Apr 7, 2010

ഞങ്ങളുടെ ഹോമിയോ ഡോക്ടര്‍

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഒരു ഹോമിയോ ഡോക്ടര്‍ ഉണ്ടായിരുന്നു. റേഷന്‍കടയുടെ ചാര്‍ത്തിലുള്ള നീണ്ട ഒറ്റമുറിയിലായിരുന്നു  അദ്ദേഹത്തിന്റെ ആസ്പത്രി പ്രവര്‍ത്തിച്ചിരുന്നത്. ആസ്പത്രിക്ക്  മുന്‍പില്‍ കറുപ്പില്‍ വെളുത്ത അക്ഷരങ്ങളോടുകൂടിയ ഒരു നരച്ച ബോര്‍ഡു തൂക്കിയിരുന്നു.    പൊതുപ്രവര്‍ത്തനം, കൃഷി, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങളിലും തല്പരനായ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഡോക്ടര്‍. ആയതിനാല്‍ ഹോമിയോ ആസ്പത്രി ഒരു സ്ഥിരം പ്രവര്‍ത്തനമേഖല ആയിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്രമവേളകള്‍ ആനന്ദകരമാക്കാനുള്ള ഒരു ഉപായം മാത്രമായിരുന്നു ഈ ആസ്പത്രി. വരാന്തയില്‍ മേശയും കസേരയുമിട്ട്‌ ഒരു തടിച്ച പുസ്തകം വായിച്ചുകൊണ്ട് ഡോക്ടര്‍ അങ്ങനെ ഇരിക്കും. വളരെ അപൂര്‍വമായിട്ടേ രോഗികള്‍ അദ്ദേഹത്തെ സമീപിക്കാറുള്ളൂ. അദ്ദേഹത്തിന്റെ വീട്ടിലെ പുറംജോലികള്‍  ചെയ്യുന്ന ഒരു പണിക്കാരന്‍ ആയിരുന്നു  ആസ്പത്രിയിലെ കമ്പോണ്ടര്‍.  ഡോക്ടറുടെ ചികിത്സകൊണ്ട് ആര്‍ക്കും രോഗം കുറഞ്ഞതായി കേട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചികിത്സ തേടിയ ചിലര്‍ വിദഗ്ദ ചികിത്സക്കായി  ടൌണിലുള്ള ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിട്ടുന്ടെന്നും അതിന്റെ ചെലവ് മുഴുവനും ഡോക്ടര്‍ വഹിക്കേണ്ടി വന്നിട്ടുണ്ടെന്നും കേട്ടുകേള്‍വിയുണ്ട്. ചിലപ്പോളൊക്കെ, തന്റെ രോഗികളെ ആദിവാസി ചികിത്സ രീതികള്‍ക്കും അദ്ദേഹം റെഫര്‍ ചെയ്യാറുണ്ടത്രേ (മന്ത്രിച്ചു കെട്ടല്‍, കോഴിച്ചോരയും  ചാരായവും കലര്‍ത്തി പൂജിച്ചു രോഗിയുടെമേല്‍ തളിക്കുക മുതലായ അത്യാധുനിക ചികിത്സ രീതികള്‍ ഇതില്‍പെടും.)   കുമ്പനാട് യുണിവേര്‍സിറ്റിയില്‍നിന്നു കറസ്പോണ്ടന്‍സ് ആയാണത്രേ അദ്ദേഹം ഹോമിയോ ഡോക്ടര്‍ ബിരുദം എടുത്തത്‌. (എന്നാണ് പൊതുജനസംസാരം). എന്തായാലും ഞങ്ങളുടെ ഗ്രാമത്തിലെ ഏക ഭിഷഗ്വരനായിരുന്നു അദ്ദേഹം.
അക്കാലത്തു ഞങ്ങളുടെ കുടുംബത്തില്‍ ഒരു കല്യാണത്തിനു പങ്കെടുക്കുന്നതിനായി ബോംബയില്‍ ജോലിക്കാരനായ ചെറിയച്ഛനും കുടുംബവും വന്നു. ചെറിയച്ഛന്റെ രണ്ടു വയസുകാരി മകളായിരുന്നു കല്യാണവീട്ടിലെ പ്രധാന ആകര്‍ഷണം. വന്നവരും പോയവരുമെല്ലാം കുട്ടിയെ എടുക്കുകയും കളിപ്പിക്കുകയുമൊക്കെ ചെയ്തു. കല്യാണദിവസം സദ്യയൊക്കെ കഴിഞ്ഞു എല്ലാവരും കുശലം പറഞ്ഞിരിക്കുന്നതിനിടെ ചെറിയച്ഛന്‍ കുഞ്ഞിനേയും എടുത്തുകൊണ്ടു പുറത്തേക്കു ഓടുന്നതാണ് ഞങ്ങള്‍ കണ്ടത്. പുറകെ ചെറിയമ്മയും വല്യേട്ടനുമെല്ലാം ഓടുന്നു. വീടിന്റെ പിന്നില്‍ കളിച്ചുകൊണ്ടിരിന്ന ഞങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും മനസ്സിലായില്ല.  എങ്കിലും ഞങ്ങളും പുറകെ ഓടി. ഓടുന്നതിനിടയില്‍ നടത്തിയ അന്വേഷണത്തില്‍, കുഞ്ഞ് പെട്ടെന്ന് തളര്‍ന്നു  വീണതാണെന്നും ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും  മനസ്സിലായി. കൂട്ടയോട്ടം ഹോമിയോ ആസ്പത്രിയുടെ മുമ്പില്‍ സഡന്‍ബ്രേക്കിട്ടു. ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഡോക്ടര്‍  ഒന്ന് ഞെട്ടി. കഴിഞ്ഞ രണ്ടു ദിവസമായിട്ടു താന്‍ ആര്‍ക്കും മരുന്നൊന്നും കൊടുത്തിട്ടില്ലല്ലോ എന്നു മനസ്സിനെ സമാധാനപ്പെടുത്തി.   ധൈര്യം സംഭരിച്ചു ഡോക്ടര്‍ പുറത്തേക്കു വന്നു. കമ്പോണ്ടര്‍ പിന്‍വാതില്‍ തുറന്നു ഓടാന്‍ തയ്യാറായി നിന്നു.  കുട്ടി പെട്ടെന്ന് തളര്‍ന്നു  വീണതാണെന്നും കാരണമെന്താണെന്ന് അറിയില്ലെന്നും ചെറിയച്ഛന്‍ കിതച്ചുകൊണ്ട് ഡോക്ടറോട് വിവരിച്ചു. ഡോക്ടര്‍ മയങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കണ്ണും വായും തുറന്നു നോക്കുകയും മൂക്കില്‍ പെന്‍ടോര്‍ച്ചടിച്ചു നോക്കുകയും ചെയ്തു. എന്നിട്ട് ഇരുത്തി ഒന്ന് നിശ്വസിച്ചു. പരിശോധനയില്‍ ഒരുകാര്യം അദ്ദേഹത്തിന് മനസ്സിലായി.  ടോര്‍ച്ചിന് കുഴപ്പമൊന്നുമില്ല. കുറച്ചുനേരം എന്തോ ആലോചിച്ചിട്ട് ഡോക്ടര്‍ പലകത്തട്ടില്‍ നിരത്തി വച്ചിരുന്ന പ്ലാസ്റ്റിക്‌ ഡബ്ബകളില്‍ ഒന്നില്‍ നിന്നും രണ്ടു വെളുത്ത ഗുളിക എടുത്തു ചെറിയച്ഛന്റെ കയ്യില്‍ കൊടുത്തു.
"പേടിക്കാനൊന്നുമില്ല.... ദൃഷ്ടിദോഷമാണെന്നാണ് തോന്നുന്നതു.... ഈ ഗുളിക കൊടുത്തു നോക്ക്... ശരിയാകേണ്ടതാണ്..."
ഞങ്ങള്‍ സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ചുറ്റും നിന്നു.
ചെറിയച്ഛന്‍ കുഞ്ഞിനെ ഗുളിക കഴിപ്പിച്ചു.... കുറച്ചുനേരമായിട്ടും മാറ്റമൊന്നും കണ്ടില്ല...കുഞ്ഞ് തളര്‍ന്നു കിടപ്പ് തന്നെ...
ചെറിയച്ഛന്‍ ദയനീയമായി ഡോക്ടറെ നോക്കി.
ഡോക്ടര്‍ വേറെ രണ്ടു ഡബ്ബകളില്‍ നിന്നായി നാല് ഗുളികകള്‍ കൂടി പുറത്തെടുത്തു.
"ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണുന്നില്ലെങ്കില്‍ ഈ ഗുളിക രണ്ടെണ്ണം കൊടുത്തുനോക്ക്. വീണ്ടും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇതുകൂടി കൊടുക്ക്‌." ഡോക്ടര്‍ നാല് വെളുത്ത ഗുളിഗകള്‍ ചെറിയച്ഛനെ ഏല്‍പ്പിച്ചു.
എന്നിട്ടും തളര്‍ച്ച മാറുന്നില്ലെങ്കില്‍ കരിക്കിന്‍ വെള്ളത്തില്‍ കുറച്ചു കച്ചോലം ചേര്‍ത്തു കൊടുത്തുനോക്ക്‌... പിന്നെയും തളര്‍ച്ച മാറുന്നില്ലെങ്കില്‍ ടൌണിലെ ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടിവരും....."
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്പോണ്ടര്‍ വല്യേട്ടനെ സ്വകാര്യമായി ആസ്പത്രിയുടെ പിന്നിലേക്ക്‌ വിളിച്ചു ഇപ്രകാരം കുശുകുശുത്തു....
"ചേട്ടാ.. കൊച്ചിനെ സന്ധ്യക്ക്‌മുമ്പ് വല്ല നല്ല ആശുപത്രിയിലും എത്തിക്കാന്‍ നോക്ക്..."

No comments:

Post a Comment