Nov 25, 2009

ഇന്‍റര്‍നെറ്റില്‍ ഭൂതം - ഫോര്‍വേഡെഡ് മെയില്‍സ്.


  എന്റെ കര്‍ത്താവേ... ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കത്തില്ല അല്ലിയോ...?... ഇതിപ്പോ എത്ര ദിവസ്സമായി ഇങ്ങനെ...?... കയ്യും കാലും വിറച്ചിട്ട്‌ വയ്യല്ലോ..  പണ്ട് കള്ളുകുടി നിര്‍ത്തിയപ്പോള്‍പോലും ഇങ്ങനെ കൈ വിറച്ചിരുന്നില്ല.. കൊച്ചാപ്പിക്കു ഇരുന്നിട്ട് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. എത്ര ദിവസ്സമായി നാല് മെയില്‍ ഫോര്‍വേഡ് ചെയ്തിട്ടു.... ഇന്റര്‍നെറ്റും മെയില്‍ ഫോര്‍വേഡ് ചെയ്യുന്നതും ഒരു തരം അഡിക്ഷന്‍ പോലെ ആയിത്തീരുമെന്നു കൊച്ചാപ്പി സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ദിവസവും  പത്തു മെയില്‍ ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ കയ്യും കാലും വിറക്കുന്നത്‌ എന്തെങ്കിലും അസുഖമാണോ ഡോക്ടര്‍?...... കൊച്ചാപ്പി തന്റെ മെയില്‍ ബോക്സ്‌ നിരാശയോടെ വീണ്ടും ക്ലോസ് ചെയ്തു.  കേരളയ്റ്റ്സ് മെയില്‍ ഫോര്‍വെര്‍ഡിംഗ് ഗ്രൂപ്പില്‍ നിന്നും വേള്‍ഡ് മെയില്‍  ഫോര്‍വെര്‍ഡിംഗ് ക്ലബ്ബില്‍ നിന്നും ദിവസവും എത്ര മെയിലുകള്‍ വന്നുകൊണ്ടിരുന്നതാ... രാത്രി മുഴുവന്‍ ഉറക്കമിളച്ചു മെയിലുകള്‍ അപ്പ്രൂവ്  ചെയ്തിരുന്ന ഗ്രൂപ്പ് മോഡരറ്റര്മാര്‍  ഇപ്പോള്‍ ഉറക്കം വരാന്‍ വേണ്ടി ഉറക്കഗുളികകള്‍ കഴിക്കാന്‍ തുടങ്ങി. ആ മെയിലുകള്‍ എല്ലാം   ഫോര്‍വേഡ് ചെയ്തു നിര്‍വൃതി അടഞ്ഞിരുന്ന നല്ല നാളുകളെ കൊച്ചാപ്പി നെടുവീര്‍പ്പോടെ ഓര്‍ത്തു. ഇപ്പോള്‍ ദൈവങ്ങളുടെ പേരിലുള്ള ചെയിന്‍ മെയിലുകള്‍ പോലും വരുന്നില്ല.  സൈബര്‍ സെല്ലും രാഷ്ട്രീയ നേതാക്കളുമൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ പാവപ്പെട്ട കൊച്ചാപ്പിമാര്‍ എന്തു ചെയ്യും..

ഹേ പോലീസുകാരെ, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങളുടെ ജീവാത്മാവും പരമാത്മാവുമാണ് ഫോര്‍വേഡെഡ് മെയിലുകള്‍.  മുന്‍പൊക്കെ ഞങ്ങള്‍ക്ക് രാവിലെ ഓഫീസിലെത്തിയാല്‍ ജോലി തുടങ്ങുന്നതിനു മുന്‍പ് ഒരു ചായയോ കാപ്പിയോ ആയിരുന്നു വേണ്ടത്.  എന്നാല്‍ ഇന്ന്, രാവിലെ തന്നെ നാല് മെയില്‍ ഫോര്‍വേഡ് ചെയ്താലേ അന്നത്തെ ദിവസം ചൊവ്വാകൂ...  അതാണ്‌ നിങ്ങള്‍ ഇല്ലതാക്കിയിരിക്കുന്നത്. പകല്‍ മുഴുവന്‍ മെയിലുകള്‍ നോക്കിയിരുന്നാലെ വൈകിട്ട് ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ ഓവര്‍ടൈം ചെയ്യാന്‍ പറ്റുകയുള്ളൂ.  അങ്ങനെയല്ലേ ഞങ്ങള്‍ ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ത്തിരുന്നത്‌.  അതുകൊണ്ടു ഞങ്ങള്‍ക്ക് കിട്ടിയിരുന്നത് മൂന്നു മണിക്കൂറിനുള്ള ഇരട്ടിവേതനം മാത്രമല്ല.  ഡിന്നറും രാത്രി വണ്ടിക്കൂലിയുമായിരുന്നു.   എല്ലാം നശിപ്പിച്ചില്ലേ..? തന്നെയുമല്ല
 മെയില്‍ ഫോര്‍വേഡ് ചെയ്യുന്നവരെ അറസ്റ്റു ചെയ്യുമെന്ന  നിങ്ങളുടെ പ്രസ്താവന മൂലം ഗള്‍ഫില്‍  നിന്നും  റംസാന്‍, ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കു വരാനിരുന്ന എത്രയോ പേര്‍ തങ്ങളുടെ അവധി ക്യാന്‍സല്‍ ചെയ്തു എന്നു നിങ്ങള്‍ക്കറിയാമോ..? ഇതുമൂലം എയര്‍ ഇന്ത്യക്ക് എത്ര കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.


 ഞങ്ങള്‍ക്ക് ഒരു യുണിയന്‍ ഇല്ലാത്തതു കൊണ്ട് ഇതിനെതിരെ ആരും ശബ്ദിക്കില്ല എന്നല്ലേ നിങ്ങള്‍ കരുതിയത്‌.  എന്നാല്‍ ഞങ്ങള്‍ ഇന്റര്‍നാഷണല്‍  മെയില്‍ ഫോര്‍വേ‍ഡര്‍സ് അസോസിയേഷന്‍ (IMFA) എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു കഴിഞ്ഞു.  ഞങ്ങളുടെ രണ്ടു  സജീവ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. കൂടാതെ  ഒരുലക്ഷത്തിഒന്ന് പേരുടെ ഒപ്പ് ശേഖരിച്ചു മൈക്രോസോഫ്ട്‌ ചെയര്‍മാന്‍  ബില്‍ ഗേറ്റ്സിനും ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഇ. ഷ്മിറ്റിനും  നിവേദനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്.     അതുകൊണ്ടു  ഫോര്‍വേഡ് മെയിലുകള്‍ പോസ്റ്റാനുള്ള  ഞങ്ങളുടെ സ്വാതന്ത്ര്യത്തില്‍  വെറുതെ പാസ്സ്‌വേര്‍ഡ്‌ ഇടാന്‍ നോക്കല്ലേ...


ഈ കോലാഹലമെല്ലാം പത്തു ദിവസ്സത്തെക്കെ ഉണ്ടാവുകയുള്ളൂ എന്നു  ഞങ്ങള്‍ക്കറിയാം.  ഇതിനു മുമ്പും എത്ര ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്..? തന്ത്രി, മന്ത്രി, സ്വാമികള്‍, ടോട്ടല്‍, പോള്‍, തേക്കടി ഇതൊക്കെ  ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. മറവിയുടെ കാര്യത്തില്‍ മലയാളികള്‍ മുന്പന്തിയിലാണല്ലോ.. അതുകൊണ്ടു  ഇതും മാഞ്ഞുപോകും... എന്നിട്ടുവേണം ഈ കൊച്ചാപ്പിക്കും അവധിക്കു നാട്ടിലേക്കു വരാന്‍.

മുന്‍‌കൂര്‍ജാമ്യം (disclaimer) : ഈ മെയില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ എഴുതിപ്പോയതാണ്.   ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല... എന്നു പേടിപൂര്‍വ്വം കൊച്ചാപ്പി. (വെറുതെ ഒരു ആന്റി വൈറസ്‌ കിടക്കട്ടെ.)

Nov 18, 2009

വിദ്യാഭ്യാസ കലണ്ടര്‍ (സമ്പൂര്‍ണ്ണ ശാച്ചരതാ മാമാങ്കം)

വിദ്യാഭ്യാസ കലണ്ടര്‍
 

  തിരുവനന്തപുരം:  സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു. തിരുവന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ പ്ലസ്‌ 2 പരീക്ഷ, അടുത്ത വര്‍ഷത്തെ അഡ്മിഷന്‍ എന്നിവ താഴെ പറയും പ്രകാരം നടക്കുന്നതാണ്.

2010 ജനുവരി 10 മുതല്‍ 15 വരെ: പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ചോദ്യക്കടലാസുകള്‍ കേരളത്തിലെ വിവിധ ദേശീയ പാതകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭ്യമാകും. തുടര്‍ന്നുള്ള അഞ്ചു ദിവസത്തേക്ക്, KSU , ABVP എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താവുന്നതാണ്. ഇവരുടെ പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ SFI , DYFI എന്നീ സമാധാന പാലകരായ സംഘടനകളെ ചുമതലപ്പെടുത്തുന്നതായിരിക്കും.
2010 ജനുവരി 16 : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിനു സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കും.
2010 ഫെബ്രുവരി 15 : പുതിയ ചോദ്യ പേപ്പര്‍ അച്ച്ചടിക്കണമെന്ന ശുപാര്‍ശയോടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിക്കും. .
2010 ഫെബ്രുവരി 16  മുതല്‍ മാര്‍ച്ച് 10 വരെ : പുതിയ ചോദ്യ പേപ്പറുകള്‍ അച്ചടിക്കും
2010 മാര്‍ച്ച് 11 മുതല്‍ 15 വരെ പുതിയ ചോദ്യ പേപ്പറുകള്‍ അതീവ സുരക്ഷയോടെ  KSRTC ബസ്സുകളില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ചോദ്യ പേപ്പര്‍ കഞ്ഞിപ്പുരയിലോ വിറകുപുരയിലോ സൂക്ഷിക്കാവുന്നതാണ്. അവിടങ്ങളില്‍ പട്ടിയോ പൂച്ചയോ പ്രസവിച്ചു കിടക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ശല്യമുണ്ടാവാത്ത വിധം ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്.
2010 മാര്‍ച്ച് 20  മുതല്‍ 30 വരെ പരീക്ഷ ദിവസങ്ങള്‍ ആയിരിക്കും. ചോദ്യക്കടലാസുകള്‍ മാറിപ്പോകാന്‍ ഇടയുള്ളതുകൊണ്ട്‌ വിദ്യാര്‍തികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഉത്തരമെഴുതാന്‍ തയ്യാറായി വേണം പരീക്ഷക്ക്‌ ഹാജരാകാന്‍.
2010 ഏപ്രില്‍ 1 മുതല്‍ 15 വരെ അവധിയായിരിക്കും.
2010 ഏപ്രില്‍ 16 മുതല്‍ മെയ്‌ 15 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടക്കുന്നതായിരിക്കും. മൂല്യനിര്‍ണയത്തിനു ഹാജരാകാന്‍ കഴിയാത്ത അധ്യാപകര്‍  മുന്‍കൂട്ടി അറിയിച്ചാല്‍ ഉത്തരക്കടലാസുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കും. മൂല്യനിര്‍ണയത്തിന് പങ്കെടുക്കുന്ന ഓരോ അധ്യാപകര്‍ക്കും  ബിവരെജസ് കോര്‍പറേഷന്‍ സ്പോണ്സര്‍ ചെയ്യുന്ന അഞ്ചു കുപ്പി വിദേശമദ്യം (Teacher's  Special) ഏറ്റവും അടുത്തുള്ള ചില്ലറ വില്‍പന ശാലയില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന കൂപ്പണുകള്‍ കൊടുത്തു കൈപ്പറ്റാവുന്നതാണ്
2010 മെയ്‌ 25 : പരീക്ഷഫലപ്രഖ്യാപനം. ഈ വര്ഷം പരീക്ഷക്ക്‌ ഹാജരാകുന്ന മുഴുവന്‍ വിദ്യാര്തികളും വിജയിക്കുന്നതാണ്. 100% വിജയമെന്ന ലക്‌ഷ്യം കൈവരിക്കാന്‍ ഈ സര്‍ക്കാരിനു ഇനി അവസരമുണ്ടാവില്ലാത്തത് കൊണ്ടാണ് ഈ വര്ഷം ഈ പ്രത്യേക പരിഗണന നല്‍കുന്നത്.
2010 ജൂണ്‍ 1 മുതല്‍ പ്രവേശന പരീക്ഷ മാമാങ്കം ആരംഭിക്കുന്നതാണ്.  
2010 ജൂണ്‍ 15 മുതല്‍ സര്‍ക്കാരും സ്വാശ്രയ മാനേജമെന്റുകളും തമ്മിലുള്ള സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതായിരിക്കും. ഈ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും തത്സമയ സംപ്രേക്ഷണം കേരളത്തിലെ എല്ലാ ചാനലുകളും ലഭ്യമാക്കും. ചര്‍ച്ചകളും വെല്ലുവിളികളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ളതാക്കാന്‍  ചാനലുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏകജാലകം, വിവിധ ക്വാട്ടകള്‍, കോര്‍ട്ട് സ്റ്റേ, മുതലായ കലാപരിപാടികള്‍ അരങ്ങേരുന്നതായിരിക്കും.
2010 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ സര്‍ക്കാറും സ്വാശ്രയ മാനേജമെന്റുകളും തമ്മിലുള്ള കേസുകള്‍ക്ക്‌ തീര്‍പ്പ് കല്‍പ്പിക്കാന്‍ കേരളത്തിലെ കോടതികളില്‍ പ്രത്യേക ബഞ്ചുകള്‍ സ്ഥാപിക്കുന്നതായിരിക്കും. സുപ്രീം കോടതിയില്‍ ഒരു പ്രത്യേക ബെഞ്ചിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതായിരിക്കും.
കാര്യങ്ങള്‍ മേല്‍വിവരിച്ച പ്രകാരം മംഗളമായി നടന്നാല്‍ 2010 നവംബര്‍ ഒന്ന് മുതല്‍ ഡിഗ്രീ കോഴ്സുകളുടെ ക്ലാസുകള്‍ ആരംഭിക്കുന്നതായിരിക്കും.

വിദ്യാഭ്യസ കലണ്ടറിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഗസറ്റിലും പ്രമുഖ ദിനപ്പത്രങ്ങളിലും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.  

വാല്‍ക്കഷ്ണം: 2011 ജനുവരിയോടെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രസിദ്ധീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു.

Nov 2, 2009

എങ്കിലും.... എന്റെ ഗോപാലകൃഷ്ണാ.....

ഗോപാലകൃഷ്ണനെ കണ്ടാല്‍ ഒരുവിധപ്പെട്ടവനൊക്കെ ഒരു പ്രാവശ്യമെങ്കിലും ഞെട്ടും.  കീഴ്ജീവനക്കാരെ പേടിപ്പിച്ചു ജോലിചെയ്യിക്കാറുള്ള സുപ്പര്‍വൈസര്‍ പുലിവേലായുധന്‍  ‍പോലും ഗോപാലകൃഷ്ണന്റെ അടുത്ത് എലിയാണ്.  വീരപ്പനെന്നല്ല,  നക്കീരന്‍ പോലും നാണിച്ചുപോകുന്ന മീശയും  ആറരയടി പൊക്കവും അതിനൊത്ത  വണ്ണവും നല്ല നിറവുമുണ്ട് ഗോപാലകൃഷ്ണന്.  കറുപ്പും ഒരു നിറം തന്നെയാണല്ലോ....  പെട്ടെന്ന് കണ്ടാല്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ച രണ്ടു ടാര്‍ വീപ്പകള്‍ക്കുമുകളില്‍ ഒരു കരിക്കലം കമഴ്ത്തി  വച്ചത്  പോലുണ്ട്  ഗോപാലകൃഷ്ണനെന്ന സാധു മനുഷ്യന്‍. ഈ ശാരീരികവിശേഷങ്ങള്‍ മാത്രമല്ല  ഇദ്ദേഹത്തിന്റെ പാമ്പാടി എന്ന വീട്ടുപേരും  ഗോപാലകൃഷ്ണനെ ഒരു തലയെടുപ്പുള്ള കൊമ്പനാനയോളം  വലുപ്പമുള്ളതാക്കുന്നു. എന്നുവെച്ച്‌ ഗോപാലകൃഷ്ണന്‍ ഒരു കാട്ടാളനോന്നുമല്ല. സ്ത്രൈണത കലര്‍ന്ന ശബ്ദവും സംസാരിക്കുമ്പോള്‍ മാത്രമുള്ള വിക്കും ഒഴിച്ചാല്‍ ഗോപാലകൃഷ്ണന്‍ ഒരു പുരുഷകേസരി തന്നെയാണ്.  കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായിട്ട് ദുബായിലെ ഒരു നിര്‍മ്മാണക്കമ്പനിയില്‍ ജോലിക്കാരനായിരുന്നു.


ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിച്ചത് നിര്‍മ്മാണകമ്പനികളെയായിരുന്നു.  ഇതിനുപുറമേ,  കമ്പനിമുതലാളിയുടെ കയ്യിലിരുപ്പും കൂടിയായപ്പോള്‍  തൊഴിലാളികളെ ഓരോരുത്തരെയായി പിരിച്ചുവിടേണ്ട സ്ഥിതിയിലായി കമ്പനിയുടെ സാമ്പത്തിക നില. ഏതാനും മാസ്സങ്ങളായിട്ട് ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല.     ഇരുനൂറോളം ജോലിക്കരുണ്ടായിരുന്ന  ഈ കമ്പനിയില്‍നിന്ന്   കഴിഞ്ഞ രണ്ടു മാസമായിട്ട് ആഴ്ചയില്‍ നാലും അഞ്ചും പേരെ വീതം പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്  താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് ഈ പിരിച്ചുവിടല്‍ ഒരു അനുഗ്രഹം പോലെയായിരുന്നു.  കാരണം കുടിശികയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും കണക്കു തീര്‍ത്തു കയ്യില്‍ കിട്ടും.  


പാലക്കാട്ടുകാരന്‍ ഒരു മോഹനചന്ദ്രന്‍ പിള്ള  ആണ് കമ്പനിയുടെ ജനറല്‍ മാനേജര്‍. ഇദ്ദേഹം ആളൊരു പരമശുദ്ധന്‍.  ആരെന്തു പറഞ്ഞാലും വിശ്വസിക്കും. ഈ ഒരു സ്വഭാവം  തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ കഴിവുകേടിന് പ്രധാന കാരണമായിരുന്നു. കണ്‍ഫ്യൂഷന്‍പിള്ള എന്നാണ് ഇദ്ദേഹം  പൊതുവേ കമ്പനിയില്‍ അറിയപ്പെട്ടിരുന്നത്.   കൂടാതെ ഇയാളുടെ പ്രധാന ഉപദേശി ഫിനാന്‍സ് മാനേജരായിരുന്ന ഒരു ഹിന്ദിക്കാരന്‍ ഗുപ്തയായിരുന്നു. മറ്റുള്ളവര്‍ക്ക് പാരവെക്കുന്നതില്‍ ബിരുദാനന്തരബിരുദമെടുത്ത ആളായിരുന്നു  ശ്രീമാന്‍ ഗുപ്ത. 


പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു. നാട്ടിലേക്കു പോകുന്ന ദിവസം ഗോപാലകൃഷ്ണന്‍ ജനറല്‍ മാനജരെക്കണ്ട് താണുവണങ്ങി വിക്കിവിക്കി ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചു. അദ്ദേഹത്തിന് ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഗോപാലകൃഷ്ണനോട് പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ഉടനെതന്നെ ജനറല്‍ മാനജര്‍ സെക്രെട്ടറിയെ വിളിച്ചു ഒരു സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കികൊണ്ടുവരാന്‍ പറഞ്ഞു. സെക്രട്ടറി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഒപ്പിടീക്കാന്‍ കൊണ്ടുചെന്നപ്പോള്‍ മോഹനചന്ദ്രന്‍പിള്ളയുടെ  റൂമില്‍ ഉപദേശി ഗുപ്തയും ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങി വായിച്ചു നോക്കിയശേഷം ഉപദേശി ഗുപ്ത പിള്ളക്ക് വിലപ്പെട്ട ഒരു ഉപദേശം കൊടുത്തു. ഒരു വര്‍ക്കര്‍ക്ക് അവന്‍ വളരെ നല്ല ജോലിക്കരനനെന്നുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ഒരിക്കലും കൊടുക്കാന്‍ പാടില്ല. അത് കാണിച്ചു അവന്‍ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ ജോലി സമ്പാദിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടു പേരിനൊരു സര്‍ട്ടിഫിക്കറ്റ് മാത്രമേ കൊടുക്കാവൂ. പിള്ള കന്ഫ്യുഷനിലായി. അദ്ദേഹം ഗോപാലകൃഷ്ണനെ വിളിച്ചു സര്‍ട്ടിഫിക്കറ്റ് നാട്ടിലേക്ക് അയച്ചുകൊടുത്തെക്കാമെന്ന് പറഞ്ഞു. അങ്ങനെ ഗോപാലകൃഷ്ണന്‍ ഫ്ലൈറ്റ് കയറി.
മൂന്നുനാല് ദിവസത്തെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുംശേഷം ജനറല്‍ മാനേജര്‍ ഇപ്രകാരം ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗോപാലകൃഷ്ണന് കൊറിയറില്‍ അയച്ചുകൊടുത്തു. "ശ്രീ ഗോപാലകൃഷ്ണന്‍  കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്ന് ജനറല്‍ മാനേജര്‍" (ഒപ്പ്).


ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടില്‍നിന്നു ഗോപാലകൃഷ്ണന്റെ ഒരെഴുത്ത് ജനറല്‍ മാനേജര്‍ക്ക് കിട്ടി. ശുദ്ധമലയാളത്തിലുള്ള കത്ത്  തുറന്നു വായിച്ച പിള്ളയുടെ കണ്ണില്‍ പൊന്നീച്ച പറന്നു. പിള്ളയുടെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്ത് കിട്ടുന്നുത്.


" പ്രിയപ്പെട്ട മോഹനചന്ദ്രന്‍സാറിന്. സാറിനെ കണ്ടപ്പോള്‍ ഞാന്‍ കരുതി അല്പം വിവരവും വിദ്യാഭ്യാസവുമുള്ള ആളാണെന്നു.   കോട്ടും ടൈയ്യും ഇട്ടതുകൊണ്ടുമാത്രം വിവരമുണ്ടാകില്ല സാറേ.... പന്ത്രണ്ടു വര്ഷം ജോലിചെയ്ത ഒരാള്‍ക്ക് ഇങ്ങനെയാണോ സാറേ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുന്നത്?  ഇത് സാറ് തന്നെ വച്ചോ... എനിക്കിതിന്റെ ആവശ്യമില്ല.... എന്റെ പഴയ കമ്പനിയില്‍നിന്ന് കിട്ടിയ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കോപ്പി ഇതിന്റെ കൂടെ വക്കുന്നു.  സാറിന് ഭാവിയില്‍ പ്രയോജനപ്പെടും. എന്ന്... വിനയപൂര്‍വ്വം... ഗോപാലകൃഷ്ണന്‍ (ഒപ്പ്) ..."


കത്ത്  വായിച്ചശേഷം പിള്ള ആദ്യം ഒരു ഗ്ലാസ്‌ വെള്ളം വരുത്തി കുടിച്ചു. പിന്നെ സെക്രട്ടറിയെ വിളിച്ചു ആദ്യം ഉണ്ടാക്കിയ നല്ല  എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ ഗോപാലകൃഷ്ണന് കൊറിയറില്‍ അയച്ചുകൊടുത്തു.