഞ ചാണകവും മഴവെള്ളവും കലര്‍ന്ന ദോശമാവ് പരുവത്തിലുള്ള  മിശ്രിതത്തില്‍...  വീണിതല്ലോ കിടക്കുന്നു... ചാണകവുമണിഞ്ഞയ്യോ ശിവ ശിവ.... തെല്ലുനേരത്തെ ശാന്തതക്കുശേഷം നരസിംഹത്തില്‍ വെള്ളത്തില്‍ നിന്നുയര്‍ന്നു വരുന്ന മോഹന്‍ലാലിനെപ്പോലെ തിരുമേനി നിവര്‍ന്നുനിന്നു. തപ്പിപ്പിടിച്ചു കരക്ക്‌ കയറിയ ആ രൂപത്തെക്കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ മൂക്കുപൊത്തി.
"ആരാവ്ടെ... നമുക്ക് കുളിപ്പുരയിലേക്ക് കുറച്ചു വെള്ളം കൊണ്ടുവര്വാ...."
"കുളിപ്പുരേ കയറിപ്പോകരുത്.... വേണേച്ചാ ആറ്റില്‍ പോയി കുളിച്ചു ശുദ്ധായിട്ടു വര്വാ..." അമ്മത്തമ്പുരാട്ടിയുടെ ഉഗ്രശാസനം. തൊട്ടടുത്തുതന്നെയല്ലേ വെണ്ണിയോടു വലിയപുഴ.  കുളി ആറ്റില്‍ തന്നെയകാം.  ആ കറുത്ത രൂപം കടവിലേക്ക് നീങ്ങി. അംഗണവാടിവിട്ടു വീടിലേക്ക്‌ പോകുന്ന കുഞ്ഞുങ്ങള്‍ ആ ഭീകരരൂപത്തെ കണ്ടു നിലവിളിച്ചു. പുറത്തെവിടെയോ പോയി വീട്ടിലേക്കു തിരിച്ചു വരികയായിരുന്ന തറവാട്ടു കാരണവര്‍ കറിയാച്ചന്‍ നമ്പൂതിരി എതിരേവരുന്ന കൊച്ചുതിരുമേനിയെ കണ്ടു ഏതോ കീഴ്ജാതിക്കരാണെന്ന് കരുതി അട്ടഹസിച്ചു. 
"ഹൈ... തീണ്ടി ആശുദ്ധാക്കാക്കാണ്ട് മാറി നടക്ക്വാ... ഇവറ്റകള്‍ക്കൊന്നും... ഒരു പേടീല്ലാണ്ടായിരിക്ക്ണൂ... അശ്രീകരം... "
"അപ്പന്‍ തിരുമേനി ഇതു ഞാനാ... ചാക്കോ...."
"ഇയാളെന്താ ഇക്കോലത്തില്...?.."
"ഒന്ന്  വീഴേണ്ടായി...."
"ഏഭ്യന്‍... വഴി വൃത്തികേടക്കാണ്ട് പോയി കുളിച്ചു വര്വാ...  നിന്നെയൊക്കെ ചാണകം തളിക്കണ്ട സമയം പണ്ടേ കഴിഞ്ഞിരിക്ക്ണൂ.." 
തിരുമേനി കടവിലെത്തി. ഹാവൂ സമാധാനം... കടവില്‍ ആരുമില്ല.   നേരെ ആറ്റിലേക്ക് ചാടി... ചെറുചൂടുള്ള വെള്ളം.  ആ വെള്ളത്തില്‍ കുറേനേരം മുങ്ങിക്കുളിച്ചപ്പോള്‍ ചാക്കോയിലെ ബാല്യകാലം ഉണര്‍ന്നു.  നിറഞ്ഞു കവിഞ്ഞ ഈ പുഴയില്‍ എത്ര തവണ അക്കരെയിക്കരെ നീന്തിയിരിക്കുന്നു.. കുട്ടിക്കാലത്തിന്റെ മധുരസ്മരണയില്‍  തിരുമേനി പതുക്കെ അങ്ങേക്കരയിലേക്ക് നീന്താന്‍ തുടങ്ങി... എത്ര കാലത്തിനു ശേഷമാണ് താന്‍ ഈ പുഴയില്‍ നീന്തുന്നത്...
പുഴയുടെ പകുതിക്കെത്തിയപ്പോള്‍ ദേഹത്ത് ആകെയുണ്ടായിരുന്ന ഒറ്റമുണ്ട് അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. മുങ്ങാംകുഴിയിട്ട് തപ്പിനോക്കിയെങ്കിലും ഒഴുക്കുള്ള കലക്കവെള്ളത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രാലങ്കാരം നഷ്ടമായി. ഇനിയെന്ത് ചെയ്യും....  ഒരു തോര്‍ത്ത്‌ പോലും എടുക്കാതെയാണ് കടവിലേക്ക് പോന്നത്.  അടിവസ്ത്രം.... ആ ശീലം പണ്ടേ ഇല്ലല്ലോ...   അദ്ദേഹം കുളിക്കടവിലേക്ക് തിരിച്ചു നീന്തി.  കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്നാണല്ലോ... ആ നല്ലനേരത്ത് തന്നെ കുറെ സ്ത്രീകള്‍ കടവില്‍ അലക്കാനും കുളിക്കാനുമായെത്തി....  പുഴക്കടവില്‍ വെള്ളത്തില്‍ കണ്ട തല അലക്ക് കഴിയുമ്പോഴേക്കും കയറിപ്പോയ്ക്കൊള്ളുമെന്നാണ് സ്ത്രീജനങ്ങള്‍ കരുതിയത്‌. പക്ഷെ നമ്പൂതിരിപ്പാടിന്റെ വിഷമാവസ്ഥ അവരുണ്ടോ അറിയുന്നൂ...
"ഇന്നെന്താ ഈ തിരുമേനി പതിവില്ലാതെ ആറ്റില്‍ കുളിക്കാന്‍ വന്നിരിക്കണെ... കയറിപ്പോണില്ലല്ലോ... അസ്സത്ത്... " പെണ്ണുങ്ങള്‍ കുശുകുശുത്തു.
"തിരുമേനീ... നീരാട്ടു കഴിഞ്ഞൂച്ച്ചാ  കേറി പോവ്വാ... ഞങ്ങള്‍ക്ക് കുളിക്കണം..." ഒരു ധൈര്യക്കാരി. 
തിരുമേനി ധര്‍മസങ്കടത്തിലായി.  ദേവീ... മാനം കാക്കണേ...
"ഈ തിരുമേനി ഇത്തരക്കാരനായിരുന്നില്ലല്ലോ... " ഒരുത്തി.
"നോക്കണ നോട്ടം കണ്ടില്ലേ... വഷളന്‍...."  മറ്റൊരുത്തി.
" ഹാവൂ... കാണാന്‍  പറ്റിയ ശവങ്ങള്..." നമ്പൂരി മനസ്സില്‍ പറഞ്ഞു... "നോം കയറാന്‍ വൈകും...  നിങ്ങളാരും ഇന്ന് ആറ്റില്‍ കുളിക്കണ്ടാ... വീട്ടില്‍ പോയി വെള്ളം കോരി കുളിച്ചോളൂട്ടോ..."
"അത് തിരുമേനിയാ തീരുമാനിക്ക്യാ... മര്യാദക്ക് കേറിപ്പോക്കോളൂ..."
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു തിരുമേനിയും സ്ത്രീകളും തമ്മില്‍ വഴക്കായി... പക്ഷെ ഒടുവില്‍ സ്ത്രീകള്‍ക്ക്  തോറ്റുമടങ്ങേണ്ടിവന്നു.
"ചോദിക്കാനും പറയാനും  ആരൂല്ലെന്നാ വിചാരം.. കാണിച്ചുതരാം... " സ്ത്രീകള്‍ കുളിക്കാതെ തിരിച്ചുപോയി..
ഹാവൂ സമാധാനായീ... എന്നാലും ഇനിയെന്താ ചെയ്യാ...
ചെറിയ പരല്‍മീനുകള്‍ തിരുമേനിയെ കൊത്തിക്കൊണ്ടിരുന്നു. "ഇവറ്റകള് മനുഷ്യനെ തിന്നു തീര്‍ക്ക്വോ... ദേവീ.."
ഒരു പത്തു മിനിട്ട് കഴിഞ്ഞില്ല.. കരയില്‍ നിന്നു ഒരു ആരവം കേള്‍ക്കുമാറായി...
നേരത്തെ കുളിക്കാന്‍ വന്നവരില്‍ ഒരുത്തിയുടെ ഭര്‍ത്താവ് രാജനും വേറെ മൂന്നുനാല് പേരും... രാജനും തിരുമേനിയും  സ്കൂളില്‍ ഒരുമിച്ചു പഠിച്ചവരായിരുന്നു.
"എന്താ തിരുമേനീ... തെമ്മാടിത്തരം കാട്ട്വാ... കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളോട് തോന്ന്യാസം കാണിക്കുന്നോ..?"
"എടോ രാജാ... താന്‍ ചൂടവാണ്ട് ആ തോര്‍ത്തിങ്ങട്ട് തര്വാ... "
രാജന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തു തിരുമേനിക്ക് എറിഞ്ഞുകൊടുത്തു.
"നോം കരുതിക്കൂട്ടി ചണ്ടിത്തരം കാട്ടീട്ടില്ലടോ..  പെണ്ണുങ്ങള്‍ നാണംകെടാണ്ടിരിക്കാന്‍ വേണ്ടിയാ നോം വെള്ളത്തില്‍ തന്നെ കിടന്നെ...  മനസ്സിലായോ.."
"തോര്‍ത്തു ഞാന്‍ കൊടുത്തയക്കണ്ട്... നീയ്  പൊയ്ക്കോ..." തിരുമേനി പതുക്കെ കരക്ക്‌ കയറി...
പിറ്റേന്ന് മുതല്‍ ചാണകത്തിന്റെ മണമുള്ള  ഒരു നമ്പൂരിക്കഥകൂടി നാട്ടില്‍ പാട്ടായി....