Aug 16, 2010

ഫൂമധ്യരേഗ എന്ന ഭൂമധ്യരേഖ

വളരെ അപ്രതീക്ഷിതമായിട്ടാണ് ചാക്കോനമ്പൂതിരിക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നത്.  അദ്ദേഹത്തിന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടാം വര്ഷം പഠിക്കുമ്പോഴാണ് സ്കൂള്‍ ബഞ്ചുകള്‍ക്ക് ഈ ഭാരത്തില്‍ നിന്നു ശാപമോക്ഷം കിട്ടിയത്.  കൃത്യമായി പറഞ്ഞാല്‍ ചാക്കോച്ചന്റെ ഇരുപത്തൊന്നാം പിറന്നാളിന്റെ തലേന്നാണ് ആ മഹാസംഭവം നടന്നത്.

ചാക്കോച്ചന്‍ സ്കൂളിലെ  ഒരു  മാതൃകാവിദ്യാര്‍ത്ഥി ആയിരുന്നു. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറൂ. സ്നേഹക്കൂടുതല്‍കൊണ്ടു സഹപാഠികളെ ഒന്ന് തട്ടുകയോ തലോടുകയോ ചെയ്താല്‍തന്നെ പരാതിപ്പെടാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കും ചാക്കോനമ്പൂതിരിയോട് ബഹുമാനമായിരുന്നു. അവര്‍  മുമ്പ് ചാക്കോച്ചന്റെ ജൂനിയേഴ്സ്‌ ആയിരുന്നല്ലോ. സ്കൂളിലെ സര്‍വ്വപ്രശ്നത്തിലും ഇടപെടുന്ന ചാക്കോനമ്പൂതിരി  ഏതു പാര്‍ട്ടിയുടെ സമരമായാലും മുന്‍പന്തിയില്‍  ഉണ്ടാകും.  ആദ്യമൊക്കെ അധ്യാപകര്‍ നമ്പൂരിച്ചനെ നന്നാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.

ഒരിക്കല്‍ വീരപ്പന്‍പിള്ളസാര്‍ മലയാളം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. (മീശയുടെ ബാഹുല്യംമൂലം വിദ്യാര്‍ഥികള്‍ നല്‍കിയ ഇരട്ടപ്പേരാണിത്. ഒറിജിനല്‍ പേര് എന്താണെന്നു ആര്‍ക്കും അറിയില്ല, കേരളത്തില്‍ ഇരട്ടപ്പേരില്ലാത്ത അധ്യാപകരുണ്ടോ എന്നറിയില്ല). ക്ലാസ്സില്‍ മുഴുവന്‍ സമയവും ചാക്കോനമ്പൂതിരി  തന്നെ തുറിച്ചുനോക്കുകയല്ലേ എന്ന്  ബാക്ക് ബഞ്ചിലെ കുമാരി കൊച്ചുറാണിക്ക് ഒരു സംശയം.  സംശയം ബലപ്പെട്ടപ്പോള്‍ കൊച്ചുറാണി വീരപ്പന്‍പിള്ളയോട് പരാതി ബോധിപ്പിച്ചു.
"സാര്‍, ആ കുട്ടി എന്നെത്തന്നെ നോക്കുന്നു...."
ക്ലാസ്സിലെ എല്ലാ കുട്ടികളും കൊച്ചുറാണിയെ നോക്കി.
"ഏതു കുട്ടി....?
"ചാക്കോച്ചന്‍.." എല്ലാ കണ്ണുകളും നമ്പൂരിച്ചനിലേക്ക് തിരിഞ്ഞു.
"എന്തിനാടാ നീ അവളെത്തന്നെ നോക്കുന്നത്....?"
"ആ പ്രസ്താവന തെറ്റാണു സാര്‍, അവളാണ് ഇടയ്ക്കിടയ്ക്ക് എന്നെ നോക്കികൊണ്ടിരുന്നത്..."  ചാക്കോനമ്പൂതിരി
"ഇല്ല സാര്‍ ഞാന്‍ നോക്കിയിട്ടില്ല...." കൊച്ചുറാണി.
"വെരി സിമ്പിള്‍ സാര്‍... അവള്‍ എന്നെ നോക്കിയത് കൊണ്ടല്ലേ ഞാന്‍ അവളെ തന്നെ നോക്കുന്ന കാര്യം അവള്‍ക്കു മനസ്സിലായത്‌. അപ്പോള്‍ ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍...."
വിഷയം മാറ്റാനായി മാഷ്‌ ചാക്കൊച്ചനോട്  പാഠസംബന്ധമായ ഒരു ചോദ്യം ചോദിച്ചു.
സീതാസ്വയംവരം എങ്ങനെ നടന്നു എന്നു വിവരിക്കൂ...
നിസ്സാര ചോദ്യം. ചാക്കോച്ചന്റെ ഉത്തരം റെഡി.
"സ്കൂളില്ലാത്ത ഒരു ദിവിസം സീത വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ബോറടിച്ചു. അപ്പോള്‍ അവള്‍ കണ്ണാടിയില്‍ നോക്കി കണ്ണെഴുതി പൊട്ടു തൊട്ടു. പെട്ടെന്ന് അവള്‍ക്കു ഒരു ഐഡിയ തോന്നി. അവള്‍ ഒരു പേപ്പര്‍ എടുത്തു കണ്ണാടിയില്‍ കണ്ട സ്വന്തം മുഖം അതില്‍ വരച്ചു. ഇതാണ് സീതാസ്വയംവരം."
ക്ലാസ്സ്‌ ആര്‍ത്തു ചിരിച്ചു.  കോപാകുലനായ വീരപ്പന്‍പിള്ളസാര്‍ അടുത്ത ചോദ്യം എടുത്തിട്ടു.
"കിംവദന്തി" എന്നത് വാക്യത്തില്‍ പ്രയോഗിച്ചു പറയൂ..."
കിംവദന്തി പോലും....   വേറെ ഒരു വാക്കും കിട്ടിയില്ല...അതിന്റെ ശരിയായ അര്‍ത്ഥമെന്താണെന്ന് ചാക്കോനമ്പൂതിരിക്ക്  വലിയ ഗ്രാഹ്യമില്ലെങ്കിലും തിരുമേനി വിട്ടുകൊടുത്തില്ല.
"കഴിഞ്ഞയാഴ്ച കര്‍ണ്ണാടകപോലീസ് വീരപ്പനെ പിടിക്കാന്‍ ചെന്നപ്പോള്‍ വീരപ്പന്‍ ഒരു കിംവദന്തിയെ  തല്ലിക്കൊന്നു ചുട്ടുതിന്നുകൊണ്ടിരിക്കുകയായിരുന്നു."
മാഷിനെ ഇരട്ടപ്പേര് വിളിച്ചു  അധിക്ഷേപിച്ച ചാക്കോച്ചന്‍  ക്ലാസ്സിനു വെളിയിലായി.  എന്നാല്‍ ചാക്കോച്ചന്‍ പഠിപ്പു നിര്‍ത്താന്‍ ഇതല്ല കാരണമായത്‌. ഈ പുറത്താക്കലുകള്‍ ചാക്കോച്ചനു ഒരു സാധാരണ സംഭവം മാത്രം.

മറ്റൊരിക്കല്‍  ചാക്കോച്ചനെ ഏതോ കുറ്റത്തിന് ക്ലാസ്സില്‍ നിന്നു പുറത്താക്കിയപ്പോള്‍ രക്ഷിതാവിനെ കൂട്ടിക്കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ഹെഡ്മാസ്റ്റര്‍ വിലക്കി.  മുന്‍പ് പലപല രക്ഷിതാക്കള്‍ വന്നിട്ടുള്ളതുകൊണ്ടു സാക്ഷാല്‍ അച്ഛന്‍ തിരുമേനിതന്നെ വരണമെന്നായി  ഹെഡ്മാസ്റ്റര്‍.  ഈവക കാര്യങ്ങളില്‍ അച്ഛന്‍തിരുമേനി ഇടപെടില്ലെന്നറിയാമായിരുന്നത്കൊണ്ടു ചാക്കോച്ചന്‍ പ്രശ്നം വീട്ടില്‍ അറിയിക്കാന്‍ മിനക്കെട്ടില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും പ്രശ്നം ഒതുതീര്‍പ്പാകാതെ  വന്നപ്പോള്‍ സംഗതി വീട്ടില്‍ അറിയിക്കാതെ തരമില്ലെന്നു ചാക്കോച്ചനു മനസ്സിലായി. അങ്ങനെ അമ്മത്തമ്പുരാട്ടി വഴി കാര്യത്തിന്റെ ഗൌരവം പിതൃസമക്ഷത്തില്‍ അവതരിപ്പിച്ചു. വായിലെ മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടി തുപ്പിയിട്ട് കറിയാച്ചന്‍ നമ്പൂതിരി തന്റെ നിലപാട് അറിയിച്ചു.
"കാണണംന്നു  അത്ര നിര്‍ബന്ധാച്ചാ ആ മാഷോട് ഇവ്ടേക്ക്   വന്നോളാന്‍ പറയ്യാ... "
ചാക്കോച്ചന്‍ ചെകുത്താനും കടലിനുമിടയിലായി. ഇനിയെന്ത് ചെയ്യും....?.. മറ്റു മാര്‍ഗമൊന്നുമില്ലാഞ്ഞതിനാല്‍ ചാക്കോച്ചന്‍ അച്ഛന്‍തിരുമേനിയുടെ തീരുമാനം ഹെഡ്മാസ്റ്ററെ  അറിയിച്ചു. അതോടെ ഹെഡ്മാസ്റ്റര്‍ സുല്ലിട്ടു. നമ്പൂരിച്ചനെ ക്ലാസ്സില്‍ കയറ്റി.

അങ്ങനെ ചാക്കോനമ്പൂതിരി സ്കൂളിലെ തന്റെ ജൈത്രയാത്ര  തുടരുന്ന കാലത്താണ് സ്കൂളില്‍ പുതിയ ഒരു മാഷ് ട്രാന്‍സ്ഫര്‍ ആയി വന്നത്. കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടു പട്ടണത്തിലെ സ്കൂളില്‍നിന്നു പിന്നോക്ക ജില്ലയിലെ ഈ സ്കൂളിലേക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നതാണ് ഈ പാലാക്കാരന്‍ നസ്രാണി. ഈ അത്ഭുതജീവിയുടെ ഭാഷയും സമ്പ്രദായങ്ങളും സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കുറച്ചൊന്നുമല്ല ചിരിക്കാന്‍ വക നല്‍കിയത്. പ്രത്യേകിച്ച് "ഭ" എന്നതിന് "ഫ" എന്നുച്ചരിക്കുന്ന മാഷിന്റെ രീതി.  ആദ്യത്തെ ക്ലാസ്സില്‍ തന്നെ മാഷിനു പുതിയ ഇരട്ടപ്പേര് കിട്ടി.  "കിഴുത്ത..!!."  ദ്വാരം എന്നതിന്   മാഷ്‌ കിഴുത്ത എന്നാണു പറയുക..  നാട്ടിന്‍പുറങ്ങളില്‍ തുള, ഓട്ട, ദ്വാരം  എന്നൊക്കെ പറയുന്ന സാധനം..!! അങ്ങനെ അത് അദ്ദേഹത്തിന്റെ ഓമനപ്പേരായി മാറി. ഇംഗ്ലീഷും ജ്യോഗ്രഫിയുമാണ് പുതിയ മാഷ്‌ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങള്‍.

അന്നു ഒമ്പതാം ക്ലാസ്സില്‍ 'കിഴുത്തമാഷ്‌' ഭൂമിശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍   ഒരു ചോദ്യം ചോദിച്ചു.
"എന്നതാടാ ചാക്കോച്ചാ  ഈ ഫൂമധ്യരേഖ..?"
ചാക്കോച്ചന്‍ ജ്യോഗ്രഫിയില്‍ അത്ര മോശമോന്നുമായിരുന്നില്ല.
"പറയട്ടെ സാറേ...?
"എന്നതാന്നാ.... പറയടാ   ഉവ്വെ...." മാഷ്‌.
"ഫൂമിയെ രണ്ടു തുല്യ ഫാഗങ്ങളായി വിഫജിച്ചുകൊണ്ട് ഫൂമിയുടെ മധ്യഫാഗത്തുകൂടി കടന്നു ഫോകുന്ന രേഗയാണ്   ഫൂ...മധ്യരേഗ... !!!..."
പിന്നെ അവിടെ നടന്നതെന്താണെന്ന് മാഷിനോ കുട്ടികള്‍ക്കോ അറിയില്ല. ക്ലാസ് മുഴുവനും അലമുറയിട്ടു ചിരിക്കുന്നു. മാഷ്‌ നിന്നു വിയര്‍ത്തു. ഉരുകി ഉരുകി ഇല്ലാതാകുന്നതുപോലെ തോന്നി മാഷിന്.
കിഴുത്തമാഷ്‌  ചാക്കോച്ചനെയും കൂട്ടി നേരെ ഹെഡ് മാസ്റ്ററുടെ മുമ്പിലെത്തി.
"ഇങ്ങനത്തെ പിള്ളാരെ വച്ചോണ്ട് ക്ലാസ്സെടുക്കാന്‍ എന്നെക്കൊണ്ട് പറ്റുകേല.. ഒന്നുകീ ഞാന്‍ അല്ലെങ്കി ഇവന്‍... ആരെങ്കിലും ഒരാളെ ഇനി ക്ലാസ്സില്‍ പറ്റത്തൊള്ളൂ..".  കിഴുത്തമാഷ്‌ കട്ടായം പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിഫലമായപ്പോള്‍  മറ്റു മാര്‍ഗമൊന്നുമില്ലെന്ന് മനസ്സിലായ ഹെഡ് മാസ്റ്റര്‍ പ്യൂണ്‍വശം അച്ഛന്‍ നമ്പൂതിരിക്ക് ഒരു കത്ത് കൊടുത്തുവിട്ടു. " താങ്കളുടെ മകന്‍ ചാക്കോച്ചന്‍ ഒരു അധ്യാപകനെ ക്ലാസില്‍ അപമാനിച്ചതിനാല്‍ അവനെ ഈ  വിദ്യാലയത്തില്‍ തുടര്‍ന്നു  പഠിപ്പിക്കുവാന്‍ നിര്‍വാഹമില്ല.  ആയതിനാല്‍ എത്രയും വേഗം താങ്കള്‍ നേരിട്ടുവന്നു ചാക്കോച്ചന്റെ ടീസി വാങ്ങിക്കൊണ്ടു പോകേണ്ടാതാണെന്ന് അറിയിക്കുന്നു...."
"ആര്‍ക്കു വേണം അവന്റെ ടീസി.... എന്റെ മകന്‍ ഇനി അങ്ങോട്ട്‌ പഠിക്കാന്‍ വരുന്നില്ല.... "
കറിയാച്ചന്‍ നമ്പൂതിരി അന്നു തന്നെ ടൌണില്‍ നിന്നു മകനുവേണ്ടി ഒരു പുതിയ കൈക്കോട്ടു വാങ്ങിച്ചു..

3 comments:

  1. പാലാക്കാരെ ഇങ്ങനെ ആക്ഷേപിക്കെണ്ടാരുന്നു....

    ReplyDelete
  2. ഫാനുമതിAugust 18, 2010 at 12:46 AM

    ഫാരപ്പെടാതെ.... ഇതൊരു ഫലിതമായിട്ടു എടുത്താല്‍ പോരെ ഫാലാക്കാരാ ?

    ReplyDelete
  3. "ഫൂമിയെ രണ്ടു തുല്യ ഫാഗങ്ങളായി വിഫജിച്ചുകൊണ്ട് ഫൂമിയുടെ മധ്യഫാഗത്തുകൂടി കടന്നു ഫോകുന്ന രേഗയാണ് ഫൂ...മധ്യരേഗ... !!!..."

    kidilan mashe kidilan.

    ReplyDelete