അവതാരപുരുഷന്മാര്‍ ലോകനന്മക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. കണ്ണ് തള്ളിപ്പോകുന്ന തരത്തിലുള്ള അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ആളായിരുന്നു യേശുക്രിസ്തു. ലോകത്തെ സകലമാന കുടിയന്മാര്‍ക്കും അഭിമാനിക്കാം, യേശുക്രിസ്തു തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതു കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിക്കൊണ്ടായിരുന്നല്ലോ.. പക്ഷെ പിന്നീടിതുവരെ ഇങ്ങനെ ഒരു അത്ഭുതം ആരും കാണിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ആധുനിക കാലത്തെ പല അവതാരപുരുഷന്മാരും മറ്റു പല അത്ഭുതങ്ങളും ചെയ്യുന്നുണ്ടെങ്കിലും ഇതു മാത്രം ആര്‍ക്കും സാധ്യമായിട്ടില്ല. ഒരുപക്ഷെ യേശുക്രിസ്തു തന്റെ ആദ്യത്തെ അത്ഭുതം നടത്തിയതിനുശേഷം അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയിട്ടായിരിക്കാം ഈ അത്ഭുതത്തിന്റെ മാത്രം കോപ്പിറൈറ്റ് ആര്‍ക്കും കൊടുക്കാതിരുന്നത്. എന്നാല്‍ അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വിളമ്പിയ അത്ഭുതത്തിന്റെ മാതൃകയില്‍ അഞ്ചു ലിറ്റര്‍ കള്ള് പത്തും ഇരുന്നൂറും ഇരുനൂറു ലിറ്ററാക്കി മാറ്റുന്ന ചില വിദ്യകള്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഈ അത്ഭുതകള്ളു കുടിച്ചു മലപ്പുറത്ത് രണ്ടു ഡസനില്‍പരം ആള്‍ക്കാര്‍ മരിച്ചിട്ട് അധികമായില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. (പ്രഖ്യാപനം വന്നതുമുതല്‍ പലരും പ്രായംചെന്ന കുടിയനമാരെ നിര്‍ബന്ധിച്ചു ഷാപ്പുകളിലേക്ക് പറഞ്ഞുവിട്ടതായും കേള്‍ക്കുന്നു).
കാനായിലെ അത്ഭുതത്തിന്റെ റിവേഴ്സ് ഇഫ്ഫെക്ടിലുള്ള ഒരു അത്ഭുതം കുറെനാള്‍ മുമ്പ് എന്റെ വീട്ടില്‍ നടന്നു. ഒരു കുപ്പി വിദേശമദ്യം ഇരുന്ന ഇരുപ്പില്‍ വെള്ളമായി മാറി. പ്രയ്സ് ദി ലോഡ്.
മൈസൂര്‍ നഗരമാണ് ലൊക്കേഷന്‍. ടിപ്പു സുല്‍ത്താന്റെയും വോഡയാര്‍ രാജകുടുംബത്തിന്റെയും നഗരം. ചാമുണ്ഡിമലയുടെയും വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെയും നാട്. കാലങ്ങളായി കേരളത്തിലെ സ്കൂളുകളില്‍നിന്നു വര്‍ഷാവര്‍ഷം എക്സ്കര്‍ഷന് പോകുന്ന സ്ഥലം. കര്‍ണ്ണാടകത്തിന്റെ സാംസ്കാരികനഗരം. "കര്‍ണ്ണാടകമെന്നു കേട്ടാല്‍ തിളക്കണം ലഹരി ഞരമ്പുകളില്‍" എന്നതാണ് ഇവിടുത്ത സര്‍ക്കാരിന്റെ മദ്യനയം. ഒരു ക്വാര്‍ട്ടെറിനു ഇരുപതു രൂപമുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അതുകൊണ്ടു തന്നെയാവണം നമ്മുടെ നാട്ടിലെപ്പോലെ ഇവിടെ വിഷമദ്യദുരന്തങ്ങള്‍ ഉണ്ടാവാത്തത്. ഇവിടെയാണ് ഞാന്‍ കുഞ്ഞുകുട്ടിപരാധീനങ്ങളുമായി കഴിഞ്ഞു കൂടുന്നത്. ഞാനും ഭാര്യയും ജോലിക്ക് പോകുന്നതിനാല്‍ മക്കളെ നോക്കാന്‍ ഒരു പ്രായംചെന്ന സ്ത്രീയെ നിര്‍ത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഞങ്ങളോടൊപ്പംതന്നെയാണ് താമസ്സിക്കുന്നത്. മലയാളം നന്നായി മനസ്സിലാകുമെങ്കിലും മൊഴിയുന്നത് കന്നടയില്‍ മാത്രം. ഞങ്ങള്‍ അവരെ അജ്ജീ എന്നാണ് വിളിക്കുന്നത്. (കന്നടയില്‍ അമ്മൂമ്മ എന്നര്‍ത്ഥം). പൊതുവേ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ പ്രായംചെന്ന സ്ത്രീകള്‍ അല്പം വലിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ്. മൂലവെട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാക്കറ്റ് ചാരായമാണ് ഇവരുടെ ഇഷ്ട ബ്രാന്‍ഡ്. അതാകുമ്പോള്‍ വിലയോ തുച്ഛം ഗുണമോ മെച്ചം... എന്നുവച്ചാല്‍ പത്തു രൂപയ്ക്കു സൂപ്പര്‍ കിക്ക്. എന്നാല്‍ അജ്ജിക്ക് അത്തരം സ്വഭാവമൊന്നും ഉള്ളതായി ഞങ്ങള്‍ക്കറിയില്ല. തന്നെയുമല്ല അല്പം വൃത്തിയും വെടിപ്പുമൊക്കെയുണ്ടുതാനും .
വീട്ടില്‍ വിരുന്നുകാര്‍ വരുന്നത് വീടിനു ഐശ്വര്യമാണെന്നു വിശ്വസിച്ചിരുന്ന ആളായിരിന്നു ഞാന്‍. പക്ഷെ ആ വിശ്വാസം തിരുത്തേണ്ടിവന്നത് മൈസൂര് താമസമാക്കിയതിനുശേഷമാണ്. എനിക്ക് വിരുന്നുകാരൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയായിരുന്നു. ഞങ്ങള്‍ക്ക് നാട്ടില്‍ ബന്ധുമിത്രാദികള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ടു മിക്കപ്പോഴും ആരെങ്കിലുമൊക്കെ മൈസൂര്‍ കാണാനായി വരുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഒരു ഫോണ്‍. "എടാ നാളെ ഞങ്ങള്‍ ആങ്ങോട്ടു വരുന്നുണ്ട്". അതായത് പിറ്റേന്ന് ഒരു വണ്ടി നിറയെ ആളുകള്‍ രാവിലെ എന്റെ വീട്ടില്‍ ലാന്‍ഡ് ചെയ്യുന്നു. എന്റെ വീട്ടില്‍ കുളിച്ചു ഫ്രഷ് ആയി എന്തെങ്കിലും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നഗരം ചുറ്റല്‍. രാത്രി എന്റെ വീട്ടില്‍ ഉറക്കം. ആണ്‍പ്രജകളെ രാത്രി ഒന്ന് സല്കരിക്കണം. അതും തരക്കേടില്ലാത്ത ബ്രാന്‍ഡ് തന്നെ വേണം. പിറ്റേന്ന് ബാക്കിയുള്ള സ്ഥലങ്ങള്‍ കാണുന്നു. വൈകിട്ട് വീട്ടില്‍ വന്നു ഒരു ചായയും കുടിച്ചു സ്ഥലം വിടുന്നു. ഈ രണ്ടു ദിവസവും ഞാന്‍ ഒരു ടൂറിസ്റ്റ് ഗൈഡായി മാറുന്നു. ഇതാണ് സാധാരണയായി ഞങ്ങളുടെ വാരാന്ത്യപതിവുകള്‍. ഇങ്ങനെ പര്യടനത്തിനു വരുന്നവരില്‍ അധികവും നന്നായി 'വീശു'ന്നവരായതിനാല്‍ എപ്പോഴും ഞാന്‍ വീട്ടില്‍ ഒന്നോ രണ്ടോ കുപ്പി വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. കൂടാതെ ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് വിദേശ ബ്രാഞ്ചുകളില്‍നിന്നു സന്ദര്‍ശനത്തിനു വരുന്ന സായിപ്പന്മാര്‍ ഇടക്കൊക്കെ കൊണ്ടുവന്നു തരാറുള്ള "വിദേശികളും" എന്റെ സ്റ്റോക്കില്‍ മിക്കവാറും ഉണ്ടാവും. ആഴ്ചയില്‍ അഞ്ചോ ആറോ തവണ മാത്രം വെറും ഏഴോ എട്ടോ പെഗ്ഗ് വീതം കഴിക്കുന്നതൊഴിച്ചാല്‍ എനിക്ക് മദ്യപിക്കുന്ന ശീലം തീരെയില്ലായിരുന്നു.
ഒരു ശനിയാഴ്ച എനിക്ക് വളരെ വേണ്ടപ്പെട്ട രണ്ടു ഗ്ലാസ്‌മേറ്റ്സ് വിരുന്നുവന്നു. സ്റ്റോക്കിലുള്ള ഒരു ജോണിക്കുട്ടനെ പൊട്ടിക്കാമെന്ന് തീരുമാനിച്ചു. കട്ടിലിന്റെ അടിയില്‍ ഒരു മൂലയിലാണ് സാധാരണയായി ഞാന്‍ കുപ്പികള്‍ സൂക്ഷിക്കാറുള്ളത്. ടച്ചിംഗ്സ്, സോഡാ, മുതലായവയെല്ലാം റെഡിയാക്കിയശേഷം ഞാന്‍ കട്ടിലിനടിയില്‍ കയ്യെത്തിച്ച് ജോണിക്കുട്ടന്റെ കഴുത്തിനുപിടിച്ചു . ലോക്കല്‍ കുട്ടന്മാരെ ഒരു സൈഡിലേക്ക് മാറ്റിനിര്‍ത്തി. കയ്യിലെടുത്തപ്പോള്‍ ഒരു കനക്കുറവുപോലെ. പുറത്തെടുത്തു നോക്കിയ ഞാന്‍ ഞെട്ടി. കുപ്പിയില്‍ പകുതിയില്‍ താഴെ മാത്രമേ ഉള്ളൂ... ഈശ്വരാ ഇതെങ്ങനെ...? ഒരു പക്ഷെ കഴിഞ്ഞ പ്രാവശ്യം കഴിച്ചപ്പോള്‍ തീര്‍ന്നതായിരിക്കുമെന്നു സമാധാനിച്ചു. ഏതായാലും ആ പകുതികൊണ്ടു വീശു തുടങ്ങി. കഷ്ടിച്ച് ഈരണ്ടു പെഗ്ഗ് വീതമേ ഉണ്ടായിരുന്നുള്ളൂ.... എന്നാലും ഇവന്‍ കൊള്ളാം... കത്തിപ്പിടിക്കുന്നുണ്ട്... ഗ്ലാസ് കാലിയായപ്പോള്‍ അടുത്ത വിദേശിയുടെ കഴുത്തിനു പിടിച്ചു. ഭാഗ്യം.... ഫുള്‍ ഉണ്ട്. വലിയ പരിചയമില്ലാത്ത ഒരു ബ്രാന്‍ഡ്. ഈസിയായിട്ട് അടപ്പ് തുറന്നു. പില്‍ഫെര്‍പ്രൂഫ് ക്യാപ് ഇല്ല. ചിലപ്പോള്‍ സായിപ്പിന്റെ നാട്ടിലെ ലോക്കല്‍ സാധനം ആയിരിക്കും. ഓ... എന്തെങ്കിലുമാകട്ടെ.. ദീപസ്തംഭം മഹാശ്ചര്യം.... നമുക്ക് 'കിക്ക്' കിട്ടണം.... ഒരു സിപ്പ് എടുത്തപ്പോള്‍ ഒരാളുടെ കമന്റ്.
"അളിയന്‍ പൂസാണെന്നു തോന്നുന്നു... എനിക്ക് സോഡാ മാത്രേ ഒഴിച്ചൊള്ളോ....?"
ഞങ്ങളും കുടിച്ചുനോക്കി .. ശരിയാണല്ലോ... ഇതില്‍ സോഡാ മാത്രേ ഒള്ളോ...?. ഞങ്ങള്‍ വീണ്ടും നോക്കി. കുപ്പിയില്‍ കുറവുണ്ട്. ഇനി ഒഴിച്ചപ്പോ താഴെ പോയോ..? ഇല്ല... ഒരു അളിയന്‍ കുപ്പിയെടുത്തു പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി.
"അളിയനെ സായിപ്പ് പറ്റിച്ചു.... ദേ ഇതിനു നിറം കുറവാ..... "
"സായിപ്പിനെ പറഞ്ഞാലൊണ്ടല്ലോ.....സായിപ്പ് സത്യമുള്ളവനാ... അവന്‍ പറ്റിക്കത്തില്ല... ഇതില്‍ മറ്റെന്തോ തിരിമറി നടന്നിട്ടുണ്ട്. "
"എന്നാ അളിയന്‍ തന്നെ കുടിച്ചിട്ട് വെള്ളം ഒഴിച്ചതായിരിക്കും..."
"എന്റെ കയ്യിലിരിക്കുന്ന സാധനത്തില്‍ ഞാനെന്തിനാ അളിയാ വെള്ളം ചേര്‍ക്കണേ...?"
"ഇതു വെള്ളം ചേര്‍ത്തത് തന്നെയാ... ദേ പൈപ്പ് വെള്ളത്തിന്റെ ചൊവയാ..." മറ്റേ അളിയന്‍ കുറച്ചു 'ഓണ്‍ ദി റോക്ക്" ടേസ്റ്റ് ചെയ്തു.
"എങ്കീ അളിയന് ആരോ നല്ല പണി തരുന്നുണ്ട് കേട്ടോ..."
ഞാന്‍ അടുക്കളയിലായിരുന്ന ഭാര്യയുടെനേരെ നോക്കി... "ഇനി നീയെങ്ങാനും...?"
അവള്‍ ചട്ടുകം ഉയര്‍ത്തിക്കാണിച്ചു. ഞാന്‍ പത്തി താഴ്ത്തി.....
ഇനിയാര്...? അജ്ജീ...?
ഒരു മൂലയില്‍ ചമ്രംപടിഞ്ഞിരുന്നു എന്തോ പച്ചക്കറി അരിയുകയായിരുന്ന അജ്ജിയെ ഞാന്‍ സംശയദൃഷ്ടിയോടെ നോക്കി. ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടെങ്കിലും 'ഞാനീ നാട്ടുകാരിയേ അല്ല' എന്ന മട്ടില്‍ ഇരിക്കുകയാണ് കക്ഷി.
ചില ദിവസങ്ങളില്‍ ഞാന്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ അജ്ജി കൂടുതല്‍ ഉന്മേഷത്തോടെ കുഞ്ഞിനെ കളിപ്പിക്കുന്നതും ജോലികള്‍ ചെയ്യുന്നതും ഫ്ലാഷ്ബാക്കായി എന്റെ മണ്ടയില്‍ മിന്നി. അപ്പോള്‍ ഇതാണ് പരിപാടി. കുറേശെ വീശും എന്നിട്ട് വെള്ളം ഒഴിച്ച് നിറച്ചുവ്ക്കും. അമ്പടീ അജ്ജീ നിന്നെ ഞാന്‍ ശരിയാക്കിത്തരാം...
പീന്നീട് ഞാനും ഭാര്യയും അജ്ജിയെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അജ്ജി കുറ്റം സമ്മതിച്ചില്ല... ഒരു സ്ത്രീയായിപ്പോയി. അല്ലെങ്കില്‍ കുനിച്ചു നിര്‍ത്തി ഗുണദോഷിച്ചേനെ ഞാന്‍... ക്ഷമ ആട്ടിന്‍സുപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ...
ഒരു മുന്കരുതലെന്നോണം ഞാന്‍ സ്റ്റോക്കെല്ലാം അലമാരയില്‍ വച്ചു പൂട്ടി. അതിനുശേഷം എട്ടുപത്തു ദിവസം കൂടുമ്പോള്‍ അജ്ജിക്ക് ഒരു വിറയലും പരവേശവും ഒക്കെക്കൂടി വരും പിന്നെ വീട്ടില്‍ പോകണമെന്ന് പറഞ്ഞു ബഹളമാണ്. അമ്പതു രൂപയും വാങ്ങി ഒരു പോക്ക് പോയാല്‍ അവരുടെ നാട്ടില്‍ ചെന്നു രണ്ടോ മൂന്നോ പാക്കെറ്റടിച്ചു സുഖമായി കിടന്നുറങ്ങിയിട്ട് പിറ്റേന്ന് രാവിലെ നല്ല മിടുക്കത്തിക്കുട്ടിയായി തിരിച്ചു വരും. പിന്നെ ഒരാഴ്ചത്തേക്ക് ഒരു പ്രശ്നവുമില്ല. നാട്ടില്‍ പോകുന്നത് കള്ളു കുടിക്കനാണോ എന്നു ഞങ്ങള്‍ ഇടക്കൊക്കെ അജ്ജിയോടു തമാശയായിട്ട് ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ സകല ദേവന്മാരെയും ആണയിട്ടു താന്‍ ജീവിതത്തിലിന്നുവരെ മദ്യം കൈകൊണ്ടു തൊട്ടിട്ടുപോലുമില്ലെന്നും അതിന്റെ മണം തനിക്കു ഇഷ്ടമില്ലെന്നും പറയുമായിരുന്നു. ഇങ്ങനെ കാര്യങ്ങള്‍ മുമ്പോട്ട് പോകുന്ന കാലത്ത് ഒരു അവധി ദിവസം ഞാനും ഭാര്യയും കൂടി വീട് വൃത്തിയാക്കുന്നതിനിടയില്‍ അജ്ജിയുടെ തലയിണക്കടിയില്‍ ഞങ്ങള്‍ക്ക് കിട്ടി..... രണ്ടു മൂലവെട്ടി....
"കര്‍ണ്ണാടകമെന്നു കേട്ടാല്‍ തിളക്കണം ലഹരി ഞരമ്പുകളില്‍"
ReplyDelete"കേരളത്തില്‍ ആണെങ്കില്‍ കിടക്കണം പൂസ്സായി ഓടകളില്‍"