ഗോപാലകൃഷ്ണനെ കണ്ടാല്‍ ഒരുവിധപ്പെട്ടവനൊക്കെ ഒരു പ്രാവശ്യമെങ്കിലും ഞെട്ടും. കീഴ്ജീവനക്കാരെ പേടിപ്പിച്ചു ജോലിചെയ്യിക്കാറുള്ള സുപ്പര്‍വൈസര്‍ പുലിവേലായുധന്‍ പോലും ഗോപാലകൃഷ്ണന്റെ അടുത്ത് എലിയാണ്. വീരപ്പനെന്നല്ല, നക്കീരന്‍ പോലും നാണിച്ചുപോകുന്ന മീശയും ആറരയടി പൊക്കവും അതിനൊത്ത വണ്ണവും നല്ല നിറവുമുണ്ട് ഗോപാലകൃഷ്ണന്. കറുപ്പും ഒരു നിറം തന്നെയാണല്ലോ.... പെട്ടെന്ന് കണ്ടാല്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ച രണ്ടു ടാര്‍ വീപ്പകള്‍ക്കുമുകളില്‍ ഒരു കരിക്കലം കമഴ്ത്തി വച്ചത് പോലുണ്ട് ഗോപാലകൃഷ്ണനെന്ന സാധു മനുഷ്യന്‍. ഈ ശാരീരികവിശേഷങ്ങള്‍ മാത്രമല്ല ഇദ്ദേഹത്തിന്റെ പാമ്പാടി എന്ന വീട്ടുപേരും ഗോപാലകൃഷ്ണനെ ഒരു തലയെടുപ്പുള്ള കൊമ്പനാനയോളം വലുപ്പമുള്ളതാക്കുന്നു. എന്നുവെച്ച് ഗോപാലകൃഷ്ണന്‍ ഒരു കാട്ടാളനോന്നുമല്ല. സ്ത്രൈണത കലര്‍ന്ന ശബ്ദവും സംസാരിക്കുമ്പോള്‍ മാത്രമുള്ള വിക്കും ഒഴിച്ചാല്‍ ഗോപാലകൃഷ്ണന്‍ ഒരു പുരുഷകേസരി തന്നെയാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായിട്ട് ദുബായിലെ ഒരു നിര്‍മ്മാണക്കമ്പനിയില്‍ ജോലിക്കാരനായിരുന്നു.
ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിച്ചത് നിര്‍മ്മാണകമ്പനികളെയായിരുന്നു. ഇതിനുപുറമേ, കമ്പനിമുതലാളിയുടെ കയ്യിലിരുപ്പും കൂടിയായപ്പോള്‍ തൊഴിലാളികളെ ഓരോരുത്തരെയായി പിരിച്ചുവിടേണ്ട സ്ഥിതിയിലായി കമ്പനിയുടെ സാമ്പത്തിക നില. ഏതാനും മാസ്സങ്ങളായിട്ട് ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല. ഇരുനൂറോളം ജോലിക്കരുണ്ടായിരുന്ന ഈ കമ്പനിയില്‍നിന്ന് കഴിഞ്ഞ രണ്ടു മാസമായിട്ട് ആഴ്ചയില്‍ നാലും അഞ്ചും പേരെ വീതം പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് ഈ പിരിച്ചുവിടല്‍ ഒരു അനുഗ്രഹം പോലെയായിരുന്നു. കാരണം കുടിശികയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും കണക്കു തീര്‍ത്തു കയ്യില്‍ കിട്ടും.
പാലക്കാട്ടുകാരന്‍ ഒരു മോഹനചന്ദ്രന്‍ പിള്ള ആണ് കമ്പനിയുടെ ജനറല്‍ മാനേജര്‍. ഇദ്ദേഹം ആളൊരു പരമശുദ്ധന്‍. ആരെന്തു പറഞ്ഞാലും വിശ്വസിക്കും. ഈ ഒരു സ്വഭാവം തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ കഴിവുകേടിന് പ്രധാന കാരണമായിരുന്നു. കണ്‍ഫ്യൂഷന്‍പിള്ള എന്നാണ് ഇദ്ദേഹം പൊതുവേ കമ്പനിയില്‍ അറിയപ്പെട്ടിരുന്നത്. കൂടാതെ ഇയാളുടെ പ്രധാന ഉപദേശി ഫിനാന്‍സ് മാനേജരായിരുന്ന ഒരു ഹിന്ദിക്കാരന്‍ ഗുപ്തയായിരുന്നു. മറ്റുള്ളവര്‍ക്ക് പാരവെക്കുന്നതില്‍ ബിരുദാനന്തരബിരുദമെടുത്ത ആളായിരുന്നു ശ്രീമാന്‍ ഗുപ്ത.
പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു. നാട്ടിലേക്കു പോകുന്ന ദിവസം ഗോപാലകൃഷ്ണന്‍ ജനറല്‍ മാനജരെക്കണ്ട് താണുവണങ്ങി വിക്കിവിക്കി ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചു. അദ്ദേഹത്തിന് ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഗോപാലകൃഷ്ണനോട് പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ഉടനെതന്നെ ജനറല്‍ മാനജര്‍ സെക്രെട്ടറിയെ വിളിച്ചു ഒരു സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കികൊണ്ടുവരാന്‍ പറഞ്ഞു. സെക്രട്ടറി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഒപ്പിടീക്കാന്‍ കൊണ്ടുചെന്നപ്പോള്‍ മോഹനചന്ദ്രന്‍പിള്ളയുടെ റൂമില്‍ ഉപദേശി ഗുപ്തയും ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങി വായിച്ചു നോക്കിയശേഷം ഉപദേശി ഗുപ്ത പിള്ളക്ക് വിലപ്പെട്ട ഒരു ഉപദേശം കൊടുത്തു. ഒരു വര്‍ക്കര്‍ക്ക് അവന്‍ വളരെ നല്ല ജോലിക്കരനനെന്നുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ഒരിക്കലും കൊടുക്കാന്‍ പാടില്ല. അത് കാണിച്ചു അവന്‍ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ ജോലി സമ്പാദിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടു പേരിനൊരു സര്‍ട്ടിഫിക്കറ്റ് മാത്രമേ കൊടുക്കാവൂ. പിള്ള കന്ഫ്യുഷനിലായി. അദ്ദേഹം ഗോപാലകൃഷ്ണനെ വിളിച്ചു സര്‍ട്ടിഫിക്കറ്റ് നാട്ടിലേക്ക് അയച്ചുകൊടുത്തെക്കാമെന്ന് പറഞ്ഞു. അങ്ങനെ ഗോപാലകൃഷ്ണന്‍ ഫ്ലൈറ്റ് കയറി.
മൂന്നുനാല് ദിവസത്തെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുംശേഷം ജനറല്‍ മാനേജര്‍ ഇപ്രകാരം ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗോപാലകൃഷ്ണന് കൊറിയറില്‍ അയച്ചുകൊടുത്തു. "ശ്രീ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്ന് ജനറല്‍ മാനേജര്‍" (ഒപ്പ്).
ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടില്‍നിന്നു ഗോപാലകൃഷ്ണന്റെ ഒരെഴുത്ത് ജനറല്‍ മാനേജര്‍ക്ക് കിട്ടി. ശുദ്ധമലയാളത്തിലുള്ള കത്ത് തുറന്നു വായിച്ച പിള്ളയുടെ കണ്ണില്‍ പൊന്നീച്ച പറന്നു. പിള്ളയുടെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്ത് കിട്ടുന്നുത്.
" പ്രിയപ്പെട്ട മോഹനചന്ദ്രന്‍സാറിന്. സാറിനെ കണ്ടപ്പോള്‍ ഞാന്‍ കരുതി അല്പം വിവരവും വിദ്യാഭ്യാസവുമുള്ള ആളാണെന്നു. കോട്ടും ടൈയ്യും ഇട്ടതുകൊണ്ടുമാത്രം വിവരമുണ്ടാകില്ല സാറേ.... പന്ത്രണ്ടു വര്ഷം ജോലിചെയ്ത ഒരാള്‍ക്ക് ഇങ്ങനെയാണോ സാറേ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുന്നത്? ഇത് സാറ് തന്നെ വച്ചോ... എനിക്കിതിന്റെ ആവശ്യമില്ല.... എന്റെ പഴയ കമ്പനിയില്‍നിന്ന് കിട്ടിയ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കോപ്പി ഇതിന്റെ കൂടെ വക്കുന്നു. സാറിന് ഭാവിയില്‍ പ്രയോജനപ്പെടും. എന്ന്... വിനയപൂര്‍വ്വം... ഗോപാലകൃഷ്ണന്‍ (ഒപ്പ്) ..."
കത്ത് വായിച്ചശേഷം പിള്ള ആദ്യം ഒരു ഗ്ലാസ് വെള്ളം വരുത്തി കുടിച്ചു. പിന്നെ സെക്രട്ടറിയെ വിളിച്ചു ആദ്യം ഉണ്ടാക്കിയ നല്ല എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ ഗോപാലകൃഷ്ണന് കൊറിയറില്‍ അയച്ചുകൊടുത്തു.
No comments:
Post a Comment