Oct 16, 2011

പുലിവേട്ട

അന്ന് ഞങ്ങളുടെ നാട്ടില്‍  പുലിയിറങ്ങിയതിനുശേഷം പിന്നീടങ്ങോട്ട് രണ്ടാഴ്ചത്തേക്ക് നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാത്രിയില്‍ നാട്ടിലെ പുരുഷന്മാര്‍ അഞ്ചും ആറും പേരുടെ സംഘങ്ങളായി വെട്ടുകത്തി, വടി, ഉലക്ക മുതലായ ആയുധങ്ങളുമായി  അവിടവിടെ കാവലിരുന്നു. നേരംപോക്കാന്‍ ചീട്ടുകളിക്കുകയും ഉറക്കം വരാതിരിക്കാന്‍ കട്ടന്‍ചായയും നാടന്‍ചാരായവും മാറി മാറി അടിക്കുകയും ചെയ്തു.  ചിലര്‍ രണ്ടുംകൂടി കലര്‍ത്തി കൃത്രിമബ്രാണ്ടി ഉണ്ടാക്കി അടിച്ചു. സ്ത്രീകള്‍ വീട്ടിലിരുന്നു ചായയുണ്ടാക്കി കാവലിരിക്കുന്ന പുരുഷന്മാര്‍ക്ക് എത്തിച്ചു കൊടുത്തു. ചുരുക്കത്തില്‍ രാത്രിയില്‍ ആരും ഉറങ്ങാതായി.  പകല്‍ പണിക്കൊന്നും പോകാതെ വീട്ടില്‍ കിടന്നുറങ്ങും.  കള്ളന്മാര്‍ രാത്രിയിലെ ജോലി പകലേക്ക് മാറ്റി. അങ്ങനെ ആ പുലി നാട്ടുകാരുടെ ചര്യകള്‍ തന്നെ മാറ്റിമറിച്ചു.
തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടി പുലി ഇടക്കൊക്കെ അവിടവിടെ പ്രത്യക്ഷപ്പെട്ടു. ആട്, പട്ടി, പശുക്കുട്ടികള്‍ മുതലായ വളര്‍ത്തുമൃഗങ്ങള്‍  സ്ഥിരമായി വീടുകളില്‍ നിന്നു അപ്രത്യക്ഷമാകാന്‍ തുടങ്ങി. പുലിയെ കണ്ടവര്‍ പുലിയുടെ മുന്‍പില്‍നിന്ന് രക്ഷപ്പെട്ട വീരകഥകള്‍ നാട്ടുകാരെ പൊടിപ്പും തൊങ്ങലും വച്ച് വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. ചിലര്‍ പുലിയെ ചവുട്ടി വീഴ്ത്തിയിട്ട് ഓടിയെന്നൊക്കെയായിരുന്നു വീരവാദം. സത്യാവസ്ഥ പുലിക്കും ഓടിയവര്‍ക്കും മാത്രമേ അറിയൂ. ചിലരുടെ പുറകെ ഓടിയ പുലി മലമൂത്രങ്ങളില്‍ തെന്നി വീണെന്നും നാറ്റം സഹിക്കാന്‍ വയ്യാതെ പുലി  തിരിച്ചോടിയെന്നും ചില എതിര്‍ കക്ഷികള്‍ പറഞ്ഞുപരത്തി.  മൂന്നാമതൊരു കൂട്ടര്‍ ജീവിതത്തിലിന്നുവരെ പുലിയെ കണ്ടിട്ടില്ലെങ്കിലും ആനയോളം വലിപ്പമുള്ള പുലിയെ കണ്ട കഥകള്‍ വര്‍ണ്ണിച്ചു നടന്നു. പുലിയിറങ്ങിയതുകൊണ്ട് സന്തോഷിച്ചത്‌ ഞങ്ങള്‍ കുട്ടികളായിരുന്നു. കാരണം പള്ളിക്കൂടങ്ങള്‍ പുലിയുടെ സന്ദര്‍ശനം പ്രമാണിച്ചു അനിശ്ചിതകാലത്തേക്ക് പൂട്ടിയതായി നോട്ടീസിട്ടു.  
അയല്‍വാസിയുടെ റബ്ബര്‍തോട്ടത്തില്‍ അതിരാവിലെ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോയ ഗോപാലനാണ് ആദ്യം പുലിയെ കണ്ടത്. അതിനുശേഷം ഗോപാലന്‍ കാര്യപരിപാടി വീട്ടിലെ കക്കൂസില്‍ തന്നെയാക്കി. എന്നാലും വല്ലവന്റെയും പറമ്പില്‍ സാധിക്കുന്ന ആ സുഖം നഷ്ടമായതില്‍ ഗോപാലന് അതിയായ വിഷമമുണ്ടായിരുന്നു . പിന്നീട് ഒന്നുരണ്ടു പേര്‍ക്ക് കൂടി പുലി ദിവ്യദര്‍ശനം നല്‍കിയതോടെ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപികരിച്ചു. പഞ്ചായത്തില്‍ പരാതി നല്‍കി. പക്ഷെ പഞ്ചായത്തിരാജ്  ആക്ടില്‍ പുലികളെപ്പറ്റി ഒന്നും പ്രതിപാദിക്കുന്നില്ല എന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. പോലീസിനെ സമീപിച്ചു. പുലിയെ പിടിച്ചു കൊടുത്താല്‍ പല്ലും നഖവും അവര്‍ പറിച്ചോളാമത്രേ.. ഒത്തുകിട്ടിയാല്‍ പുലിയെ തല്ലിക്കൊന്നോളാന്‍  അനുവാദവും കൊടുത്തു.  എങ്ങനെയുണ്ട് പോലീസ് .... അങ്ങനെ ജനങ്ങള്‍ തന്നെ പുലിയെ നേരിടാന്‍ തയ്യാറായി.വികാരിയച്ചന്റെ നേതൃത്വത്തില്‍ നാടുകാര്‍ യോഗം കൂടി. കൂലംകക്ഷമായ ചര്‍ച്ചകള്‍ക്കുശേഷം ഒരു തീരുമാനമെടുത്തു. പണ്ട് നാട്ടില്‍നിന്നു കുരങ്ങുകളെ തുരത്തിയ രീതിയില്‍ തന്നെ പുലിയേയും നേരിടുക. 
മുന്‍പൊരു കാലത്ത് ഞങ്ങളുടെ നാട്ടില്‍ കുരങ്ങുശല്യം വളരെ രൂക്ഷമായിരുന്നു. യാതൊരുവക കൃഷിയും വച്ച് വാഴിക്കില്ല. വീടുകളില്‍ കയറി ഉറിയില്‍ സൂക്ഷിച്ച ഭക്ഷണംവരെ എടുത്തുകൊണ്ടു പോകും. ഉണക്കാനിട്ട തുണികള്‍ വലിച്ചു കീറി നശിപ്പിക്കും. ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ വിടാത്ത സ്ഥിതി. ഒടുവില്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഒരു കുരങ്ങിനെ കൂട്ടത്തില്‍നിന്നു ഒറ്റപ്പെടുത്തി തല്ലിക്കൊന്നു. മറ്റു കുരങ്ങുകള്‍ അന്ന് ഞങ്ങളുടെ നാട്ടില്‍നിന്നു പലായനം ചെയ്തു. പിന്നീടിന്നുവരെ കുരങ്ങന്മാര്‍ വഴി തെറ്റിപ്പോലും ഞങ്ങളുടെ നാട്ടില്‍ വന്നിട്ടില്ല. 
പുലിയെപ്പിടിക്കാന്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മസമിതിയുണ്ടാക്കി.  ആരെങ്കിലും പുലിയെ കണ്ടാല്‍ കര്‍മ്മസമിതിയിലുള്ളവരെ അറിയിക്കണമെന്ന് നാടാകെ നിര്‍ദേശം നല്‍കി. രണ്ടുദിവസം കഴിഞ്ഞു അതിരാവിലെ പതിവുപോലെ പുഴവക്കത്തെ ഇല്ലിച്ചുവട്ടില്‍ പ്രാഥമിക കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന കുമാരന്‍ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. പുലി ഒരു ആടിനെയും കടിച്ചു തൂക്കിക്കൊണ്ട്‌ പുഴവക്കത്തേക്കു ചാഞ്ഞു നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ക്കിടയിലേക്ക് കയറുന്നു.  വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ പുക പുറത്തേക്കു വിടുന്നതിനു പകരം അകത്തേക്ക് വിഴുങ്ങിപ്പോയി. പെട്ടെന്ന് കുമാരന്‌ സ്ഥലകാലബോധമുണ്ടായി. അയാള്‍ കാര്യപരിപാടി പകുതിക്ക് നിര്‍ത്തി നേരെ പള്ളിമുക്കിലെ ചായക്കടയിലെക്കോടി. അവിടെ പതിവുപോലെ ചിലര്‍ പുലിമാഹാത്മ്യം ആട്ടക്കഥ തുടങ്ങിയിരുന്നു.  സ്ഥലത്തെ ആസ്ഥാന വായനോക്കിയായ ചെല്ലപ്പന്‍ പണ്ട് തന്റെ അമ്മാവന്‍  ഒറ്റയ്ക്ക് പുലിയെ പിടിക്കാന്‍ പോയ കഥ വിവരിക്കുകയായിരുന്നു.

"അമ്മാവനോട്  ഞങ്ങളും നാട്ടുകാരുമൊക്കെ പറഞ്ഞതാ  ഒറ്റയ്ക്ക് പുലിയുടെ അടുത്തേക്ക് പോകരുതെന്ന്..  പക്ഷെ അമ്മാവന്‍  കേട്ടില്ല..."
"എന്നിട്ടോ..?" ഒരു പുതുതലമുറ പ്രേക്ഷകന്‍.
"എന്നിട്ടെന്താ....  അമ്മാവന്റെ  കടീം തീര്‍ന്നു.  പുലീടെ വിശപ്പും മാറി... അമ്മായിക്ക്  സര്‍ക്കാരിന്റെ നഷ്ടപരിഹാരവും കിട്ടി..."

ചായക്കടയിലേക്ക് ഓടിക്കയറിയ കുമാരന്‍ ഒന്നും മിണ്ടാന്‍ വയ്യാതെ കണ്ണും തള്ളി കുറച്ചു നേരം നിന്നു.  പണ്ടേ ബലഹീനന്‍ പോരെങ്കില്‍ വലിവും. കുമാരന്റെ പരവേശം കണ്ടപ്പോള്‍തന്നെ എന്തോ പന്തികേടുണ്ടെന്നു  ചായക്കടക്കാരന്‍ തോമ്മാച്ചന് മനസ്സിലായി. 
"എന്താടാ കുമാരാ..നിനക്കെന്തു പറ്റി..''
കുമാരന്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആന്ഗ്യം കാണിച്ചു. തോമ്മാച്ചന്‍ ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുമാരന്‌ കൊടുത്തു. 
"ഇതെന്നാടാ നിന്നെ ഒരു നാറ്റം... നീ എവിടുന്നാ ഓടിവരുന്നെ..."
"ഞാന്‍.... അവിടെ..   പുലിയെ.... " കുമാരന്‍ വിക്കി വിക്കി പറയാന്‍ തുടങ്ങി.
" അത് ശരി... അപ്പൊ അതാ കാര്യം.... വെറുതെയല്ല നാറുന്നത്.... അങ്ങോട്ട്‌ പുറത്തേക്കിറങ്ങി നില്ല്..  കഴുകിയിട്ട് അകത്തു കയറിയാ മതി..." 
"സത്യമായിട്ടും ഞാന്‍ കണ്ടു... പുഴവക്കത്തെ ആറ്റുവഞ്ചി മരത്തിന്റെ ചുവട്ടിലുണ്ട്..." 
സംഗതി സത്യമാണെന്ന് എല്ലാവര്ക്കും മനസ്സിലായി. അവര്‍ വിവരം കര്‍മ്മസമിതിയെ അറിയിക്കാനായി പുറപ്പെട്ടു. തോമ്മാച്ചന്‍ ചായക്കടക്കു തല്ക്കാലത്തേക്ക് അവധി പ്രഖാപിച്ചു. 
കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പുഴക്കരയിലേക്ക് നീങ്ങി. കയറുകളും വോളിബോള്‍ നെറ്റുകളും നാടന്‍ വലകളുമൊക്കെയായി കര്‍മ്മസമിതി പുഴക്കരയിലെത്തി. വികാരിയച്ചന്‍ കുരിശുവരച്ചു അവരെ അനുഗ്രഹിച്ചു. കേട്ടവര്‍ കേട്ടവര്‍ പുഴക്കരയിലെക്കോടി. ഒരു മണിക്കൂറുകൊണ്ട് പുഴയുടെ രണ്ടു കരയും ജനങ്ങളെക്കൊണ്ട് നിറഞ്ഞു.   ജനങ്ങളെ നിയന്ത്രിക്കാന്‍ ചില വളണ്ടിയര്‍മാര്‍ സ്വമേധയാ കര്‍മ്മനിരതരായി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. മരത്തിനു ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് കര്‍മ്മസമിതി പുലിയെ പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.   
രാവിലെ അല്പം കട്ടിയായ ബ്രേക്ക്ഫാസ്റ്റിന് ശേഷം സുഖനിദ്രയിലായിരുന്ന പുലിയച്ചന്‍ പുറത്തെ കോലാഹലങ്ങള്‍ കേട്ട് പതുക്കെ കണ്ണ് തുറന്നു. കിടന്ന കിടപ്പില്‍ തന്നെ രംഗം ഒന്ന് വീക്ഷിച്ച അദ്ദേഹം ഞെട്ടിപ്പോയി. നാട്ടുകാര്‍ തന്നെ വളഞ്ഞുകഴിഞ്ഞു. പരവേശം കൊണ്ട് തൊണ്ട വരണ്ട പുലി ആടിന്റെ അവശിഷ്ടങ്ങളില്‍ തങ്ങിനിന്ന ചോര കുടിച്ചു ദാഹം തീര്‍ത്തു. എങ്ങനെ രക്ഷപെടുമെന്നാലോചിക്കുമ്പോഴാണ് ഏതോ ഒരുത്തന്‍ നീളമുള്ള വടികൊണ്ട് പുലി ഇരിക്കുന്ന മാളത്തിലേക്ക് ഒരു കുത്ത് കുത്തിയത്. നല്ല ഉന്നം... വാലിന്റെ അറ്റത്താണ് കൊണ്ടത്‌. പെട്ടെന്ന് അടുത്ത കുത്തും വന്നു. പിന്നെ തുരുതുരെ വാരിക്കുന്തങ്ങള്‍ അകത്തേക്ക് നീണ്ടു. പുലിക്കു ഒഴിഞ്ഞു മാറാന്‍ പറ്റുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ പുലി പുറത്തേക്കു ചാടി. പുറത്തേക്കു ചാടിയതേ ഉലക്കകൊണ്ടുള്ള ആദ്യത്തെ സമ്മാനം മുന്നിരയിലുണ്ടായിരുന്ന പപ്പന്റെ വക.. പിന്നെ പലരുടെ വക. അതില്‍ ചിലതു പപ്പന്റെ മുതുകിലും വീണു. ആദ്യ അടിക്കു തന്നെ പുലിയുടെ ബോധം പോയി. പപ്പന് അഞ്ചാറടി കിട്ടിയതിനു ശേഷമാണ് ബോധം പോയത്. ബോധം പോയ പുലിയുടെമേല്‍ നാട്ടുകാര്‍ കയറി നിരങ്ങി. ചതഞ്ഞരഞ്ഞ പുലിയ ജനങ്ങള്‍ ഒരു ഉലക്കയില്‍ കെട്ടിത്തൂക്കി പള്ളിമുക്കിലെ കവലയിലേക്കു കൊണ്ടുവന്നു. വായനശാലയുടെ മുമ്പില്‍ പുലിയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ചു. 
ഇതിനിടെ പുലിയുടെ ജഡം പോസ്റ്റ്‌ മോര്‍ട്ടം ചെയ്യണമെന്നു ആരോ ആവശ്യപ്പെട്ടു. അത് ന്യായമാണെന്ന് നേതാക്കള്‍ക്കും തോന്നി. അങ്ങനെ ടൗണില്‍നിന്നു പോസ്റ്റ്‌ മോര്‍ട്ടം നടത്താന്‍ ഡോക്ടറെ വരുത്തി. ഡോക്ടര്‍ എത്തുന്നതുവരെ  പൊതുജനങ്ങള്‍ക്കു മൃതശരീരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൌകര്യമുണ്ടായിരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ അനൌണ്സ് ചെയ്തു. അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍  തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ പാടുപെട്ടു. പുലിയുടെ രക്തം കൊണ്ട് കുറി തൊട്ടാല്‍ ഭയം മാറി ധൈര്യം വരുമെന്നുള്ള കേട്ടുകേഴ്വിയനുസരിച്ച്. ഭക്തജനങ്ങള്‍ പുലിയുടെ രക്തം കൊണ്ട് മുലകുടി മറാത്ത കുട്ടികളെ വരെ കുറി തൊടുവിച്ചു. ചില മിടുക്കന്മാര്‍ പുലിയുടെ പല്ലുകളും നഖങ്ങളും പറിച്ചെടുത്തു.  ഉച്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു. ചില ആന്തരികാവയവങ്ങള്‍ വിശദപരിശോധനക്ക് ടൌണിലെ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി വന്ന മൃതദേഹം പോലീസ് ബഹുമതികളോടെ സംസ്ക്കരിച്ചു. പുലിയുടെ സ്മരണാര്‍ത്ഥം പുലി ഒളിച്ചിരുന്ന പുഴക്കരക്ക് പുലിക്കടവെന്നും പള്ളിമുക്കിനു പുലിമുക്കെന്നും പേര് വീണു. 
നാലഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ ഞങ്ങളുടെ നാടിനെയാകെ പിടിച്ചു കുലുക്കി. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുലിക്കു പേവിഷബാധയുണ്ടായിരുന്നതായി തെളിഞ്ഞത്രേ. തിലകം ചാര്‍ത്തിയവരും നഖം പറിച്ചവരുമൊക്കെ അസ്തപ്രജ്ഞരായി തളര്‍ന്നിരുന്നുപോയി. അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാതായി. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൂടെ കിടത്താതായി. പുലിയെ തൊട്ടവര്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ മറ്റു കുടുംബാങ്ങള്‍ ഉപയോഗിക്കാതെയായി. നാട്ടില്‍ ആര്‍ക്കും മിണ്ടാട്ടമില്ലാതായി.  താമസിയാതെ  ആരോഗ്യ വകുപ്പിന്റെ ഒരു ജീപ്പില്‍ മൈക്ക് വച്ച് നാടാകെ ഒരു വിളംബരം നടന്നു.


"പ്രിയപ്പെട്ട നാട്ടുകാരെ, ഈ വരുന്ന ഞായറാഴ്ച മുതല്‍ പത്തു ദിവസത്തേക്ക് വെണ്ണിയോട് അങ്ങാടിയില്‍ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതായിരിക്കും. എല്ലാ നാട്ടുകാരും ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."


അനൌണ്‍സ് മെന്റ് കേട്ടപാതി കേള്‍ക്കാത്തപാതി ചാക്കോനമ്പൂതിരി കവലയിലേക്കോടി. ചായക്കടയിലിരുന്ന ചെല്ലപ്പനെ വിളിച്ചു.
"ചെല്ലപ്പാ ഒരു സ്വകാര്യം ചോദിക്കാനുണ്ട്."
" എന്താ തിരുമേനീ..."
തിരുമേനി ചെല്ലപ്പന്റെ ചെവിയില്‍ ചോദിച്ചു.
" പുലിയെ  തൊട്ട ഒരു എഭ്യന്റെ ഭാര്യയെ നോം സ്പര്ശിക്യണ്ടായി.. നമ്മള്‍ക്കും കുത്തിവപ്പു വേണ്ടി വര്വോ....?
ചെല്ലപ്പന്റെ മനസ്സില്‍ പെട്ടെന്നൊരു 'വൈല്‍ഡ് തോട്ട്.... "ഈശ്വരാ... ആ ഏഭ്യന്‍ ഞാനോ മറ്റോ ആണോ....?..."

Sep 4, 2011

എന്റെ കുഞ്ഞാമി

അനന്തന്‍ നമ്പൂതിരി ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു. കണ്ണടച്ചാല്‍ ആ മുഖം മുന്നില്‍ തെളിയുന്നു. ആമിന.... തന്റെ കുഞ്ഞാമി...   പത്തറുപതു വര്‍ഷമായി തന്റെ മനസ്സില്‍ മായാതെ നിന്ന ആ മുഖം.  ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് അവള്‍  യാത്രയായി. രാവിലെ പാലുമായി ചായക്കടയില്‍ ചെന്നപ്പോഴാണറിഞ്ഞത്. ഇന്നലെ രാത്രി പെട്ടെന്നൊരു നെഞ്ചുവേദനയായിരുന്നത്രേ. ആസ്പത്രിയിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അയാള്‍  ഓര്‍മ്മകളുടെ കൌമാരത്തിലേക്ക് തിരിച്ചുനടന്നു... പാടത്തിന്റെ  അക്കരെയും  ഇക്കരെയും  ആയിരുന്നു തന്റെയും  കുഞ്ഞാമിയുടെയും വീടുകള്‍. മതത്തിന്റെയും സമുദായത്തിന്റെയും  കാര്യത്തില്‍ തികഞ്ഞ യാഥാസ്ഥികരായിരുന്നെങ്കിലും  ഒരു കുടുംബംപോലെ കഴിഞ്ഞവര്‍. തനിക്കു അവളുടെ വീട്ടിലും അവള്‍ക്കു തന്റെ വീട്ടിലും എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നു.  ഗ്രാമത്തിലെ പള്ളിക്കൂടത്തിലേക്ക്  താനും കുഞ്ഞാമിയും ഒരുമിച്ചാണ് പോയിരുന്നത്. താന്‍ മാത്രമായിരുന്നു അവളെ കുഞ്ഞാമി എന്ന് വിളിച്ചിരുന്നത്‌. താന്‍ എഴാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി. അന്നവള്‍ നാലാം ക്ലാസ്സിലായിരുന്നു. അവളുടെ കളിക്കൂട്ടുകാരിയും  സഹപാഠിയുമായിരുന്നവള്‍   പിന്നീട്  തന്റെ അന്തര്‍ജനമായി...എങ്കിലും കുഞ്ഞാമി മനസ്സിന്റെ ഒരു കോണില്‍ മറ്റാരുമറിയാത്ത ദിവ്യപ്രണയമായി വാടാതെനിന്നു.  പാടത്തെ പൂത്തുമ്പിയെ പിടിക്കാനും, ഓണപ്പൂ പറിക്കാനും  ഒരുമിച്ചു ഓടിനടന്ന ആ കുട്ടിക്കാലം മനസ്സില്‍ മായാതെ നില്‍ക്കുന്നു.  പുഴക്കരയിലെ മണലില്‍ എത്ര തവണ കളിവീട് വച്ച് കളിച്ചിരിക്കുന്നു. പിന്നീട്, അവള്‍ വളര്‍ന്നു വലിയ പെണ്ണായപ്പോള് പുഴയിലെ  കുളിക്കടവിന്റെ അക്കരയും ഇക്കരെയും നിന്നു പരസ്പരം കളിയാക്കിയതും  തമാശകള്‍  പറഞ്ഞതും... താഴെക്കടവില്‍ അലക്കിക്കൊണ്ടിരുന്ന അവളെ മുങ്ങാംകുഴിയിട്ടു ചെന്ന്  പേടിപ്പിച്ചതും... അങ്ങനെ എന്തെല്ലാം...  പരസ്പരം തമാശകളിലൂടെയുള്ള സംഭാഷണങ്ങള്‍ പലപ്പോഴും ചെന്നെത്തിയിരുന്നത് അക്കാലത്തെ പ്രശസ്തമായിരുന്ന സിനിമാപ്പാട്ടിന്റെ ഈരടികളിലായിരുന്നു. "പാടില്ലാ.. പാടില്ലാ... നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ...." 

പരസ്പരം പ്രണയിച്ചിരുന്നു. പക്ഷെ അത് തുറന്നു പറയാന്‍ രണ്ടാള്‍ക്കും സാധിച്ചില്ല. അവള്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ മകള്‍. താനോ... സമുദായ ആചാരങ്ങള്‍ മുറുകെപ്പിടിക്കുന ഒരു ഇല്ലത്തെ പ്രജ.. രണ്ടാളും തമ്മിലടുത്താല്‍ അത് നാട്ടില്‍ ഒരു കോളിളക്കംതന്നെ സൃഷ്ടിച്ചേക്കാവുന്ന കാലം. പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളവരായിരുന്നതിനാല്‍ രണ്ടുപേരും തങ്ങളുടെ പ്രണയം ഉള്ളിലൊതുക്കി.  പിന്നീട്, അവള്‍ മറ്റൊരാളുടെ ബീവിയായി. മനസ്സില്‍ നീറ്റലോടെ അവരുടെ നിക്കാഹിനു ഓടിനടന്നു എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അന്നത്തെ അവളുടെ കണ്ണുകളിലെ വിഷാദം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.  തന്റെ കല്യാണത്തിന് കുഞ്ഞാമിയും ഭര്‍ത്താവും വന്നിരുന്നു.  അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ പ്രയാസപ്പെട്ടു അന്ന്. സംഭവിക്കുന്ന കാര്യങ്ങളുടെ ഒഴുക്കിനൊത്ത് നീങ്ങുകയല്ലാതെ മറ്റൊന്നും സാധ്യമല്ലായിരുന്ന കാലം. ഇന്നതൊക്കെ  മാറിയിരിക്കുന്നു. എല്ലാവര്ക്കും സ്വന്തം അഭിപ്രായങ്ങളും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. തന്റെ മക്കളുടെ വിവാഹക്കാര്യങ്ങളില്‍ അവരുടെ തല്പര്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം.   ആ സ്വാതന്ത്ര്യം അന്നുണ്ടായിരുന്നെങ്കില്‍....

മനസ്സ് കടിഞ്ഞാണില്ലാതെ പായുകയാണ്. കുഞ്ഞാമിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആകെക്കൂടി ഒരു തളര്ച്ചപോലെ... അവളെക്കുറിച്ചുള്ള ഓര്‍മകളുമായി   ചാരുകസേരയില്‍ അയാള്‍ അങ്ങനെ കിടന്നു. ഈശ്വരാ.... മനുഷ്യന്‍  എന്തെല്ലാം ആഗ്രഹിക്കുന്നു... അയാള്‍ കുഞ്ഞാമിയുടെ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്തു... പാവം മനുഷ്യന്‍. കുഞ്ഞാമിയെ അയാള്‍ക്ക്‌ ജീവനായിരുന്നു. അവള്‍ അയാളോടൊപ്പം സന്തോഷവതിയായിരുന്നു.  അവരുടെ മക്കള്‍.... ആ കുട്ടികളോട് തനിക്കു പ്രത്യേക വാത്സല്യമായിരുന്നു. ഉമ്മയുടെ മയ്യത്ത് പള്ളിക്കാട്ടിലെക്കെടുത്തപ്പോള്‍ അവരുടെ നിലവിളി......

തൊട്ടടുത്തുനിന്നു ഭാര്യയുടെ നിശ്വാസം അയാളെ ഉണര്‍ത്തി... തന്റെ നിറഞ്ഞ കണ്ണുകള്‍ ഭാര്യ കാണാതിരിക്കാന്‍ അയാള്‍ പ്രയാസപ്പെട്ടു.  അനന്തന്റെ മുടിയില്‍ തലോടിക്കൊണ്ട് അയാളുടെ ഭാര്യ സാന്ത്വനസ്വരത്തില്‍ ചോദിച്ചു... കുഞ്ഞാമിയെ മറക്കാന്‍ കഴിയുന്നില്ലല്ലേ...?

കുഞ്ഞാമി..?... ആ പേര്.... തനിക്കെങ്ങനെ..?.....
എല്ലാം എനിക്ക്  അറിയാം. ആമിന എന്നോട് എല്ലാം പറയുമായിരുന്നു.  അവള്‍ക്കു നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു...

അനന്തന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഇക്കാലമത്രയും ആരുമറിയാതെ താന്‍ മനസ്സില്‍ സൂക്ഷിച്ച ആ രഹസ്യം തന്റെ ഭാര്യക്ക്‌ അറിയാമായിരുന്നത്രേ... നാല്പതു വര്ഷം ഒരുമിച്ചു ജീവിച്ചിട്ടും അതെക്കുറിച്ച് ഒരു സൂചന പോലും തരാത്ത അവള്‍ ഇന്ന് തന്നെ ആശ്വസിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ ആഴങ്ങളെ ആരറിയുന്നു.. പുറമേ കാണിക്കാത്ത ആയിരമായിരം വിചാരങ്ങളും വിഷാദങ്ങളും ആ ആഴങ്ങളില്‍ അടിഞ്ഞുകിടക്കുന്നു.

അയാള്‍ ഒരു തേങ്ങലോടെ ഭാര്യയുടെ കൈകള്‍ സ്വന്തം മുഖത്തോട് ചേര്‍ത്തുപിടിച്ചു...

Aug 7, 2011

ഡ്രൈവിംഗ് ലൈസന്‍സ് - രണ്ടാം യജ്ഞം


ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഈ ക്ലച്ച് അമര്‍ത്തുക.


അടുത്ത ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ ഞരങ്ങിയും മൂളിയും കടന്നുപോയി. വീണ്ടും നിര്‍ണ്ണായക ശനി. പുണ്യവാളന്‍സിനെ എല്ലാവരേയും കാര്യങ്ങള്‍ വേണ്ടവിധം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ചത്തെപ്പോലെ പറ്റിച്ചുകളയരുത്.. രാവിലെ കൃത്യം ഏഴരയ്ക്ക് ദല്ലയില്‍ ഹാജര്‍. സ്ലിപ്പ് കൊടുത്ത് നടപടികള്‍ യഥാക്രമം ആരംഭിച്ചു. റോഡ്‌  ടെസ്റ്റിനുള്ള ക്യൂവിലെത്തി.  എന്റെ നമ്പര്‍ എത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച ടെസ്റ്റെടുത്ത അതേ പോലീസുകാരന്‍ തന്നെ. അവന്റെ മുഖത്തു പുജ്ഞം... എന്റെ മുഖത്ത് ലജ്ഞ... കാര്യങ്ങള്‍ക്ക് വിഘ്നം വരല്ലേയെന്നു വിഘ്നേശ്വരനോട്  ഒരിക്കല്‍ക്കൂടി അപേക്ഷിച്ചു. ഞാന്‍ രണ്ടാമതാണ് കയറിയത്. എന്റെ ഊഴം എത്തി. വണ്ടി മുന്നോട്ടെടുത്തു. ആഹാ.. എത്ര സുന്ദരം.. എത്ര മനോഹരം.. വണ്ടി നന്നായിട്ട് ഓടുന്നു. സാധാരണ ടെസ്റ്റ് എടുക്കുന്നതിലും കൂടുതല്‍ ഓടിച്ചിട്ടും പോലീസുകാരന്‍ ഒന്നും പറയുന്നില്ല. ഞാന്‍ ചരിഞ്ഞൊന്നു നോക്കിയപ്പോള്‍ മൂപ്പില്‍സ് മൊബൈലില്‍ കൂപ്പണ്‍ റീചാര്‍ജ് ചെയ്യുകയാണ്‌. നല്ല തല്‍സ് കൊടുക്കാന്‍ തോന്നി. പിന്നേയും കുറച്ചുദൂരം പോയപ്പോള്‍ അയാള്‍ എന്തോ പറഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കി. വണ്ടി നിന്നു. അയാള്‍ സ്നേഹത്തോടെ എറങ്ങടാ വെളിയില്‍ എന്നു പറഞ്ഞു. ദുഷ്ടന്‍! എന്നെ വീണ്ടും തോല്‍പ്പിച്ചു. ഇനി ക്ലാസ്സിനു പോവുകയേ രക്ഷയുള്ളൂ. അത് വേണ്ട ഏതെങ്കിലും   ബംഗ്ലാദേശിയെ പിടിച്ചു ക്ലാസ്സില്‍ പോകാതെ പറ്റുമോ എന്ന് നോക്കാം. (സൗദി അറേബ്യയിലെ ഏതു തരത്തിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബംഗാളികള്‍ക്ക് കഴിയും എന്നതാണ് ഇവിടുത്തെ ഒരു സെറ്റപ്പ്. എല്ലാ സര്കാരപ്പീസുകളിലും ഈ മാലാഖമാര്‍ തൂപ്പുകാരായി ജോലി ചെയ്യുന്നുണ്ടാകും. ഇവര്‍വഴി ഏതു കാര്യവും പിന്‍വാതിലിലൂടെ  സാധിക്കാം). അങ്ങനെ ആ പരിസരത്ത്  റാകിപ്പറക്കുന്ന ഒരു ബംഗാളിയെ സമീപിച്ചു. ബംഗാളിക്കു റേറ്റ് അല്പം കൂടുതലാണ്. 1500 റിയാല്‍ വേണമത്രേ. അത് വേണ്ട.. എന്നിലെ ഹരിസ്ചന്ദ്രനും ഗാന്ധിജിയും ഉണര്‍ന്നു. ഞാന്‍ ക്ലാസ്സില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. 

തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങി മെയിന്‍ കൗണ്ടറില്‍ ചെന്നു. എത്രയാണാവോ  ഫീസു കെട്ടേണ്ടത്.. സ്ലിപ്പ് കണ്ടതേ കൗണ്ടറിലിരുന്നവന്റെ മുഖം തിളങ്ങി. ഒരുത്തന്‍ വലയില്‍ വീണല്ലോ.. 435 റിയാല്‍ അടയ്ക്കണമെന്ന്‌ അയാള്‍ ഒരുവിധം അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞൊപ്പിച്ചു. ഞാനത് കേട്ടൊപ്പിച്ചു. വേള്‍ഡ് കപ്പ് ഫൈനലിനു പോകുന്ന ടീമുകള്‍ ജയിക്കുമ്പോള്‍ ആഹ്ലാദിക്കാനുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നതുപോലെ തോറ്റാല്‍ ഫീസുകെട്ടാന്‍വേണ്ടി ഞാന്‍ 500 റിയാല്‍ കയ്യില്‍ കരുതിയിരുന്നു. അതെടുത്ത് അവന്റെ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തു. ദുഷ്ടന്‍ അതു വാങ്ങിയിട്ട് 65 റിയാല്‍ തിരിച്ചുതന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ പറഞ്ഞ് പുതിയ സ്ലിപ്പ് തന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ എനിക്കു മനസ്സില്ല നീ എന്തോ ചെയ്യും... നീ നിന്റെ ഇഷ്ടം പോലെ വരുകയോ വരാതിരിക്കുകയോ ചെയ്യ്.. ഞങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടി.... ദേഷ്യം, സങ്കടം, അപമാനം ഇത്യാതി ഭാവപ്രഭാവത്തോടെ ഞാന്‍ ഓഫീസ്സിലേക്ക് പോന്നു. ഇളിഞ്ഞ മോന്തയുമായി ഓഫീസ്സില്‍ വന്നുകയറിയപ്പോള്‍ അവന്മാരുടെ ഒരു ആക്കിയ ചിരി... സാരമില്ല ഏതു ----നും ഒരു ദിവസമുണ്ടല്ലൊ...

അങ്ങനെ ഓപ്പറേഷന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടാം ഘട്ടവും എട്ടുനിലയില്‍ പൊട്ടി. പിന്നെ ഒരാഴ്ച ഡ്രൈവിങ് ലൈസന്‍സിന് ലീവ് കൊടുത്തു. എന്നാലും ഒഫീസ്സിലിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം എന്റെ തലച്ചോറ്‌ ഗിയറുകള്‍ മാറ്റുകയും സ്റ്റിയറിങ് തിരിക്കുകയും ആക്സിലറേറ്റ്ര്‍, ബ്രേക്ക്, ക്ലച്ച് എന്നിവ മാറിമാറി ചവിട്ടിക്കൊണ്ടുമിരുന്നു. ഒരാഴ്ച  കഴിഞ്ഞു. മാനം തെളിഞ്ഞു. മനസ്സു തണുത്തു. ഇനിയെങ്കിലും ക്ലാസ്സില്‍ പോയില്ലെങ്കില്‍ 435 റിയാല്‍ സ്വാഹാ... ശനിയാഴ്ച രാവിലെ ഏഴിനുതന്നെ സ്കൂളിലെത്തി. ട്രഷര്‍ ഹണ്ടിങ് ഗയിമിലെപ്പോലെ ക്ലാസ്സു നടക്കുന്ന ഹാള്‍ കണ്ടുപിടിച്ചു. അവിടേയും തരക്കേടില്ലാത്ത ജനക്കൂട്ടം... മൂന്നു മണിക്കൂറുകൊണ്ട് ഉസ്താദ് എല്ലാവര്‍ക്കും ക്ലാസ്സില്‍ വരേണ്ട സമയം ദിവസം മുതലായവ ക്ലിയറാക്കിക്കൊടുത്തു. ഇന്നത്തെ പഠിപ്പീര് കഴിഞ്ഞു, നാളെമുതല്‍ നാലുദിവസം വണ്ടി ഓടിച്ചുകളിക്കാന്‍ രാവിലെ ഏഴിനെത്തുക.. ഇതായിരുന്നു എന്റെ ടൈംടേബിള്‍.

പിറ്റേന്നു രാവിലെ ട്രയിനിങ് സ്പോട്ടിലെത്തി. ഉദ്ദേശം അറുപത് പേരോളമുണ്ടായിരുന്നു. ഉസ്താദ് ഒരു കാറുമായി വന്ന്‌ നാലുപേരെവീതം കയറ്റിക്കൊണ്ട് റോഡില്‍ ഒരു റൗണ്ടടിപ്പിക്കും നാനൂറ് മീറ്റര്‍ റോഡില്‍ നാലുപേര്‍ ഓടിക്കും ഇതാണ് ഡ്രൈവിങ് ക്ലാസ്സ്. അന്നത്തെ ദിവസം ഉച്ചവരെ ഇരുന്നപ്പോള്‍ രണ്ട് പ്രാവശ്യം വണ്ടി ഓടിക്കാനുള്ള ഭാഗ്യം കിട്ടി. അടുത്തദിവസം രണ്ട് കാറുണ്ടായിരുന്നു. അന്ന്‌ മൂന്നു ചാന്‍സ് കിട്ടി. അതിന്റെ പിറ്റേന്നും കിട്ടി മൂന്നു ചാന്‍സ്. അന്നു അറിയിപ്പ് വന്നു. ക്ലാസ്സ് കഴിഞ്ഞു. ഞായറാഴ്ച വന്നു ടെസ്റ്റ് എടുക്കുക. ദൈവമേ... 800 മീറ്റ്ര്‍ വണ്ടി ഓടിക്കാനാണൊ 435 റിയാല്‍ കൊടുത്തത്...

അങ്ങനെ നിര്‍ണ്ണായകമായ ഞായറാഴചയും എത്തിച്ചേര്‍ന്നു. ഇന്നെങ്കിലും പാസ്സായില്ലെങ്കില്‍ തൂങ്ങിച്ചത്താ മതി. നാട്ടിലായിരുന്നെങ്കില്‍ നാടുവിട്ടുപോകാമായിരുന്നു. ഇവിടെ എങ്ങോട്ട് പോകാന്‍... രണ്ടും കല്‍പ്പിച്ച് സ്കൂളിലെത്തി. പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമെല്ലാം ഒന്നുകൂടി പൊടിതട്ടി മിനുക്കി. ടെസ്റ്റിനുള്ള സ്ലിപ്പ് സബ്മിറ്റ് ചെയ്തു. ആകെക്കൂടി മനസ്സിനൊരു ഉന്മേഷം. ഒരു ശുഭലക്ഷണം പോലെ. ഫയലെല്ലാം റഡിയാക്കി ഏമ്മാന്‍ ഓരോരുത്തരെ വിളിക്കാന്‍ തുടങ്ങി. ഇന്ന്‌ മൂന്നു വണ്ടികള്‍ ടെസ്റ്റിനുണ്ട്. ആദ്യത്തെ രണ്ട് ഏമ്മാന്മാരുടെ കയ്യില്‍ പെട്ടാല്‍ ഇന്നും തോറ്റതുതന്നെ. മൂന്നാമത്തെ ചെറിയ ഏമ്മാനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിച്ചു. എന്റെ നമ്പര്‍ വന്നു. ഭാഗ്യക്കേടിന്‌ എനിക്ക് രണ്ടാമത്തെ വണ്ടിയിലേക്കാണ്‌ നമ്പര്‍ വീണത്... ഞാന്‍ മടിച്ചുമടിച്ചു വണ്ടിയുടെ അടുത്തേക്കു നടന്നു. ഞാന്‍ മനസ്സില്‍ വിലപിച്ചു. ഏലി... ഏലി... ലമാ.. ശബക്താനി... ഞാന്‍ വണ്ടിയുടെ അടുത്തെത്താറായപ്പോള്‍ എന്റെ കണ്ണുകളെ അതിശയിപ്പിച്ചുകൊണ്ട് എവിടെനിന്നോ ഒരുത്തന്‍ ഓടിവന്ന്‌ എനിക്കു മുന്‍പെ ആ വണ്ടിയില്‍ കയറി. രണ്ടാമത്തെ വണ്ടി ഫുള്‍!! എനിക്ക് അടുത്ത വണ്ടിയിലേക്കു ചാന്‍സ്!! ഇനിയും ആരെങ്കിലും ഓടിക്കയറുന്നതിനുമുമ്പ് ഞാന്‍ മൂന്നാമത്തെ വണ്ടിയില്‍ സ്ഥാനം പിടിച്ചു. കുഞ്ഞ് ഏമ്മാന്‍ വന്നു. ആദ്യത്തെ ആളോട് വണ്ടി എടുക്കാന്‍ പറഞ്ഞു.. ഞാന്‍ രണ്ടാമനാണ്‌. മെയിന്‍ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും ആദ്യത്തവനോട് ഇറങ്ങാന്‍ പറഞ്ഞു. ദൈവമെ.. അവന്റെ ചീട്ടുകീറി.. ഇനി എന്റെ ഊഴമാണ്‌. ഞാന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു. എമ്മാന്‌ അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അഭിവാദ്യം അര്‍പ്പിച്ചു. സീറ്റ്ബെല്‍റ്റ് മിറര്‍ മുതലായ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി. ഏമ്മാന്‍ കണ്ണുകാണിച്ചു. ഞാന്‍ പല്ല് കാണിച്ചു. എന്നിട്ട് ശാന്തഗംഭീരമായി ഓടിച്ചുതുടങ്ങി. ഒരു ഇരുപത് മീറ്റര്‍ ഓടിച്ചുകാണും.. ഏമ്മാന്‍ നിര്‍ത്താന്‍ പറഞ്ഞു. ദൈവമേ... ഇന്നും....??.. അങ്ങനെ സമാധാനപരമായി മൂന്നാമത്തെ ടെസ്റ്റും കഴിഞ്ഞു. ഞാന്‍ റിസള്‍ട്ട് കൗണ്ടറിന്റെ അടുത്തുവന്ന്‌ കാത്തിരുപ്പായി. അത്ഭുതങ്ങള്‍ നടക്കാന്‍ ഇനിയും സമയമുണ്ടല്ലോ... ഞായറാഴചയായതുകൊണ്ട് അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധര്‍ക്കൊക്കെ ശക്തി കൂടും. ഞാന്‍ നീട്ടി വിളിച്ചു. അങ്ങനെയിരിക്കുന്ന സമയത്ത് ഒരു ബംഗാളി ദൂതന്‍ പ്രത്യക്ഷനായി മംഗളവാര്‍ത്ത അറിയിച്ചു. ഈ രാജ്യത്തിന്റെ നിരത്തുകളില്‍ വാഹനമോടിക്കാന്‍ യോഗ്യതയുള്ളവരുടെ ഗണത്തിലേക്ക് ഞാനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.... ഞാനിപ്പം മാനത്ത് വലിഞ്ഞുകേറുവേ.... എന്ന സ്ഥിതിയായി.
ലൈസന്‍സ് ഫീ ആയ 75 റിയാല്‍ അടയ്ക്കുകയാണ്‌ അടുത്ത നടപടി. അത് ബാങ്കില്‍ അടയ്ക്കണം. എന്നാല്‍ അതിനും ബംഗാളി മാലാഖയുടെ കയ്യില്‍ മറുമരുന്നുണ്ട്. 100 റിയാല്‍ ആകുമെന്ന്‌ മാത്രം. അവന്റെകൂടെ ചെന്ന്‌ 100  റിയാല്‍ അടച്ചു.  എന്നിട്ട് ലൈസന്‍സ് ഇഷ്യു ചെയ്യുന്ന കൗണ്ടറില്‍ പോയി കൂപ്പണ്‍ വാങ്ങിച്ചു. ഇന്നുതന്നെ ഇതു വാങ്ങിച്ചാല്‍ ഇനി ഇങ്ങോട്ട് കയിലുകുത്തണ്ടല്ലോ... ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ അതും പൂര്‍ത്തിയായി. ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടിയപ്പോള്‍ പത്മഭൂഷന് കിട്ടിയതു പോലെ തോന്നി എനിക്ക്. അന്നത്തെ ദിവസം മുഴുവനും ഞാന്‍ ഈ ദിവ്യ വസ്തുവിനെ ഇടയ്ക്കിടെ കയ്യിലെടുത്തു കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കു ഒന്നുരണ്ടു ഉമ്മയും കൊടുത്തു.

അത്ഭുതപ്രവര്‍ത്തകരായ എല്ലാ പുണ്യവാളന്‍മാര്‍ക്കും നന്ദി....(ഈ അഭ്യാസങ്ങള്‍ക്കായി നടന്ന വകയില്‍ എന്റെ മൂന്നു ദിവസത്തെ ശമ്പളം കട്ടുചെയ്ത മാനേജര്‍ക്കും നന്ദി).