Sep 4, 2011

എന്റെ കുഞ്ഞാമി

അനന്തന്‍ നമ്പൂതിരി ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു. കണ്ണടച്ചാല്‍ ആ മുഖം മുന്നില്‍ തെളിയുന്നു. ആമിന.... തന്റെ കുഞ്ഞാമി...   പത്തറുപതു വര്‍ഷമായി തന്റെ മനസ്സില്‍ മായാതെ നിന്ന ആ മുഖം.  ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് അവള്‍  യാത്രയായി. രാവിലെ പാലുമായി ചായക്കടയില്‍ ചെന്നപ്പോഴാണറിഞ്ഞത്. ഇന്നലെ രാത്രി പെട്ടെന്നൊരു നെഞ്ചുവേദനയായിരുന്നത്രേ. ആസ്പത്രിയിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അയാള്‍  ഓര്‍മ്മകളുടെ കൌമാരത്തിലേക്ക് തിരിച്ചുനടന്നു... പാടത്തിന്റെ  അക്കരെയും  ഇക്കരെയും  ആയിരുന്നു തന്റെയും  കുഞ്ഞാമിയുടെയും വീടുകള്‍. മതത്തിന്റെയും സമുദായത്തിന്റെയും  കാര്യത്തില്‍ തികഞ്ഞ യാഥാസ്ഥികരായിരുന്നെങ്കിലും  ഒരു കുടുംബംപോലെ കഴിഞ്ഞവര്‍. തനിക്കു അവളുടെ വീട്ടിലും അവള്‍ക്കു തന്റെ വീട്ടിലും എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നു.  ഗ്രാമത്തിലെ പള്ളിക്കൂടത്തിലേക്ക്  താനും കുഞ്ഞാമിയും ഒരുമിച്ചാണ് പോയിരുന്നത്. താന്‍ മാത്രമായിരുന്നു അവളെ കുഞ്ഞാമി എന്ന് വിളിച്ചിരുന്നത്‌. താന്‍ എഴാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി. അന്നവള്‍ നാലാം ക്ലാസ്സിലായിരുന്നു. അവളുടെ കളിക്കൂട്ടുകാരിയും  സഹപാഠിയുമായിരുന്നവള്‍   പിന്നീട്  തന്റെ അന്തര്‍ജനമായി...എങ്കിലും കുഞ്ഞാമി മനസ്സിന്റെ ഒരു കോണില്‍ മറ്റാരുമറിയാത്ത ദിവ്യപ്രണയമായി വാടാതെനിന്നു.  പാടത്തെ പൂത്തുമ്പിയെ പിടിക്കാനും, ഓണപ്പൂ പറിക്കാനും  ഒരുമിച്ചു ഓടിനടന്ന ആ കുട്ടിക്കാലം മനസ്സില്‍ മായാതെ നില്‍ക്കുന്നു.  പുഴക്കരയിലെ മണലില്‍ എത്ര തവണ കളിവീട് വച്ച് കളിച്ചിരിക്കുന്നു. പിന്നീട്, അവള്‍ വളര്‍ന്നു വലിയ പെണ്ണായപ്പോള് പുഴയിലെ  കുളിക്കടവിന്റെ അക്കരയും ഇക്കരെയും നിന്നു പരസ്പരം കളിയാക്കിയതും  തമാശകള്‍  പറഞ്ഞതും... താഴെക്കടവില്‍ അലക്കിക്കൊണ്ടിരുന്ന അവളെ മുങ്ങാംകുഴിയിട്ടു ചെന്ന്  പേടിപ്പിച്ചതും... അങ്ങനെ എന്തെല്ലാം...  പരസ്പരം തമാശകളിലൂടെയുള്ള സംഭാഷണങ്ങള്‍ പലപ്പോഴും ചെന്നെത്തിയിരുന്നത് അക്കാലത്തെ പ്രശസ്തമായിരുന്ന സിനിമാപ്പാട്ടിന്റെ ഈരടികളിലായിരുന്നു. "പാടില്ലാ.. പാടില്ലാ... നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ...." 

പരസ്പരം പ്രണയിച്ചിരുന്നു. പക്ഷെ അത് തുറന്നു പറയാന്‍ രണ്ടാള്‍ക്കും സാധിച്ചില്ല. അവള്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ മകള്‍. താനോ... സമുദായ ആചാരങ്ങള്‍ മുറുകെപ്പിടിക്കുന ഒരു ഇല്ലത്തെ പ്രജ.. രണ്ടാളും തമ്മിലടുത്താല്‍ അത് നാട്ടില്‍ ഒരു കോളിളക്കംതന്നെ സൃഷ്ടിച്ചേക്കാവുന്ന കാലം. പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളവരായിരുന്നതിനാല്‍ രണ്ടുപേരും തങ്ങളുടെ പ്രണയം ഉള്ളിലൊതുക്കി.  പിന്നീട്, അവള്‍ മറ്റൊരാളുടെ ബീവിയായി. മനസ്സില്‍ നീറ്റലോടെ അവരുടെ നിക്കാഹിനു ഓടിനടന്നു എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അന്നത്തെ അവളുടെ കണ്ണുകളിലെ വിഷാദം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.  തന്റെ കല്യാണത്തിന് കുഞ്ഞാമിയും ഭര്‍ത്താവും വന്നിരുന്നു.  അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ പ്രയാസപ്പെട്ടു അന്ന്. സംഭവിക്കുന്ന കാര്യങ്ങളുടെ ഒഴുക്കിനൊത്ത് നീങ്ങുകയല്ലാതെ മറ്റൊന്നും സാധ്യമല്ലായിരുന്ന കാലം. ഇന്നതൊക്കെ  മാറിയിരിക്കുന്നു. എല്ലാവര്ക്കും സ്വന്തം അഭിപ്രായങ്ങളും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. തന്റെ മക്കളുടെ വിവാഹക്കാര്യങ്ങളില്‍ അവരുടെ തല്പര്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം.   ആ സ്വാതന്ത്ര്യം അന്നുണ്ടായിരുന്നെങ്കില്‍....

മനസ്സ് കടിഞ്ഞാണില്ലാതെ പായുകയാണ്. കുഞ്ഞാമിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആകെക്കൂടി ഒരു തളര്ച്ചപോലെ... അവളെക്കുറിച്ചുള്ള ഓര്‍മകളുമായി   ചാരുകസേരയില്‍ അയാള്‍ അങ്ങനെ കിടന്നു. ഈശ്വരാ.... മനുഷ്യന്‍  എന്തെല്ലാം ആഗ്രഹിക്കുന്നു... അയാള്‍ കുഞ്ഞാമിയുടെ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്തു... പാവം മനുഷ്യന്‍. കുഞ്ഞാമിയെ അയാള്‍ക്ക്‌ ജീവനായിരുന്നു. അവള്‍ അയാളോടൊപ്പം സന്തോഷവതിയായിരുന്നു.  അവരുടെ മക്കള്‍.... ആ കുട്ടികളോട് തനിക്കു പ്രത്യേക വാത്സല്യമായിരുന്നു. ഉമ്മയുടെ മയ്യത്ത് പള്ളിക്കാട്ടിലെക്കെടുത്തപ്പോള്‍ അവരുടെ നിലവിളി......

തൊട്ടടുത്തുനിന്നു ഭാര്യയുടെ നിശ്വാസം അയാളെ ഉണര്‍ത്തി... തന്റെ നിറഞ്ഞ കണ്ണുകള്‍ ഭാര്യ കാണാതിരിക്കാന്‍ അയാള്‍ പ്രയാസപ്പെട്ടു.  അനന്തന്റെ മുടിയില്‍ തലോടിക്കൊണ്ട് അയാളുടെ ഭാര്യ സാന്ത്വനസ്വരത്തില്‍ ചോദിച്ചു... കുഞ്ഞാമിയെ മറക്കാന്‍ കഴിയുന്നില്ലല്ലേ...?

കുഞ്ഞാമി..?... ആ പേര്.... തനിക്കെങ്ങനെ..?.....
എല്ലാം എനിക്ക്  അറിയാം. ആമിന എന്നോട് എല്ലാം പറയുമായിരുന്നു.  അവള്‍ക്കു നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു...

അനന്തന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഇക്കാലമത്രയും ആരുമറിയാതെ താന്‍ മനസ്സില്‍ സൂക്ഷിച്ച ആ രഹസ്യം തന്റെ ഭാര്യക്ക്‌ അറിയാമായിരുന്നത്രേ... നാല്പതു വര്ഷം ഒരുമിച്ചു ജീവിച്ചിട്ടും അതെക്കുറിച്ച് ഒരു സൂചന പോലും തരാത്ത അവള്‍ ഇന്ന് തന്നെ ആശ്വസിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ ആഴങ്ങളെ ആരറിയുന്നു.. പുറമേ കാണിക്കാത്ത ആയിരമായിരം വിചാരങ്ങളും വിഷാദങ്ങളും ആ ആഴങ്ങളില്‍ അടിഞ്ഞുകിടക്കുന്നു.

അയാള്‍ ഒരു തേങ്ങലോടെ ഭാര്യയുടെ കൈകള്‍ സ്വന്തം മുഖത്തോട് ചേര്‍ത്തുപിടിച്ചു...

No comments:

Post a Comment