Apr 18, 2011

ഇന്‍ ഗോസ്റ്റ് ഹൗസ് റീലോഡഡ്

സത്യത്തില്‍  പ്രേതങ്ങള്‍ ഉണ്ടോ?  ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമായ ഉത്തരം ആര്‍ക്കും ഇല്ല. ആരോ ഒരാള്‍ ഒരിക്കല്‍ പ്രേതത്തെ കണ്ടു... അല്ലെങ്കില്‍ ഒരാളെ പ്രേതം ഓടിച്ചു... എന്നൊക്കെയല്ലാതെ, പ്രേതങ്ങളെ നേരിട്ട് കാണുകയോ, പ്രേതങ്ങളുമായി സംവദിക്കുകയോ ചെയ്തിട്ടുള്ള ആരും തന്നെ ഇല്ലെന്നു തോന്നുന്നു. എന്നാല്‍ പ്രേതങ്ങള്‍ ഇല്ലെന്നു തറപ്പിച്ചു പറയാനോ തെളിയിക്കാനോ ആര്‍ക്കും സാധിക്കുന്നുമില്ല. നമ്മുടെ ചാക്കോ നമ്പൂതിരിക്കും ഉണ്ടായി കുറച്ചുകാലം മുന്‍പ് ഒരു പ്രേതാനുഭവം.  
മതസൗഹാര്‍ദ്ദത്തിനു ഉത്തമോദാഹരണമാണു ഞങ്ങളുടെ ഗ്രാമം. ഹൈന്ദവക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ ദേവാലയങ്ങളും, മുസ്ലിം പള്ളികളും അവയോടനുബന്ധിച്ചുള്ള വിദ്യാലയങ്ങളും ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു. ചാക്കോനമ്പൂതിരിയുടെ ഇല്ലത്തിനു അധികം അകലെയല്ലാതെ ഒരു അമ്പലം, അമ്പലക്കുളം, അല്പം മാറി ആദിവാസികള്‍ ഉപയോഗിക്കുന്ന  കാടുപിടിച്ച ഒരു ശ്മശാനം, അതിന്റെ  നേരെ എതിര്‍വശത്തുള്ള കുന്നിന്‍ചെരുവില്‍ മുസ്ലിം പള്ളി, അതിനോട് 
ചേര്‍ന്ന്  കാടുമൂടി കിടക്കുന്ന പള്ളിക്കാട്‌ എന്നിവ സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു ക്രിസ്ത്യന്‍ പള്ളിയും അതിനു പുറകില്‍ പൂച്ചെടികള്‍ വച്ച് പിടിപ്പിച്ച സെമിത്തേരിയും.  ചുരുക്കത്തില്‍ ഈ മൂന്നു ശ്മശാനങ്ങളിലുമായി ഞങ്ങളുടെ നാട്ടില്‍ മരണപ്പെട്ടവരുടെയെല്ലാം ആത്മാക്കള്‍ സ്വച്ഛന്തം വിഹരിക്കുന്നു. പ്രേതങ്ങളും വളരെ സൌഹൃദത്തിലാണ് കഴിയുന്നത്‌. രാത്രിയുടെ ഭീകരയാമങ്ങളില്‍ ഈ ശ്മാശാനങ്ങളിലെ പ്രേതങ്ങള്‍ പരസ്പരം സൌഹൃദസന്ദര്‍ശനങ്ങള്‍ നടത്തുന്നത് കണ്ടവര്‍ പലരുമുണ്ടത്രേ. പകല്‍ സമയത്ത് പ്രേതങ്ങള്‍ കാടുപിടിച്ച ശ്മശാനങ്ങളില്‍ കുറുക്കന്മാരുടെ രൂപത്തിലാണത്രേ കഴിയുന്നത്‌.  

പണ്ട് ഈ അമ്പലത്തിന്റെയും പള്ളിയുടെയും മുന്പില്കൂടി ഒരു നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴിയുടെ ഓരത്തായി അമ്പലത്തിന്റെയും മുസ്ലിം പള്ളിയുടെയും മുമ്പില്‍ ഓരോ വലിയ കുളങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു കുളങ്ങളിലും വെള്ള, ചുവപ്പ്, നീല നിറങ്ങളിലുള്ള വലിയ ആമ്പല്‍പൂക്കള്‍ എല്ലാ കാലങ്ങളിലും വിരിഞ്ഞു നിന്നിരുന്നു. ഇപ്പോള്‍ ആ നടവഴി ധാരാളം വാഹനങ്ങള്‍ ഓടുന്ന  ഒരു സ്റ്റേറ്റ് ഹൈവേ ആണ്. ഈ റോഡു വന്നപ്പോള്‍ അമ്പലക്കുളത്തിന്റെ പകുതിയും  പള്ളിക്കുളം മുഴുവനും മൂടേണ്ടിവന്നു. പള്ളിക്കുളം 
മൂടിയതോടെ മുസ്ലിം പ്രേതങ്ങളുടെ വെള്ളംകുടി മുട്ടി. അവര്‍ രാത്രി കാലങ്ങളില്‍ റോഡു മുറിച്ചു കടന്നു അമ്പലത്തിന്റെ  പകുതി കുളത്തില്‍ നിന്ന് വെള്ളമെടുക്കാന്‍ തുടങ്ങി. അതോടെ സന്ധ്യ കഴിഞ്ഞാല്‍ നാട്ടുകാര്‍ അതു വഴി നടക്കതെയായി. അസമയങ്ങളില്‍ അതുവഴി പോയ പലരും അമ്പലക്കുളത്തില്‍ വെള്ളം 
കുടിക്കാനെത്തുന്ന പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രേ.  കുളം മൂടിയതിനെതിരെ പള്ളിക്കാട്ടിലെ പ്രേതങ്ങള്‍ ഇന്നും പ്രതികരിക്കുന്നുന്ടെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇന്നും പള്ളിയില്‍ ബാങ്കുവിളി മുഴങ്ങുമ്പോള്‍ കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരിയിട്ടു തങ്ങളുടെ
പ്രതിഷേധം അറിയിക്കാറുണ്ട്. ഇതിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ചുറ്റുവട്ടത്തെ നായ്ക്കളും ഒരു തല്‍സമയസംപ്രേക്ഷണം നടത്തും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.

ചാക്കോനമ്പൂതിരിയുടെ അയല്‍വക്കത്ത് വാടകയ്ക്ക്  താമസിച്ചിരുന്നത് ഞങ്ങളുടെ നാട്ടിലെ ഉന്നതവിദ്യാഭാസ സ്ഥാപനമായ യു പി സ്കൂളിലെ ഒരു മാഷായിരുന്നു. മാഷിന്റെ ഭാര്യ അതേ സര്‍വകലാശാലയിലെ അധ്യാപികയും. അന്യനാട്ടില്‍നിന്നു ജോലിക്കുവേണ്ടി ഇവിടെ എത്തിപ്പെട്ടവരാണ് രണ്ടാളും.വളരെക്കാലം രണ്ടുപേരും തൊട്ടടുത്ത ക്ലാസ്സുകളില്‍ കുട്ടികള്‍ക്ക് കേട്ടെഴുത്ത് പരീക്ഷകള്‍ നടത്തി പരിപോഷിപ്പിച്ചെടുത്ത പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.  പിന്നീട് ആ ദാമ്പത്യവല്ലരിയില്‍ വര്‍ഷാവര്‍ഷം പൂക്കള്‍ വിരിയാന്‍ തുടങ്ങി. വിരിഞ്ഞതെല്ലാം പെണ്പൂക്കള്‍. ഇടക്കൊന്നു ഇരട്ടപ്പൂവും. ഒരു ആണ്പൂവിനു വേണ്ടിയാണ് ശ്രമിച്ചതെങ്കിലും ആറാമത്തെ പൂവോടെ ഇനി റിസ്കെടുക്കാന്‍ വയ്യെന്ന് പറഞ്ഞു മാഷ്‌ സുല്ലിട്ടു സര്‍ക്കാരിന്റെ ബക്കറ്റു വാങ്ങി. കല്യാണം കഴിഞ്ഞതോടെ  ടീച്ചര്‍ക്ക് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം സ്കൂളില്‍ പോയാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രസവാവധിയും  പിന്നെ രണ്ടു മാസം സ്കൂള്‍ അവധിയും. പ്രസവാവധിക്കാലത്ത് ടീച്ചര്‍
അവരുടെ വീട്ടിലേക്കു പോകും  പിന്നെ മാഷ് ഒറ്റക്കാണ് താമസം. ഇടക്കൊക്കെ മാഷ് ടീച്ചറെ കാണാന്‍ അവരുടെ നാട്ടിലേക്കു പോകും. അപ്പോള്‍ വീട്ടിലെ ആട്, കോഴി, പട്ടി, പൂച്ച മുതലായവയുടെ ചുമതല ചാക്കോ നമ്പൂതിരിയെ ഏല്പിക്കും. രാത്രി ചാക്കോച്ചന്‍ മാഷിന്റെ വീട്ടില്‍ പോയി കിടക്കും.

പതിവുപോലെ ഒരു പ്രസവാവധിക്കാലത്ത്  മാഷ് ടീച്ചറെ കാണാന്‍ പോയി. ചാക്കോ നമ്പൂതിരി മാഷിന്റെ വീട്ടില്‍ രാത്രി കാവല്കിടപ്പ് ആരംഭിച്ചു. ആദ്യത്തെ ദിവസം ഏതാണ്ട് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ വീട്ടുപടിക്കല്‍ ഒരു നായ ഓലിയിട്ടു. അല്പസമയത്തിനുള്ളില്‍ ശ്മശാനങ്ങളിലെ കുറുക്കന്മാര്‍ അതിനു കോറസ് പാടി. ശക്തിയായടിച്ച കാറ്റില്‍  മരച്ചില്ലകള്‍ ആടിയുലഞ്ഞു. ജനലരികില്‍ ഏതോ
പാതിരാപ്പക്ഷിയുടെ ചിറകടി ശബ്ദം.....  ആകെക്കൂടി വല്ലാത്ത ഒരു ഭീകരാവസ്ഥ. ചാക്കോ നമ്പൂതിരിയുടെ ധൈര്യം ആവിയായി എവിടെയോ മാഞ്ഞു. പകരം മറ്റൊരു വികാരം ഞരമ്പുകളില്‍ ഉറഞ്ഞുകൂടി.  അതിനെ ഭയമെന്നു വിളിക്കണോ പേടിയെന്ന് വിളിക്കണോ എന്ന് അറിയാത്ത അവസ്ഥയിലായി ചാക്കോച്ചന്‍. രാത്രി ആ വീട്ടില്‍ ഒറ്റയ്ക്ക് കിടക്കാന്‍ വരേണ്ടിയിരുന്നില്ലെന്നു തോന്നി. ആരെയെങ്കിലും കൂട്ടിനു വിളിക്കാമായിരുന്നു.  പെട്ടെന്ന് അടുക്കളഭാഗത്തുനിന്നു നിന്ന് ഒരു നിലവിളി ശബ്ദം..... പിന്നെ പേടിച്ചരണ്ട ഒരു നായയുടെ മുരള്‍ച്ച..... അടുക്കളയുടെ കതകില്‍ എന്തോ ശക്തിയായി  ഉരയ്ക്കുന്നതുപോലെ.... ചാക്കോ നമ്പൂതിരിക്ക് ഒരേ സമയം ഉത്തര്‍പ്രദേശില്‍ കടുത്ത വരള്‍ച്ചയും   മധ്യപ്രദേശില്‍ വലിയ പ്രളയവും  അനുഭവപ്പെട്ടു. പ്രളയക്കെടുതി കട്ടിലിനു താഴെ തളംകെട്ടി നിന്നു.  പിന്നെ
കുറച്ചുനേരത്തേക്ക് അനക്കമൊന്നുമില്ല. പെട്ടെന്ന്  മുന്‍വാതിലില്‍  ആരോ തള്ളുന്നതുപോലെ തോന്നി. നേരത്തെ അടുക്കളവാതിലില്‍
കേട്ടതുപോലെ മുന്‍വാതിലിലും   എന്തോ ഉരയ്ക്കുന്ന ശബ്ദം. പിന്നീടൊരു വരള്‍ച്ചയോ പ്രളയമോ ഉണ്ടായോ എന്നറിയില്ല. പുലര്‍ച്ചെ  ബോധം തെളിഞ്ഞപ്പോഴാണ്‌ ബോധംപോയ വിവരം ചാക്കോച്ചന്‍ അറിഞ്ഞതുതന്നെ. പേടിച്ചരണ്ട കണ്ണുകളോടെ,.... വരണ്ട ചുണ്ടോടെ,.... വിറയ്ക്കുന്ന കാലുകളോടെ,.... നനഞ്ഞ മുണ്ടോടെ.... ചാക്കോച്ചന്‍ പതുക്കെ വാതില്‍ തുറന്നു. പുറത്തു തലേന്ന് രാത്രി എന്തെങ്കിലും സംഭവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ല.  പക്ഷെ വാതിലേക്ക് നോക്കിയ ചാക്കോനമ്പൂതിരി ഞെട്ടിപ്പോയി.... വാതില്പാളികളില്‍ നീളത്തില്‍ എന്തോ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞതുപോലെയുള്ള പാടുകള്‍. അടുക്കളഭാഗത്തെ വാതിലിലുമുണ്ട് സമാനമായ പാടുകള്‍. ചാക്കോച്ചനു ഒരു കാര്യം തീര്‍ച്ചയായി. പ്രേതങ്ങള്‍ ഉണ്ട്.

ചാക്കോ നമ്പൂതിരി നേരെ  വീട്ടില്‍  പോയി നനഞ്ഞ ലുങ്കി മാറി കവലയിലേക്കു തിരിച്ചു. ചെല്ലപ്പനെ കണ്ടു വിവരങ്ങള്‍ പറയണം. ചെല്ലപ്പന്‍ ചാക്കോ നമ്പൂതിരിയുടെ ചെറുപ്പം മുതലേയുള്ള ആത്മസുഹൃത്താണ്. സ്ഥലത്തെ പ്രധാന വായ്നോക്കി. ഓസ്സിനു കിട്ടിയാല്‍ ആസിഡും കുടിക്കും.  ചീട്ടുകളിയാണ് പ്രധാന ഉപജീവനമാര്‍ഗം.  കൂടാതെ ചാക്കോച്ചനെപ്പോലുള്ള ചില തിരുമണ്ടന്‍മാര്‍  ഉള്ളതുകൊണ്ട് വട്ടച്ചിലവ് നടന്നുപോകുന്നു. കൂട്ടിനു ആരെയും കിട്ടിയില്ലെങ്കില്‍ ഒറ്റക്കിരുന്നും ചീട്ടുകളിക്കും. എപ്പോഴും ഒരുപെട്ടി ചീട്ടു കയ്യിലുണ്ടാകും.  താന്‍ മരിക്കുമ്പോള്‍ തന്റെ കുഴിമാടത്തില്‍ ഒരുപെട്ടി ചീട്ടുകൂടി വയ്ക്കണമെന്ന് വേണ്ടപ്പെട്ടവരെ ചെല്ലപ്പന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അത്രയ്ക്ക് ഗാഡമായ ബന്ധമാണ് ചെല്ലപ്പനും ചീട്ടും തമ്മില്‍.

ചെല്ലപ്പന്‍ പതിവുപോലെ ചായക്കടയില്‍ത്തന്നെ ചൊറികുത്തി ഇരുപ്പുണ്ട്‌.
"ചെല്ലപ്പാ... ങ്ങട് വര്വാ...."
"എന്താടേ...."
"വാ ഒരു കാര്യംണ്ട്... പറയാം.."
തിരുമേനി ചെല്ലപ്പനെ വിളിച്ചു ഒരു മരച്ചുവട്ടിലേക്ക് മാറ്റിനിര്‍ത്തി തലേന്നത്തെ സംഭവങ്ങള്‍ വിവരിച്ചു.
"പോടേ... നീ സ്വപ്നം കണ്ടുകാണും..." കണ്ണുകൊണ്ട് കാണുകയും കൈകൊണ്ടു തൊടുകയും ചെയ്യാതെ താന്‍ വിശ്വസിക്കുകയില്ലെന്നായി ചെല്ലപ്പനെന്ന തോമ്മാശ്ലീഹാ. സെമിത്തേരിയില്‍ കിടന്നുറങ്ങിയിട്ടുണ്ട് 
ചെല്ലപ്പന്‍.  തൂങ്ങിമരിച്ച എത്രപേരെ താഴെയിറക്കിയിരിക്കുന്നു. പുഴയില്‍നിന്നു എത്ര ശവങ്ങള്‍
മുങ്ങിയെടുത്തിരിക്കുന്നു. പക്ഷെ ഇന്നോളം ഒരു പ്രേതവും ചെല്ലപ്പന് ദര്‍ശനം നല്‍കിയിട്ടില്ല....

അവസാനം അവര്‍ ഒരു ഒത്തുതീര്പ്പിലെത്തി. അന്ന് രാത്രി രണ്ടുപേരും ഒന്നിച്ചു മാഷിന്റെ വീട്ടില്‍ കിടക്കുന്നു..
"ശരി ശരി നീ ഒരു ചായക്ക്‌ പറ..." ചെല്ലപ്പന്‍ ചാക്കോച്ചനെ ഓസാന്‍  തുടങ്ങി.

 അന്ന് രാത്രി ചാക്കോച്ചനും ചെല്ലപ്പനും ഒരു കുപ്പിയും മാഷിന്റെ വീട്ടില്‍ കര്‍മ്മനിരതരായി. കള്ളും കാന്താരി മുളകും... ബെസ്റ്റ് കോമ്പിനേഷന്‍.... സമയം കടന്നു പോയത് അവര്‍ മാത്രം അറിഞ്ഞില്ല. പെട്ടെന്ന് കാറ്റ് ആഞ്ഞു  വീശി. നായ നിലവിളിച്ചു. കുറുക്കന്മാരുടെ ഗാനമേള... പിന്നെ അടുക്കളഭാഗത്ത്‌ ഒരു ദീനരോദനം.... വാതിലില്‍ തലേന്ന് കേട്ടതുപോലെ ഒരു ശബ്ദം... തലേന്നത്തെതുപോലെയുള്ള പിന്നണി മേളങ്ങള്‍. രണ്ടുപേര്‍ക്കും കെട്ടിറങ്ങി. ചാക്കോച്ചനു വരള്ച്ചയുണ്ടായെങ്കിലും പ്രളയമുണ്ടായില്ല.  ചെല്ലപ്പന്‍ അറിയാതെ ഒരു കാന്താരിമുളക് ഡ്രൈ ആയി കടിച്ചു. കണ്ണില്‍ പൊന്നീച്ച പറന്നു. എരിവു മാറ്റാന്‍ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് ഓണ്‍ ദി റോക്ക് അടിച്ചു.  ചെല്ലപ്പന് കാലിന്റെ പെരുവിരലില്‍ കൂടി ധൈര്യം മുകളിലേക്ക് ഇരച്ചുകയറി. കൂടെ കരുതിയിരുന്ന പിച്ചാത്തി കയ്യിലെടുത്തു ചെല്ലപ്പന്‍ അടുക്കളയിലേക്കു നടന്നു. ഒറ്റക്കിരിക്കാന്‍ ധൈര്യമില്ലഞ്ഞതിനാല്‍ ചാക്കോ നമ്പൂതിരി പുറകെ നടന്നു. 
'വേണ്ട ചെല്ലപ്പാ.... കതകു തുറക്കരുത്... ചാക്കോ നമ്പൂതിരി തടയാന്‍ ശ്രമിച്ചു. 
പക്ഷെ  ചെല്ലപ്പന്‍ വിട്ടില്ല. "ഇന്ന് ഈ .....നെ  ഒന്ന് കണ്ടിട്ടേയുള്ളൂ..." ധീരന്മാര്‍ ഒരിക്കലെ മരിക്കാറുള്ളൂ. വലതുകയ്യില്‍ കത്തിയുമായി ഇടതു കൈ കൊണ്ട് ചെല്ലപ്പന്‍ വാതില്‍ തുറന്നു.അവിടെ കണ്ട കാഴ്ച്ചയില്‍ ചെല്ലപ്പനും ചാക്കോച്ചനും ഒന്നിച്ചു ഞെട്ടി...... പുറത്തു ഇരുട്ടില്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍.....  ചെല്ലപ്പന്റെ ധൈര്യം മുകളിലേക്ക് കയറിയ അതേ സ്പീഡില്‍  തിരിച്ചിറങ്ങി. ചാക്കോച്ചന്‍ ചൂണ്ടുവിരലുകള്‍ കുരിശാകൃതിയില്‍ ഉയര്‍ത്തിപ്പിടിച്ചു.   അല്പധൈര്യം സംഭരിച്ചു ചെല്ലപ്പന്‍ ഇരുട്ടിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ പുറകില് മാഷിന്റെ കറുത്ത നായുടെ വെളുത്ത വാല്‍ ആടുന്നു....‍

ചെല്ലപ്പന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി... രണ്ടു ദിവസമായി ചാക്കോച്ചന്‍ നായക്ക് ഭക്ഷണമൊന്നും കൊടുത്തിട്ടില്ല. വിശപ്പുകൊണ്ട് നായ നടത്തിയ പരാക്രമങ്ങളാണ് രണ്ടു ദിവസമായി അവിടെ നടന്നത്.!!!

ഒരു  ചോദ്യം  വീണ്ടും  ചോദ്യമായി തന്നെ അവശേഷിക്കുന്നു. സത്യത്തില്‍  പ്രേതങ്ങള്‍ ഉണ്ടോ?......

Mar 20, 2011

മൈസൂര്‍ ടൈംസ്

അവതാരപുരുഷന്മാര്‍ ലോകനന്മക്കുവേണ്ടി  അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. കണ്ണ് തള്ളിപ്പോകുന്ന തരത്തിലുള്ള അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച  ആളായിരുന്നു യേശുക്രിസ്തു. ലോകത്തെ സകലമാന കുടിയന്മാര്‍ക്കും അഭിമാനിക്കാം, യേശുക്രിസ്തു തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതു കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിക്കൊണ്ടായിരുന്നല്ലോ..   പക്ഷെ പിന്നീടിതുവരെ ഇങ്ങനെ ഒരു അത്ഭുതം ആരും കാണിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ആധുനിക കാലത്തെ പല അവതാരപുരുഷന്മാരും മറ്റു പല അത്ഭുതങ്ങളും ചെയ്യുന്നുണ്ടെങ്കിലും ഇതു മാത്രം ആര്‍ക്കും സാധ്യമായിട്ടില്ല. ഒരുപക്ഷെ യേശുക്രിസ്തു തന്റെ ആദ്യത്തെ അത്ഭുതം നടത്തിയതിനുശേഷം അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയിട്ടായിരിക്കാം ഈ  അത്ഭുതത്തിന്റെ മാത്രം കോപ്പിറൈറ്റ് ആര്‍ക്കും കൊടുക്കാതിരുന്നത്. എന്നാല്‍  അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വിളമ്പിയ അത്ഭുതത്തിന്റെ മാതൃകയില്‍ അഞ്ചു ലിറ്റര്‍ കള്ള് പത്തും ഇരുന്നൂറും ഇരുനൂറു ലിറ്ററാക്കി മാറ്റുന്ന ചില വിദ്യകള്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഈ അത്ഭുതകള്ളു കുടിച്ചു മലപ്പുറത്ത്‌  രണ്ടു ഡസനില്‍പരം ആള്‍ക്കാര്‍ മരിച്ചിട്ട് അധികമായില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. (പ്രഖ്യാപനം വന്നതുമുതല്‍ പലരും പ്രായംചെന്ന കുടിയനമാരെ നിര്‍ബന്ധിച്ചു ഷാപ്പുകളിലേക്ക് പറഞ്ഞുവിട്ടതായും കേള്‍ക്കുന്നു). 

കാനായിലെ  അത്ഭുതത്തിന്റെ  റിവേഴ്സ് ഇഫ്ഫെക്ടിലുള്ള  ഒരു അത്ഭുതം കുറെനാള്‍ മുമ്പ് എന്റെ വീട്ടില്‍ നടന്നു. ഒരു കുപ്പി വിദേശമദ്യം ഇരുന്ന ഇരുപ്പില്‍ വെള്ളമായി മാറി.  പ്രയ്സ് ദി ലോഡ്.

മൈസൂര്‍ നഗരമാണ് ലൊക്കേഷന്‍. ടിപ്പു സുല്‍ത്താന്റെയും വോഡയാര്‍ രാജകുടുംബത്തിന്റെയും നഗരം. ചാമുണ്ഡിമലയുടെയും വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെയും നാട്.  കാലങ്ങളായി കേരളത്തിലെ സ്കൂളുകളില്‍നിന്നു വര്‍ഷാവര്‍ഷം എക്സ്കര്‍ഷന് പോകുന്ന സ്ഥലം. കര്‍ണ്ണാടകത്തിന്റെ സാംസ്കാരികനഗരം. "കര്‍ണ്ണാടകമെന്നു കേട്ടാല്‍ തിളക്കണം ലഹരി ഞരമ്പുകളില്‍" എന്നതാണ് ഇവിടുത്ത സര്‍ക്കാരിന്റെ മദ്യനയം. ഒരു ക്വാര്‍ട്ടെറിനു ഇരുപതു രൂപമുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അതുകൊണ്ടു തന്നെയാവണം  നമ്മുടെ നാട്ടിലെപ്പോലെ ഇവിടെ വിഷമദ്യദുരന്തങ്ങള്‍ ഉണ്ടാവാത്തത്.    ഇവിടെയാണ്‌ ഞാന്‍ കുഞ്ഞുകുട്ടിപരാധീനങ്ങളുമായി കഴിഞ്ഞു കൂടുന്നത്. ഞാനും ഭാര്യയും ജോലിക്ക് പോകുന്നതിനാല്‍ മക്കളെ നോക്കാന്‍ ഒരു പ്രായംചെന്ന സ്ത്രീയെ നിര്‍ത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഞങ്ങളോടൊപ്പംതന്നെയാണ്  താമസ്സിക്കുന്നത്‌. മലയാളം നന്നായി മനസ്സിലാകുമെങ്കിലും മൊഴിയുന്നത് കന്നടയില്‍ മാത്രം. ഞങ്ങള്‍ അവരെ അജ്ജീ എന്നാണ് വിളിക്കുന്നത്‌. (കന്നടയില്‍ അമ്മൂമ്മ എന്നര്‍ത്ഥം).  പൊതുവേ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ പ്രായംചെന്ന സ്ത്രീകള്‍  അല്പം വലിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ്. മൂലവെട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാക്കറ്റ് ചാരായമാണ് ഇവരുടെ ഇഷ്ട ബ്രാന്‍ഡ്‌. അതാകുമ്പോള്‍ വിലയോ തുച്ഛം ഗുണമോ മെച്ചം... എന്നുവച്ചാല്‍ പത്തു രൂപയ്ക്കു സൂപ്പര്‍ കിക്ക്.  എന്നാല്‍ അജ്ജിക്ക് അത്തരം സ്വഭാവമൊന്നും ഉള്ളതായി ഞങ്ങള്‍ക്കറിയില്ല. തന്നെയുമല്ല അല്പം വൃത്തിയും വെടിപ്പുമൊക്കെയുണ്ടുതാനും .  

വീട്ടില്‍ വിരുന്നുകാര്‍ വരുന്നത് വീടിനു ഐശ്വര്യമാണെന്നു വിശ്വസിച്ചിരുന്ന ആളായിരിന്നു ഞാന്‍. പക്ഷെ ആ വിശ്വാസം തിരുത്തേണ്ടിവന്നത് മൈസൂര് താമസമാക്കിയതിനുശേഷമാണ്. എനിക്ക് വിരുന്നുകാരൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയായിരുന്നു. ഞങ്ങള്‍ക്ക് നാട്ടില്‍ ബന്ധുമിത്രാദികള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ടു മിക്കപ്പോഴും ആരെങ്കിലുമൊക്കെ മൈസൂര്‍ കാണാനായി വരുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഒരു ഫോണ്‍. "എടാ നാളെ ഞങ്ങള്‍ ആങ്ങോട്ടു വരുന്നുണ്ട്". അതായത്  പിറ്റേന്ന് ഒരു വണ്ടി നിറയെ ആളുകള്‍ രാവിലെ എന്റെ  വീട്ടില്‍ ലാന്‍ഡ്‌ ചെയ്യുന്നു. എന്റെ വീട്ടില്‍ കുളിച്ചു ഫ്രഷ്‌ ആയി എന്തെങ്കിലും ബ്രേക്ക്ഫാസ്റ്റ്  കഴിച്ചിട്ട് നഗരം ചുറ്റല്‍. രാത്രി എന്റെ വീട്ടില്‍ ഉറക്കം. ആണ്‍പ്രജകളെ രാത്രി ഒന്ന് സല്കരിക്കണം. അതും തരക്കേടില്ലാത്ത ബ്രാന്‍ഡ്‌ തന്നെ വേണം.  പിറ്റേന്ന് ബാക്കിയുള്ള സ്ഥലങ്ങള്‍ കാണുന്നു. വൈകിട്ട് വീട്ടില്‍ വന്നു ഒരു ചായയും കുടിച്ചു സ്ഥലം വിടുന്നു. ഈ രണ്ടു ദിവസവും ഞാന്‍ ഒരു ടൂറിസ്റ്റ് ഗൈഡായി മാറുന്നു.   ഇതാണ് സാധാരണയായി ഞങ്ങളുടെ വാരാന്ത്യപതിവുകള്‍.  ഇങ്ങനെ പര്യടനത്തിനു വരുന്നവരില്‍ അധികവും നന്നായി 'വീശു'ന്നവരായതിനാല്‍ എപ്പോഴും ഞാന്‍ വീട്ടില്‍ ഒന്നോ രണ്ടോ കുപ്പി വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. കൂടാതെ ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് വിദേശ ബ്രാഞ്ചുകളില്‍നിന്നു സന്ദര്‍ശനത്തിനു വരുന്ന സായിപ്പന്മാര്‍ ഇടക്കൊക്കെ കൊണ്ടുവന്നു തരാറുള്ള "വിദേശികളും" എന്റെ സ്റ്റോക്കില്‍ മിക്കവാറും ഉണ്ടാവും. ആഴ്ചയില്‍ അഞ്ചോ ആറോ തവണ മാത്രം  വെറും ഏഴോ എട്ടോ  പെഗ്ഗ്  വീതം കഴിക്കുന്നതൊഴിച്ചാല്‍ എനിക്ക് മദ്യപിക്കുന്ന ശീലം തീരെയില്ലായിരുന്നു. 

ഒരു ശനിയാഴ്ച എനിക്ക് വളരെ വേണ്ടപ്പെട്ട രണ്ടു ഗ്ലാസ്‌മേറ്റ്സ്  വിരുന്നുവന്നു.  സ്റ്റോക്കിലുള്ള ഒരു  ജോണിക്കുട്ടനെ  പൊട്ടിക്കാമെന്ന് തീരുമാനിച്ചു.   കട്ടിലിന്റെ അടിയില്‍ ഒരു മൂലയിലാണ് സാധാരണയായി ഞാന്‍ കുപ്പികള്‍ സൂക്ഷിക്കാറുള്ളത്. ടച്ചിംഗ്സ്, സോഡാ, മുതലായവയെല്ലാം റെഡിയാക്കിയശേഷം ഞാന്‍ കട്ടിലിനടിയില്‍ കയ്യെത്തിച്ച്  ജോണിക്കുട്ടന്റെ   കഴുത്തിനുപിടിച്ചു .  ലോക്കല്‍ കുട്ടന്മാരെ ഒരു സൈഡിലേക്ക്  മാറ്റിനിര്‍ത്തി. കയ്യിലെടുത്തപ്പോള്‍  ഒരു കനക്കുറവുപോലെ. പുറത്തെടുത്തു നോക്കിയ ഞാന്‍ ഞെട്ടി. കുപ്പിയില്‍ പകുതിയില്‍ താഴെ മാത്രമേ ഉള്ളൂ... ഈശ്വരാ ഇതെങ്ങനെ...? ഒരു പക്ഷെ കഴിഞ്ഞ പ്രാവശ്യം കഴിച്ചപ്പോള്‍  തീര്‍ന്നതായിരിക്കുമെന്നു സമാധാനിച്ചു. ഏതായാലും ആ പകുതികൊണ്ടു വീശു തുടങ്ങി.  കഷ്ടിച്ച് ഈരണ്ടു പെഗ്ഗ് വീതമേ ഉണ്ടായിരുന്നുള്ളൂ.... എന്നാലും ഇവന്‍ കൊള്ളാം... കത്തിപ്പിടിക്കുന്നുണ്ട്... ഗ്ലാസ്‌ കാലിയായപ്പോള്‍ അടുത്ത വിദേശിയുടെ കഴുത്തിനു പിടിച്ചു. ഭാഗ്യം.... ഫുള്‍ ഉണ്ട്.  വലിയ പരിചയമില്ലാത്ത ഒരു ബ്രാന്‍ഡ്‌. ഈസിയായിട്ട് അടപ്പ് തുറന്നു. പില്‍ഫെര്‍പ്രൂഫ്‌ ക്യാപ് ഇല്ല.  ചിലപ്പോള്‍ സായിപ്പിന്റെ നാട്ടിലെ ലോക്കല്‍ സാധനം ആയിരിക്കും. ഓ... എന്തെങ്കിലുമാകട്ടെ.. ദീപസ്തംഭം മഹാശ്ചര്യം.... നമുക്ക് 'കിക്ക്' കിട്ടണം....  ഒരു സിപ്പ് എടുത്തപ്പോള്‍ ഒരാളുടെ കമന്റ്. 
"അളിയന്‍ പൂസാണെന്നു തോന്നുന്നു... എനിക്ക് സോഡാ മാത്രേ ഒഴിച്ചൊള്ളോ....?"
ഞങ്ങളും കുടിച്ചുനോക്കി .. ശരിയാണല്ലോ... ഇതില്‍ സോഡാ മാത്രേ ഒള്ളോ...?. ഞങ്ങള്‍ വീണ്ടും നോക്കി.  കുപ്പിയില്‍ കുറവുണ്ട്.   ഇനി ഒഴിച്ചപ്പോ താഴെ പോയോ..? ഇല്ല... ഒരു അളിയന്‍ കുപ്പിയെടുത്തു പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. 
"അളിയനെ സായിപ്പ് പറ്റിച്ചു.... ദേ ഇതിനു നിറം കുറവാ..... "
"സായിപ്പിനെ പറഞ്ഞാലൊണ്ടല്ലോ.....സായിപ്പ് സത്യമുള്ളവനാ... അവന്‍ പറ്റിക്കത്തില്ല...  ഇതില്‍ മറ്റെന്തോ തിരിമറി നടന്നിട്ടുണ്ട്. "
 "എന്നാ അളിയന്‍ തന്നെ കുടിച്ചിട്ട് വെള്ളം ഒഴിച്ചതായിരിക്കും..."
"എന്റെ കയ്യിലിരിക്കുന്ന സാധനത്തില്‍ ഞാനെന്തിനാ അളിയാ വെള്ളം ചേര്‍ക്കണേ...?"
"ഇതു വെള്ളം ചേര്‍ത്തത് തന്നെയാ...  ദേ പൈപ്പ് വെള്ളത്തിന്റെ ചൊവയാ..." മറ്റേ അളിയന്‍ കുറച്ചു 'ഓണ്‍ ദി റോക്ക്" ടേസ്റ്റ് ചെയ്തു. 
"എങ്കീ അളിയന് ആരോ നല്ല പണി തരുന്നുണ്ട് കേട്ടോ..."
ഞാന്‍ അടുക്കളയിലായിരുന്ന ഭാര്യയുടെനേരെ നോക്കി...  "ഇനി നീയെങ്ങാനും...?" 
അവള്‍ ചട്ടുകം ഉയര്‍ത്തിക്കാണിച്ചു.  ഞാന്‍ പത്തി താഴ്ത്തി.....  
ഇനിയാര്...? അജ്ജീ...? 
ഒരു മൂലയില്‍ ചമ്രംപടിഞ്ഞിരുന്നു എന്തോ പച്ചക്കറി അരിയുകയായിരുന്ന അജ്ജിയെ ഞാന്‍ സംശയദൃഷ്ടിയോടെ നോക്കി. ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടെങ്കിലും 'ഞാനീ നാട്ടുകാരിയേ അല്ല' എന്ന മട്ടില്‍ ഇരിക്കുകയാണ് കക്ഷി. 
ചില ദിവസങ്ങളില്‍ ഞാന്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ അജ്ജി കൂടുതല്‍ ഉന്മേഷത്തോടെ കുഞ്ഞിനെ കളിപ്പിക്കുന്നതും ജോലികള്‍ ചെയ്യുന്നതും ഫ്ലാഷ്ബാക്കായി എന്റെ മണ്ടയില്‍ മിന്നി. അപ്പോള്‍ ഇതാണ് പരിപാടി. കുറേശെ വീശും എന്നിട്ട്  വെള്ളം ഒഴിച്ച് നിറച്ചുവ്ക്കും. അമ്പടീ അജ്ജീ നിന്നെ ഞാന്‍ ശരിയാക്കിത്തരാം...
പീന്നീട് ഞാനും ഭാര്യയും അജ്ജിയെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അജ്ജി കുറ്റം സമ്മതിച്ചില്ല... ഒരു സ്ത്രീയായിപ്പോയി.  അല്ലെങ്കില്‍ കുനിച്ചു നിര്‍ത്തി ഗുണദോഷിച്ചേനെ ഞാന്‍...  ക്ഷമ ആട്ടിന്‍സുപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ...
ഒരു മുന്കരുതലെന്നോണം  ഞാന്‍ സ്റ്റോക്കെല്ലാം അലമാരയില്‍ വച്ചു പൂട്ടി. അതിനുശേഷം എട്ടുപത്തു ദിവസം കൂടുമ്പോള്‍ അജ്ജിക്ക് ഒരു വിറയലും പരവേശവും ഒക്കെക്കൂടി വരും പിന്നെ വീട്ടില്‍ പോകണമെന്ന് പറഞ്ഞു ബഹളമാണ്. അമ്പതു രൂപയും വാങ്ങി ഒരു പോക്ക് പോയാല്‍ അവരുടെ നാട്ടില്‍ ചെന്നു  രണ്ടോ മൂന്നോ പാക്കെറ്റടിച്ചു സുഖമായി കിടന്നുറങ്ങിയിട്ട്  പിറ്റേന്ന് രാവിലെ നല്ല മിടുക്കത്തിക്കുട്ടിയായി തിരിച്ചു വരും. പിന്നെ ഒരാഴ്ചത്തേക്ക് ഒരു പ്രശ്നവുമില്ല. നാട്ടില്‍ പോകുന്നത് കള്ളു കുടിക്കനാണോ എന്നു ഞങ്ങള്‍ ഇടക്കൊക്കെ അജ്ജിയോടു തമാശയായിട്ട് ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ സകല ദേവന്മാരെയും ആണയിട്ടു താന്‍ ജീവിതത്തിലിന്നുവരെ മദ്യം കൈകൊണ്ടു തൊട്ടിട്ടുപോലുമില്ലെന്നും അതിന്റെ മണം തനിക്കു ഇഷ്ടമില്ലെന്നും പറയുമായിരുന്നു.     ഇങ്ങനെ കാര്യങ്ങള്‍ മുമ്പോട്ട്‌ പോകുന്ന കാലത്ത് ഒരു അവധി ദിവസം ഞാനും ഭാര്യയും കൂടി വീട് വൃത്തിയാക്കുന്നതിനിടയില്‍ അജ്ജിയുടെ തലയിണക്കടിയില്‍ ഞങ്ങള്‍ക്ക് കിട്ടി..... രണ്ടു മൂലവെട്ടി....


Aug 16, 2010

ഫൂമധ്യരേഗ എന്ന ഭൂമധ്യരേഖ

വളരെ അപ്രതീക്ഷിതമായിട്ടാണ് ചാക്കോനമ്പൂതിരിക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നത്.  അദ്ദേഹത്തിന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടാം വര്ഷം പഠിക്കുമ്പോഴാണ് സ്കൂള്‍ ബഞ്ചുകള്‍ക്ക് ഈ ഭാരത്തില്‍ നിന്നു ശാപമോക്ഷം കിട്ടിയത്.  കൃത്യമായി പറഞ്ഞാല്‍ ചാക്കോച്ചന്റെ ഇരുപത്തൊന്നാം പിറന്നാളിന്റെ തലേന്നാണ് ആ മഹാസംഭവം നടന്നത്.

ചാക്കോച്ചന്‍ സ്കൂളിലെ  ഒരു  മാതൃകാവിദ്യാര്‍ത്ഥി ആയിരുന്നു. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറൂ. സ്നേഹക്കൂടുതല്‍കൊണ്ടു സഹപാഠികളെ ഒന്ന് തട്ടുകയോ തലോടുകയോ ചെയ്താല്‍തന്നെ പരാതിപ്പെടാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കും ചാക്കോനമ്പൂതിരിയോട് ബഹുമാനമായിരുന്നു. അവര്‍  മുമ്പ് ചാക്കോച്ചന്റെ ജൂനിയേഴ്സ്‌ ആയിരുന്നല്ലോ. സ്കൂളിലെ സര്‍വ്വപ്രശ്നത്തിലും ഇടപെടുന്ന ചാക്കോനമ്പൂതിരി  ഏതു പാര്‍ട്ടിയുടെ സമരമായാലും മുന്‍പന്തിയില്‍  ഉണ്ടാകും.  ആദ്യമൊക്കെ അധ്യാപകര്‍ നമ്പൂരിച്ചനെ നന്നാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.

ഒരിക്കല്‍ വീരപ്പന്‍പിള്ളസാര്‍ മലയാളം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. (മീശയുടെ ബാഹുല്യംമൂലം വിദ്യാര്‍ഥികള്‍ നല്‍കിയ ഇരട്ടപ്പേരാണിത്. ഒറിജിനല്‍ പേര് എന്താണെന്നു ആര്‍ക്കും അറിയില്ല, കേരളത്തില്‍ ഇരട്ടപ്പേരില്ലാത്ത അധ്യാപകരുണ്ടോ എന്നറിയില്ല). ക്ലാസ്സില്‍ മുഴുവന്‍ സമയവും ചാക്കോനമ്പൂതിരി  തന്നെ തുറിച്ചുനോക്കുകയല്ലേ എന്ന്  ബാക്ക് ബഞ്ചിലെ കുമാരി കൊച്ചുറാണിക്ക് ഒരു സംശയം.  സംശയം ബലപ്പെട്ടപ്പോള്‍ കൊച്ചുറാണി വീരപ്പന്‍പിള്ളയോട് പരാതി ബോധിപ്പിച്ചു.
"സാര്‍, ആ കുട്ടി എന്നെത്തന്നെ നോക്കുന്നു...."
ക്ലാസ്സിലെ എല്ലാ കുട്ടികളും കൊച്ചുറാണിയെ നോക്കി.
"ഏതു കുട്ടി....?
"ചാക്കോച്ചന്‍.." എല്ലാ കണ്ണുകളും നമ്പൂരിച്ചനിലേക്ക് തിരിഞ്ഞു.
"എന്തിനാടാ നീ അവളെത്തന്നെ നോക്കുന്നത്....?"
"ആ പ്രസ്താവന തെറ്റാണു സാര്‍, അവളാണ് ഇടയ്ക്കിടയ്ക്ക് എന്നെ നോക്കികൊണ്ടിരുന്നത്..."  ചാക്കോനമ്പൂതിരി
"ഇല്ല സാര്‍ ഞാന്‍ നോക്കിയിട്ടില്ല...." കൊച്ചുറാണി.
"വെരി സിമ്പിള്‍ സാര്‍... അവള്‍ എന്നെ നോക്കിയത് കൊണ്ടല്ലേ ഞാന്‍ അവളെ തന്നെ നോക്കുന്ന കാര്യം അവള്‍ക്കു മനസ്സിലായത്‌. അപ്പോള്‍ ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍...."
വിഷയം മാറ്റാനായി മാഷ്‌ ചാക്കൊച്ചനോട്  പാഠസംബന്ധമായ ഒരു ചോദ്യം ചോദിച്ചു.
സീതാസ്വയംവരം എങ്ങനെ നടന്നു എന്നു വിവരിക്കൂ...
നിസ്സാര ചോദ്യം. ചാക്കോച്ചന്റെ ഉത്തരം റെഡി.
"സ്കൂളില്ലാത്ത ഒരു ദിവിസം സീത വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ബോറടിച്ചു. അപ്പോള്‍ അവള്‍ കണ്ണാടിയില്‍ നോക്കി കണ്ണെഴുതി പൊട്ടു തൊട്ടു. പെട്ടെന്ന് അവള്‍ക്കു ഒരു ഐഡിയ തോന്നി. അവള്‍ ഒരു പേപ്പര്‍ എടുത്തു കണ്ണാടിയില്‍ കണ്ട സ്വന്തം മുഖം അതില്‍ വരച്ചു. ഇതാണ് സീതാസ്വയംവരം."
ക്ലാസ്സ്‌ ആര്‍ത്തു ചിരിച്ചു.  കോപാകുലനായ വീരപ്പന്‍പിള്ളസാര്‍ അടുത്ത ചോദ്യം എടുത്തിട്ടു.
"കിംവദന്തി" എന്നത് വാക്യത്തില്‍ പ്രയോഗിച്ചു പറയൂ..."
കിംവദന്തി പോലും....   വേറെ ഒരു വാക്കും കിട്ടിയില്ല...അതിന്റെ ശരിയായ അര്‍ത്ഥമെന്താണെന്ന് ചാക്കോനമ്പൂതിരിക്ക്  വലിയ ഗ്രാഹ്യമില്ലെങ്കിലും തിരുമേനി വിട്ടുകൊടുത്തില്ല.
"കഴിഞ്ഞയാഴ്ച കര്‍ണ്ണാടകപോലീസ് വീരപ്പനെ പിടിക്കാന്‍ ചെന്നപ്പോള്‍ വീരപ്പന്‍ ഒരു കിംവദന്തിയെ  തല്ലിക്കൊന്നു ചുട്ടുതിന്നുകൊണ്ടിരിക്കുകയായിരുന്നു."
മാഷിനെ ഇരട്ടപ്പേര് വിളിച്ചു  അധിക്ഷേപിച്ച ചാക്കോച്ചന്‍  ക്ലാസ്സിനു വെളിയിലായി.  എന്നാല്‍ ചാക്കോച്ചന്‍ പഠിപ്പു നിര്‍ത്താന്‍ ഇതല്ല കാരണമായത്‌. ഈ പുറത്താക്കലുകള്‍ ചാക്കോച്ചനു ഒരു സാധാരണ സംഭവം മാത്രം.

മറ്റൊരിക്കല്‍  ചാക്കോച്ചനെ ഏതോ കുറ്റത്തിന് ക്ലാസ്സില്‍ നിന്നു പുറത്താക്കിയപ്പോള്‍ രക്ഷിതാവിനെ കൂട്ടിക്കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ഹെഡ്മാസ്റ്റര്‍ വിലക്കി.  മുന്‍പ് പലപല രക്ഷിതാക്കള്‍ വന്നിട്ടുള്ളതുകൊണ്ടു സാക്ഷാല്‍ അച്ഛന്‍ തിരുമേനിതന്നെ വരണമെന്നായി  ഹെഡ്മാസ്റ്റര്‍.  ഈവക കാര്യങ്ങളില്‍ അച്ഛന്‍തിരുമേനി ഇടപെടില്ലെന്നറിയാമായിരുന്നത്കൊണ്ടു ചാക്കോച്ചന്‍ പ്രശ്നം വീട്ടില്‍ അറിയിക്കാന്‍ മിനക്കെട്ടില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും പ്രശ്നം ഒതുതീര്‍പ്പാകാതെ  വന്നപ്പോള്‍ സംഗതി വീട്ടില്‍ അറിയിക്കാതെ തരമില്ലെന്നു ചാക്കോച്ചനു മനസ്സിലായി. അങ്ങനെ അമ്മത്തമ്പുരാട്ടി വഴി കാര്യത്തിന്റെ ഗൌരവം പിതൃസമക്ഷത്തില്‍ അവതരിപ്പിച്ചു. വായിലെ മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടി തുപ്പിയിട്ട് കറിയാച്ചന്‍ നമ്പൂതിരി തന്റെ നിലപാട് അറിയിച്ചു.
"കാണണംന്നു  അത്ര നിര്‍ബന്ധാച്ചാ ആ മാഷോട് ഇവ്ടേക്ക്   വന്നോളാന്‍ പറയ്യാ... "
ചാക്കോച്ചന്‍ ചെകുത്താനും കടലിനുമിടയിലായി. ഇനിയെന്ത് ചെയ്യും....?.. മറ്റു മാര്‍ഗമൊന്നുമില്ലാഞ്ഞതിനാല്‍ ചാക്കോച്ചന്‍ അച്ഛന്‍തിരുമേനിയുടെ തീരുമാനം ഹെഡ്മാസ്റ്ററെ  അറിയിച്ചു. അതോടെ ഹെഡ്മാസ്റ്റര്‍ സുല്ലിട്ടു. നമ്പൂരിച്ചനെ ക്ലാസ്സില്‍ കയറ്റി.

അങ്ങനെ ചാക്കോനമ്പൂതിരി സ്കൂളിലെ തന്റെ ജൈത്രയാത്ര  തുടരുന്ന കാലത്താണ് സ്കൂളില്‍ പുതിയ ഒരു മാഷ് ട്രാന്‍സ്ഫര്‍ ആയി വന്നത്. കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടു പട്ടണത്തിലെ സ്കൂളില്‍നിന്നു പിന്നോക്ക ജില്ലയിലെ ഈ സ്കൂളിലേക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നതാണ് ഈ പാലാക്കാരന്‍ നസ്രാണി. ഈ അത്ഭുതജീവിയുടെ ഭാഷയും സമ്പ്രദായങ്ങളും സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കുറച്ചൊന്നുമല്ല ചിരിക്കാന്‍ വക നല്‍കിയത്. പ്രത്യേകിച്ച് "ഭ" എന്നതിന് "ഫ" എന്നുച്ചരിക്കുന്ന മാഷിന്റെ രീതി.  ആദ്യത്തെ ക്ലാസ്സില്‍ തന്നെ മാഷിനു പുതിയ ഇരട്ടപ്പേര് കിട്ടി.  "കിഴുത്ത..!!."  ദ്വാരം എന്നതിന്   മാഷ്‌ കിഴുത്ത എന്നാണു പറയുക..  നാട്ടിന്‍പുറങ്ങളില്‍ തുള, ഓട്ട, ദ്വാരം  എന്നൊക്കെ പറയുന്ന സാധനം..!! അങ്ങനെ അത് അദ്ദേഹത്തിന്റെ ഓമനപ്പേരായി മാറി. ഇംഗ്ലീഷും ജ്യോഗ്രഫിയുമാണ് പുതിയ മാഷ്‌ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങള്‍.

അന്നു ഒമ്പതാം ക്ലാസ്സില്‍ 'കിഴുത്തമാഷ്‌' ഭൂമിശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍   ഒരു ചോദ്യം ചോദിച്ചു.
"എന്നതാടാ ചാക്കോച്ചാ  ഈ ഫൂമധ്യരേഖ..?"
ചാക്കോച്ചന്‍ ജ്യോഗ്രഫിയില്‍ അത്ര മോശമോന്നുമായിരുന്നില്ല.
"പറയട്ടെ സാറേ...?
"എന്നതാന്നാ.... പറയടാ   ഉവ്വെ...." മാഷ്‌.
"ഫൂമിയെ രണ്ടു തുല്യ ഫാഗങ്ങളായി വിഫജിച്ചുകൊണ്ട് ഫൂമിയുടെ മധ്യഫാഗത്തുകൂടി കടന്നു ഫോകുന്ന രേഗയാണ്   ഫൂ...മധ്യരേഗ... !!!..."
പിന്നെ അവിടെ നടന്നതെന്താണെന്ന് മാഷിനോ കുട്ടികള്‍ക്കോ അറിയില്ല. ക്ലാസ് മുഴുവനും അലമുറയിട്ടു ചിരിക്കുന്നു. മാഷ്‌ നിന്നു വിയര്‍ത്തു. ഉരുകി ഉരുകി ഇല്ലാതാകുന്നതുപോലെ തോന്നി മാഷിന്.
കിഴുത്തമാഷ്‌  ചാക്കോച്ചനെയും കൂട്ടി നേരെ ഹെഡ് മാസ്റ്ററുടെ മുമ്പിലെത്തി.
"ഇങ്ങനത്തെ പിള്ളാരെ വച്ചോണ്ട് ക്ലാസ്സെടുക്കാന്‍ എന്നെക്കൊണ്ട് പറ്റുകേല.. ഒന്നുകീ ഞാന്‍ അല്ലെങ്കി ഇവന്‍... ആരെങ്കിലും ഒരാളെ ഇനി ക്ലാസ്സില്‍ പറ്റത്തൊള്ളൂ..".  കിഴുത്തമാഷ്‌ കട്ടായം പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിഫലമായപ്പോള്‍  മറ്റു മാര്‍ഗമൊന്നുമില്ലെന്ന് മനസ്സിലായ ഹെഡ് മാസ്റ്റര്‍ പ്യൂണ്‍വശം അച്ഛന്‍ നമ്പൂതിരിക്ക് ഒരു കത്ത് കൊടുത്തുവിട്ടു. " താങ്കളുടെ മകന്‍ ചാക്കോച്ചന്‍ ഒരു അധ്യാപകനെ ക്ലാസില്‍ അപമാനിച്ചതിനാല്‍ അവനെ ഈ  വിദ്യാലയത്തില്‍ തുടര്‍ന്നു  പഠിപ്പിക്കുവാന്‍ നിര്‍വാഹമില്ല.  ആയതിനാല്‍ എത്രയും വേഗം താങ്കള്‍ നേരിട്ടുവന്നു ചാക്കോച്ചന്റെ ടീസി വാങ്ങിക്കൊണ്ടു പോകേണ്ടാതാണെന്ന് അറിയിക്കുന്നു...."
"ആര്‍ക്കു വേണം അവന്റെ ടീസി.... എന്റെ മകന്‍ ഇനി അങ്ങോട്ട്‌ പഠിക്കാന്‍ വരുന്നില്ല.... "
കറിയാച്ചന്‍ നമ്പൂതിരി അന്നു തന്നെ ടൌണില്‍ നിന്നു മകനുവേണ്ടി ഒരു പുതിയ കൈക്കോട്ടു വാങ്ങിച്ചു..