വിദ്യാഭ്യാസ കലണ്ടര്‍
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു. തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ പ്ലസ് 2 പരീക്ഷ, അടുത്ത വര്‍ഷത്തെ അഡ്മിഷന്‍ എന്നിവ താഴെ പറയും പ്രകാരം നടക്കുന്നതാണ്.
2010 ജനുവരി 10 മുതല്‍ 15 വരെ: പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ചോദ്യക്കടലാസുകള്‍ കേരളത്തിലെ വിവിധ ദേശീയ പാതകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭ്യമാകും. തുടര്‍ന്നുള്ള അഞ്ചു ദിവസത്തേക്ക്, KSU , ABVP എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താവുന്നതാണ്. ഇവരുടെ പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ SFI , DYFI എന്നീ സമാധാന പാലകരായ സംഘടനകളെ ചുമതലപ്പെടുത്തുന്നതായിരിക്കും.
2010 ജനുവരി 16 : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിനു സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കും.
2010 ഫെബ്രുവരി 15 : പുതിയ ചോദ്യ പേപ്പര്‍ അച്ച്ചടിക്കണമെന്ന ശുപാര്‍ശയോടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. .
2010 ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 10 വരെ : പുതിയ ചോദ്യ പേപ്പറുകള്‍ അച്ചടിക്കും
2010 മാര്‍ച്ച് 11 മുതല്‍ 15 വരെ പുതിയ ചോദ്യ പേപ്പറുകള്‍ അതീവ സുരക്ഷയോടെ KSRTC ബസ്സുകളില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ചോദ്യ പേപ്പര്‍ കഞ്ഞിപ്പുരയിലോ വിറകുപുരയിലോ സൂക്ഷിക്കാവുന്നതാണ്. അവിടങ്ങളില്‍ പട്ടിയോ പൂച്ചയോ പ്രസവിച്ചു കിടക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ശല്യമുണ്ടാവാത്ത വിധം ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്.
2010 മാര്‍ച്ച് 20 മുതല്‍ 30 വരെ പരീക്ഷ ദിവസങ്ങള്‍ ആയിരിക്കും. ചോദ്യക്കടലാസുകള്‍ മാറിപ്പോകാന്‍ ഇടയുള്ളതുകൊണ്ട് വിദ്യാര്‍തികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഉത്തരമെഴുതാന്‍ തയ്യാറായി വേണം പരീക്ഷക്ക് ഹാജരാകാന്‍.
2010 ഏപ്രില്‍ 1 മുതല്‍ 15 വരെ അവധിയായിരിക്കും.
2010 ഏപ്രില്‍ 16 മുതല്‍ മെയ് 15 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടക്കുന്നതായിരിക്കും. മൂല്യനിര്‍ണയത്തിനു ഹാജരാകാന്‍ കഴിയാത്ത അധ്യാപകര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ഉത്തരക്കടലാസുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കും. മൂല്യനിര്‍ണയത്തിന് പങ്കെടുക്കുന്ന ഓരോ അധ്യാപകര്‍ക്കും ബിവരെജസ് കോര്‍പറേഷന്‍ സ്പോണ്സര്‍ ചെയ്യുന്ന അഞ്ചു കുപ്പി വിദേശമദ്യം (Teacher's Special) ഏറ്റവും അടുത്തുള്ള ചില്ലറ വില്‍പന ശാലയില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന കൂപ്പണുകള്‍ കൊടുത്തു കൈപ്പറ്റാവുന്നതാണ്
2010 മെയ് 25 : പരീക്ഷഫലപ്രഖ്യാപനം. ഈ വര്ഷം പരീക്ഷക്ക് ഹാജരാകുന്ന മുഴുവന്‍ വിദ്യാര്തികളും വിജയിക്കുന്നതാണ്. 100% വിജയമെന്ന ലക്‌ഷ്യം കൈവരിക്കാന്‍ ഈ സര്‍ക്കാരിനു ഇനി അവസരമുണ്ടാവില്ലാത്തത് കൊണ്ടാണ് ഈ വര്ഷം ഈ പ്രത്യേക പരിഗണന നല്‍കുന്നത്.
2010 ജൂണ്‍ 1 മുതല്‍ പ്രവേശന പരീക്ഷ മാമാങ്കം ആരംഭിക്കുന്നതാണ്.
2010 ജൂണ്‍ 15 മുതല്‍ സര്‍ക്കാരും സ്വാശ്രയ മാനേജമെന്റുകളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതായിരിക്കും. ഈ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും തത്സമയ സംപ്രേക്ഷണം കേരളത്തിലെ എല്ലാ ചാനലുകളും ലഭ്യമാക്കും. ചര്‍ച്ചകളും വെല്ലുവിളികളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ളതാക്കാന്‍ ചാനലുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏകജാലകം, വിവിധ ക്വാട്ടകള്‍, കോര്‍ട്ട് സ്റ്റേ, മുതലായ കലാപരിപാടികള്‍ അരങ്ങേരുന്നതായിരിക്കും.
2010 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ സര്‍ക്കാറും സ്വാശ്രയ മാനേജമെന്റുകളും തമ്മിലുള്ള കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ കേരളത്തിലെ കോടതികളില്‍ പ്രത്യേക ബഞ്ചുകള്‍ സ്ഥാപിക്കുന്നതായിരിക്കും. സുപ്രീം കോടതിയില്‍ ഒരു പ്രത്യേക ബെഞ്ചിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതായിരിക്കും.
കാര്യങ്ങള്‍ മേല്‍വിവരിച്ച പ്രകാരം മംഗളമായി നടന്നാല്‍ 2010 നവംബര്‍ ഒന്ന് മുതല്‍ ഡിഗ്രീ കോഴ്സുകളുടെ ക്ലാസുകള്‍ ആരംഭിക്കുന്നതായിരിക്കും.
വിദ്യാഭ്യസ കലണ്ടറിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഗസറ്റിലും പ്രമുഖ ദിനപ്പത്രങ്ങളിലും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
വാല്‍ക്കഷ്ണം: 2011 ജനുവരിയോടെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രസിദ്ധീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു.
kollame.... kalakki Baby sarkku oru copy ayachu kodakkanam
ReplyDelete