ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. അക്കാലത്തെ ഏതൊരു ആണ്‍കുട്ടിയെയുംപോലെ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുക എന്നത് എന്റെയും ഒരു വലിയ സ്വപ്നമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ വളയം ഉരുട്ടിക്കൊണ്ടാണ് എവിടെക്കെങ്കിലും പോവുകയും വരുകയുമൊക്കെ ചെയ്തിരുന്നത്. കിണറ്റില്‍ വെള്ളം കോരുന്ന പഴയ ഇരുമ്പ് ബക്കറ്റു ഉപയോഗശൂന്യമാകുമ്പോള്‍ അതിന്റെ കൈപിടി ഊരിയെടുത്തു കൊല്ലനെക്കൊണ്ട് വിളക്കിച്ച് ഒരു റിംഗ് ആക്കി എടുക്കും ഇതാണ് വളയം. ഇത് ഉരുട്ടിക്കൊണ്ട് പോകാന്‍ കുടയുടെ മുട്ടുകമ്പി വളച്ചു ഒരു വടിയില്‍ ഫിറ്റു ചെയ്യും. ഈ വളയം തള്ളിക്കൊണ്ട് പോകുമ്പോള്‍ ഒരു സൈക്കിള്‍ ഓടിക്കുന്ന സംതൃപ്തി ലഭിച്ചിരുന്നു.
സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന സൈക്കിള്‍ഷോപ്പുകള്‍ അന്ന് സാധാരണമായിരുന്നു. ഒരു മണിക്കൂറിനു അമ്പതുപൈസയോ മറ്റോ ആയിരുന്നു ചാര്‍ജ്. അര, മുക്കാല്‍, ഫുള്‍ എന്നിങ്ങനെ പല പൊക്കത്തിലുള്ള സൈക്കിളുകള്‍ ലഭ്യമായിരുന്നു. പൊക്കം കുറഞ്ഞ ഞാന്‍ അരസൈക്കിള്‍തന്നെ കഷ്ടപ്പെട്ടാണ് ഓടിച്ചിരുന്നത്. അര സൈക്കിളുകള്‍ക്കെല്ലാം ചുവപ്പ് നിറമായിരുന്നു. എങ്ങനെയെങ്കിലും അമ്പതു പൈസയുണ്ടാക്കി രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് സൈക്കിള്‍ വാടകക്കെടുക്കും. നന്നായി ഓടിക്കാന്‍ അറിയാവുന്നവന്‍ ടൌണില്‍ നിന്ന് സൈക്കിള്‍ വാടകയ്ക്ക് എടുത്തുകൊണ്ടുവരും. കൂടുതല്‍ സമയവും അവന്‍ തന്നെയായിരിക്കും സൈക്കിള്‍ ഓടിക്കുന്നതും. ഇടയ്ക്കു ഞങ്ങളെ കയറ്റിയിരുത്തി അല്‍പസമയം തള്ളിത്തരും. വാടക തുല്യമായി പിരിക്കും. ഇങ്ങനെ കുറേക്കാലം സൈക്കിള്‍ പഠിച്ചു. തനിയെ ചവിട്ടിക്കയറാനൊന്നും ആയില്ല. മൈല്‍ കുറ്റിയില്‍ ചവിട്ടി സൈക്കിളില്‍ കയറി ഇരിക്കും. എന്നിട്ട് മുന്നോട്ടു ആഞ്ഞു ചവിട്ടും, ഒന്നുകില്‍ വലത്തോട്ടു മറിഞ്ഞു വീഴും. അല്ലെങ്കില്‍ വിറച്ചുകൊണ്ട് മുമ്പോട്ട് പോകും, കുറച്ചു ചെല്ലുമ്പോള്‍ മറിഞ്ഞു വീഴും. എത്ര പ്രാവശ്യം വീണിരിക്കുന്നു. ഒരിക്കല്‍ പാലത്തില്‍നിന്നു തോട്ടിലേക്ക് വീണു. എന്നിട്ടും ചിരിച്ചതല്ലാതെ കരഞ്ഞിട്ടില്ല. ചോര പൊടിഞ്ഞാലും കണ്ണീര്‍ പൊടിയില്ല... അതാണ് സൈക്കിള്‍ പഠിത്തത്തിന്റെ ഒരു ഇത്.... അങ്ങനെ ഒരുവിധം ഓടിച്ചു തുടങ്ങിയ കാലത്താണ് "മുമ്പിലത്തെ ഒപ്രൂശ്മാ" സ്വീകരണത്തിന് പഠിക്കാന്‍ പോയത്.
"മുമ്പിലത്തെ ഒപ്രൂശ്മാ"... അതില്‍ "മുമ്പിലത്തെ" എന്നത് മലയാളമാണ്. "ഒപ്രൂശ്മാ" ഏതു ഭാഷയാണെന്ന് എനിക്കറിയില്ല. എന്തായാലും അങ്ങനെ ഒരു സംഭവം കത്തോലിക്കാസഭയില്‍ ഉണ്ട്. സ്ഥൈര്യലേപനം എന്നാണതിന്റെ മലയാള പരിഭാഷ. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളില്‍ രണ്ടാമത്തേതാണ് ഈ "ഒപ്രൂശ്മാ". എഴില്‍ ആറെണ്ണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി ഓരോ വിശ്വാസിയും സ്വീകരിക്കണമെന്നാണ് സഭയുടെ ചട്ടം. മുമ്പിലത്തെ ഒപ്രൂശ്മ സ്വീകരണത്തിന്റെ ഒരുക്കത്തിന് വേണ്ടി കുറച്ചകലെയുള്ള സണ്‍ഡേസ്കൂളില്‍വച്ച് ഒരാഴ്ച രാവിലെ പത്തുമണി മുതല്‍ മൂന്നുമണി വരെ പ്രത്യേക ക്ലാസുണ്ടായിരുന്നു.
ക്ലാസ്സുകഴിഞ്ഞു വീട്ടിലെത്തുന്നതിനു മുന്‍പ് കുറച്ചുസമയം കിട്ടും. ആ സമയത്ത് സണ്‍ഡേസ്കൂളിനടുത്തുള്ള കവലയിലെ സൈക്കിള്‍ഷോപ്പില്‍ നിന്ന് അരമണിക്കൂര്‍ സൈക്കിള്‍ വാടകക്കെടുക്കും. എന്നിട്ട് അടുത്ത മൈല്‍ക്കുറ്റി വരെ തള്ളിക്കൊണ്ട് പോകും. പിന്നെ സൈക്കിളില്‍ കയറി ആളൊഴിഞ്ഞ ഏതെങ്കിലും റോഡില്‍ക്കൂടി ഓടിക്കും. നാലഞ്ചു ദിവസം ഇത് തുടര്‍ന്നപ്പോള്‍ അല്പം ധൈര്യം ആയി. അടുത്ത ദിവസം സൈക്കിളില്‍ ഓടിച്ചപ്പോള്‍ ഒരു മോഹം. അത്യാവശ്യം ബാലന്‍സ് ആയി. അടുത്ത ടൌണ്‍ വരെ ഒന്ന് പോയിക്കളയാം. അങ്ങനെ മെയിന്‍ റോഡിന്‍റെ സൈഡ് പിടിച്ചു ടൌണിലേക്ക് വിട്ടു. ഒരു വളവിലെത്തിയപ്പോള്‍ പെട്ടെന്ന് എതിര്‍വശത്തുനിന്നും ഒരു ജീപ്പ് നല്ല സ്പീഡില്‍ വന്നു. പിന്നെന്താണ് നടന്നതെന്നറിയില്ല. ഞാന്‍ ഓടക്കകത്തും സൈക്കിള്‍ എന്റെ മുതുകത്തും. ഞാന്‍ പതുക്കെ എണീറ്റ് രംഗം ഒന്ന് വീക്ഷിച്ചു. ജീപ്പുകാരന്‍ വണ്ടി നിര്‍ത്താതെ സ്ഥലം വിട്ടിരിക്കുന്നു. എന്റെ ദേഹത്ത് അവിടവിടെ പെയിന്റ് പോയിരിക്കുന്നു. ചിലടത്തൊക്കെ ചുവപ്പ് നിറത്തില്‍ ലീക്കേജും. വലതു കയ്യുടെ മുട്ടിനു താഴെ ഒരു പീസ് തൂങ്ങി നില്‍ക്കുന്നു. പക്ഷെ വേദന തീരെയില്ല. ഒരു വെള്ളമുണ്ടാണ് ഉടുത്തിരുന്നത്. അതാകെ മണ്ണും ചോരയും പറ്റി നാശമായിരിക്കുന്നു. എനിക്കെന്തു സംഭവിച്ചാലും സൈക്കിളിനൊന്നും പറ്റല്ലേ എന്ന പ്രാര്‍ത്ഥനയോടെ സൈക്കിളിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി. അതിന്റെ മുന്‍ചക്രത്തിന് മലയാളത്തിലെ 'ഭ' എന്ന അക്ഷരവുമായി സാമ്യമില്ലേ എന്നൊരു സംശയം. കര്‍ത്താവേ ഇനി സൈക്കിള്‍ഷോപ്പുകാരനോട് എന്ത് പറയും...?. ആ ജീപ്പ് ഓടിച്ചിരുന്നവനെ പാമ്പ് കടിച്ചതിനു ശേഷം ഇടി വെട്ടണേ... ഞാന്‍ സൈക്കിളിന്റെ ചക്രം കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് വലിച്ചു നിവര്‍ത്താന്‍ ശ്രമിച്ചു. ഒരുവിധത്തില്‍ "ഭ" യെ "മ' പോലെയാക്കി. പിന്നെ ആ ദ്വിചക്രപാദശകടത്തെ തള്ളിക്കൊണ്ട് തിരിച്ചു നടന്നു. കയ്യില്‍ ആകെക്കൂടി പത്തു രൂപയുണ്ട്. കടക്കാരനോട് എന്ത് പറയും...? "ആ ജീപ്പുകാരന്‍ എവിടെയെങ്കിലും വണ്ടി മറിഞ്ഞു ചാകണേ..." ഒരുവിധത്തില്‍ ആ സാധനം ഞാന്‍ കടയില്‍ എത്തിച്ചു. പക്ഷെ കടക്കാരനെ അവിടെയെങ്ങും കാണാനില്ല. പരിസരത്തെങ്ങും ആരുമില്ല. ഞാന്‍ സൈക്കിള്‍ മറ്റു സൈക്കിളുകളോടൊപ്പം വച്ചിട്ട് ഒന്നുമറിയാത്ത പോലെ സ്ഥലംവിട്ടു. പിന്നീടിന്നുവരെ ആ ഭാഗത്തേക്ക് പോയിട്ടില്ല. എന്നെ മുന്‍പരിചയമില്ലാത്തതിനാല്‍ സൈക്കിള്‍ഷോപ്പുകാരന്‍ എന്നെ അന്വേഷിച്ചു വന്നതുമില്ല.
ഒരാഴ്ച കഴിഞ്ഞു എന്റെ ചേട്ടന്‍ ഒരു വലിയ രഹസ്യം എന്നോട് വെളിപ്പെടുത്തി. ഇഷ്ടന്‍ ഇടക്കൊക്കെ വീട്ടിലറിയാതെ ഡ്രൈവിംഗ് പഠിക്കാന്‍ പോകുമായിരുന്നത്രേ... ഒരാഴ്ച മുന്‍പ് ടൌണിന്റെ അടുത്തുള്ള വളവില്‍ വച്ച് ഏതോ ഒരു തെണ്ടി സൈക്കിളുമായി ജീപ്പിനു മുന്‍പില്‍ ചാടി.. ആരും കാണാഞ്ഞതുകൊണ്ട് മൂപ്പന്‍ വണ്ടി നിര്‍ത്താതെ വിട്ടുപോന്നു. സൈക്കിളുകാരന്‍ ചത്തോ..ജീവിച്ചോ... ഒരു പിടിയുമില്ല...
"എടാ തെണ്ടി ചേട്ടാ.... അപ്പൊ അത് നീയാരുന്നല്ലേ...."