ഞാന്‍ കേരളം വിട്ടു ആദ്യമായി ചേക്കേറിയ നഗരം ഡല്‍ഹിയായിരുന്നു. ഉഷ്ണ ശൈത്യങ്ങളുടെ പാരമ്യതകളുന്ടെങ്കിലും പ്രൌഡഗംഭീരമായ തലസ്ഥാനനഗരിയിലെ ജീവിതം ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തിലാണ് ജീവിക്കുന്നതെന്ന് അഭിമാനിച്ചിരുന്നു. ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നം തന്നെയായിരുന്നു. ഭാഷാപ്രാവീണ്യം നിമിത്തം ചിലപ്പോഴൊക്കെ തല്ലുകൊള്ളാതിരിക്കാന്‍ ഓടേണ്ട സ്ഥിതി വരെ എത്തിയിട്ടുണ്ട്. മലയാളത്തിലെ ചില വാക്കുകള്‍ക്ക് ഹിന്ദിയില്‍ വേറെ പല അര്‍ത്ഥങ്ങളും ഉണ്ടെന്നും ഹിന്ദി സംസാരിക്കുമ്പോള്‍ ഉച്ചാരണശുദ്ധി അനിവാര്യമാണെന്നും പില്‍ക്കാലത്ത് മനസ്സിലാക്കാന്‍ സാധിച്ചു. അക്കാലത്തെ ഏതൊരു ആവറേജ് പ്രവാസിമലയാലാളിയേയുംപോലെ പത്താം ക്ലാസ്സും പി. ഡി.സിയും ഡ്രില്ലും ഗുസ്തിയും കഴിഞ്ഞു നാടുവിട്ട ഞാന്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയത് ഡല്‍ഹിയിലാണ്. ഡല്‍ഹി നഗരത്തില്‍ പഠിച്ചവനും പഠിക്കാത്തവനും ഒക്കെ ജോലി കിട്ടും. അതുകൊണ്ടുതന്നെ ഒരു തട്ടാമുട്ടി കോഴ്സ് കഴിഞ്ഞ ഉടനെ എനിക്ക് വീടിനടുത്ത് ഒരു ഓഫീസില്‍ ജോലിയും കിട്ടി. എന്റെ ഡല്‍ഹി ജീവിതത്തിന്റെ അധികകാലവും ഞാന്‍ എന്റെ മൂത്ത സഹോദരനോടും കുടുംബത്തോടും ഒപ്പമാണ് താമസ്സിച്ചിട്ടുള്ളത്. ആയതിനാല്‍ വളരെ അച്ചടക്കമുള്ള ഒരു സോഷ്യല്‍ ലൈഫ് ആയിരുന്നു എന്റേത്. എന്നുപറഞ്ഞാല്‍ എന്റെ പ്രായത്തിലുള്ള മറ്റു പയ്യന്‍സിന്റെ മാതിരിയുള്ള വിളച്ചിലുകള്‍ ഒന്നും നടപ്പില്ല എന്നര്‍ഥം. എന്നിട്ടുപോലും അവര്‍ക്കൊക്കെ ഞാനൊരു നോട്ടപ്പുള്ളി ആയിരുന്നു.
അക്കാലത്തു എന്റെ രണ്ടു കസിന്‍സ് ഞങ്ങള്‍ താമസിക്കുന്നതിനടുത്തുള്ള ഒരു മിഷനറി ആശുപത്രിയില്‍ നേഴ്സിങ്ങിനു പഠിച്ചിരുന്നു. ഒരാള്‍ രണ്ടാം വര്‍ഷവും മറ്റവള്‍ ഒന്നാം വര്‍ഷവും. എന്റെ സഹോദരനായിരുന്നു ഡല്‍ഹിയിലെ ഇവരുടെ ലോക്കല്‍ഗാര്‍ഡിയന്‍. മിക്കപ്പോഴും ഇവരെ കാണാന്‍ ഞാന്‍ ഇവര്‍ താമസ്സിക്കുന്ന ഹോസ്റ്റലില്‍ പോകുമായിരുന്നു. ആ സന്ദര്‍ശനങ്ങള്‍ക്ക് പെങ്ങന്മാരെ കാണാന്‍ പോകുക എന്ന്നതിലുപരി പ്രസക്തായ ചില ഗൂഡലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷക്കാരി കസിന്റെ ഒരു കൂട്ടുകാരിയോട് എനിക്ക് ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഉണ്ടായിരുന്നു. പക്ഷെ, എന്റെ മൂത്തസഹോദരിയും സഹോദരന്റെ ഭാര്യയും അതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്തിരുന്നതുകൊണ്ട് എന്റെ സോഫ്റ്റ്‌കൊര്‍ണരൊക്കെ ഞാന്‍ മനസ്സിന്റെ കോര്‍ണറില്‍തന്നെ വച്ചതേയുള്ളൂ. ഈ കസിന്‍ എന്റെ മനസാക്ഷിസൂക്ഷിപ്പുകാരിയയിരുന്നെന്കിലും അവളോട്‌പോലും ഞാന്‍ ഈ സോഫ്റ്റ്‌കോര്‍ണറിന്റെ കാര്യം പറഞ്ഞിരുന്നില്ല. ചേച്ചിമാരെങ്ങാനും അറിഞ്ഞാല്‍ ചാടി ചാകാന്‍ ഡല്‍ഹിയില്‍ ഒരു സുയിസൈഡ് പോയിന്റ് പോലുമില്ല. ഇങ്ങനെ മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ച്ചിട്ടു ഇറക്കാനും വയ്യ എന്ന സ്ഥിതിയിലായിരുന്നു കാര്യങ്ങള്‍.
ഇങ്ങനെയുള്ള ഒരു കാലത്താണ് നമ്മുടെ കഥയ്ക്ക് ആസ്പദമായ സംഭവം നടന്നത്. നമ്മുടെ രണ്ടാം വര്‍ഷക്കാരി കസിന്‍ നാട്ടില്‍ ലീവിന് പോയിട്ട് തിരിച്ചു വരുന്ന ദിവസം. അവളെ റെയില്‍വേസ്റ്റേഷനില്‍ പോയി കൂട്ടിക്കൊണ്ടു വരുന്നതിനായി ഞാന്‍ നിയോഗിക്കപ്പെട്ടു. ഓഫീസില്‍ നിന്ന് ഹാഫ്ഡേ ലീവ് എടുക്കാമെന്ന് തീരുമാനിച്ചു. അന്നുരാവിലെ കുളിച്ചു കുട്ടപ്പനായി ഓഫീസിലേക്ക് പോകാനായി ഇറങ്ങി. തലേന്ന് വാങ്ങിയ ഒരു പുത്തന്‍ സ്റ്റോണ്‍ വാഷ് ജീന്‍സും വെളുത്ത ടീഷര്‍ട്ടും ആയിരുന്നു എന്റെ വേഷവിധാനം. വാതില്‍ തുറന്ന ഞാന്‍ കണി കണ്ടത് എതിര്‍വശത്തെ വീട്ടില്‍ താമസ്സിക്കുന്ന ഒരു വൃത്തികെട്ട മനുഷ്യന്‍, സോറി ഒരു മാന്യദേഹം, എക്സ്പയറി ഡേറ്റ് തീര്‍ന്ന, അവിടവിടെ വെന്റിലെഷനുള്ള ഒരു അന്ടെര്‍വെയെര്‍ മാത്രമിട്ടുകൊണ്ട് എനിക്കെതിരെ പൃഷ്ടം തിരിഞ്ഞു കുനിഞ്ഞു നിന്നുകൊണ്ട് എന്തോ ചെയ്യുന്നു. നല്ല കണി...... എനിക്ക് ഈ കണിയിലും മറ്റും വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട് ഞാന്‍ അതത്ര കാര്യമാക്കാതെ ഓഫീസിലേക്ക് പോയി. കോളനിയില്‍നിന്ന് പുറത്തെക്കിറങ്ങുന്ന ഭാഗത്തുകൂടി സാമാന്യം വലിയ ഒരു അഴുക്കുചാല്‍
പോകുന്നുണ്ട്. ഏതാണ്ട് ഒരു മീറ്റര്‍ വീതിയും അത്രതന്നെ ആഴവുമുള്ള ഈ അഴുക്കുചാല്‍ മൂടിയിരിക്കുന്നത് കല്‍പ്പലകകള്‍ കൊണ്ടായിരുന്നു ഈ അഴുക്കുചാല്‍ കടന്നുവേണം ഞങ്ങള്‍ക്ക് മെയിന്‍ റോഡിലേക്ക് എത്തുവാന്‍. കാലപ്പഴക്കം കൊണ്ട് ചില കല്ലുകളുടെ മൂലകള്‍ പൊട്ടിയിരുന്നത് എന്തുകൊണ്ടോ ഞാന്‍ മാത്രം കണ്ടില്ല. അതെങ്ങനെയാ നിലത്തുനോക്കി നടന്നാലല്ലേ ഇതൊക്കെ കാണുകയുള്ളൂ... പ്ടും എന്നൊരു ശബ്ദം മാത്രമേ കേട്ടുള്ളൂ... ഞാനിതാ അയഞ്ഞ ചാണകം പോലത്തെ അഴുക്ക് ചാലിനകത്ത് അരക്കൊപ്പം താഴ്ന്നു നില്‍ക്കുന്നതാണ് അപ്പോള്‍ ആവഴിയെ വന്നവര്‍ കണ്ടത്. വീണ്ടുമൊരു പ്ടും.... ഞാന്‍ ചവിട്ടിയപ്പോള്‍ കറങ്ങിപ്പോയ കല്പ്പലക എന്റെ മുതുകത്തു വന്നു തട്ടിയതാണ് രണ്ടാമത്തെ പ്ടും.... ശബ്ദംകേട്ടു തിരിഞ്ഞു നോക്കിയവര്‍ കരുതിയത് ഞാന്‍ ഓടയുടെ സ്ലാബ് പൊക്കി മുകളിലേക്ക് വരികയാണെന്നാണ്. ഓടയില്‍ വീണതിനെക്കളും എന്നെ സങ്കടപ്പെടുത്തിയത് ആ കോളനിയില്‍നിന്ന് രാവിലെ ജോലിക്ക് പോകുന്ന പരിചയക്കാരായ തരുണീമണികളെല്ലാം ആ കാഴ്ച കണ്ടല്ലോ എന്നതാണ്. അഴുക്കുചാലില്‍നിന്നും ഒരുതരത്തില്‍ വലിഞ്ഞു കയറി നേരെ വീട്ടിലേക്കു തിരിച്ചുപിടിച്ചു. ജീന്‍സും ഷര്‍ട്ടും ഊരി കളഞ്ഞിട്ടു വീട്ടിനകത്തേക്ക് കയറിയാല്‍ മതിയെന്നായി വീട്ടിലുള്ളവര്‍. പുതിയ ഒരു ജീന്‍സും ടീഷര്‍ട്ടും ഒരു ജോഡി ഷൂസും അന്നുതന്നെ റിട്ടയര്‍ ആയി. രാവിലെതന്നെ മാനനഷ്ടം, ധനനഷ്ടം, ആരോഗ്യഹാനി..... ഏതായാലും അന്ന് ഓഫീസില്‍ പോകേണ്ടെന്നു തീരുമാനിച്ചു. ഡെറ്റോള്‍ ഒഴിച്ച് വിസ്തരിച്ചു ഒന്ന് കുളിച്ചു. അതിരാവിലെ നല്ല ശകുനമല്ലേ കിട്ടിയിരിക്കുന്നത്. പക്ഷെ ഇത് വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമായിരുന്നെന്ന് ആരറിഞ്ഞു?....
ഓഫീസില്‍ പോയില്ല. ഉച്ചകഴിഞ്ഞു റെയില്‍വേ സ്റ്റേഷനില്‍ പോയി കസിനെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു. വൈകിട്ട് അവളെ ഹോസ്റ്റലില്‍ കൊണ്ടുവിടണം. ഹോസ്റ്റല്‍ വീടിനു തൊട്ടടുതായതുകൊണ്ട് ഒരു സൈക്കിള്‍റിക്ഷയിലാണ് പോയത്. ഡല്‍ഹിയില് ഒരു കിലോമീറ്ററില്‍ കുറഞ്ഞ യാത്രയ്ക്കു സാധാരയായി ആളുകള്‍ സൈക്കിള്‍റിക്ഷയെ ആശ്രയിക്കാറുണ്ട്. ലേഡീസ്ഹോസ്റ്റലിലേക്ക് സൈക്കിള്‍റിക്ഷയില്‍ പോകുന്ന കാര്യം എനിക്ക് ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. എന്നാലും ഒരു റിക്ഷക്കാരന്‍ കരഞ്ഞുകൊണ്ട് പുറകെ കൂടിയപ്പോള്‍ അറിയാതെ കയറിപ്പോയി. കൂടാതെ നേഴ്സിംഗ് സ്കൂളില്‍ ക്ലാസ്സ് സമയമായതുകൊണ്ട് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ആരും ഉണ്ടാവില്ലെന്ന ധൈര്യത്തോടെയാണ് പോയത്. ഞങ്ങള്‍ രണ്ടുപേരും സൈക്കിള്‍റിക്ഷയില്‍ അവളുടെ പെട്ടിയൊക്കെ വച്ചു യാത്രയായി. നാലുമണി നേരത്തെ ഇളംവെയിലും പൊടിക്കാറ്റിന്റെ സുഖവും ഏറ്റുകൊണ്ട് നാട്ടിലെ കഥകളും വിശേഷങ്ങളുമൊക്കെ സംസാരിച്ചു ഞങ്ങള്‍ ഹോസ്പിറ്റലും കടന്നു ഹോസ്റ്റലിന്റെ മുന്‍പിലെത്തി.
അവിടെ കണ്ട കാഴ്ച ഞാന്‍ എങ്ങനെ വിവരിക്കും...? ഇങ്ങനെ ഒരബദ്ധത്തില്‍ ചെന്ന് ചാടേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കണ്ടകശനി കൊണ്ടേപോകൂ എന്നാണല്ലോ ചൊല്ല്.... അവരുടെ ഹോസ്റ്റലില്‍ അന്ന് എന്തോ ഫങ്ങ്ഷന്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ അറിയാതെപോയി. പരിപാടികള്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഞങ്ങള്‍ സൈക്കിള്‍റിക്ഷയില്‍ രാജകീയമായിട്ടു അവിടെ ചെന്ന് ലാന്‍ഡ് ചെയ്യുന്നത്. പുറത്തുനിന്നുള്ള ഏതോ വി ഐ പികളാണ് അന്നത്തെ ചീഫ്‌ഗുസ്റ്റുകള്‍. അവരെ സ്വീകരിക്കാന്‍ ഹോസ്റ്റലിന്റെ അമ്പതു മീറ്റര്‍ ഇപ്പുറംവരെ രണ്ടു സൈഡിലും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനികള്‍ സെറ്റ്സാരിയുമുടുത്തു താലപ്പൊലിയുമായി നില്‍ക്കുന്നു. മറ്റു കുട്ടികളും ടീച്ചേഴ്സും ഹോസ്റ്റലിന്റെ മുന്‍പില്‍ ചീഫ്‌ഗസ്റ്റുകളെ കാത്തു നില്‍ക്കുന്നു. അവരുടെ മുന്നിലോട്ടാണ് ഞങ്ങള്‍ സൈക്കിള്‍റിക്ഷയില്‍ ചെന്ന് ചാടുന്നത്. സംഗതി ദൂരത്തുനിന്നു കാണാന്‍ പറ്റാതിരുന്നതുകൊണ്ട്, താലപ്പൊലിക്കാരുടെ മുമ്പില്‍ എത്തിക്കഴിഞ്ഞാണ് ഞാന്‍ കാര്യങ്ങള്‍ വൃത്തിയായിട്ട് കണ്ടത്. രംഗബോധമില്ലാത്ത റിക്ഷക്കാരന്‍ ഒന്ന് നിര്‍ത്തുകയെങ്കിലും ചെയ്യണ്ടേ.. അവനോടു തിരിച്ചു വിടാന്‍ പറയണമെന്നുണ്ടായിരുന്നു. വെപ്രാളത്തിനിടയില്‍ അവനോടു ഭായീ... മേ..... ഹും..... ഹോ..തും...ആപ്... കോപ്പ്.. എന്നൊക്കെ പറഞ്ഞെങ്കിലും അവന്‍ ഒരു ആപ്പും വകവയ്ക്കാതെ ഈ പെണ്‍പിള്ളേരുടെ നടുവില്‍കൂടി മുമ്പോട്ട്‌തന്നെ പോയി. ഞാന്‍ ആകെ ഉരുകി ഇല്ലാതെ ആയി. ആകാശമോ ഭൂമിയോ പിളര്‍ന്നു എന്നെ അങ്ങ് എടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയ നിമിഷം. ദൈവമേ ശത്രുക്കള്‍ക്കുപോലും ഈ ഗതി വരുത്തല്ലേ. ഇങ്ങനെ ഒരു ഭീകരാവസ്ഥയില്‍ മുന്നോട്ടു പോകുമ്പോള്‍ ഒന്നാംവര്‍ഷക്കാരിയും അവളുടെ കൂട്ടുകാരിയും ഒരു വശത്ത്നിന്ന് എന്നെ കൈ വീശി കാണിക്കുന്നു. വേറെ ചിലര്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഭഗവാനെ.... ഭക്തവത്സലാ.... ശക്തി തരണേ..... നേരെ ഹോസ്റ്റലിന്റെ ഗേറ്റില്‍ചെന്ന് കസിനെ അവിടെയാക്കി അതേ റിക്ഷയില്‍ തിരിച്ചു പോന്നെക്കാമെന്ന് കരുതി തിരിച്ചപ്പോള്‍ ഇടി വെട്ടിയവനെ പാമ്പുകടിച്ചു എന്ന പോലെയായി കാര്യങ്ങള്‍. ഇവരെല്ലാം കൂടി കാത്തുനിന്ന വി ഐ പികള്‍ ദേ വരുന്നു.... അവരാണെങ്കില്‍ പൂമാലയും ബൊക്കെയും പെണ്‍കുട്ടികളുടെ താലപ്പൊലിയുമൊക്കെയായി നടന്നുവരുന്നു. ഞാന്‍ അവര്‍ക്ക് അഭിമുഖമായി ഒരു സൈക്കിള്‍റിക്ഷയില്‍..... ഒന്ന് വഴിമാറിക്കൊടുക്കാന്‍ പോലും സ്ഥലമില്ല. ഒരുവിധത്തില്‍ ഒരു വശത്തെ താലപ്പൊലിക്കാരുടെ സൈഡിലേക്കു ഒതുങ്ങിനിന്ന് ഞാന്‍ ഗസ്റ്റുകള്‍ക്ക് വഴി കൊടുത്തു. കോമ്പൌണ്ടില്‍നിന്ന് പുറത്തുകടന്നു ഒരു ടാക്സി പിടിച്ചു ഞാന്‍ ആ ഏരിയയില്‍നിന്ന് സ്കൂട്ടായി...
രാവിലെ കണികാണിച്ച തെണ്ടിയെ, സോറി മഹാനെ, ഒന്നുകൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ദിവസവും രാവിലെ കണികാണിക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടി...