Oct 14, 2012

ചെല്ലപ്പന്റെ വിശ്വാസപ്രഖ്യാപനം

വൈകിട്ട് ചായക്കടയുടെ പുറകിലിരുന്നു പന്നിമലര്‍ത്തുകയായിരുന്നു. അപ്പോഴാണ്‌ അടുത്തുള്ള കൊട്ടകയില്‍ ഷക്കീലയുടെ പടം  ഓടുന്ന വിവരം ആരോ പറഞ്ഞത്. അത് കേട്ടപ്പോള്‍ മുതല്‍ ചാക്കോ നമ്പൂതിരിക്ക് ഒരു പൂതി. ആ സിനിമ ഒന്ന് കാണണം. സിനിമ കഴിഞ്ഞു രാത്രി  ഒറ്റയ്ക്ക് തിരിച്ചു പോരാനൊരു  പേടി. അതുകൊണ്ട് ചെല്ലപ്പെനെക്കൂടി കൂട്ടാമെന്ന് വച്ചു.
"ചെല്ലപ്പാ... രാധയില്‍ തൂവാനത്തുമ്പികള്‍ ഓടുന്നുണ്ടെടാ... നമുക്കൊന്നു പോയാലോ..?"
"തൂവാനത്തുമ്പികള്‍ അല്ല കിന്നാരത്തുമ്പികള്‍... എന്റേംകൂടെ   ടിക്കറ്റ്‌ എടുക്കാമെങ്കില്‍ ഞാന്‍ റെഡി....." ചെല്ലപ്പന്‍ സന്നദ്ധത അറിയിച്ചു. അങ്ങനെ രണ്ടാളും കൂടി സെക്കന്റ്‌ ഷോയ്ക്ക് പോയി. സിനിമ കഴിഞ്ഞപ്പോള്‍ മണി പതിനൊന്നര. രണ്ടാളും കൂടി പാടത്തെ നടവരമ്പിലൂടെ വീട്ടിലേക്കു നടന്നു.  ചെല്ലപ്പന്റെ വീട് കഴിഞ്ഞപ്പോള്‍  ചാക്കോ നമ്പൂതിരി ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. നിലാവെളിച്ചമുണ്ട്.  മുന്‍നിലാവ് അസ്തമിക്കനാവുന്നതെയുള്ളൂ. ചെറിയതോതില്‍ മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു.  ഒരു ബീഡി കത്തിച്ചിട്ട് മൂളിപ്പാട്ടും പാടി അയാള്‍ വീട്ടിലേക്കു നടന്നു.

പുഴയോരവും കടന്നു വീടിന്റെ  അടുത്തെത്താനായപ്പോഴാണ് ചാക്കോ നമ്പൂതിരി ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒന്നേ നോക്കിയുള്ളൂ. വലിച്ച ബീഡിപ്പുക അറിയാതെ വിഴുങ്ങിപ്പോയി. പുക ചങ്കിലുടക്കി ചുമച്ചുപോയെങ്കിലും. ഭയംമൂലം ശബ്ദം പുറത്തേക്കു വന്നില്ല. ചുമയും വിഴുങ്ങിപ്പോയി. ചാക്കോ നമ്പൂതിരിക്കു നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റുന്നില്ല... കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.. കാലിലൂടെ ഒരു നനവ്‌ താഴേക്ക് പടര്‍ന്നു. അയാള്‍ വീണ്ടും ശ്രദ്ധിച്ചു നോക്കി. പറമ്പിന്റെ അതിരിലെ വാഴച്ചുവട്ടില്‍ വെള്ളസാരിയുടുത്ത ഒരു സ്ത്രീ നില്‍ക്കുന്നു. ആ പ്രദേശത്തു അപമൃത്യു വരിച്ച സ്ത്രീകളുടെ രൂപങ്ങള്‍ ഒരു തിരശീലയിലെന്നപോലെ അയാളുടെ മനസ്സിലൂടെ കടന്നുപോയി. പുഴയില്‍ ചാടി മരിച്ച ജാനു, തൂങ്ങിച്ചത്ത കമല, നാട്ടില്‍നിന്നു കാണാതായ സരോജിനി... സ്കൂളില്‍ പോകുമ്പോള്‍ തോണി മറിഞ്ഞു മരിച്ച കൊച്ചുറാണി... അവരില്‍ ആരുടെ പ്രേതമായിരിക്കും....?

അയാള്‍ വിക്കി വിക്കി ചോദിച്ചു... "ഹ് ... ഹാരാത് ....?" പെട്ടെന്നൊരു കാറ്റ് വീശി... അകലെ കുന്നിന്റെ മുകളില്‍ നായ്ക്കള്‍ ഓരിയിട്ടു.  അയാളുടെ തലക്ക് മുകളിലൂടെ ഒരു  വവ്വാലിന്റെ ചിറകടി ശബ്ദം കടന്നുപോയി. പുഴയരികിലെ പൊന്തക്കാട്ടില്‍ എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. വാഴച്ചുവട്ടില്‍ നിന്ന സ്ത്രീരൂപം കൈയ്യുയര്‍ത്തി തന്നെ വിളിക്കുന്നതുപോലെ. പിന്നെ അത് തന്റെ അടുത്തേക്ക്‌ വരുന്നതുപോലെ നമ്പൂതിരിക്ക് തോന്നി. അയാള്‍ അമ്മേ.... എന്ന് ഉറക്കെ വിളിച്ചെങ്കിലും ആ ശബ്ദം അയാള്‍ പോലും കേട്ടില്ല...പിന്നെ ഒരോട്ടമായിരുന്നു. തൊട്ടു തൊട്ടില്ല എന്നതുപോലെ പ്രേതം പുറകെതന്നെയുണ്ട്‌. വയല്ക്കരയിലൂടെ ഓടി കുമാരന്റെ പറമ്പും കടന്നു മറുവഴിയിലൂടെ ഓടി വീട്ടില്‍ എത്തി. എല്ലാവരും നല്ല ഉറക്കമാണ്. അടുക്കളയില്‍ കയറി കുറെ വെള്ളം എടുത്തു കുടിച്ചു. തന്റെ പരവേശം ആരോട് പറയാന്‍.... ഒരുവിധത്തില്‍ മുറിയില്‍ കയറി കതകടച്ചു കിടന്നു. ഓട്ടത്തിന്റെ തളര്‍ച്ചയില്‍ അറിയാതെ ഉറങ്ങിപ്പോയി.

രാവിലെ പത്തുമണി കഴിഞ്ഞാണ് ഉണര്‍ന്നത്.  ഉറക്കമുണര്‍ന്ന ചാക്കോനമ്പൂതിരിയുടെ മനസ്സില്‍ തലേന്നത്തെ സംഭവങ്ങള്‍ മായാതെ നിന്നു. രാത്രിയിലെ ഓട്ടത്തിനിടയില്‍ എവിടെയൊക്കെയോ തട്ടി ദേഹത്ത് അവിടവിടെ ചെറിയ മുറിവുകള്‍ പറ്റിയിരിക്കുന്നു. ആ മുറിവുകള്‍ കണ്ടപ്പോള്‍ തലേന്നത്തേതു ഒരു സ്വപ്നമായിരുന്നില്ല എന്ന് അയാള്‍ക്ക്‌ ഉറപ്പായി.  ചായ കുടിച്ചിട്ട് അയാള്‍ പറമ്പിന്റെ അതിരിലെ വാഴയുടെ അടുത്തേക്ക്  നടന്നു.  അവിടെ പ്രത്യേകിച്ചൊന്നും കാണാനില്ല. ഈയിടെ കുലച്ച ഒരു വാഴയില്‍ നിന്നും  ഒടിഞ്ഞു കിടന്ന ഇലയുടെ തൂശനറ്റം മുറിച്ചെടുത്തുകൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു പോന്നു. ഉച്ചക്ക് ചോറുണ്ണാമല്ലോ. ആ ദിവസം മുഴുവന്‍ തലേന്നത്തെ സംഭവം അയാളുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു.

വൈകുന്നേരമേ ചെല്ലപ്പനെ കാണാന്‍ പറ്റിയുള്ളൂ. അവന്‍ എവിടെയോ കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. അവനോടു തലേന്നത്തെ സംഭവങ്ങള്‍ വിശദമായി പറഞ്ഞു.
"ഒലക്കേടെ മൂട്....ഒക്കെ തന്റെ തോന്നലാ... പേടിച്ചുതൂറി... രാവും പകലുമില്ലാതെ നടക്കുന്ന ഞാന്‍ ഇക്കാലത്തിനിടക്ക് ഒരു പ്രേതത്തെപ്പോലും കണ്ടിട്ടില്ല..." ചെല്ലപ്പന്‍ പരിഹസിച്ചു.    എത്ര ശ്രമിച്ചിട്ടും ചാക്കോ നമ്പൂതിരി പറഞ്ഞത് വിശ്വസിക്കാന്‍ ചെല്ലപ്പന്‍ തയാറായില്ല. പ്രേതത്തിനെ സ്വന്തം കണ്ണ് കൊണ്ട് കാണുകയും വിരലുകള്‍കൊണ്ട്‌ സ്പര്‍ശിക്കുകയും ചെയ്യാതെ താന്‍ വിശ്വസിക്കില്ലെന്നായി ചെല്ലപ്പന്‍. ഒടുവില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. അന്ന് രാത്രി രണ്ടുപേരും കൂടി പ്രേതത്തെ കണ്ട സ്ഥലത്ത് പോകുക. ധൈര്യം കിട്ടാന്‍വേണ്ടി പാതിരാത്രിവരെ ചെല്ലപ്പന്റെ വീട്ടില്‍ ഇരുന്നു രണ്ടുപേരും പട്ടയടിച്ചു. പതിരാവായപ്പോള്‍ രണ്ടാളും കൂടി പ്രേതത്തെ പിടിക്കാന്‍ ഇറങ്ങി. ചെല്ലപ്പന്‍ ഒരു കൊച്ചു പിച്ചാത്തി എടുത്തു അരയില്‍ തിരുകി. ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടേ മടങ്ങൂ.. രണ്ടാളും നല്ല വീലാണ്.

രണ്ടാളും സംഭവസ്ഥലത്തെത്തി. വാഴച്ചുവട്ടിലേക്ക് നോക്കിയ ചെല്ലപ്പന്‍ കിടുങ്ങിപ്പോയി. വാഴച്ചുവട്ടില്‍ പ്രേതം നില്‍ക്കുന്നു. പൂനിലാവില്‍ അവളുടെ വെള്ളവസ്ത്രം തിളങ്ങി.  ചാക്കോ നമ്പൂതിരി ചെല്ലപ്പന്റെ തോളില്‍ മുറുകെ പിടിച്ചു.   രണ്ടാളും നിന്നനില്‍പ്പില്‍  മൂത്രമൊഴിച്ചു. ചെല്ലപ്പന്‍ തന്റെ പിച്ചാത്തിയില്‍ മുറുകെ പിടിച്ചു.  പെട്ടെന്ന് ചാക്കോനമ്പൂതിരി ഒരു കാര്യം തിരിച്ചറിഞ്ഞു. ഇത് തലേന്നത്തെ പ്രേതമല്ല.
"ചെല്ലപ്പാ ഇത് ഇന്നലെത്തവളല്ലാ.. ഇന്നലത്തവള്‍ സാരിയാ ഉടുത്തിരുന്നത്. ഇവള്‍ക്ക് പാവാടയും ബ്ലൌസുമാ... ദൈവമേ... ഇത് വള്ളം മറിഞ്ഞു മരിച്ച കൊച്ചുറാണിയാ... ഇവള്‍ ഇപ്പോഴും സ്കൂള്‍ യുണിഫോമില്‍ അലഞ്ഞു നടക്കുകയാണോ...?"

പെട്ടെന്നൊരു കാറ്റടിച്ചു. നരിച്ചീറുകള്‍ കരഞ്ഞുകൊണ്ട്‌ പറന്നു. വെളുത്ത ഫ്രോക്കും ഷര്‍ട്ടും ധരിച്ച കൊച്ചുറാണിയുടെ  പ്രേതം ചെല്ലപ്പനെ നോക്കി ചിരിച്ചു. അവള്‍ കൈയുയര്‍ത്തി ചെല്ലപ്പനെ അടുത്തേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു.
"ചെല്ലപ്പന്‍ ചേട്ടാ... എന്റെ അടുത്തേക്ക് വാ... എന്റെ അടുത്ത് വന്നു എന്നെ തൊട്ടു നോക്കൂ.. എന്നാലല്ലേ ചെല്ലപ്പന്‍ ചേട്ടന്‍ വിശ്വസിക്കുകയുള്ളൂ... വാ..."

ചെല്ലപ്പന്‍ ഒരു സ്വപ്നത്തിലെന്നപോലെ കൊച്ചുറാണിയുടെ അടുത്തേക്ക് നടന്നു. അവന്‍ രണ്ടു കൈകളും വിടര്‍ത്തി അവളെ കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചോട്‌ ചേര്‍ത്തു.
"എനിക്ക് വിശ്വാസമായി.... എനിക്ക് വിശ്വാസമായി....."

രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ കുമാരനും പപ്പനും ചേര്‍ന്നാണത്രെ  വഴില്‍ ബോധമറ്റു  കിടന്ന ചാക്കോ നമ്പൂതിരിയേയും അറ്റം  മുറിച്ച വാഴയിലയെ നെഞ്ചോട്‌ ചേര്‍ത്ത് വാഴയില്‍ ചാരിനിന്ന നിലയില്‍ കണ്ടെത്തിയ ചെല്ലപ്പനെയും ആശുപതിയില്‍ എത്തിച്ചത്.

1 comment:

  1. ചെല്ലപ്പന്‍റെ ധൈര്യം എല്ലാം ചോര്‍ന്ന്‍ മുണ്ടെലോക്കെ പറ്റിയോ ?

    ReplyDelete