ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഈ ക്ലച്ച് അമര്‍ത്തുക.
അടുത്ത ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ ഞരങ്ങിയും മൂളിയും കടന്നുപോയി. വീണ്ടും നിര്‍ണ്ണായക ശനി. പുണ്യവാളന്‍സിനെ എല്ലാവരേയും കാര്യങ്ങള്‍ വേണ്ടവിധം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ചത്തെപ്പോലെ പറ്റിച്ചുകളയരുത്.. രാവിലെ കൃത്യം ഏഴരയ്ക്ക് ദല്ലയില്‍ ഹാജര്‍. സ്ലിപ്പ് കൊടുത്ത് നടപടികള്‍ യഥാക്രമം ആരംഭിച്ചു. റോഡ് ടെസ്റ്റിനുള്ള ക്യൂവിലെത്തി. എന്റെ നമ്പര്‍ എത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച ടെസ്റ്റെടുത്ത അതേ പോലീസുകാരന്‍ തന്നെ. അവന്റെ മുഖത്തു പുജ്ഞം... എന്റെ മുഖത്ത് ലജ്ഞ... കാര്യങ്ങള്‍ക്ക് വിഘ്നം വരല്ലേയെന്നു വിഘ്നേശ്വരനോട് ഒരിക്കല്‍ക്കൂടി അപേക്ഷിച്ചു. ഞാന്‍ രണ്ടാമതാണ് കയറിയത്. എന്റെ ഊഴം എത്തി. വണ്ടി മുന്നോട്ടെടുത്തു. ആഹാ.. എത്ര സുന്ദരം.. എത്ര മനോഹരം.. വണ്ടി നന്നായിട്ട് ഓടുന്നു. സാധാരണ ടെസ്റ്റ് എടുക്കുന്നതിലും കൂടുതല്‍ ഓടിച്ചിട്ടും പോലീസുകാരന്‍ ഒന്നും പറയുന്നില്ല. ഞാന്‍ ചരിഞ്ഞൊന്നു നോക്കിയപ്പോള്‍ മൂപ്പില്‍സ് മൊബൈലില്‍ കൂപ്പണ്‍ റീചാര്‍ജ് ചെയ്യുകയാണ്. നല്ല തല്‍സ് കൊടുക്കാന്‍ തോന്നി. പിന്നേയും കുറച്ചുദൂരം പോയപ്പോള്‍ അയാള്‍ എന്തോ പറഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കി. വണ്ടി നിന്നു. അയാള്‍ സ്നേഹത്തോടെ എറങ്ങടാ വെളിയില്‍ എന്നു പറഞ്ഞു. ദുഷ്ടന്‍! എന്നെ വീണ്ടും തോല്‍പ്പിച്ചു. ഇനി ക്ലാസ്സിനു പോവുകയേ രക്ഷയുള്ളൂ. അത് വേണ്ട ഏതെങ്കിലും ബംഗ്ലാദേശിയെ പിടിച്ചു ക്ലാസ്സില്‍ പോകാതെ പറ്റുമോ എന്ന് നോക്കാം. (സൗദി അറേബ്യയിലെ ഏതു തരത്തിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബംഗാളികള്‍ക്ക് കഴിയും എന്നതാണ് ഇവിടുത്തെ ഒരു സെറ്റപ്പ്. എല്ലാ സര്കാരപ്പീസുകളിലും ഈ മാലാഖമാര്‍ തൂപ്പുകാരായി ജോലി ചെയ്യുന്നുണ്ടാകും. ഇവര്‍വഴി ഏതു കാര്യവും പിന്‍വാതിലിലൂടെ സാധിക്കാം). അങ്ങനെ ആ പരിസരത്ത് റാകിപ്പറക്കുന്ന ഒരു ബംഗാളിയെ സമീപിച്ചു. ബംഗാളിക്കു റേറ്റ് അല്പം കൂടുതലാണ്. 1500 റിയാല്‍ വേണമത്രേ. അത് വേണ്ട.. എന്നിലെ ഹരിസ്ചന്ദ്രനും ഗാന്ധിജിയും ഉണര്‍ന്നു. ഞാന്‍ ക്ലാസ്സില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങി മെയിന്‍ കൗണ്ടറില്‍ ചെന്നു. എത്രയാണാവോ ഫീസു കെട്ടേണ്ടത്.. സ്ലിപ്പ് കണ്ടതേ കൗണ്ടറിലിരുന്നവന്റെ മുഖം തിളങ്ങി. ഒരുത്തന്‍ വലയില്‍ വീണല്ലോ.. 435 റിയാല്‍ അടയ്ക്കണമെന്ന് അയാള്‍ ഒരുവിധം അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞൊപ്പിച്ചു. ഞാനത് കേട്ടൊപ്പിച്ചു. വേള്‍ഡ് കപ്പ് ഫൈനലിനു പോകുന്ന ടീമുകള്‍ ജയിക്കുമ്പോള്‍ ആഹ്ലാദിക്കാനുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നതുപോലെ തോറ്റാല്‍ ഫീസുകെട്ടാന്‍വേണ്ടി ഞാന്‍ 500 റിയാല്‍ കയ്യില്‍ കരുതിയിരുന്നു. അതെടുത്ത് അവന്റെ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തു. ദുഷ്ടന്‍ അതു വാങ്ങിയിട്ട് 65 റിയാല്‍ തിരിച്ചുതന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ പറഞ്ഞ് പുതിയ സ്ലിപ്പ് തന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ എനിക്കു മനസ്സില്ല നീ എന്തോ ചെയ്യും... നീ നിന്റെ ഇഷ്ടം പോലെ വരുകയോ വരാതിരിക്കുകയോ ചെയ്യ്.. ഞങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടി.... ദേഷ്യം, സങ്കടം, അപമാനം ഇത്യാതി ഭാവപ്രഭാവത്തോടെ ഞാന്‍ ഓഫീസ്സിലേക്ക് പോന്നു. ഇളിഞ്ഞ മോന്തയുമായി ഓഫീസ്സില്‍ വന്നുകയറിയപ്പോള്‍ അവന്മാരുടെ ഒരു ആക്കിയ ചിരി... സാരമില്ല ഏതു ----നും ഒരു ദിവസമുണ്ടല്ലൊ...
അങ്ങനെ ഓപ്പറേഷന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടാം ഘട്ടവും എട്ടുനിലയില്‍ പൊട്ടി. പിന്നെ ഒരാഴ്ച ഡ്രൈവിങ് ലൈസന്‍സിന് ലീവ് കൊടുത്തു. എന്നാലും ഒഫീസ്സിലിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം എന്റെ തലച്ചോറ് ഗിയറുകള്‍ മാറ്റുകയും സ്റ്റിയറിങ് തിരിക്കുകയും ആക്സിലറേറ്റ്ര്‍, ബ്രേക്ക്, ക്ലച്ച് എന്നിവ മാറിമാറി ചവിട്ടിക്കൊണ്ടുമിരുന്നു. ഒരാഴ്ച കഴിഞ്ഞു. മാനം തെളിഞ്ഞു. മനസ്സു തണുത്തു. ഇനിയെങ്കിലും ക്ലാസ്സില്‍ പോയില്ലെങ്കില്‍ 435 റിയാല്‍ സ്വാഹാ... ശനിയാഴ്ച രാവിലെ ഏഴിനുതന്നെ സ്കൂളിലെത്തി. ട്രഷര്‍ ഹണ്ടിങ് ഗയിമിലെപ്പോലെ ക്ലാസ്സു നടക്കുന്ന ഹാള്‍ കണ്ടുപിടിച്ചു. അവിടേയും തരക്കേടില്ലാത്ത ജനക്കൂട്ടം... മൂന്നു മണിക്കൂറുകൊണ്ട് ഉസ്താദ് എല്ലാവര്‍ക്കും ക്ലാസ്സില്‍ വരേണ്ട സമയം ദിവസം മുതലായവ ക്ലിയറാക്കിക്കൊടുത്തു. ഇന്നത്തെ പഠിപ്പീര് കഴിഞ്ഞു, നാളെമുതല്‍ നാലുദിവസം വണ്ടി ഓടിച്ചുകളിക്കാന്‍ രാവിലെ ഏഴിനെത്തുക.. ഇതായിരുന്നു എന്റെ ടൈംടേബിള്‍.
പിറ്റേന്നു രാവിലെ ട്രയിനിങ് സ്പോട്ടിലെത്തി. ഉദ്ദേശം അറുപത് പേരോളമുണ്ടായിരുന്നു. ഉസ്താദ് ഒരു കാറുമായി വന്ന് നാലുപേരെവീതം കയറ്റിക്കൊണ്ട് റോഡില്‍ ഒരു റൗണ്ടടിപ്പിക്കും നാനൂറ് മീറ്റര്‍ റോഡില്‍ നാലുപേര്‍ ഓടിക്കും ഇതാണ് ഡ്രൈവിങ് ക്ലാസ്സ്. അന്നത്തെ ദിവസം ഉച്ചവരെ ഇരുന്നപ്പോള്‍ രണ്ട് പ്രാവശ്യം വണ്ടി ഓടിക്കാനുള്ള ഭാഗ്യം കിട്ടി. അടുത്തദിവസം രണ്ട് കാറുണ്ടായിരുന്നു. അന്ന് മൂന്നു ചാന്‍സ് കിട്ടി. അതിന്റെ പിറ്റേന്നും കിട്ടി മൂന്നു ചാന്‍സ്. അന്നു അറിയിപ്പ് വന്നു. ക്ലാസ്സ് കഴിഞ്ഞു. ഞായറാഴ്ച വന്നു ടെസ്റ്റ് എടുക്കുക. ദൈവമേ... 800 മീറ്റ്ര്‍ വണ്ടി ഓടിക്കാനാണൊ 435 റിയാല്‍ കൊടുത്തത്...
അങ്ങനെ നിര്‍ണ്ണായകമായ ഞായറാഴചയും എത്തിച്ചേര്‍ന്നു. ഇന്നെങ്കിലും പാസ്സായില്ലെങ്കില്‍ തൂങ്ങിച്ചത്താ മതി. നാട്ടിലായിരുന്നെങ്കില്‍ നാടുവിട്ടുപോകാമായിരുന്നു. ഇവിടെ എങ്ങോട്ട് പോകാന്‍... രണ്ടും കല്‍പ്പിച്ച് സ്കൂളിലെത്തി. പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമെല്ലാം ഒന്നുകൂടി പൊടിതട്ടി മിനുക്കി. ടെസ്റ്റിനുള്ള സ്ലിപ്പ് സബ്മിറ്റ് ചെയ്തു. ആകെക്കൂടി മനസ്സിനൊരു ഉന്മേഷം. ഒരു ശുഭലക്ഷണം പോലെ. ഫയലെല്ലാം റഡിയാക്കി ഏമ്മാന്‍ ഓരോരുത്തരെ വിളിക്കാന്‍ തുടങ്ങി. ഇന്ന് മൂന്നു വണ്ടികള്‍ ടെസ്റ്റിനുണ്ട്. ആദ്യത്തെ രണ്ട് ഏമ്മാന്മാരുടെ കയ്യില്‍ പെട്ടാല്‍ ഇന്നും തോറ്റതുതന്നെ. മൂന്നാമത്തെ ചെറിയ ഏമ്മാനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിച്ചു. എന്റെ നമ്പര്‍ വന്നു. ഭാഗ്യക്കേടിന് എനിക്ക് രണ്ടാമത്തെ വണ്ടിയിലേക്കാണ് നമ്പര്‍ വീണത്... ഞാന്‍ മടിച്ചുമടിച്ചു വണ്ടിയുടെ അടുത്തേക്കു നടന്നു. ഞാന്‍ മനസ്സില്‍ വിലപിച്ചു. ഏലി... ഏലി... ലമാ.. ശബക്താനി... ഞാന്‍ വണ്ടിയുടെ അടുത്തെത്താറായപ്പോള്‍ എന്റെ കണ്ണുകളെ അതിശയിപ്പിച്ചുകൊണ്ട് എവിടെനിന്നോ ഒരുത്തന്‍ ഓടിവന്ന് എനിക്കു മുന്‍പെ ആ വണ്ടിയില്‍ കയറി. രണ്ടാമത്തെ വണ്ടി ഫുള്‍!! എനിക്ക് അടുത്ത വണ്ടിയിലേക്കു ചാന്‍സ്!! ഇനിയും ആരെങ്കിലും ഓടിക്കയറുന്നതിനുമുമ്പ് ഞാന്‍ മൂന്നാമത്തെ വണ്ടിയില്‍ സ്ഥാനം പിടിച്ചു. കുഞ്ഞ് ഏമ്മാന്‍ വന്നു. ആദ്യത്തെ ആളോട് വണ്ടി എടുക്കാന്‍ പറഞ്ഞു.. ഞാന്‍ രണ്ടാമനാണ്. മെയിന്‍ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും ആദ്യത്തവനോട് ഇറങ്ങാന്‍ പറഞ്ഞു. ദൈവമെ.. അവന്റെ ചീട്ടുകീറി.. ഇനി എന്റെ ഊഴമാണ്. ഞാന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു. എമ്മാന് അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അഭിവാദ്യം അര്‍പ്പിച്ചു. സീറ്റ്ബെല്‍റ്റ് മിറര്‍ മുതലായ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി. ഏമ്മാന്‍ കണ്ണുകാണിച്ചു. ഞാന്‍ പല്ല് കാണിച്ചു. എന്നിട്ട് ശാന്തഗംഭീരമായി ഓടിച്ചുതുടങ്ങി. ഒരു ഇരുപത് മീറ്റര്‍ ഓടിച്ചുകാണും.. ഏമ്മാന്‍ നിര്‍ത്താന്‍ പറഞ്ഞു. ദൈവമേ... ഇന്നും....??.. അങ്ങനെ സമാധാനപരമായി മൂന്നാമത്തെ ടെസ്റ്റും കഴിഞ്ഞു. ഞാന്‍ റിസള്‍ട്ട് കൗണ്ടറിന്റെ അടുത്തുവന്ന് കാത്തിരുപ്പായി. അത്ഭുതങ്ങള്‍ നടക്കാന്‍ ഇനിയും സമയമുണ്ടല്ലോ... ഞായറാഴചയായതുകൊണ്ട് അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധര്‍ക്കൊക്കെ ശക്തി കൂടും. ഞാന്‍ നീട്ടി വിളിച്ചു. അങ്ങനെയിരിക്കുന്ന സമയത്ത് ഒരു ബംഗാളി ദൂതന്‍ പ്രത്യക്ഷനായി മംഗളവാര്‍ത്ത അറിയിച്ചു. ഈ രാജ്യത്തിന്റെ നിരത്തുകളില്‍ വാഹനമോടിക്കാന്‍ യോഗ്യതയുള്ളവരുടെ ഗണത്തിലേക്ക് ഞാനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.... ഞാനിപ്പം മാനത്ത് വലിഞ്ഞുകേറുവേ.... എന്ന സ്ഥിതിയായി.
ലൈസന്‍സ് ഫീ ആയ 75 റിയാല്‍ അടയ്ക്കുകയാണ് അടുത്ത നടപടി. അത് ബാങ്കില്‍ അടയ്ക്കണം. എന്നാല്‍ അതിനും ബംഗാളി മാലാഖയുടെ കയ്യില്‍ മറുമരുന്നുണ്ട്. 100 റിയാല്‍ ആകുമെന്ന് മാത്രം. അവന്റെകൂടെ ചെന്ന് 100 റിയാല്‍ അടച്ചു. എന്നിട്ട് ലൈസന്‍സ് ഇഷ്യു ചെയ്യുന്ന കൗണ്ടറില്‍ പോയി കൂപ്പണ്‍ വാങ്ങിച്ചു. ഇന്നുതന്നെ ഇതു വാങ്ങിച്ചാല്‍ ഇനി ഇങ്ങോട്ട് കയിലുകുത്തണ്ടല്ലോ... ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ അതും പൂര്‍ത്തിയായി. ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടിയപ്പോള്‍ പത്മഭൂഷന് കിട്ടിയതു പോലെ തോന്നി എനിക്ക്. അന്നത്തെ ദിവസം മുഴുവനും ഞാന്‍ ഈ ദിവ്യ വസ്തുവിനെ ഇടയ്ക്കിടെ കയ്യിലെടുത്തു കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കു ഒന്നുരണ്ടു ഉമ്മയും കൊടുത്തു.
അത്ഭുതപ്രവര്‍ത്തകരായ എല്ലാ പുണ്യവാളന്‍മാര്‍ക്കും നന്ദി....(ഈ അഭ്യാസങ്ങള്‍ക്കായി നടന്ന വകയില്‍ എന്റെ മൂന്നു ദിവസത്തെ ശമ്പളം കട്ടുചെയ്ത മാനേജര്‍ക്കും നന്ദി).